മെതുസലാസ് ചിൽഡ്രൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെതുസെലാസ് ചിൽഡ്രൺ
ആദ്യ പതിപ്പിന്റെ ചട്ട
കർത്താവ്റോബർട്ട് എ. ഹൈൻലൈൻ
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
പരമ്പരഫ്യൂച്ചർ ഹിസ്റ്ററി
സാഹിത്യവിഭാഗംസയൻസ് ഫിക്ഷൻ
പ്രസാധകർഗ്നോം പ്രസ്സ്
പ്രസിദ്ധീകരിച്ച തിയതി
1958
മാധ്യമംഅച്ചടി
ഏടുകൾ188 pp
ISBN0-451-09083-7
മുമ്പത്തെ പുസ്തകം"മിസ്ഫിറ്റ്"
ശേഷമുള്ള പുസ്തകംഓർഫൻസ് ഇൻ ദ സ്കൈ

റോബർട്ട് എ. ഹൈൻലൈൻ രചിച്ച ഒരു ശാസ്ത്ര ഫിക്ഷൻ നോവലാണ് മെതുസലാസ് ചിൽഡ്രൺ. 1941 ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ എന്നീ പതിപ്പുകളിൽ അസ്റ്റൗണ്ടിംഗ് സയൻസ് ഫിക്ഷൻ മാസികയിലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. 1958-ൽ ഇത് ഒരു മുഴുനീള നോവലായി വികസിപ്പിച്ച് പ്രസിദ്ധീകരിക്കുകയായിരുന്നു.

ഹൈൻലൈന്റെ "ഫ്യൂച്ചർ ഹിസ്റ്ററിയുടെ" ഭാഗമാണ് ഈ കൃതിയെന്നാണ് പൊതുവിൽ കണക്കാക്കപ്പെടുന്നത്. ഹൊവാർഡ് ഫാമിലീസ് എന്ന ഒരു വിഭാഗം ജനങ്ങളെ ഈ കൃതിയിൽ പരിചയപ്പെടുത്തുന്നു. ജനിതക നിർദ്ധാരണത്തിലൂടെ ഒരുപാടു നാൾ ജീവിക്കാൻ സാധിക്കുന്നവരെ തിരഞ്ഞെടുത്താണ് ഈ വിഭാഗം ജനങ്ങൾ ഉരുത്തിരിഞ്ഞത്. ഈ കൃതിയിലെ ന്യൂ ഫ്രണ്ടിയേഴ്സ് എന്ന ബഹിരാകാശവാഹനം വാൻഗാർഡ് എന്ന വാഹനത്തിനുശേഷം സൃഷ്ടിച്ച രണ്ടാം തലമുറ വാഹനമായാണ് അവതരിപ്പിക്കപ്പെടുന്നത്. "യൂണിവേഴ്സ്", "കോമൺ സെൻസ്" എന്നീ കൃതികളിൽ വാൻഗാർഡ് പ്രത്യക്ഷപ്പെടുന്നുണ്ട്.

ജോൺ ഡബ്യൂ. കാമ്പെല്ലിന്റെ അഭിപ്രായത്തിൽ[1] ഈ നോവലിന് ആദ്യം ഉദ്ദേശിച്ചിരുന്ന പേര് വൈൽ ദ ഈവിൽ ഡേയ്സ് കം നോട്ട് എന്നായിരുന്നു. എക്ലേസിയാസ്റ്റസിൽ നിന്നുള്ളതും ഈ നോവലിന്റെ രണ്ടാം പുറത്തിൽ ഒരു രഹസ്യ വാക്കായി ഉപയോഗിക്കുന്നതുമാണ് ഈ ഉദ്ധരണി.

കഥാസംഗ്രഹം[തിരുത്തുക]

ഐറ ഹൊവാർഡ് കാലിഫോർണിയയിലെ സ്വർണ്ണഘനനത്തിലൂടെ ധനികനായ ഒരു വ്യക്തിയാണ്. ഇദ്ദേഹം ചെറുപ്പകാലത്തുതന്നെകുട്ടികളില്ലാതെ മരിക്കുകയായിരുന്നു. മുത്തച്ഛന്മാരും മുത്തശ്ശിമാരും ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്ന ആൾക്കാരെ പരസ്പരം വിവാഹം കഴിക്കുവാൻ ധനസഹായത്തിലൂടെ പ്രേരിപ്പിക്കുന്ന ഒരു ട്രസ്റ്റ് ഇദ്ദേഹത്തിന്റെ വില്പ‌ത്രത്തിലെ നിർദ്ദേശമനുസരിച്ച് രൂപീകരിക്കുകയുണ്ടായി. ഹൊവാർഡ് കുടുംബങ്ങൾ ഇത്തരത്തിലുണ്ടായവയാണ്. ഇരുപത്തിരണ്ടാം നൂറ്റാണ്ടിൽ ഈ കുടുംബങ്ങ‌ളിലെ അംഗങ്ങൾക്ക് ശരാശരി 150 വർഷം ആയുസ്സുണ്ടെങ്കിലും ഇവർ ഈ വിവരം ഇതുവരെ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ഇവർ ഇത് പരസ്യമാക്കാൻ തീരുമാനിക്കുന്നു.

