മൂലൂർ എസ്. പത്മനാഭപ്പണിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൂലൂർ എസ്. പത്മനാഭപ്പണിക്കർ

തിരുവിതാംകൂറിലെ പ്രമുഖസാമൂഹ്യനായകനും കവിയുമായിരുന്നു മൂലൂർ എസ്. പത്മനാഭപ്പണിക്കർ. സരസകവി എന്ന പേരിലാണ് ഇദ്ദേഹം പ്രസിദ്ധനായത്.

ഉള്ളടക്കം

ജീവചരിത്രം [തിരുത്തുക]

മാന്നാറിനു സമീപമുള്ള കാവിൽ കുടുംബത്തിൽ മൂലൂർ ശങ്കരൻ വൈദ്യരുടേയും വെളുത്തകുഞ്ഞമ്മയുടേയും പുത്രനായി 1869ൽ ജനനം (കൊല്ലവർഷം: കുംഭം 27, 1044). മൂലൂരിന്റെ മാതൃകുടുംബം ആയൂർവ്വേദ ചികിത്സയ്ക്കും പിതൃകുടുംബം കളരിയഭ്യാസത്തിനും പേരുകേട്ടതായിരുന്നു. പിതാവിൽ നിന്നും കുട്ടിക്കാലത്തുതന്നെ മൂലൂർ സംസ്കൃതം, കളരി, ആയുർവ്വേദം എന്നിവ പഠിച്ചെടുത്തു. സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങൾ പരിഗണിച്ച് 1914ൽ അദ്ദേഹത്തിന് ശ്രീമൂലം പ്രജാസഭയിൽ അംഗത്വം ലഭിച്ചു. കേരള കൗമുദിയിലെ ആദ്യത്തെ പത്രാധിപാരായിരുന്നു മൂലൂർ. കേരളവർമ്മ വലിയകോയി തമ്പുരാനാണ് സരസകവിപ്പട്ടം മൂലൂരിന് 1913ൽ നൽകിയത്. മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രം സ്ഥാപിച്ചത് മൂലൂരാണ്. 1931ൽ(കൊല്ലവർഷം: മീനം 09, 1106) മൂലൂർ അന്തരിച്ചു.

മൂലൂരിന്റെ വാസഗൃഹമായ കേരളവർമ്മസൗധം (സുഹൃത്തായ കേരളവർമ്മ വലിയകോയി തമ്പുരാനോടുള്ള ബഹുമാനത്താൽ നൽകിയനാമം) 1989 മുതൽ സരസകവി മൂലൂർ സ്മാരകമാണ്. ഇലവുംതിട്ടയിലെ ഈ വീട് ഇപ്പോൾ കേരള സാംസ്കാരികവകുപ്പിന്റെ സംരക്ഷിത സ്മാരകമാണ്.

മൂലൂർ സ്മാരകം, ഇലവുംതിട്ട

രചനകൾ [തിരുത്തുക]

കുട്ടിക്കാലം മുതൽക്കേ തന്നെ മൂലൂർ രചനകളാരംഭിച്ചിരുന്നു. അദ്ദേഹത്തിന്റെ രചനകളിൽ പ്രമുഖമായ കിരാതം (അമ്മാനപ്പാട്ടുകൾ) കൗമാരത്തിന്റെ വിവിധ ഘട്ടങ്ങളിലായി പൂർത്തിയാക്കപ്പെട്ടതാണ്. 1936ലെ ക്ഷേത്രപ്രവേശനവിളംബരത്തിൽ നിന്നും ഊർജ്ജമുൾക്കൊണ്ടാണ് ഇരുപത്തിയഞ്ചാം വയസ്സിൽ 'കവിരാമായണം' രചിച്ചത്. അദ്ദേഹത്തിന്റെ മറ്റ് രചനകൾ നളചരിതം, കൃഷ്ണാർജ്ജുനവിജയം, ആസന്നമരണ ചിന്താശതകം, കുചേലവൃത്തം ആട്ടക്കഥ, കോകിലസന്ദേശം, അവസരോക്തിമാല, തീണ്ടൽ ഗാഥ, മൂന്നു താരാട്ടുകൾ, കവിതാനിരൂപണം, ബാലബോധനം, നീതിസാര സമുചയം, സന്മാർഗ്ഗചന്ദ്രിക, ധർമ്മപഥം (പരിഭാഷകൾ), സുഭദ്രാഹരണം (നാടകം) എന്നിവ.

സ്മാരകം [തിരുത്തുക]

സ്ഥാനം: 9°16′37.04″N 76°42′22.46″E / 9.2769556°N 76.7062389°E / 9.2769556; 76.7062389 സരസകവി മൂലൂർ പത്മനാഭപ്പണിക്കരുടെ വാസഗൃഹമായ ഇലവുംതിട്ടയിലെ കേരളവർമ്മസൗധം 1989 മാർച്ച് 9 മുതൽ സരസകവി മൂലൂർ സ്മാരകമായി സംരക്ഷിച്ചുപോരുന്നു. കേരളവർമ്മ സൗധവും അതിനോടനുബന്ധിച്ചുള്ള 34 സെന്റ് സ്ഥലവുമാണ് ഈ സ്മാരകത്തിനായിട്ടുള്ളത്. മാസം തോറും സെമിനാറുകൾ മൂലൂരിന്റെ കവിതകൾ സി.ഡിയിലാക്കി സാധാരണക്കാർക്ക് എത്തിക്കുക എന്നതാണ് നിലവിലുള്ള പ്രധാന പ്രവർത്തനം. ഇലവുംതിട്ടയിലെ ഈ വീട് ഇപ്പോൾ കേരള സാംസ്കാരികവകുപ്പിന്റെ ചുമതലയിലുള്ള സംരക്ഷിത സ്മാരകമാണ്.

കണ്ണികൾ [തിരുത്തുക]

പത്തനംതിട്ട ജില്ലയുടെ ഔദ്യോഗിക സൈറ്റ്

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ മൂലൂർ എസ്. പത്മനാഭപ്പണിക്കർ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: