മാര്‍പ്പാപ്പ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാര്‍പ്പാപ്പ |
|
പേപ്പല്‍ ചിഹ്നം |
|
| നിലവിലുള്ള പാപ്പ: ബനെഡിക്ട് പതിനാറാമന്‍ |
|
|---|---|
| അധികാരപ്പേരുകള്‍ | പരിശുദ്ധ പിതാവ് |
| ആസ്ഥാനം | വത്തിക്കാന്‍ സിറ്റി |
| ആദ്യത്തെ മാര്‍പ്പാപ്പ | പത്രോസ് അപ്പസ്തോലന്‍ |
| തുടക്കം | പരമ്പരാഗതമായി ക്രി.വ.331 |
| വെബ്സൈറ്റ് | http://www.va |
| കുറിപ്പുകള്‍ | 1പത്രോസ് അപ്പസ്തോലന്റെ ആദ്യ മാര്‍പ്പാപ്പയായുള്ള സ്ഥാനാരോഹണത്തോട് ചില അകത്തോലിക്കാ ദൈവശാസ്ത്രജ്ഞര്‍ യോജിക്കുന്നില്ല. |
റോമന്‍ കത്തോലിക്കാ സഭയുടെ ആത്മീയാചാര്യനും സഭയുടെയും വത്തിക്കാന്‍ രാഷ്ട്രത്തിന്റെയും പരമാധികാരിയും റോമാ മെത്രാനുമായ കത്തോലിക്കാ വൈദികനാണ് മാര്‍പ്പാപ്പ. അപ്പസ്തോലിക പിന്തുടര്‍ച്ചാപ്രകാരം പത്രോസിന്റെ സിംഹാസനത്തിന്റെ അവകാശിയും അപ്രകാരം ക്രിസ്തുവിന്റെ വികാരിയുമാണ് മാര്‍പ്പാപ്പയെന്ന് കത്തോലിക്കര്‍ വിശ്വസിക്കുന്നു. പ്രസ്തുത അവകാശം അകത്തോലിക്കര്‍ അംഗീകരിക്കുന്നില്ല. റോമിന്‍റെ മെത്രാനും യേശുക്രിസ്തുവിന്റെ വികാരിയും അപ്പസ്തോലന്‍മാരുടെ രാജകുമാരന്‍റെ പിന്‍ഗാമിയും ആഗോള സഭയുടെ പരമോന്നത വൈദികനും ഇറ്റലിയിലെ റോമന്‍ പ്രവിശ്യയുടെ മെത്രാപ്പോലീത്തയും വത്തിക്കാന്‍റെ ഭരണാധികാരിയും ദൈവദാസന്‍മാരുടെ ദാസനും എന്നാണ് മാര്‍പ്പാപ്പയുടെ സമ്പൂര്‍ണ വിശേഷണം. ഇത് അപൂര്‍വമായേ ഉപയോഗിക്കാറുള്ളൂ. 2006 മാര്‍ച്ച് ഒന്നു വരെ വിശേഷണങ്ങളുടെ പട്ടികയില്‍ പടിഞ്ഞാറിന്‍റെ പാത്രിയാര്‍ക്കീസ് എന്നും ചേര്‍ത്തിരുന്നു. 642ല്‍ തിയഡോര്‍ ഒന്നാമന്‍ മാര്‍പ്പാപ്പയാണ് ഈ വിശേഷണം ആദ്യമായി ഉപയോഗിച്ചത്. 1054നു ശേഷം ഈ വിശേഷണം അപൂര്‍വമായേ ചേര്‍ത്തിരുന്നുള്ളൂ.
കോപ്റ്റിക്ക് ഓര്‍ത്തഡോക്സ് സഭയുടെയും അലക്സാണ്ഡ്രിയയിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെയും പരമാധികാരികളെയും പാപ്പ എന്നഭിസംബോധന ചെയ്യുന്നു. ജെസ്യൂട്ട് സഭയ്ക്ക് കത്തോലിക്കാ സഭയിലുള്ള അധികാരസ്വാധീനത്തെ ആക്ഷേപിച്ചുകൊണ്ട് കറുത്ത സന്യാസവസ്ത്രത്തോടുകൂടിയ കത്തോലിക്കാസഭയിലെ ജെസ്യൂട്ട് സന്യാസസഭാ മേലധ്യക്ഷനെ കറുത്ത പാപ്പ എന്ന് പറയാറുണ്ട്. അതുപോലെ സുവിശേഷവത്കരണത്തിന്റെ ചുമതലയുള്ള കത്തോലിക്കാസഭയിലെ കര്‍ദ്ദിനാളിന് മിഷന്‍ പ്രവര്‍ത്തനത്തിന്റെമേല്‍, പ്രത്യേകിച്ച് ഏഷ്യയിലും ആഫ്രിക്കയിലുമുള്ള മിഷന്‍പ്രവര്‍ത്തനത്തിനുമേല്‍ പരമാധികാരമുള്ളതിനാലും ചുവന്ന ഔദ്യോഗികവസ്ത്രമുള്ള കര്‍ദ്ദിനാളാകയാലും ചുവന്ന പാപ്പ എന്ന് അദ്ദേഹത്തിന്റെ സ്ഥാനത്തെ പറയാറുണ്ട്. [1].
[തിരുത്തുക] വാക്കിന്റെ ഉദ്ഭവം
മാര്‍പ്പാപ്പ എന്നത് പരിശുദ്ധ പാപ്പ അഥവാ പരിശുദ്ധ പിതാവ് എന്ന അര്‍ത്ഥത്തില്‍ മാര്‍, പാപ്പ എന്ന പദങ്ങളുടെ സംയോജിതരൂപമാണ്. മാര്‍ എന്ന പദം സുറിയാനിയില്‍നിന്ന് ഉദ്ഭവിച്ചതാണ്.[2] പാപ്പ എന്ന പദം പിതാവ്, ആചാര്യന്‍ എന്നൊക്കെ അര്‍ത്ഥമുള്ള ലത്തീന്‍ പാപ്പ(papa) എന്ന പദത്തില്‍നിന്ന് ഉദ്ഭവിച്ചതാണ്. പ്രസ്തുത ലത്തീന്‍ പദം, പാപാസ്(papas) എന്ന ഗ്രീക്ക് പദത്തില്‍നിന്നുദ്ഭവിച്ച ക്ലാസിക് ലത്തീന്‍ പാപ്പാസ്(pappas) എന്ന പദത്തില്‍നിന്നുദ്ഭവിച്ചതാണ്.[3]
[തിരുത്തുക] പത്രോസിനു ലഭിച്ച ദൈവീകാധികാരവും തുടര്‍ച്ചയും
യേശുക്രിസ്തു സഭയുടെ നേതൃത്വം അപ്പസ്തോലനായ പത്രോസിനെയാണ് ഏല്‍പ്പിച്ചതെന്നും ഈ അപ്പസ്തോലനായ പത്രോസില്‍നിന്ന് സഭാനേതൃത്വാവകാശം കൈവയ്പുവഴി പിന്തുടരുന്നവരാണ് മാര്‍പ്പാപ്പമാര്‍ എന്നും റോമന്‍ കത്തോലിക്കര്‍ വിശ്വസിക്കുന്നു. ഈ വിശ്വാസമാണ് മാര്‍പ്പാപ്പയുടെ അധികാരത്തിന്റെ മേലുള്ള വിശ്വാസത്തിന് ആധാരം. മറ്റു ക്രിസ്ത്യാനികളാകട്ടെ കത്തോലിക്കാ സഭ അവകാശപ്പെടുന്ന പിന്തുടര്‍ച്ചയെ മാത്രമല്ല പത്രോസിന്റെ അപ്പസ്തോലിക നേതൃത്വാവകാശത്തെത്തന്നെയും ചോദ്യം ചെയ്യുന്നു.
പത്രോസിന്റെ സഭാനേതൃത്വാവകാശത്തിന് ബൈബിളിലെ രണ്ടു ഖണ്ഡികകളാണ് ആധാരം. മത്തായി 16:17-19 ഉം യോഹന്നാന്‍ 21:15-17 ഉം.
| “ | യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്. ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും | ” |
.
യോഹന്നാന്റെ സുവിശേഷത്തില്‍ യേശു ശിമയോന്‍ പത്രോസിനോട് മൂന്നുവട്ടം പറയുന്നു:
| “ | എന്റെ ആടുകളെ മേയിക്കുക | ” |
.