ഇവരുടെ ആയുസ്സിനു പിന്നിൽ ജനിതക ഘടനയല്ലാതെ എന്തോ രഹസ്യമുണ്ടെന്നാണ് പൊതു സമൂഹം കരുതുന്നത്. ഹൊവാർഡ് കുടുംബങ്ങളിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യാൻ ആരംഭിക്കുന്നു. ഭൂമിയുടെ ഭരണാധികാരിയയ സ്ലൈട്ടൺ ഫോർഡിന് കുടുംബങ്ങൾ സത്യമാണ് പറയുന്നതെന്ന് ഉത്തമബോദ്ധ്യമുണ്ട്. പക്ഷേ പൊതു സമൂഹത്തെ സഹായിക്കാൻ ഇദ്ദേഹത്തിന് സാധിക്കുന്നില്ല.

ഹൊവാർഡ് കുടുംബങ്ങളിലെ ഏറ്റവും തലമുതിർന്ന അംഗമായ ലസാറസ് ലോങ്ങ് ന്യൂ ഫ്രണ്ടിയേഴ്സ് എന്ന ബഹിരാകാശവാഹനം തട്ടിയെടുത്ത് ഹൊവാർഡ് കുടുംബങ്ങളുമായി രക്ഷപെടുന്നു. ആൻഡ്ര്യൂ ജാക്സൺ ലിബി എന്ന ഒരു കുടുംബാംഗം അതിവേഗ ശൂന്യാകാശ യാത്ര സാദ്ധ്യമാക്കുന്ന ഒരുപകരണം കണ്ടുപിടിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് ഇവർ സൗരയൂധത്തിൽ നിന്ന് പുറത്തുകടക്കുന്നു. പുറത്താക്കപ്പെട്ട സ്ലൈട്ടൺ ഫോർഡ് ഇവർക്കൊപ്പം ചേരുന്നു.

ഇവർ എത്തുന്ന ആദ്യ ഗ്രഹത്തിലെ വാസികൾ സൗഹൃദസമീപനമുള്ളവരും വികസിത സംസ്കാരമുള്ളവരുമാണ്. പക്ഷേ ഈ ഗ്രഹത്തിലെ യഥാർത്ഥ യജമാനന്മാരായ ജീവികളുടെ വളർത്തുമൃഗങ്ങൾ മാത്രമാണ് ഇവർ. ഇത്തരത്തിൽ മനുഷ്യരെ വളർത്തുമൃഗങ്ങളാക്കാൻ യജമാനന്മാർ (ഇവരെ ദൈവങ്ങളെന്നാണ് വിളിക്കുന്നത്) ശ്രമിക്കുന്നുവെങ്കിലും സാധിക്കുന്നില്ല. ഇതോടെ മനുഷ്യരെ ഈ ഗ്രഹത്തിൽ നിന്ന് പുറത്താക്കുന്നു.

മനസ്സ് വായിക്കാൻ ശേഷിയുള്ള ഒരു കൂട്ടം ജീവികൾ താമസിക്കുന്ന മറ്റൊരു ഗ്രഹത്തിലേയ്ക്കാണ് യജമാനന്മാർ മനുഷ്യരെ അയക്കുന്നത്. മേരി സ്പെർലിംഗ് എന്ന സ്ത്രീ ഇവരോടൊപ്പം ചേരുന്നു. ഈ ജീവികൾ ഒരു മനുഷ്യക്കുട്ടിയെ ജനിതകമായ മാറ്റങ്ങൾക്ക് വിധേയമാക്കുന്നതോടെ മനുഷ്യർ ഭയപ്പാടിലാകുന്നു. ഹൊവാർഡ് കുടുംബങ്ങൾ തിരികെ ഭൂമിയിലേയ്ക്ക് പോകാൻ തീരുമാനിക്കുന്നു.

