മാത്തൂർ ഗോവിന്ദൻകുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളീയനായ ഒരു കഥകളി കലാകാരനാണ് മാത്തൂർ ഗോവിന്ദൻകുട്ടി. 2011-ലെ കേരളസംസ്ഥാന കഥകളി പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.[1] സ്ത്രീവേഷങ്ങളിലാണ് ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചത്

ജീവിത രേഖ[തിരുത്തുക]

ആലപ്പുഴ ജില്ലയിൽ കുട്ടനാട് നെടുമുടിയിലെ മാത്തൂർ തറവാട്ടിൽ ദാമോദരൻ നമ്പൂതിരിയുടെയും കാർത്ത്യായനി കുഞ്ഞമ്മയുടെയും മകനായി 1940 ഒക്ടോബർ അഞ്ചിന് ജനനം.[2][3] കഥകളിയിലെ കുലീന നായികയായിരുന്ന കുടമാളൂർ കരുണാകരൻ നായരുടെ ശിഷ്യനാണ്‌ അദ്ദേഹം.ഗുരു കുടമാളൂർ കരുണാകരൻ നായരുടെ മകൾ രാജേശ്വരിയുമായുള്ള വിവാഹശേഷം നെടുമുടിയിൽ നിന്നു കുടമാളൂരിലെ അമ്പാടി വീട്ടിലേക്കു താമസം മാറി.[3]

2021 ഫെബ്രുവരി 4 ന് കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ മൂലം അന്തരിച്ചു.[3]

അദ്ദേഹത്തിന്റെ മകനായ കുടമാളൂർ മുരളീകൃഷ്ണനും കഥകളി നടനാണ്.[4] മറ്റൊരു മകൻ ഗോപീകൃഷ്ണൻ ചെണ്ട വിദ്വാനാണ്.[3]

കലാജീവിതം[തിരുത്തുക]

ജ്യേഷ്ഠനായ മോഹനകുഞ്ഞു പണിക്കരുടെ പ്രേരണമൂലം പതിനാലാം വയസ്സിലാണ് അദ്ദേഹം കഥകളി അഭ്യസിക്കാൻ ആരംഭിച്ചത്. നെടുമുടി കുട്ടപ്പപണിക്കർ ആയിരുന്നു ആദ്യ ഗുരു.[4] അതിനു ശേഷം കുറിശ്ശി കുഞ്ഞൻ പണിക്കർ, അമ്പലപ്പുഴ ശേഖരൻ എന്നിവരുടെ കീഴിൽ അഭ്യസനം തുടർന്നു.[4]

തകഴി ക്ഷേത്രത്തിൽ ഗോവിന്ദൻ കുട്ടിയുടെ കാലകേയവധം ആട്ടക്കഥയിലെ ഇന്ദ്രാണി വേഷം കലാമണ്ഡലം കൃഷ്ണൻ നായർ കാണുകയും അദ്ദേഹത്തെ ഹഠാദാകർഷിക്കുകയും ചെയ്തു. കൃഷ്ണൻ നായർ തന്റെ കീഴിൽ ഗോവിന്ദൻ കുട്ടിക്ക് കഥകളിയിലെ കല്ലുവഴി ചിട്ടയിൽ പരിശീലനം നൽകി.[4]

കഥകളിയിലെ സ്ത്രീവേഷങ്ങളിൽ സ്വന്തമായ ഒരിടം സ്വായത്തമാക്കിയ കുടമാളൂർ കരുണാകരൻ നായരുമായി കണ്ടുമുട്ടുന്നതു വരെ ഗോവിന്ദൻ കുട്ടിക്ക് കഥകളി സ്ത്രീവേഷങ്ങളോട് പ്രത്യേക ആഭിമുഖ്യമൊന്നും ഉണ്ടായിരുന്നില്ല. കുടമാളൂരിന്റെ നളചരിതം ഒന്നാം ദിവസത്തിലെ ദമയന്തി വേഷം തന്നിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയെന്നു ഗോവിന്ദൻ കുട്ടി തന്നെ പറഞ്ഞിട്ടുണ്ട്.[4]

കഥകളിയിലെ പ്രധാന നടന്മാരായ മാങ്കുളം വിഷ്ണു നമ്പൂതിരി, കലാമണ്ഡലം കൃഷ്ണൻ നായർ, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം ഗോപി എന്നിവരോടൊപ്പം കഥകളിയിലെ ഒട്ടുമിക്ക നായികാ വേഷങ്ങളും ഗോവിന്ദൻ കുട്ടി അവതരിപ്പിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്[3]
  • സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡ്[3]
  • കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ്[3]
  • കേരള കലാമണ്ഡലം ഫെലോഷിപ്പ്[3]
  • കലാമണ്ഡലം കൃഷ്ണൻ നായർ അവാർഡ്[3]
  • പത്മഭൂഷൺ മടവൂർ വാസുദേവൻ നായർ പുരസ്കാരം[2]

അവലംബം[തിരുത്തുക]

  1. മാത്തൂർ ഗോവിന്ദൻകുട്ടിക്കും പള്ളം മാധവനും കഥകളിപുരസ്കാരം[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 "കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻ കുട്ടി അന്തരിച്ചു". Retrieved 2021-02-05.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 3.8 "കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടി അന്തരിച്ചു". Retrieved 2021-02-05.
  4. 4.0 4.1 4.2 4.3 4.4 "Icon of Mathoor Kalari". ദി ഹിന്ദു. November 26, 2010. Retrieved 12 ഒക്ടോബർ 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]