പത്നാറാം നൂറ്റാണ്ടിലെ നവീകരണകാലഘട്ടംവരെ മത്തായിയുടെ സുവിശേഷത്തിലെ വാക്യങ്ങള്‍ പത്രോസിന്റെ അവകാശം വ്യക്തമാക്കുന്നുവെന്നതിന് എതിരഭിപ്രായമില്ലായിരുന്നു. എന്നാല്‍ അതിനുശേഷം പ്രൊട്ടസ്റ്റന്റ് വിഭാഗക്കാര്‍ വ്യത്യസ്ത വിശദീകരണങ്ങളുമായി മുന്നോട്ടുവന്നു. ആംഗ്ലിക്കന്‍ സഭയുടെ വിശദീകരണം പത്രോസ് സഭയുടെ ആരംഭത്തില്‍ വഹിക്കാന്‍ സാധിച്ച പ്രമുഖസ്ഥാനം മാത്രമാണ് ഈ വാക്യങ്ങളിലൂടെ വ്യക്തമാക്കുന്നത് എന്നും പത്രോസിനെ "നേതൃത്വം" ഏല്‍പ്പിച്ചിരുന്നില്ല എന്നുമാണ്. കത്തോലിക്കാ സഭയാകട്ടെ പ്രസ്തുത പ്രൊട്ടസ്റ്റന്റ് വാദങ്ങള്‍ ശക്തമല്ല എന്നു വാദിക്കുന്നു.[4] യോഹന്നാന്റെ സുവിശേഷത്തിലെ വാചകത്തില്‍ ക്രിസ്തു പാസ്റ്ററല്‍ പരമാധികാരം പത്രോസിനു നല്‍കുന്നതായി പല പ്രൊട്ടസ്റ്റന്റ് സഭകളും സമ്മതിക്കുന്നു. എന്നാല്‍ അലക്സാണ്ഡ്രിയയിലെ വിശുദ്ധ സിറിളിന്റെ അഭിപ്രായത്തില്‍ മൂന്നുവട്ടം ക്രിസ്തുവിനെ തള്ളിപ്പറഞ്ഞതിലൂടെ നഷ്ടമായ അപ്പസ്തോലിക പരമാധികാരം പത്രോസിന്റെ രണ്ടാം വിശ്വാസപ്രഖ്യാപനത്തിലൂടെ ക്രിസ്തു തിരിച്ചുനല്‍കുകയായിരുന്നു എന്നാണ്. എന്നാല്‍ അപ്പസ്തോലിക നേതൃത്വാധികാരം പത്രോസ് എന്നെങ്കിലും നഷ്ടമാക്കി എന്ന വാദത്തിന് വിശുദ്ധ ഗ്രന്ഥങ്ങളിലോ പാരമ്പര്യത്തിലോ അവലംബമില്ല എന്ന കാരണം ചൂണ്ടിക്കാട്ടി കത്തോലിക്കാ സഭ തള്ളിക്കളയുന്നു. [4]
പത്രോസിനുശേഷം റോമാസഭാനേതൃത്വം ഏറ്റെടുത്തവരും എല്ലാ ക്രിസ്തീയ സഭകള്‍ക്കുംതന്നെ സമ്മതരുമായ വിശുദ്ധ സിപ്രിയാന്‍, കാല്ലിസ്റ്റസ്, സ്റ്റീഫന്‍ എന്നിവര്‍ പത്രോസിന്റെ സിംഹാസനത്തെയും, പത്രോസിന്റെ അധികാരത്തെയും, പത്രോസില്‍നിന്നു തങ്ങള്‍ക്ക് ലഭിച്ച പിന്തുടര്‍ച്ചാവകാശത്തെയും പറ്റി ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചതിന്റെ രേഖകള്‍ മാര്‍പ്പാപ്പ പത്രോസിന്റെ ക്രൈസ്തവസഭാമേലദ്ധ്യക്ഷസ്ഥാനത്തിന്റെ പിന്തുടര്‍ച്ചാവകാശിയാണെന്നതിന്റെ തെളിവുകളായി കത്തോലിക്കാസഭ നിരത്തുന്നു.[5] എന്നാല്‍ സത്യമായ ക്രൈസ്തവവിശ്വാസത്തിന്റെ പിന്തുടര്‍ച്ച തങ്ങളുടേതാണെന്ന വാദത്തില്‍ കത്തോലിക്കാസഭയും മറ്റു സഭകളും ഉറച്ചുനില്‍ക്കുന്നതുപോലെതന്നെ പത്രോസിന്റെ അപ്പസ്തോലികനേതൃത്വാവകാശത്തിന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചാവകാശവും കത്തോലിക്കാസഭയുടേതല്ലെന്ന് ഇതര സഭകള്‍ വാദിക്കുന്നു. എന്നിരുന്നാലും മാര്‍പ്പാപ്പ എന്ന ആചാര്യസ്ഥാനത്തിന്റെ ആത്മീയവും ഭൗതീകവുമായ പരമാധികാരത്തിന്റെ അടിസ്ഥാനം പത്രോസിന്റെ അപ്പസ്തോലിക നേതൃത്വാധികാരവും റോമാ ബിഷപ്പുമാര്‍ക്ക് ലഭിച്ച അതിന്റെ പിന്തുടര്‍ച്ചാവകാശവുമാണെന്ന് കത്തോലിക്കാസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.
[തിരുത്തുക] മാര്‍പ്പാപ്പാമാരുടെ പരമാധികാര ചരിത്രം
ക്രൈസ്തവസഭയുടെ ആദ്യകാലഘട്ടത്തില്‍ ലോകമൊട്ടുക്കുള്ള ക്രൈസ്തവസഭയുടെ പരമാധികാരസ്ഥാനം റോമിനൊപ്പം മറ്റു നഗരങ്ങളും അവകാശപ്പെട്ടിരുന്നു. "നീതിമാനായ യാക്കോബ്" എന്നറിയപ്പെട്ടിരുന്ന യാക്കോബ് ജറൂസലെമിലെ സഭയുടെ അധിപനായിരുന്നു.[6] ഓര്‍ത്തഡോക്സ് പാരമ്പര്യത്തില്‍ ഇന്നും ജറുസലേമിലെ സഭയെ മാതൃസഭയായി പരിഗണിക്കുന്നു.
എന്നാല്‍ ക്രിസ്തു സഭയുടെ അധികാരമേല്പ്പിച്ചത് പത്രോസ് അപ്പസ്തോലനെയായിരുന്നുവെന്നും സഭാദ്ധ്യക്ഷന്‍ ശ്ലീഹന്മാരുടെ അദ്ധ്യക്ഷനായ പത്രോസിന്റെ പിന്‍ഗാമിയാണെന്നുള്ള (അതായതു് പത്രോസിന്റെ ശ്ലൈഹിക സിംഹാസനത്തിന്റെ അടിസ്ഥാനത്തില്‍ ആരൂഢനാണെന്നുള്ള ) സഭാശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ റോമാ മാര്‍പാപ്പാമാരെ പത്രോസിന്റെ പിന്‍ഗാമികളായി റോമാ സഭ കാണുന്നു.[7] പത്രോസ് അപ്പോസ്തലന്‍ അവസാനകാലത്ത് ക്രി. വ. 64-ലോ 66-67ലോ റോമായില്‍ വന്നുവെന്നും ക്രി. വ. 67ല്‍ പൗലോസ് അപ്പോസ്തലനോടൊപ്പമോ അല്ലാതെയോ രക്തസാക്ഷിമരണം പ്രാപിച്ചുവെന്നുമാണ് പാരമ്പര്യം.[8] അങ്ങനെ, റോമാ സഭ ആദ്യ ബിഷപ്പായ പത്രോസിന്റെയും വിജാതീയ അപ്പസ്തോലനായ പൗലോസിന്റെയും സഭയായി അറിയപ്പെട്ടിരുന്നു. ക്രി.വ. 451-ലെ കല്‍ക്കിദോന്‍്‍ സുന്നഹദോസ് വരെ റോമാ സാമ്രാജ്യത്തിലെ സഭയുടെ മൂന്നു് പാത്രിയര്‍ക്കീസുമാരില്‍ ഒരാളായിരുന്നു റോമാ പാത്രിയര്‍ക്കീസ്. അലക്സാന്ത്രിയാ മാര്‍പാപ്പയും അന്ത്യോക്യാ പാത്രിയര്‍ക്കീസുമായിരുന്നു മറ്റു് രണ്ടുപേര്‍ (451-ലെ കല്‍ക്കിദോന്‍്‍ സുന്നഹദോസോടെ കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കാസനം പ്രാബല്യത്തിലായി).
[തിരുത്തുക] ക്രൈസ്തവസഭയുടെ ആദ്യകാലഘട്ടം (ക്രി.വ. 30 മുതല്‍ 325 വരെ)
ക്രൈസ്തവസഭയുടെ ആദ്യനൂറ്റാണ്ടില്‍ (ക്രി.വ. 30 മുതല്‍ 130 വരെ), റോമന്‍ തലസ്ഥാനം അതീവ പ്രാധാന്യമുള്ള ക്രിസ്തീയ കേന്ദ്രമായി അംഗീകരിക്കപ്പെട്ടിരുന്നു എങ്കിലും റോമന്‍ സിംഹാസനത്തിന്‍റെ പരമാധികാരം പുറംനാടുകളില്‍ അംഗീകരിക്കപ്പെട്ടിരുന്നുവെന്നെന്നതിന് വളരെ കുറച്ചു രേഖകളെ നിലവിലുള്ളൂ.[9]
പിന്നീട് രണ്ടാം നൂറ്റാണ്ടില്‍ റോമന്‍ സിംഹാസനം റോമിനുപുറത്ത് അധികാരം വിനിയോഗിക്കുന്നതിന്‍റെ രേഖകള്‍ സ്പഷ്ടമാണ്. ക്രി.വ. 189-ല്‍ ലയോണ്‍സിലെ ഐറേനിയസ് തന്റെ Against Heresies എന്ന പുസ്തകത്തില്‍ തന്റെ അപ്പസ്തോലിക പിന്തുടര്‍ച്ചാവകാശ അധികാരം സുവ്യക്തമാക്കുന്നു.[10] പിന്നീട് ക്രി.വ. 195-ല്‍ പോപ്പ് വിക്ടര്‍ ഒന്നാമന്‍ ജൂത പാരമ്പര്യമനുസരിച്ച് നിസാന്‍ 14ആംന് പെസഹാദിനത്തില്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നവരെ പുറത്താക്കിയതില്‍നിന്ന് പ്രസ്തുത അധികാരവിനിയോഗം കൂടുതല്‍ സ്പഷ്ടമാണ്.
ആദ്യകാല മാര്‍പ്പാപ്പമാര്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിലും ദൈവശാസ്ത്രപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിലും സഹായിച്ചുപോന്നു.[11]
[തിരുത്തുക] നിഖ്യ സൂനഹദോസ് മുതല്‍ വലിയ ഭിന്നിപ്പ് വരെ (ക്രി.വ. 325 മുതല്‍ 1054 വരെ)
റോമാ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്‍റെന്‍റെ ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനവും നിഖ്യ സൂനഹദോസും ക്രൈസ്തവരുടെ വ്യാപക ഐക്യവും റോമിന്റെ പരമാധികാരം അരക്കിട്ടുറപ്പിച്ചു. റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം ക്രി.വ. 330ല്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിലേക്കു മാറ്റിയതോടുകൂടി പൗരസ്ത്യ സഭകള്‍, പ്രത്യേകിച്ച് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ മെത്രാന്‍ രാജകീയ സ്ഥാനത്തിന്‍റെ ബലത്തില്‍ തന്‍റെ ശ്രേഷ്ഠത ഉറപ്പിക്കാന്‍ ശ്രമിച്ചുപോന്നു.
ക്രി.വ. 381-ലെ ഒന്നാം കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂനഹദോസ് റോമന്‍ പ്രഥമത്വം പണ്ടേ ഉറപ്പിച്ചതായി സമര്‍ത്ഥിച്ചു. പ്രസ്തുത വിഷയത്തിലുള്ള വിവാദംമൂലം പാപ്പ റോമിനുപകരം കിഴക്കന്‍ റോമില്‍ നടന്ന ഈ എക്യുമെനിക്കല്‍ കൗണ്‍സിലില്‍ സംബന്ധിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. പിന്നീട് ക്രി.വ. 440-ല്‍ മാത്രമാണ് ശ്രേഷ്ഠനായ ലിയോ സുവ്യക്തമായി പത്രോസിന്‍റെ പിന്‍ഗാമിയെന്ന നിലയില്‍ ക്രിസ്തുവില്‍നിന്നു ലഭിച്ച തന്‍റെ പേപ്പല്‍ പരമാധികാരം ഒരു അനുശാസനമെന്നവണ്ണം പാലിക്കാന്‍ വിളംബരം ചെയ്യുകയും കൗണ്‍സിലുകളില്‍ ആവശ്യപ്പെടുകയും ചെയ്തത്. അതിനുശേഷം ക്രി.വ. 451-ലെ കല്‍ക്കിദോന്‍ സൂനഹദോസില്‍ ലിയോ താന്‍ പത്രോസിന്‍റെ ശബ്ദത്താലാണ് സംസാരിക്കുന്നതെന്ന് പ്രഖ്യാപിക്കുകയുണ്ടായി. അതേ കൗണ്‍സിലില്‍ത്തന്നെ "കോണ്‍സ്റ്റാന്റിനോപ്പില്‍ പുതിയ റൊമായിരിക്കക്കൊണ്ട്" കോണ്‍സ്റ്റാന്‍റിനോപ്പിള്‍ ബിഷപ്പിന് റോമാ ബിഷപ്പിന് തുല്യമായ ശ്രേഷ്ഠതയും കല്‍പിച്ചുനല്‍കി.
പാപ്പാ ആയി സ്വയം അവരോധിച്ച ആദ്യ റോമന്‍ മെത്രാന്‍ നാലാം നൂറ്റാണ്ടിന്റെ അവസാനം വാണ സിറിഷ്യസ് മാര്‍പ്പാപ്പയായിരുന്നു.[12] അതിനു മുമ്പ് ക്രി.വ. 232-ല്‍ ഹെറാക്ലെസ് പാപ്പയില്‍നിന്ന് തുടങ്ങി അലക്സാണ്ട്രിയന്‍ പാത്രിയര്‍ക്കീസുമാരായിരുന്നു "പാപ്പ" എന്ന സ്ഥാനപ്പേര് സ്വീകരിച്ചുപോന്നിരുന്നത്. [13]
പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം സഭ അറിവിന്റെയും അധികാരത്തിന്‍റെ പിന്തുടര്‍ച്ചയുടെയും കേന്ദ്രമായി വര്‍ത്തിച്ചു. ചക്രവര്‍ത്തിമാരുടെ ക്രിരീടധാരണവും കലഹങ്ങള്‍ പരിഹരിക്കലും പാപ്പാമാരുടെ ചുമതലയായി.[14] റോമാ മെത്രാന്‍ 8ആം നൂറ്റാണ്ടുവരെ ബൈസന്‍റൈന്‍ സാമ്രാജ്യത്തിന്‍റെ ഭരണസംവിധാനവുമായി ഐക്യപ്പെട്ടുപോന്നു. തഥവസരത്തില്‍ പെപ്പിന്‍ നേരത്തെതന്നെ മാര്‍പ്പാപ്പയുടെ കീഴിലായിരുന്ന റോമും അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളും മാര്‍പ്പാപ്പായുടെതന്നെ രാഷ്ട്രീയമായ ഭരണത്തിന്‍കീഴിലാക്കി പേപ്പല്‍ സ്റ്റേറ്റുകള്‍ രൂപീകരിച്ചു. ഈ ഭരണസംവിധാനം 1870 വരെ തുടര്‍ന്നുപോന്നു. ഇതോടൊപ്പം, നൂറ്റാണ്ടുകളോളം, വ്യാജമായി ചമയ്ക്കപ്പെട്ട കോണ്സ്റ്റന്റൈന്റെ സംഭാവനയെന്ന രേഖയുടെ ബലത്തില്‍ പാപ്പത്വം മുഴുവന്‍ പാശ്ചാത്യ റോമാ സാമ്രാജ്യത്തിന്‍റെയും രാഷ്ട്രീയ പരമാധികാരം അവകാശപ്പെട്ടിരുന്നു.
[തിരുത്തുക] വലിയ ഭിന്നിപ്പ് മുതല്‍ നവീകരണകാലഘട്ടം വരെ (ക്രി.വ. 1054 മുതല്‍ 1517 വരെ)
മധ്യകാലഘട്ടങ്ങളില്‍ പാപ്പാമാര്‍ രാജാക്കന്മാരുമായി വ്യാപകമായി അധികാരസമരത്തിലേര്‍പ്പെട്ടിരുന്നു.[11] കൗണ്‍സിലുകളില്‍ പാപ്പായുടെ മേല്‍ തങ്ങളുടെ അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ച കര്‍ദ്ദിനാളന്മാരുമായും പാപ്പാമാര്‍ മല്ലിട്ടിരുന്നു. 1378 മുതല്‍ 1417 വരെ നിലനിലനിന്നിരുന്ന പാശ്ചാത്യ ഭിന്നിപ്പിന്റെ അവസരത്തില്‍ പല മറുപ്പാപ്പാമാരും റോമന്‍ പാപ്പായുടെ അധികാരം ചോദ്യം ചെയ്തു.
