മൂർ നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോർഡൻ മൂർ

സാങ്കേതികവിദ്യാവികസനത്തിന്റെ നിരക്ക് അനുസരിച്ച് ഏറ്റവും കുറഞ്ഞ വിലയെ നിലനിർത്തി ഇൻറഗ്രേറ്റഡ് സർക്യൂട്ടിന്റെ സങ്കീർണാവസ്ഥ ഓരോ 24 മാസങ്ങൾ കഴിയുമ്പോൾ ഇരട്ടിയാകും എന്ന പ്രയോഗസിദ്ധമായ നിരീക്ഷണം ആണ് ഗോർഡൻ മൂർ നിയമം [1]

ചരിത്രം[തിരുത്തുക]

കംപ്യൂട്ടറിന്റെ പ്രോസസിംഗ്‌ ശേഷി വർദ്ധനയെപ്പറ്റി നിർണ്ണായകമായ പ്രവചനം നടത്തിയ ശാസ്‌ത്രജ്ഞനാണ്‌ ഗോർഡൻ മൂർ. ഇലക്‌ട്രോണിക്‌സ്‌ മാഗസിന്റെ 1965 ഏപ്രിലിൽ പ്രസിദ്ധീകരിച്ച 35‌-ആം‌ വാർഷിക പതിപ്പിലാണ്‌ ഒരു പ്രവചനമെന്നോണം അന്ന്‌ ഫെയർചൈൽഡ്‌ എന്ന സ്ഥാപനത്തിന്റെ ഗവേഷണ വികസന വിഭാഗം ഡയറക്‌ടറായിരുന്ന ഗോർഡൻ മൂർ ലേഖനം എഴുതിയത്‌. അതുവരെയുള്ള സ്ഥിതി വിവര കണക്കുകൾ വച്ച്‌ മൈക്രോ പ്രോസസ്സറിന്റെ വിശകലനശേഷിയെ അപഗ്രഥിച്ച്‌ പ്രവചനം നടത്തുകയായിരുന്നു. ഒരു ഇന്റഗ്രേറ്റഡ്‌ സർക്യൂട്ട്‌ ചിപ്പിലുൾക്കൊള്ളിച്ചിട്ടുള്ള ട്രാൻസിസ്റ്ററുകളുടെ എണ്ണം ഓരോ 12 മാസം കഴിയും തോറും ഇരട്ടിക്കും എന്നായിരുന്നു ലേഖനത്തിൽ അദ്ദേഹം സമർത്ഥിച്ചത്‌. പിന്നീട്‌ അദ്ദേഹം തന്നെ ഇത്‌ 24 മാസമായി പുതുക്കുകയുണ്ടായി. കംപ്യൂട്ടർ ലോകം ഈ പ്രവചനത്തെ ഗോർഡൻ മൂർ നിയമം എന്ന്‌ വിളിക്കാൻ തുടങ്ങി.

ഇത് ഇന്ററ്റലിന്റെ സഹസ്ഥാപകനായ ഗോർഡൺ ഇ. മൂറിനെ സംബന്ധിച്ചതാണ്. പക്ഷേ, മൂർ 1960-യിലുണ്ടായിരുന്ന ഡഗ്ളസ് എൻജൽബാർട്ടിന്റെ സമാനമായ നിരീക്ഷണത്തെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. ഇന്നത്തെ യാന്ത്രികമായ കംപ്യൂട്ടർ മൗസിന്റെ സഹ നിർമ്മാതാവായ എൻജൽബാർട്ട് ഇൻറഗ്രേറ്റഡ് സർക്യൂട്ടുകളുടെ തുടർന്നുപോകുന്ന വികസനം കാരണം കാലക്രമേണ കംപ്യൂട്ടറുകളുടെ പരസ്പരപ്രവർത്തനം സാദ്ധ്യമാകുമെന്നു വിശ്വസിച്ചിരുന്നു.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

മൂർസ് ലോ യുടെ ശാസ്തീയ വിശകലനം--ഓരോ രണ്ടു വർഷത്തിലും ട്രാൻസിസ്റ്റകൾ എങ്ങനെ ഇരട്ടിക്കുന്നു എന്നു വ്യക്തമാക്കുന്നു.

നാളിതുവരെ കംപ്യൂട്ടർ മേഖലയിലുണ്ടായ വളർച്ച ഗോർഡൻ മൂറിന്റെ പ്രവചനം ശരിവയ്‌ക്കുന്ന തരത്തിലുള്ളതായിരുന്നു. പ്രവചനം നടത്തിയ 1965-ൽ ഒരു ഐ.സി.ചിപ്പിൽ 30 ട്രാൻസിസ്റ്റർ ഉൾക്കൊള്ളുമായിരുന്നെങ്കിൽ ഇന്ന്‌ സംഖ്യ കോടി കഴിഞ്ഞിരിക്കുന്നു. അടുത്ത കുറച്ച്‌ വർഷത്തേക്ക്‌ കൂടി മൂർ നിയമത്തിന്‌ വെല്ലുവിളി ഉണ്ടാകില്ലെന്ന്‌ കരുതുന്നു. ഇതോടൊപ്പം തന്നെ ഓരോ 24 മാസം കഴിയും തോറും കമ്പ്യൂട്ടറിന്റെ വിലയിലും വിവരസംഭരണ ശേഷിയിലും ഇതേ തത്ത്വം പാലിക്കപ്പെടുന്നതായി കാണാം. 1983-ൽ ഐ.ബി.എം. ആദ്യത്തെ പേഴ്‌സണൽ കംപ്യൂട്ടർ പുറത്തിറക്കുമ്പോൾ വെറും 10 മെഗാബൈറ്റ് വിവരം ശേഖരിച്ചുവയ്‌ക്കാനുള്ള ശേഷിയെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന്‌ വിപണിയിൽ കിട്ടുന്ന കുറഞ്ഞ വിവര സംഭരണശേഷി 80 ജി.ബി.യാണ്‌. 1983-ലെ ഈ പി.സി.യ്‌ക്ക്‌ 1 ലക്ഷത്തോളം രൂപ വിലയുമുണ്ടായിരുന്നു. 40 വർഷം മുമ്പ്‌ നടത്തിയ പ്രവചനം കംപ്യൂട്ടർ ലോകത്തെ സംബന്ധിച്ചത്തോളം അക്കാലത്ത്‌ ഒരു വെല്ലുവിളി തന്നെയായിരുന്നു. എന്നാൽ ഇന്ന്‌ ഒരു മൊട്ടുസൂചിയുടെ ഉരുണ്ട അഗ്രഭാഗത്ത്‌ 200 ദശലക്ഷം ട്രാൻസിസ്റ്റർ ഉൾക്കൊള്ളിക്കുന്ന രീതിയിലേക്ക്‌ കംപ്യൂട്ടർ സാങ്കേതിക വിദ്യവളർന്നിരിക്കുന്നു. ആറ്റം അടിസ്ഥാനഘടനയായുള്ള വസ്‌തുക്കൾക്ക്‌ ഭൗതികമായ ചെറുതാകൽ പരിമിതി ഉള്ളതിനാൽ ഇനി എത്രകാലം ഗോർഡൻ മൂർ നിയമം നിലനിൽക്കുമെന്നത്‌ ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യുന്നുണ്ട്‌. ക്വാണ്ടം ഡോട്‌സും നാനോ ടെക്‌നോളജിയും അപ്പോഴേക്കും രക്ഷയ്‌ക്കെത്തുമെന്ന്‌ ഒരു ഭാഗം വിദഗ്‌ധർ വാദിക്കുന്നു. ഇന്ന്‌ 45 നാനോമീറ്റർ [2]ലെവലിലാണ്‌ ചിപ്പ്‌ നിർമ്മാണം നടക്കുന്നത്‌. ഒരു ദശാബ്‌ദം മുമ്പ്‌ ഇത്‌ 500 നാനോമീറ്റർ ലെവലിലായിരുന്നു.

