മീരാബെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മീരാബെൻ
Mirabehn on a 1983 stamp of India
ജനനം
Madeleine Slade

(1892-11-22)22 നവംബർ 1892
മരണം20 ജൂലൈ 1982(1982-07-20) (പ്രായം 89)

ഗാന്ധി ശിഷ്യയായിരുന്ന ഒരു ബ്രിട്ടീഷ് വനിതയാണ് മീരാബെൻ (22 നവംബർ 1892 – 20 ജൂലൈ 1982). ബ്രിട്ടീഷ് റിയർ അഡ്‌മിറലായിരുന്ന സർ എഡ്‌മണ്ട് സ്ലെയിഡിന്റെ പുത്രി മാഡെലിൻ സ്ലെയിഡ് ആണ് പിന്നീട് ഇംഗ്ലണ്ടിലെ ജീവിതം ഉപേക്ഷിച്ച് ഗാന്ധിജിയുടെ ശിഷ്യയായിത്തീർന്നപ്പോൾ മീരാബെൻ ആയിമാറിയത്. ഗാന്ധിജിയാണ് സ്ലെയ്‌ഡിനെ ആദ്യമായി മീരാബെൻ എന്നു വിളിച്ചത്.[1]

ആദ്യകാല ജീവിതം[തിരുത്തുക]

ഇംഗ്ലണ്ടിലെ ഒരു കുലീന കുടുംബത്തിലായിരുന്നു സ്ലെയിഡിന്റെ ജനനം. സ്വന്തമായുള്ള വിശാലഭൂസ്വത്തിൽ നിന്നുള്ള വരവിൽ നിന്നായിരുനു കുടുംബം ജീവിച്ചിരുന്നത്. ഫ്രഞ്ച് ദാർശനികനായിരുന്ന റൊമൈൻ റോളണ്ടിൽ നിന്നാണ് സ്ലെയിഡ് ആദ്യമായി ഗാന്ധിജിയെക്കുറിച്ച് കേൾക്കുന്നത്[2]. ഒരിക്കൽ റോളണ്ടിനെ സ്ലെയിഡ് സന്ദർശിക്കുമ്പോൾ അദ്ദേഹം ഗാന്ധിജിയെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ രചനയിലായിരുന്നു.

റോളണ്ടിന്റെ ഈ പുസ്തകത്തിലൂടെ ഗാന്ധിജിയെക്കുറിച്ചു മനസ്സിലാക്കിയ മെഡലിൻ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിലേയ്ക്ക് ആകർഷിക്കപ്പെട്ടു. അതേത്തുടർന്ന് അവർ സസ്യഭുക്കായി. നൂൽ നൂൽക്കാനും ചുറ്റാനും നെയ്യാനുമൊക്കെ പഠിച്ചു. തന്നെ ശിഷ്യയാക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് മെഡലിൻ ഗാന്ധിജിയ്ക്ക് കത്തയച്ചു.

ഇന്ത്യയിലെ കഠിനമായ കാലാവസ്ഥയെക്കുറിച്ചും ആശ്രമജീവിതത്തിലെ പ്രയാസത്തെക്കുറിച്ചും പറഞ്ഞ് ഗാന്ധിജി അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.[3] എന്നാൽ മെഡലിൻ അതിനെല്ലാം മറുപടിയായി തന്റെ അഭ്യർത്ഥന ആവർത്തിച്ചു.

ഇന്ത്യയിൽ[തിരുത്തുക]

1925 സെപ്റ്റംബർ 11-ന് രാവിലെ മെഡലിൻ അഹമ്മദാബാദ് സ്റ്റേഷനിൽ വണ്ടിയിറങ്ങി. മഹാദേവ് ദേശായിയും വല്ലഭ് ഭായ് പട്ടേലും അവരെ സ്വീകരിച്ചു. അവിടെ നിന്ന് സബർമതി ആശ്രമത്തിലേയ്ക്ക്. ഹൃദയ്കുഞ്ജം എന്ന ആശ്രമത്തിൽ വെച്ച് ഗാന്ധിജിയുടെ കാൽക്കൽ സ്വയം സമർപ്പിച്ചുകൊണ്ട് അവർ ആശ്രമവാസിയായിത്തീർന്നു. ഗാന്ധി അവരെ മീര എന്നു വിളിച്ചു. പിന്നീടുള്ള കാലങ്ങളിൽ അവർ ആശ്രമത്തിന്റെ പ്രിയപ്പെട്ട മീരാബെൻ ആയിമാറി. ഗാന്ധിയുടെ പ്രിയപ്പെട്ട മകളായും.

ഗാന്ധിയും മീരാബെന്നും(വെളുത്തവസ്ത്രം ധരിച്ചിരിക്കുന്നു) ഇംഗ്ലണ്ടിലെ ഡാർവെനിൽ; സെപ്റ്റംബർ 26, 1931.

സ്വാതന്ത്ര്യസമരത്തിൽ[തിരുത്തുക]

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മീരാബെന്നിനും പ്രധാനഭൂമികയാണുണ്ടായിരുന്നത്. മൂന്ന് പ്രാവശ്യം അവർ ജയിലിലായിട്ടുണ്ട്. 1942 ആഗസ്ത് മുതൽ 1944 മെയ് വരെ പൂനെയിലെ ആഗാഖാൻ കൊട്ടാരത്തിൽ ഗാന്ധിയ്ക്കൊപ്പം മീരാബെന്നും തടവിലായിരുന്നു. അഗാഖാൻ കൊട്ടാരത്തിൽ നിന്നുള്ള മോചനത്തിനുശേഷം അവർ ഹിമാലയസാനുക്കളിൽ പ്രകൃതിയോടൊപ്പം വസിക്കാൻ തീരുമാനിച്ചു.

പിൽക്കാലജീവിതം[തിരുത്തുക]

ഗാന്ധിയുടെ മരണം മീരാബെന്നിനെ തളർത്തിക്കളഞ്ഞു. ഗാന്ധിജിയ്ക്ക് സ്വന്തം മരണത്തെക്കുറിച്ച് മുൻകൂട്ടിയറിയാമായിരുന്നുവെന്ന് അവർ വിശ്വസിച്ചിരുന്നു. ഗാന്ധിയുടെ മരണത്തിശേഷം ഇരുപതോളം വർഷംവരെ മീര ഇന്ത്യയിൽ താമസിച്ചു. പിന്നീട് അവർ ആസ്ട്രിയയിലേയ്ക്ക് പോയി.

ബുക്കുകൾ[തിരുത്തുക]

മീരാബെന്നിന്റെ ആത്മകഥയാണ് ആത്മാവിന്റെ തീർത്ഥാടനം(The Spirit's Pilgrimage). മറ്റ് പുസ്തകങ്ങൾ: മീരയ്ക്ക് ബാപ്പുവിന്റെ കത്തുകൾ (Bapu's Letters to Mira), പഴയതും പുതിയതുമായ സത്യങ്ങൾ (New and Old Gleanings).[4][5] മീരബെന്നിന്റെ മരണസമയത്ത് ദി സ്പിരിറ്റ് ഓഫ് ബീഥോവൻ എന്ന പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു അവർ.[6]

മറ്റുള്ളവ[തിരുത്തുക]

  • സുധീർ കക്കാരിന്റെ മീരയും മഹാത്മാവും എന്ന പുസ്തകത്തിൽ ഗാന്ധിയും മീരാബെന്നും തമ്മിലുള്ള അസാധാരണ ബന്ധത്തിന്റെ കഥ പറയുന്നു.[7]

അവലംബം[തിരുത്തുക]

  1. ഇയർബുക്ക്, മാതൃഭൂമി (2008). ഗാന്ധിയുടെ സഹയാത്രികർ. മാതൃഭൂമി. p. 242.
  2. "Mira Behn: A friend of nature". ഇന്ത്യ എൻവിയോണ്മെന്റ് പോർട്ടൽ. Retrieved 13 മെയ് 2013. {{cite web}}: |first= missing |last= (help); Check date values in: |accessdate= (help)
  3. "IN LOVE WITH THE MAHATMA". ടെലഗ്രാഫ്. Retrieved 13 മെയ് 2013. {{cite web}}: |first= missing |last= (help); Check date values in: |accessdate= (help)
  4. "mirabehn, disciple of Mahatma Gandhi". indiavideo.org.
  5. "Books by Mirabehn". amazon.com.
  6. "The making of Mirabehn". The Hindu. September 24, 2000. Archived from the original on 2012-12-19. Retrieved 2013-05-13.
  7. Singh, Khushwant (October 01, 2005). "IN LOVE WITH THE MAHATMA". The Telegraph. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=മീരാബെൻ&oldid=3783478" എന്ന താളിൽനിന്ന് ശേഖരിച്ചത്