ലിബ്ബി അന്യഗ്രഹജീവികളുടെ സഹായത്തോടെ പ്രകാശത്തിനേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന ഒരു സംവിധാനം വികസിപ്പിക്കുന്നു. ഇതിന്റെ സഹായത്തോടെ മനുഷ്യർ ഏതാനം മാസങ്ങൾക്കുള്ളിൽ തിരികെ സൗരയൂധത്തിലെത്തുന്നു. ഇതിനിടയിൽ ഭൂമിയിൽ എഴുപത്തഞ്ച് വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടായിരുന്നു. ഇതിനിടെ ഭൂമിയിലെ വാസികൾ ദീർഘായുസ്സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയമാർഗ്ഗങ്ങൾ വികസിപ്പിച്ചിട്ടുണ്ടായിരുന്നു. പ്രകാശത്തിനേക്കാൾ വേഗത്തിലുള്ള യാത്ര കണ്ടുപിടിച്ചതിനാൽ ഭൗമവാസികൾ ഇവരെ സ്നേഹത്തോടെ സ്വീകരിക്കുന്നു. ഭൂമിയിലെ ജനസംഖ്യാവർദ്ധനവിന് ഇത്തരം യാത്രയിലൂടെ പരിഹാരം കാണാനുള്ള സാദ്ധ്യത മുന്നിൽ തെളിയുന്നു.

സ്വീകരണം[തിരുത്തുക]

എ റെക്വൈം ഫോർ അസ്റ്റൗണ്ടിംഗിൽ ആൽവ റോബർട്ട്സ് ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി

ഈ കൃതി നിറയെ സാഹസികതയും, കാല്പനികതയും അര ഡസൻ കൃതികളിൽ ഉൾക്കൊള്ളിക്കാവുന്ന ആശയങ്ങളുമാണ്.[2]

അലക്സി പാൻഷിൻ ഹൈൻലൈൻ ഇൻ ഡൈമെൻഷൻ എന്ന കൃതിയിൽ ഇപ്രകാരം നിരീക്ഷിച്ചു

പല രീതികളിൽ ഇത് വളരെ പ്രാധാന്യമുള്ള ഒരു കൃതിയാണ്. മരണത്തിൽ നിന്ന് രക്ഷ നേടുക എന്ന പ്രധാന പ്രമേയം ഹൈൻലൈന്റെ മറ്റു കൃതികളിലും പ്രത്യക്ഷപ്പെടുന്നുണ്ട് എന്നതും ചിതറിയിട്ടിരിക്കുന്ന അത്ഭുതകരമായതും ഭാസുരമായതുമായ ആശയങ്ങളുമാണ്എനിക്ക് പ്രധാനമായി തോന്നുന്നത്.[3]

കഥാപാത്രങ്ങൾ ഹൈൻലൈന്റെ മറ്റു നോവലുകളിൽ പ്രത്യക്ഷപ്പെടുന്നത്[തിരുത്തുക]

ലസാറസ് ലോങ്ങ് ഈ നോവലിലാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. ടൈം ഇനഫ് ഫോർ ലവ്, ദ നമ്പർ ഓഫ് ദ ബീസ്റ്റ്, ദ കാറ്റ് ഹൂ വാക്ക്സ് ത്രൂ വാൾസ് റ്റു സെയിൽ ബിയോൺഡ് സൺസെന്റ് എന്നീ നോവലുകളിലും ലസാറസ് ലോങ്ങ് പ്രത്യക്ഷപ്പെടുന്നുണ്ട്. ആൻഡ്ര്യൂ ലിബ്ബി ഇതിനു മുൻപ് "മിസ്ഫിറ്റ്" എന്ന ചെറുകഥയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ടൈം ഇനഫ് ഫോർ ലവ് എന്ന നോവലിൽ ലിബ്ബി തന്റെ മരണം വരെ ലസാറസുമൊത്തുള്ള ശൂന്യാകാശ യാത്രകളിൽ പങ്കാളിയായിരുന്നു എന്ന് സൂചിപ്പിക്കുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

"മികച്ച ക്ലാസ്സിക് ലിബർട്ടേറിയൻ ശാസ്ത്ര ഫിക്ഷൻ നോവലിനുള്ള" പ്രൊമിത്യൂസ് ഹാൾ ഓഫ് ഫെയിം പുരസ്കാരം (1997).

അവലംബങ്ങൾ[തിരുത്തുക]

  1. "History to Come". Astounding Science Fiction. 27: 5. May 1941.
  2. Rogers, Alva (1964). A Requiem for Astounding. Chicago: Advent.
  3. Panshin, Alexei (1968). Heinlein in Dimension. Chicago: Advent.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെതുസലാസ്_ചിൽഡ്രൺ&oldid=3641715" എന്ന താളിൽനിന്ന് ശേഖരിച്ചത്