[തിരുത്തുക] നവീകരണകാലഘട്ടം മുതല്‍ ഇന്നുവരെ (1517 മുതല്‍ ഇന്നുവരെ)
പ്രൊട്ടസ്റ്റന്‍റ് നവീകര്‍ത്താക്കള്‍ പേപ്പസിയെ അഴിമതിനിറഞ്ഞതെന്ന് വിമര്‍ശിക്കുകയും ക്രൈസ്തവവിരുദ്ധമെന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു. പ്രൊട്ടസ്റ്റന്‍റ് നവീകരണത്തിന്‍റെ വെല്ലുവിളികള്‍ നേരിടാന്‍ 1560-നും 1648-നും ഇടയില്‍ പാപ്പാമാര്‍ കത്തോലിക്കാ നവീകരണവും മറ്റു ആന്തരിക പരിവര്‍ത്തനങ്ങളും നടപ്പിലാക്കി.[11] ക്രമേണ രാഷ്ട്രീയ അധികാരങ്ങള്‍ കൈവിടാന്‍ നിര്‍ബന്ധിതരായ പാപ്പാമാര്‍ ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചുപോന്നു.[11]
പാപ്പായുടെ ആത്മീയ പരമാധികാരാവകാശവാദം ആദ്യ നൂറ്റാണ്‍ടുകള്‍ക്കുശേഷം എന്നത്തേതില്‍നിന്നുമുപരിയായി സ്പഷ്ടമായി സൂചിപ്പിക്കപ്പെട്ടു. 19ആം നൂറ്റാണ്ടില്‍ സഭ ആത്മീയ കാര്യങ്ങളെക്കുറിച്ച് പാപ്പ അപൂര്‍വമായി ex cathedra (വാച്യാര്‍ത്ഥത്തില്‍ "(പത്രോസിന്‍റെ) സിംഹാസനത്തില്‍നിന്ന്") എന്നവണ്ണം പഠിപ്പിക്കുമ്പോള്‍ മാര്‍പ്പാപ്പയുടെ തീരുമാനങ്ങള്‍ക്ക് അപ്രമാദിത്യം(infallibility) ഉണ്ട് എന്ന് വിളംബരം ചെയ്തു.[11] പ്രസ്തുത അവകാശവിളംബരത്തിനുശേഷം ഒരിക്കല്‍മാത്രം, അതും 1950-ല്‍ മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണം വിശ്വാസസത്യമായി പ്രഘോഷിക്കാന്‍ മാത്രമേ പാപ്പ ഈ അപ്രമാദിത്യാധികാരം ഉപയോഗിച്ചു പ്രബോധനം നല്‍കിയിട്ടുള്ളൂ.
ഇന്ന്, റോമാ പാപ്പയുടെ പ്രഥമത്വം(പേപ്പല്‍ പ്രൈമസി) എന്ന അവകാശവാദം പാശ്ചാത്യ-പൗരസ്ത്യ സഭകളെ തമ്മില്‍ ഒന്നിപ്പിക്കുന്നതില്‍നിന്നും പ്രൊട്ടസ്റ്റന്‍റ് വിഭാഗക്കാരെ റോമില്‍നിന്ന് അകറ്റുന്നതിനും കാരണമായി നിലകൊള്ളുന്നു. ക്രിസ്തു സ്ഥാപിച്ച സഭ,റോമന്‍ കത്തോലിക്ക സഭയില്‍ പൂര്‍ണ്ണമാണെന്നും ആ സഭയുടെ പരമാദ്ധ്യക്ഷനെന്ന നിലയില്‍ റോമാസഭാദ്ധ്യക്ഷന്‍ ആദിമസഭയുടെ മേലദ്ധ്യക്ഷന്മാരില്‍ ഒന്നാമനായ പത്രോസിന്‍റെ പിന്‍ഗാമിയാണ് എന്ന റോമാനിലപാട്[15] യഥാര്‍ത്ഥത്തില്‍ റോമാ പാപ്പ ക്രൈസ്തവ സഭയുടെ പൊതുമേലദ്ധ്യക്ഷനാണെന്ന അവകാശവാദമായി മറ്റ് സഭകള്‍ ഭയക്കുന്നു. അതിനാല്‍ റോമാസഭയുമായി സമ്പൂര്‍ണ്ണ കൂട്ടായ്മയിലാവുക എന്നാല്‍ റോമാ സഭയുടെ പ്രഥമത്വം അംഗീകരിയ്ക്കുക എന്നതാണെന്നത് സഭാന്തര സംവാദങ്ങളിലെയും സഭാ ഐക്യ പ്രശ്നത്തിലെയും പ്രധാന വിവാദ വിഷയങ്ങളിലൊന്നാണ്. [16]
[തിരുത്തുക] പാപ്പായുടെ തിരഞ്ഞെടുപ്പ്, മരണം അല്ലെങ്കില്‍ രാജി
[തിരുത്തുക] തിരഞ്ഞെടുപ്പ്
- പ്രധാന ലേഖനം: മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പ്
ആദ്യകാലങ്ങളില്‍ റോമിനടുത്തുള്ള മുതിര്‍ന്ന വൈദികരായിരുന്നു മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തിരുന്നത്. 1059-ല്‍ സമ്മതിദാനാവകാശം പരിശുദ്ധ റോമാ സഭയിലെ കര്‍ദ്ദിനാളന്മാര്‍ക്കായി നിജപ്പെടുത്തി. 1179-ല്‍ എല്ലാ കര്‍ദ്ദിനാളന്മാരുടെയും വോട്ടിന്റെ മൂല്യം തുല്യമാക്കി. കാനോന്‍ നിയമമനുസരിച്ച് ഏതൊരു ക്രിസ്ത്യാനിയെയും മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കാം, എന്നാല്‍ തിരഞ്ഞെടുക്കപ്പെടുന്ന പ്രസ്തുത വ്യക്തിയെ കര്‍ദ്ദിനാള്‍ തിരുസംഘം കര്‍ദ്ദിനാളായി വാഴിക്കേണ്ടതാണ്. 1378-ല്‍ തിരഞ്ഞെടുക്കപ്പെട്ട ഊര്‍ബന്‍ ആറാമന്‍ മാര്‍പ്പാപ്പയാണ് കര്‍ദ്ദിനാളല്ലാതിരിക്കെ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട അവസാന വ്യക്തി. നിലവിലുള്ള കാനോന്‍ നിയമപ്രകാരം 80 വയസ്സില്‍ താഴെ പ്രായമുള്ള കര്‍ദ്ദിനാളന്മാര്‍ക്കാണ് മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാന്‍ അവകാശം.
പരമ്പരാഗതമായി മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തിരുന്നത് ശബ്ദവോട്ടോടെയോ, ഒരു കമ്മിറ്റിയുടെ തീരുമാനത്തിലൂടെയോ അല്ലെങ്കില്‍ പ്ലീനറി വോട്ടിലൂടെയോ ആയിരുന്നു. ശബ്ദവോട്ട് അവസാനാമായി ഉപയോഗിച്ചത് 1621-ല്‍ ആയിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ശബ്ദവോട്ടുവഴിയും കമ്മിറ്റിയുടെ തീരുമാനം വഴിയുമുള്ള തിരഞ്ഞെടുപ്പുകള്‍ നിര്‍ത്തലാക്കി. തന്മൂലം, വരുന്ന തെരഞ്ഞെടുപ്പുകളില്‍, കര്‍ദ്ദിനാള്‍ തിരുസംഘം ബാലറ്റ് വഴി മാത്രമേ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കൂ.
മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പ് എല്ലായെപ്പോഴുംതന്നെ സിസ്റ്റീന്‍ ചാപ്പലിനുള്ളില്‍ വച്ച് നടക്കുന്ന കോണ്‍ക്ലേവ് എന്നറിയപ്പെടുന്ന സമ്മേളനത്തില്‍വച്ചാണ്. ആദ്യം തന്നെ മൂന്നു കര്‍ദ്ദിനാളന്മാരെ (രോഗം മൂലം) ഹാജരാവാന്‍ പറ്റാതിരുന്ന കര്‍ദ്ദിനാളന്മാരുടെ വോട്ട് ശേഖരിക്കാനും, മൂന്നു കര്‍ദ്ദിനാളന്മാരെ വോട്ടെണ്ണാനും മൂന്നു കര്‍ദ്ദിനാളന്മാരെ വോട്ടുകളുടെ എണ്ണം പരിശോധിക്കാനും ചുമതലപ്പെടുത്തും. അതിനുശേഷം ബാലറ്റുകള്‍ വിതരണം ചെയ്യുകയും കര്‍ദ്ദിനാളായ ഓരോ സമ്മതിദായകനും മാര്‍പ്പാപ്പയാവുന്നതിന് തങ്ങള്‍ പ്രഥമഗണന നല്‍കിയ കര്‍ദ്ദിനാളിന്‍റെ പേര് അതില്‍ എഴുതുകയും ചെയ്യുന്നു. "ദൈവത്തിനുകീഴില്‍ തെരഞ്ഞെടുക്കപ്പെടേണ്ടവനെന്ന് ഞാന്‍ വിചാരിക്കുന്നവന്" താന്‍ വോട്ട് ചെയ്യുന്നുവെന്ന് ഉച്ചത്തില്‍ പ്രതിജ്ഞ ചെയ്തതിനുശേഷം ബാലറ്റ് മടക്കി പ്രത്യേക പാത്രത്തില്‍ നിക്ഷേപിക്കുന്നു. ബാലറ്റിലെ വോട്ട് പരിശോധിക്കുന്നതിന് മുമ്പ് ബാലറ്റുകളുടെ എണ്ണം പരിശോധിക്കും. എണ്ണം മൊത്തം സമ്മതിദായകരുടേ എണ്ണത്തില്‍നിന്ന് വ്യത്യസ്തമായാല്‍ ബാലറ്റുകളൊന്നും തുറക്കാതെ എല്ലാ ബാലറ്റുകളും കത്തിച്ചുകളയുകയും ഒരു പുതിയ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യും. എണ്ണം തുല്യമായാല്‍ ഓരോ ബാലറ്റും തുറക്കുകയും ഉച്ചത്തില്‍ വായിക്കുകയും ചെയ്യും. വായിച്ചശേഷം, സത്യസന്ധതയും കൃത്യതയും ഉറപ്പുവരുത്താനായി ഓരോ ബാലറ്റും സൂചികൊണ്ട് തുളച്ച് ഒരുമിച്ചുതുന്നിക്കെട്ടുന്നു. ഒരു മാര്‍പ്പാപ്പ മൂന്നില്‍രണ്ടു ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുന്നതുവരെ പലവട്ടം ഈ തിരഞ്ഞെടുപ്പ് പ്രക്രിയ ആവര്‍ത്തിക്കുന്നു.
