മൂലദ്രാവിഡഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദ്രാവിഡഗോത്രത്തില്പെട്ട ഭാഷകൾക്ക് ഉണ്ടായിരുന്ന പൊതുപൂർവിക ഭാഷയാണ് മൂലദ്രാവിഡഭാഷ. പുരാതനകാലത്ത് ദക്ഷിണേന്ത്യയിൽ പൊതുവെ സംസാരിച്ചു വന്നിരുന്ന ഭാഷയാണിത്. മലയാളം തമിഴിന്റെ ഉപശാഖയാണെന്ന കാൽഡ്വലിന്റെ വാദത്തെ ചോദ്യം ചെയ്തു കൊണ്ട് ഹെർമൻ ഗുണ്ടർട്ടാണ് ഒരേ അംഗത്തിന്റെ രണ്ട് ഉപശാഖകളാണ് മലയാളവും തമിഴും എന്ന് അഭിപ്രായപ്പെട്ടത്. ചരിത്രപരവും ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ കാരണങ്ങൾ കൊണ്ട് ഇത് ഇന്നു കാണുന്ന ദ്രാവിഡഭാഷകളായി പരിവർത്തനം ചെയ്യപ്പെട്ടു. പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ലീലാതിലകത്തിലും മറ്റും തമിഴ് എന്ന് ഭാഷയെ വിളിക്കുന്നത് മൂലദ്രാവിഡഭാഷയുടെ സ്വതന്ത്രശാഖ എന്ന അർത്ഥത്തിൽത്തന്നെയാണ്. മൂലദ്രാവിഡഭാഷയുടെ പൂർവരൂപങ്ങളിൽ പലതും ഇന്നും മലയാളത്തിൽ കാണാൻ കഴിയും. തമിഴിൽ 'ഐ'കാരം (ഉദാ-മലൈ) ചേർക്കുന്ന സ്ഥലത്ത് മലയാളത്തിൽ 'അ'കാരമാണ് (ഉദാ- മല) ചേർക്കുന്നത്. മലയാളത്തിൽ ക്രിയാപദത്തോടൊപ്പം ലിംഗ-വചനപ്രത്യയങ്ങൾ ചേർക്കാറില്ല. ഇതും മൂലദ്രാവിഡഭാഷയുടെ സവിശേഷതയാണ്.

"https://ml.wikipedia.org/w/index.php?title=മൂലദ്രാവിഡഭാഷ&oldid=3601058" എന്ന താളിൽനിന്ന് ശേഖരിച്ചത്