വ്യക്തിവിവരണ കുറിപ്പ്[തിരുത്തുക]

1929-ജനുവരി 3-ആം തീയതി ജനിച്ച ഗോർഡൻമൂർ കാലിഫോർണിയ സർവ്വകലാശാലയിൽ നിന്നും രസതന്ത്രത്തിൽ ബിരുദം എടുത്തശേഷം കാലിഫോർണിയാ ഇൻസ്റ്റിട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിൽ നിന്നും ഭൗതിക-രസതന്ത്രത്തിൽ ഗവേഷണബിരുദവും കരസ്ഥമാക്കി. 1968-ജൂലൈയിൽ റോബർട്ട്‌ നോയിസുമായി ചേർന്ന്‌ ഇന്റൽ കോർപ്പറേഷൻ സ്ഥാപിക്കുന്നതുവരെ 11 വർഷക്കാലം ഡോ. ഗോർഡൻ മൂർ ഫെയർ ചൈൽഡിൽ ജോലി നോക്കി. റോബർട്ട്‌ നോയിസ്‌ നേരത്തെ 1959-ൽ ജാക്ക്‌ കിൽബിയുമായി ചേർന്ന്‌ ഇന്റഗ്രേറ്റഡ്‌ സർക്യൂട്ട്‌ ചിപ്പ്‌ കണ്ടുപിടിച്ചിരുന്നു. റോബർട്ട്‌ നോയിസിന്റേയും ഗോർഡൻമൂറിന്റേയും ഒത്തുചേരൽ ഇന്റലിനും കംപ്യൂട്ടർ ലോകത്തിനും നിസ്‌തുലസംഭാവനകൾ നൽകിയ തുടക്കമായിരുന്നു. 1971-ൽ 2300 ട്രാൻസിസ്റ്റർ ഉൾക്കൊള്ളുന്ന ഇന്റലിന്റെ ആദ്യ മൈക്രോ പ്രോസസർ ഇന്റൽ 4004പുറത്തിറങ്ങി. ഇന്ന്‌ ഇന്റലിന്റെ ഏറ്റവും പുതിയ മൈക്രോ പ്രോസസറിൽ കോടിക്കണക്കിന്‌ ട്രാൻസിസ്റ്റർ ഉൾക്കൊള്ളുന്നു. ഗോർഡൻമൂർ തുടക്കത്തിൽ ഇന്റലിന്റെ എക്‌സിക്യൂട്ടിവ്‌ പ്രസിഡന്റായിരുന്നു.പിന്നീട്‌ പ്രസിഡന്റും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുമായി. ഇപ്പോൾ ഇന്റൽ കോർപ്പറേഷനിൽ വിസിറ്റിംഗ്‌ ചെയർമാനായി സേവനം അനുഷ്‌ടിക്കുന്നു.

താരതമ്യ പഠനം[തിരുത്തുക]

മറ്റേത്‌ സാങ്കേതിക വിദ്യയേക്കാളും ഐ.സി.ചിപ്പ്‌ നിർമ്മാണം അതിദ്രുതം വളരുകയായിരുന്നു. സമാനതകളില്ല, എന്നു വേണമെങ്കിൽ പറയാം. വിമാന സാങ്കേതിക വിദ്യയുമായി ഇതിനെ ബന്ധപ്പെടുത്തി നോക്കുക. 1978-ൽ ന്യൂയോർക്കിൽ‌ നിന്ന്‌ പാരീസിലേക്ക്‌ പറക്കാൻ 900 അമേരിക്കൻ ഡോളറും 7 മണിക്കൂറും എടുത്തിരുന്നു. ഗോർഡൻമൂർ നിയമം ഇവിടെ പ്രയോഗിച്ചാൽ ഡോളറിന്റെ കുറഞ്ഞ ഡിനോമിനേഷനായ ഒരു പെന്നിയും ഒരു സെക്കന്റിൽ താഴെ സമയവുമായി വിമാന യാത്ര ചുരുങ്ങും.

അവലംബം[തിരുത്തുക]

  1. http://www.intel.com/technology/mooreslaw/ ഇന്റൽ വെബ് സൈറ്റ്
  2. http://www.intel.com/technology/architecture-silicon/45nm-core2/index.htm?iid=tech_45nm+45nm ഇന്റൽ 45 നാനോമീറ്റർ സാങ്കേതികവിദ്യ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൂർ_നിയമം&oldid=3145974" എന്ന താളിൽനിന്ന് ശേഖരിച്ചത്