പേപ്പല്‍ തെരഞ്ഞെടുപ്പിലെ പ്രസിദ്ധമായ ഒരു ഭാഗം മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തോ ഇല്ലയോ എന്ന് അറിയിക്കുന്ന രീതിയാണ്. ബാലറ്റുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയശേഷം അവ സിസ്റ്റീന്‍ ചാപ്പലിലെ ഒരു പ്രത്യേക സ്റ്റൗവില്‍ ഉചിതമായവണ്ണം ചില പ്രത്യേക രാസവസ്തുക്കള്‍ കൂട്ടിക്കലര്‍ത്തി കത്തിക്കുന്നു. ഈ സ്റ്റൗവില്‍നിന്നു പുക സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍നിന്ന് കാണാവുന്ന ഒരു ചിമ്മിനിയില്‍ക്കൂടി പുറത്തുവരുന്നു. തീരുമാനമാകാത്ത ഒരു തെരഞ്ഞെടുപ്പിനു ശേഷം ബാലറ്റുകള്‍ കത്തിക്കുമ്പോള്‍ അതില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളുടെ പ്രവര്‍ത്തനഫലമായി കറുത്ത പുകയും തീരുമാനമായ തെരഞ്ഞെടുപ്പിനുശേഷം കത്തിക്കുമ്പോള്‍ വെളുത്ത പുകയും ഈ ചിമ്മിനിയില്‍ക്കൂടി പുറത്തുവരും. പലപ്പോഴും പുകയുടെ നിറം കറുത്തതോ വെളുത്തതോ എന്നു സംശയലേശമെന്യേ മനസ്സിലാക്കുക പ്രയാസമാണ്. അതിനാല്‍ പുതിയൊരു കീഴ്‌വഴക്കമെന്ന നിലയില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പ് സൂചിപ്പിക്കാന്‍ സിസ്റ്റീന്‍ ചാപ്പലിലെ മണികളും മുഴക്കുകയുണ്ടായി.
കര്‍ദ്ദിനാള്‍ തിരുസംഘത്തിന്‍റെ ഡീന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാപ്പയോട് രണ്ടു ചോദ്യങ്ങള്‍ ചോദിക്കും. "താങ്കള്‍ ഈ തിരഞ്ഞെടുപ്പ് സ്വീകരിക്കുന്നുവോ?" അതെയെന്നാണ് ഉത്തരമെങ്കില്‍ അപ്പോള്‍ മുതല്‍ പാപ്പായുടെ ഭരണം ആരംഭിച്ചതായി കണക്കാക്കും.(അല്ലാതെ കുറേ ദിവസങ്ങള്‍ക്കു ശേഷം നടക്കുന്ന സ്ഥാനാരോഹണച്ചടങ്ങുമുതല്‍ അല്ല) അതിനുശേഷം "താങ്കള്‍ ഏതു നാമത്തില്‍ അറിയപ്പെടണം?" എന്നു ചോദിക്കും. (ഡീന്‍ ആണ് പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ വൈസ്-ഡീന്‍ ഈ കടമ നിര്‍വഹിക്കും.)
പുതിയ പാപ്പയെ അതിനുശേഷം "കണീരിന്‍റെ വാതിലില്‍" കൂടി വസ്ത്രം ധരിക്കുന്ന മുറിയിലേക്ക് ആനയിക്കുന്നു. അവിടെ മൂന്നുതരം പേപ്പല്‍ വസ്ത്രങ്ങള്‍ തയ്യാറാക്കിവച്ചിരിക്കും: ചെറുത്, ഇടത്തരം, വലുത് എന്നീ വലുപ്പത്തിലുള്ളവ. ഔദ്യോഗികവസ്ത്രങ്ങളണിഞ്ഞ് പോപ്പ് സിസ്റ്റീന്‍ ചാപ്പലിലേക്ക് തിരിച്ചെത്തുമ്പോള്‍ ചാമ്പര്‍ലെയില്‍ അദ്ദേഹത്തെ മുക്കുവന്‍റെ മോതിരം അണിയിക്കുന്നു. പുതിയ പാപ്പ ചാമ്പര്‍ലെയിന്‍റെ സ്ഥാനം സ്ഥിരീകരിക്കുകയോ പുതിയൊരാളെ നിയമിക്കുകയോ ചെയ്യുന്നു. അതിനുശേഷം ആദരണീയമായ ഒരു സ്ഥാനത്ത് ഉപവിഷ്ടനായ പാപ്പയുടെ സമീപത്ത് കര്‍ദ്ദിനാളന്മാര്‍ ഓരോരുത്തരായി അദ്ദേഹത്തോട് വിധേയത്വം പ്രകടിപ്പിക്കാനും അദ്ദേഹത്തിന്‍റെ ആശീര്‍വാദം വാങ്ങാനും എത്തുന്നു.
സീനിയര്‍ കര്‍ദ്ദിനാള്‍ ഡീക്കന്‍ അതിനുശേഷം സെന്റ് പീറ്റഴ്സ് ചത്വരത്തിന്‍റെ ബാല്‍ക്കണിയില്‍നിന്ന് വിളംബരം ചെയ്യുന്നു: Annuntio vobis gaudium magnum! Habemus Papam! ("അതീവ സന്തോഷത്തോടെ നിങ്ങളെ ഞാന്‍ അറിയിക്കുന്നു! നമുക്ക് ഒരു പുതിയ പാപ്പയെ ലഭിച്ചിരിക്കുന്നു"). അതിനുശേഷം അദ്ദേഹം പുതിയ പാപ്പയുടെ ക്രിസ്തീയ നാമവും അദ്ദേഹം പാപ്പായായി സ്വീകരിച്ച നാമവും അറിയിക്കുന്നു.
1978 വരെ പാപ്പയുടെ തെരഞ്ഞെടുപ്പിനു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം പേപ്പല്‍ കിരീടധാരണച്ചടങ്ങു നടന്നിരുന്നു. പ്രസ്തുത ചടങ്ങില്‍ കിരീടധാരണച്ചടങ്ങിനായി പുതിയ പാപ്പയെ പല്ലക്കിലേറ്റി സിസ്റ്റീന്‍ ചാപ്പലില്‍നിന്ന് വിശുദ്ധ പത്രോസിന്‍റെ ബസലിക്കയിലേക്ക് ഗംഭീരമായ ഒരു പ്രദക്ഷിണമായി ആനയിക്കുന്നു. അതിനുശേഷം പാപ്പയുടെ നേതൃത്വത്തില്‍ പേപ്പല്‍ കുര്‍ബാന നടക്കുന്നു. പിന്നീട് കിരീടധാരണവും പാപ്പയുടെ Urbi et Orbi ("റോമാനഗരത്തിനും ലോകത്തിനും") ആശീര്‍വാദവും. കിരീടധാരണച്ചടങ്ങിലെ ഒരു പ്രസിദ്ധമായ ഭാഗം സ്വര്‍ണ്ണംപൂശിയ തൂണിന്മേല്‍ ഒരു കെട്ട് ചണം കത്തിക്കുന്നതാണ്. ഇത് ഒരു നിമിഷം ആളിക്കത്തിയശേഷം Sic transit gloria mundi ("അങ്ങനെ ലോകത്തിന്‍റെ മഹത്വം കടന്നുപോകുന്നു") എന്ന ഉദ്ഘോഷത്തോടെ കെട്ടുപോകുന്നു. പേപ്പല്‍ അഹങ്കാരത്തിനെതിരെ "Annos Petri non videbis" എന്ന ഗൗരവത്തിലുള്ള മുന്നറിയിപ്പും ഈ ചടങ്ങിന്‍റെ ഭാഗമായിരുന്നു. ഇത് പുതിയ പാപ്പയെ തന്‍റെ ഭരണം 35 വര്‍ഷത്തോളം സഭയെ ഭരിച്ചെന്നു വിശ്വസിക്കപ്പെടുന്ന വിശുദ്ധ പത്രോസിന്‍റെ ഭരണകാലത്തിന്‍റെയത്രയും നീണ്ട ഭരണം കാണാന്‍ മാത്രം പുതിയ പാപ്പ ജീവിച്ചിരിക്കില്ല എന്ന് ഓര്‍മ്മപ്പെടുത്തുന്നു.
നൂറ്റണ്ടുകളോളം ഇറ്റലിക്കാര്‍ മാത്രമായിരുന്നു പാപ്പമാര്‍. 1978-ല്‍ പോളിഷ് കര്‍ദ്ദിനാളായ കരോള്‍ വോയ്റ്റിവ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതിനുമുമ്പ് 1522-ല്‍ അഡ്രിയാന്‍ ആറാമന്‍ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട നെതര്‍ലന്‍ഡുകാരന്‍ കര്‍ദ്ദിനാള്‍ മാത്രമായിരുന്നു ഇറ്റലിക്കു പുറത്തുനിന്നുള്ള പാപ്പ. ജോണ്‍ പോള്‍ രണ്ടാമനുശേഷം ജര്‍മനിയില്‍ ജനിച്ച ബെനഡിക്ട് പതിനാറാമന്‍ പാപ്പായായത് പാപ്പത്വത്തിനു മേലുള്ള ഇറ്റാലിയന്‍ അധീശത്വത്തിന്‍റെ അവസാനമായി ചിലര്‍ കണക്കാക്കുന്നു.
[തിരുത്തുക] മരണം
തെരഞ്ഞെടുക്കപ്പെട്ട മാര്‍പ്പാപ്പ സ്ഥാനമൊഴിയുന്നത് മരണത്തിലൂടെയോ അല്ലെങ്കില്‍ സ്വയം രാജിവയ്ക്കുന്നതിലൂടെയോ മാത്രമാണ്. മാര്‍പ്പാപ്പയുടെ അഭാവത്തില്‍ ചാമ്പര്‍ലെയിന്റെ നേതൃത്വത്തിലുള്ള കര്‍ദ്ദിനാള്‍ തിരുസംഘം സഭയുടെ ദൈനംദിന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നു. എന്നാല്‍ ഈ അവസരത്തില്‍ സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍നിന്ന് കര്‍ദ്ദിനാളന്മാരെ കാനോന്‍ നിയമം വിലക്കുന്നു.
മാര്‍പ്പാപ്പയുടെ മരണം ചാമ്പര്‍ലെയില്‍ സ്ഥിരീകരിക്കുന്നത് പാപ്പയുടെ തലയില്‍ മൂന്നുവട്ടം വെള്ളി ചുറ്റികകൊണ്ട് മെല്ലെ കൊട്ടിക്കൊണ്ട് അദ്ദേഹത്തിന്റെ ജന്മപ്പേര് വിളിച്ചുനോക്കിയാണെന്ന് ഏറെക്കാലമായി കരുതപ്പെടുന്നു. പ്രസ്തുത ആചാരം നിലവിലുണ്ടോ എന്നത് വത്തിക്കാന്‍ സമ്മതിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. കര്‍ദ്ദിനാള്‍ ചാമ്പര്‍ലെയില്‍ മരിച്ച പാപ്പയുടെ വിരലില്‍നിന്ന് മുക്കുവന്റെ മോതിരം ഊരിയെടുക്കുന്നു. അതിനുശേഷം ചാമ്പര്‍ലെയില്‍ കര്‍ദ്ദിനാളന്മാരുടെ മുമ്പില്‍വച്ച് ഈ മോതിരം രണ്ടായി പൊട്ടിക്കുന്നു. പിന്നീട് ദുരുപയോഗം തടയാനായി മരിച്ച പാപ്പയുടെ പേരിലുള്ള മുദ്രകള്‍ നശിപ്പിക്കുകയും പാപ്പയുടെ സ്വകാര്യ അപ്പാര്‍ട്ട്മെന്റ് മുദ്രവയ്ക്കുകയും ചെയ്യുന്നു. മാര്‍പ്പാപ്പയുടെ ശരീരം പോസ്റ്റുമാര്‍ട്ടം ചെയ്യുന്ന പതിവ് പരമ്പരാഗതമായി നിലവിലില്ല.
മരിച്ച പാപ്പയുടെ ശരീരം ഏതെങ്കിലും വലിയ പള്ളിയിലോ കത്തീഡ്രലിലോ സംസ്കരിക്കുന്നു. പിന്നീട് സഭ 9 ദിവസം ദുഃഖാചരണം നടത്തുന്നു.
[തിരുത്തുക] രാജി
മാര്‍പ്പാപ്പ രാജിവയ്ക്കുന്നതിലൂടെയും അദ്ദേഹത്തിന് സ്ഥാനമൊഴിയാം. കാനോന്‍ നിയമപ്രകാരം ഒരു മാര്‍പ്പാപ്പയ്ക്ക് രാജിവയ്ക്കാന്‍ ചെയ്യേണ്ടത് തന്റെ രാജി തീരുമാനം സ്വതന്ത്രമായ തീരുമാനമായിരിക്കുകയും പ്രസ്തുത രാജിപ്രഖ്യാപനം സുവ്യക്തമായിരിക്കുകയും വേണം. അല്ലാതെ പ്രസ്തുത രാജി ആരും സ്വീകരിക്കേണ്ടതില്ല.[17] ചരിത്രത്തില്‍, 1294-ല്‍ സെലസ്റ്റീന്‍ അഞ്ചാമന്‍ മാര്‍പ്പാപ്പയും, പാശ്ചാത്യ വിഭാഗീയത അവസാനിപ്പിക്കാന്‍ 1409-ല്‍ ഗ്രിഗറി പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പയും മാത്രമേ പാപ്പാസ്ഥാനം രാജിവച്ചിട്ടുള്ളൂ.
[തിരുത്തുക] ഔദ്യോഗികവസ്ത്രങ്ങളും ആദരസൂചനകളും
[തിരുത്തുക] റ്റിയാറ
ഒന്നിനുമേല്‍ ഒന്നായി മൂന്നുതട്ടുള്ള കിരീടം അഥവാ റ്റിയാറയുടെ ഉപയോഗം മാര്‍പ്പാപ്പയുടെ പ്രത്യേകതയാണ്. മാര്‍പ്പാപ്പ എന്നുമുതലാണ് കിരീടം ധരിക്കാന്‍ തുടങ്ങിയത് എന്നത് അജ്ഞാതമാണ്. തീര്‍ച്ചയായും ഇത് ഒന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വ്യാജമായി ചമയ്ക്കപ്പെട്ട കോണ്സ്റ്റന്റൈന്റെ സംഭാവനയെന്ന രേഖയ്ക്കു മുമ്പാവണം. കാരണം പാപ്പായുടെ കിരീടധാരണത്തെപ്പറ്റി ഇതില്‍ പറയുന്നുണ്ട്. മൂന്നുതട്ടുള്ള കിരീടം അതിനു വളരെ ശേഷമാണ് ഉപയോഗിച്ചുതുടങ്ങിയത്.[19]
[തിരുത്തുക] കുരിശ്
മാര്‍പ്പാപ്പ മറ്റു മെത്രാന്മാരെപ്പോലെ വളഞ്ഞ അംശവടി ഉപയോഗിക്കാറില്ല, നിവര്‍ന്ന കുരിശാണ് ഉപയോഗിക്കാറ്. ഈ ആചാരം ഇന്നസെന്റ് മൂന്നാമന്റെ(1198-1216) കാലത്തിനുമുമ്പാണ് തുടങ്ങിയത്.[19]
[തിരുത്തുക] പാല്ലിയം
വിശ്വാസസംബന്ധമായ എല്ലാ ആചാരങ്ങളിലും മാര്‍പ്പാപ്പ പാല്ലിയം അണിയുന്നു. ചടങ്ങുകള്‍ ഉപയോഗിക്കുന്നതിന് അദ്ദേഹത്തിന്റെ കീഴിലുള്ള മെത്രാപ്പോലീത്താമാര്‍ക്ക് ഉള്ളതിലും കുറച്ച് പരിമിതികളോടെയാണ് മാര്‍പ്പാപ്പ ഇത് ഉപയോഗിക്കുന്നത്.[19]
[തിരുത്തുക] ചുംബനം
മാര്‍പ്പാപ്പയുടെ പാദം ചുംബിക്കുന്ന രീതി എട്ടാം നൂറ്റാണ്ടുമുതല്‍ക്കുതന്നെ നിലവിലുള്ള ഒരു ആചാരമാണ്. ക്രിസ്തുവിന്റെ വികാരിയായി പരിശുദ്ധ പാപ്പായെ ആദരിക്കുന്നതാണ് ഈ രീതി. ജസ്റ്റീനിയന്‍ രണ്ടാമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍ മാര്‍പ്പാപ്പയുടെ പാദം ചുംബിക്കുന്നതായും ജസ്റ്റിന്‍ ചക്രവര്‍ത്തി ജോണ്‍ ഒന്നാമന്‍ മാര്‍പ്പാപ്പയെയും ജസ്റ്റീനിയന്‍ ഒന്നാമന്‍ അഗാപെറ്റസ് മാര്‍പ്പായെയും ഈ രീതിയില്‍ ആദരിക്കുന്നതായും ചരിത്രരേഖകളില്‍ കാണുന്നു.[19]
[തിരുത്തുക] പാപ്പാവിരുദ്ധ പാപ്പാമാര്‍ (Antipopes)
- പ്രധാന ലേഖനം: പാപ്പാവിരുദ്ധ പാപ്പാ
പരമ്പരാഗതമായി, ഒട്ടനവധി കര്‍ദ്ദിനാളന്മാരുടെയും വൈദികരുടെയും പിന്തുണയുള്ളവരെ സൂചിപ്പിക്കാനായിരുന്നു പാപ്പാവിരുദ്ധ പാപ്പ എന്ന പേര് ഉപയോഗിച്ചു വന്നിരുന്നത്. ചരിത്രത്തില്‍, പാപ്പായായി കാനോനികമായി തിരഞ്ഞെടുക്കപ്പെടാത്ത ചില വ്യക്തികളുടെ (പാപ്പാവിരുദ്ധരായ പാപ്പാമാര്‍ക്കു) ചുറ്റും സമൂഹങ്ങള്‍ പലപ്പോഴും രൂപപ്പെടാറുണ്ടായിരുന്നു. ശീശ്മ മൂലമോ, ആരാണ് നിയമപരമായ പാപ്പ എന്നു വ്യക്തമല്ലാത്തതുമൂലമുള്ള വിഭാഗീയത മൂലമോ ആണ് പാപ്പാവിരുദ്ധ പാപ്പമാര്‍ രൂപപ്പെട്ടിരുന്നത്. 1400കളില്‍ കുറച്ചു കാലത്തേക്ക് മൂന്നോളം പാപ്പാമാരും അവരുടെ പിന്തുടര്‍ച്ചാവകാശികളും യഥാര്‍ത്ഥ പാപ്പാമാര്‍ തങ്ങളാണെന്ന് അവകാശപ്പെട്ടിരുന്നു. ചില ചരിത്രവ്യക്തികള്‍, പാപ്പയാണോ പാപ്പാവിരുദ്ധ പാപ്പയാണോ എന്ന കാര്യത്തില്‍ കത്തോലിക്കരുടെയിടയിലും പല അഭിപ്രായങ്ങളുണ്ട്. ഒരുകാലത്ത് പാപ്പാവിരുദ്ധ മുന്നേറ്റങ്ങള്‍ പ്രാമുഖ്യമേറിയ വിഷയമായിരുന്നെങ്കിലും ഇന്ന് അവ വളരെ അപ്രധാനമായ ചെറിയ ചരിത്രസംഭവങ്ങള്‍ മാത്രമാണ്.
[തിരുത്തുക] ഏറ്റവുമധികം കാലം ഭരിച്ച മാര്‍പ്പാപ്പമാര്‍
- ഒന്‍പതാം പീയൂസ് (1846–1878): 31 വര്‍ഷം, 7 മാസം, 23 ദിവസം (11,560 ദിവസങ്ങള്‍).
- ജോണ്‍ പോള്‍ രണ്ടാമന്‍ (1978–2005): 26 വര്‍ഷം, 5 മാസം, 18 ദിവസം (9,665 ദിവസങ്ങള്‍).
- ലിയോ പതിമൂന്നാമന്‍ (1878–1903): 25 വര്‍ഷം, 5 മാസം, 1 ദിവസം (9,281 ദിവസങ്ങള്‍).
- ആറാം പീയൂസ് (1775–1799): 24 വര്‍ഷം, 6 മാസം, 15 ദിവസം (8,962 ദിവസങ്ങള്‍).
- അഡ്രിയാന്‍ ഒന്നാമന്‍ (772–795): 23 വര്‍ഷം, 10 മാസം, 25 ദിവസം (8,729 ദിവസങ്ങള്‍).
- ഏഴാം പീയൂസ് (1800–1823): 23 വര്‍ഷം, 5 മാസം, 7 ദിവസം (8,560 ദിവസങ്ങള്‍).
- അലക്സാണ്ടര്‍ മൂന്നാമന്‍ (1159–1181): 21 വര്‍ഷം, 11 മാസം, 24 ദിവസം (8,029 ദിവസങ്ങള്‍).
- വിശുദ്ധ സില്‍വെസ്റ്റര്‍ ഒന്നാമന്‍ (314–335): 21 വര്‍ഷം, 11 മാസം, 1 ദിവസം (8,005 ദിവസങ്ങള്‍).
- വിശുദ്ധ ലിയോ ഒന്നാമന്‍ (440–461): 21 വര്‍ഷം, 1 മാസം, 13 ദിവസം (7,713 ദിവസങ്ങള്‍).
- അര്‍ബന്‍ എട്ടാമന്‍ (1623–1644): 20 വര്‍ഷം, 11 മാസം, 24 ദിവസം (7,664 ദിവസങ്ങള്‍).
പത്രോസ് അപ്പസ്തോലന്‍ മുപ്പത് വര്‍ഷത്തിനുമേല്‍ (ക്രി.വ. 29 - 64?/67?) ഭരണം നടത്തിയതായി കരുതപ്പെടുന്നെങ്കിലും കൃത്യമായ ദൈര്‍ഘ്യം സുനിശ്ചിതമല്ല.
[തിരുത്തുക] ഏറ്റവും കുറച്ച് കാലം ഭരിച്ച മാര്‍പ്പാപ്പമാര്‍
ഒരു മാസത്തില്‍ത്താഴെമാത്രം ഭരിച്ച മാര്‍പ്പാപ്പമാര്‍ ഏറെയാണ്. താഴെയുള്ള പട്ടികയില്‍ കലണ്ടര്‍ ദിനങ്ങള്‍ അപൂര്‍ണ്ണ ദിനങ്ങളും കൂടി ചേര്‍ത്താണ് കണക്കാക്കിയിരിക്കുന്നത്. അതായത് ഒരു പാപ്പ ഓഗസ്റ്റ് ഒന്നാം തീയതി ഭരിക്കാന്‍ ആരംഭിച്ച് ഓഗസ്റ്റ് രണ്ടാം തീയതി കാലം ചെയ്താല്‍ അദ്ദേഹം രണ്ടു കലണ്ടര്‍ ദിനം ഭരിച്ചതായി കണക്കാക്കും.
- ഉര്‍ബന്‍ ഏഴാമന്‍ (സെപ്റ്റംബര്‍ 15–സെപ്റ്റംബര്‍ 27 , 1590): 13 കലണ്ടര്‍ ദിനങ്ങള്‍ ഭരിച്ചു, സ്ഥാനാരോഹണച്ചടങ്ങിനു മുമ്പ് മരിച്ചു.[20]
- ബോണിഫസ് ആറാമന്‍ (ഏപ്രില്‍, 896): 16 കലണ്ടര്‍ ദിനങ്ങള്‍ ഭരിച്ചു
- സെലസ്റ്റിന്‍ നാലാമന്‍ (ഒക്ടോബര്‍ 25–നവംബര്‍ 10, 1241): 17 കലണ്ടര്‍ ദിനങ്ങള്‍ ഭരിച്ചു, സ്ഥാനാരോഹണച്ചടങ്ങിനു മുമ്പ് മരിച്ചു.
- തിയോഡോര്‍ രണ്ടാമന്‍ (ഡിസംബര്‍, 897): 20 കലണ്ടര്‍ ദിനങ്ങള്‍ ഭരിച്ചു
- സിസിന്നിയസ് (ജനുവരി 15–ഫെബ്രുവരി 4, 708): 21 കലണ്ടര്‍ ദിനങ്ങള്‍ ഭരിച്ചു
- മാഴ്സലസ് രണ്ടാമന്‍ (ഏപ്രില്‍ 9–മെയ് 1, 1555): 22 കലണ്ടര്‍ ദിനങ്ങള്‍ ഭരിച്ചു
- ഡമാസസ് രണ്ടാമന്‍ (ജൂലൈ 17–ഓഗസ്റ്റ് 9, 1048): 24 കലണ്ടര്‍ ദിനങ്ങള്‍ ഭരിച്ചു
- മൂന്നാം പീയൂസ് (സെപ്റ്റംബര്‍ 22–ഒക്ടോബര്‍ 18, 1503): 27 കലണ്ടര്‍ ദിനങ്ങള്‍ ഭരിച്ചു
- ലിയോ ഒന്‍പതാമന്‍ (ഏപ്രില്‍ 1–ഏപ്രില്‍ 27, 1605): 27 കലണ്ടര്‍ ദിനങ്ങള്‍ ഭരിച്ചു
- ബെനഡിക്ട് അഞ്ചാമന്‍ (മെയ് 22–ജൂണ്‍ 23, 964): 33 കലണ്ടര്‍ ദിനങ്ങള്‍ ഭരിച്ചു
- സ്റ്റീഫന്‍ (മാര്‍ച്ച് 23–മാര്‍ച്ച് 26, 752), തെരഞ്ഞെടുക്കപ്പെട്ടതിനു മൂന്നു ദിവസം ശേഷം, ബിഷപ്പായി വാഴിക്കപ്പെടുന്നതിനു മുമ്പ്, അപ്പോപ്ലെക്സി മൂലം നിര്യാതനായി. അദ്ദേഹത്തെ സാധുവായ ഒരു പാപ്പായായി കണക്കാക്കുന്നില്ല. എന്നാല്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ അദ്ദേഹത്തെ സ്റ്റീഫന്‍ രണ്ടാമന്‍ എന്ന പേരില്‍ മാര്‍പ്പാപ്പാമാരുടെ പട്ടികയില്‍ പെടുത്തിയത് പിന്നീട് വന്ന മാര്‍പ്പാപ്പാമാര്‍ക്ക് സ്റ്റീഫന്‍ എന്ന നാമം സ്വീകരിക്കാന്‍ ബുദ്ധിമുട്ടുളവാക്കി (അടുത്തത് എത്രാമത്തെ സ്റ്റീഫന്‍ മാര്‍പ്പാപ്പയാണ് എന്ന കാരണത്താല്‍). പിന്നീട് 1961-ല്‍ വത്തിക്കാന്റെ പാപ്പാമാരുടെ പട്ടികയില്‍നിന്ന് അദ്ദേഹത്തെ നീക്കി. (കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി "മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീഫന്‍" എന്ന ലേഖനം കാണുക)
[തിരുത്തുക] ഇവയും കാണുക
[തിരുത്തുക] അവലംബം
- ↑ Sandro Magister, Espresso Online.
- ↑ http://nasrani.net/2007/11/10/save-syriac/
- ↑ http://www.newadvent.org/cathen/12260a.htm
- ↑ 4.0 4.1 http://www.newadvent.org/cathen/12260a.htm#I
- ↑ http://www.newadvent.org/cathen/12260a.htm#II
- ↑ കുറിപ്പ്: "നീതിമാനായ യാക്കോബ്" സെബദിയുടെ പുത്രനും അപ്പസ്തോലനുമായ യാക്കോബ് അല്ല, പിന്നെയോ യേശുവിന്റെ സഹോദരനും(cousin) യാക്കോബിന്റെ ലേഖനത്തിന്റെ കര്‍ത്താവെന്നു വിശ്വസിക്കപ്പെടുന്നവനുമായ യാക്കോബാണ്.
- ↑ മത്തായി 16:17-19
- ↑ യൗസേബിയോസിന്റെ (നാലാം നൂറ്റാണ്ടിന്റെ ആദ്യം രചിക്കപ്പെട്ട) സഭാചരിത്രവും വി.ജെറോമിന്റെ വിവരണങ്ങളുമാണ്, പത്രോസ് അപ്പോസ്തലന്‍ അവസാനകാലത്ത് റോമായില്‍ വന്നുവെന്നും അവിടെ വച്ച് രക്തസാക്ഷിമരണം പ്രാപിച്ചുവെന്നും വിവരിയ്ക്കുന്നത്. പത്രോസ് അപ്പോസ്തലന്‍ ക്രി. വ.37 മുതല്‍ 7വര്‍ഷം അന്ത്യോക്യായില്‍ ചെലവൊഴിച്ച ശേഷം മരണം വരെ റോമിലായിരുന്നെന്നായിരുന്നുവെന്ന വി.ജെറോമിന്റെ വിവരണം പുതിയ നിയമത്തിന്റെ ഭാഗമായ അപ്പോസ്തലന്‍മാരുടെ നടപടിപ്പുസ്തക സംഭവങ്ങളുടെ കാലവുമായി യോജിയ്ക്കുന്നില്ലാത്തതു കൊണ്ട്, പത്രോസ് അപ്പോസ്തലന്‍ റോമായിലെത്തിയത് അപ്പോസ്തലന്‍മാരുടെ നടപടിപ്പുസ്തക കാലത്തിനു ശേഷം അതായത്, ക്രി. വ. 63നു ശേഷമായിരിയ്ക്കണം.
- ↑ In the Ravenna Document] of 13 October 2007, theologians chosen by the Roman Catholic and the Eastern Orthodox Churches stated: "41. Both sides agree ... that Rome, as the Church that 'presides in love' according to the phrase of St Ignatius of Antioch (To the Romans, Prologue), occupied the first place in the taxis, and that the bishop of Rome was therefore the protos among the patriarchs. They disagree, however, on the interpretation of the historical evidence from this era regarding the prerogatives of the bishop of Rome as protos, a matter that was already understood in different ways in the first millennium." In addition, in the last years of the first century AD the Corinthian Christian Church accepted an Epistles of Clement intervention by the Church in Rome to help solve their internal disputes.
- ↑ Irenaeus of Lyons's Against Heresies (3:3:2): "With [the Church of Rome], because of its superior origin, all the churches must agree... and it is in her that the faithful everywhere have maintained the apostolic tradition."
- ↑ 11.0 11.1 11.2 11.3 11.4 Wetterau, Bruce. World history. New York: Henry Holt and company. 1994.
- ↑ Development of the Papacy in Christian History. ReligionFacts (2005-04-09). ശേഖരിച്ചത് 2007-09-16.
- ↑ amazon
- ↑ പുതിയ ലോകത്തിന്റെ കോളനിവത്ക്കരണം നിയന്ത്രിക്കുന്നതുപോലെയുള്ളത്. See Line of Demarcation and Inter caetera.
- ↑ പത്രോസ് അപ്പോസ്തലന്‍ അന്ത്യോക്യയില്‍ 37ല്‍ കത്തീഡ്രല്‍ സ്ഥാപിച്ചതു് അദ്ദേഹത്തിന്റെ ശ്ലൈഹിക സിംഹാസന സ്ഥാപനമായും 67ലെ രക്തസാക്ഷിമരണം വരെയുള്ള കാലം അദ്ദേഹത്തിന്റെ സഭാഭരണകാലമായും കരുതപ്പെടുന്നു. ശ്ലീഹന്മാരുടെ അദ്ധ്യക്ഷനെന്നനിലയില്‍ പത്രോസ് സാര്‍വത്രിക സഭയുടെ അതായതു് കത്തോലിക്കാ സഭയുടെ(കാതോലിക സഭയുടെ) ഒന്നാമത്തെ പ്രധാന മേലദ്ധ്യക്ഷനും അദ്ദേഹത്തിന്റെ ഭരണകാലം 37മുതല്‍ 67വരെയുള്ള വര്‍ഷങ്ങളുമാണു്. ലീനോസു് മുതലുള്ളവര്‍ റോമ സഭയുടെ ബിഷപ്പ്(മേലദ്ധ്യക്ഷന്‍)മാരാണു്. കത്തോലിക്കാ സഭയെന്നതു് റോമ സഭ മാത്രമാണെന്നും പത്രോസിന്‍റെ പിന്‍ഗാമികള്‍ എന്നതു് റോമാ ബിഷപ്പ്(റോമാമേലദ്ധ്യക്ഷന്‍)മാര്‍ മാത്രമാണെന്നുമാണു് റോമ സഭയുടെ സഭാശാസ്ത്രം.
- ↑ (1)രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണങ്ങള്‍,ധര്‍മാരാം കോളേജ്, ബാംഗ്ലൂര്‍;(2)പുതിയ എക്യുമെനിക്കല്‍ ഡയറക്ടറി,ക്രൈസ്തവ ഐക്യത്തിനു് വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിദ്ധീകരിച്ചത്, പി. ഒ. സി., 1994.
- ↑ കാനോന്‍ നിയമം 332 §2
- ↑ http://www.fotw.net/flags/va).html
- ↑ 19.0 19.1 19.2 19.3 The Pope - Insignia and Marks of Honor
- ↑ Answers.com
- Loomis, Louise Ropes (2006). The Book of the Popes (Liber Pontificalis): To the Pontificate of Gregory I. Evolution Publishing: Merchantville, NJ. ISBN 1-889758-86-8.. Reprint of an English translation originally published in 1916.
- Ludwig von Pastor, History of the Popes from the Close of the Middle Ages; Drawn from the Secret Archives of the Vatican and other original sources, 40 vols. St. Louis, B. Herder 1898 - (World Cat entry)
- Hartmann Grisar (1845-1932), History of Rome and the Popes in the Middle Ages, AMS Press; Reprint edition (1912). ISBN 0-404-09370-1
- James Joseph Walsh, The Popes and Science; the History of the Papal Relations to Science During the Middle Ages and Down to Our Own Time, Fordam University Press, 1908, reprinted 2003, Kessinger Publishing. ISBN 0-7661-3646-9
- തിരുസഭാ ചരിത്രം: ഫാ സേവ്യര്‍ കൂടപ്പുഴ(സംശോധകന്‍)
[തിരുത്തുക] കൂടുതല്‍ വായനയ്ക്ക്
- Brusher, Joseph H. Popes Through The Ages. Princeton: D. Van Nostland Company, Inc. 1959.
- Chamberlain, E.R. The Bad Popes. 1969. Reprint: Barnes and Noble. 1993.
- Dollison, John Pope - Pourri. New York: Simon & Schuster. 1994.
- Kelly, J.N.D. The Oxford Dictionary of Popes. Oxford: University Press. 1986. ISBN 0-19-213964-9
- Maxwell-Stuart, P.G. Chronicles of the Popes - The Reign By Reign Record of The Papacy From St. Peter To The Present. London: Thames and Hudson. 1997. ISBN 0-500-01798-0
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്
- The Holy See - The Holy Father – website for the past and present Holy Fathers (since Leo XIII)
- The Holy Father's 2008 Prayer Intentions
- Catholic Encyclopedia entry
- The Pope Blog – Unofficial weblog about the Pope
- Pope Endurance League - Sortable list of Popes
- Scholarly articles on the Roman Catholic Papacy from the Wisconsin Lutheran Seminary Library
- Data Base of more than 23,000 documents of the Popes in latin and modern languages