മലയാളത്തിന്റെ വർണ്ണവ്യവസ്ഥ
ദ്രാവിഡത്തിന്റെയും സംസ്കൃതത്തിന്റെയും സ്വഭാവങ്ങളെ സ്വാംശീകരിച്ചതാണ് മലയാളത്തിന്റെ വർണ്ണവ്യവസ്ഥ. വിപുലമായ വർണ്ണസഞ്ചയത്തിന്റെ ഉപയോഗത്തിലൂടെ സംസ്കൃതത്തിൽനിന്ന് തത്സമരൂപത്തിൽത്തന്നെ പദങ്ങളെ സ്വീകരിച്ച മലയാളം ദ്രാവിഡഭാഷയുടെ വിന്യാസക്രമങ്ങളെ മറികടന്ന് വർത്തിക്കുന്നു. സംസ്കൃത്തെക്കൂടാതെ പ്രാകൃതഭാഷകൾ, ഇംഗ്ലീഷ് മുതലായവ മലയാളത്തിന്റെ വർണ്ണവ്യവസ്ഥയെ സ്വാധീനിച്ചിട്ടുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] വർണ്ണസഞ്ചയം
ദ്രാവിഡവർണ്ണസഞ്ചയത്തോട് സംസ്കൃതവർണ്ണസഞ്ചയം ചേർന്ന വിപുലമായ വർണ്ണസഞ്ചയമാണ് മലയാളത്തിനുള്ളത്. സംസ്കൃതത്തിൽനിന്ന് സ്വീകരിച്ച അതിഖരഘോഷങ്ങളും ഊഷ്മാക്കളും ഋകാരം തുടങ്ങിയവയും മലയാളപദങ്ങളുടെ ഉച്ചാരണത്തിലും എഴുത്തിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്.
[തിരുത്തുക] സ്വരങ്ങൾ
താഴെ പറയുന്നവയാണ് മലയാളത്തിലെ അടിസ്ഥാനസ്വരങ്ങൾ. ഋ, ഌ, ഐ, ഔ, അം, അഃ എന്നിവ ഇവയോട് വ്യഞ്ജനങ്ങൾ ചേർന്നുണ്ടാകുന്ന സിലബിളുകളെ കുറിക്കുന്ന ലിപിചിഹ്നങ്ങൾ (അക്ഷരങ്ങൾ - Letters) മാത്രമാണ്.
| അഗ്രം (വർത്തുളിതം) |
കേന്ദ്രം (നിഷ്പക്ഷം) |
മൂലം (അവർത്തുളിതം) |
||||
|---|---|---|---|---|---|---|
| ഹ്രസ്വം | ദീർഘം | ഹ്രസ്വം | ദീർഘം | ഹ്രസ്വം | ദീർഘം | |
| ഉച്ചം | ഇ | ഈ | ഉ് | ഉ | ഊ | |
| മദ്ധ്യം | എ | ഏ | ഒ | ഓ | ||
| നിമ്‌നം | അ | ആ | ||||
[തിരുത്തുക] സവിശേഷതകൾ
- കേന്ദ്രോച്ചസ്വരമായ ‘ഉ്’ സ്വനിമികത്വത്തോടെ നിലനിൽക്കുന്നു എന്നത് മലയാളത്തിന്റെ പ്രത്യേകതയാണ്. മറ്റു ദ്രാവിഡഭാഷകളുൾപ്പെടെ മിക്ക ഭാഷകളിലും ഈ സ്വനത്തിന് ഒരു ഉപസ്വനമായി മാത്രമാണ് നിലനിൽപ്പ്.
- സാമാന്യമായ ഉച്ചാരണസ്വഭാവമനുസരിച്ച് മലയാളത്തിലെയും മുൻസ്വരങ്ങൾ അവർത്തുളിതവും പിൻസ്വരങ്ങൾ വർത്തുളിതവുമാണ്.
- ഐ, ഔ എന്നിവയ്ക്ക് ഇൻഡൊ-യൂറോപ്യൻ തുടങ്ങിയ ഗോത്രങ്ങളിൽപ്പെടുന്ന ഭാഷകളിൽ ദ്വിസ്വരത്വമുണ്ടെങ്കിലും ദ്രാവിഡത്തിൽ അവയിലെ ഘടകസ്വനങ്ങൾ തമ്മിലുള്ള ബന്ധം അയഞ്ഞതായതിനാൽ അകാരത്തോട് പ്രവാഹി ചേർന്ന സിലബിളുകാളായാണ് അവ പെരുമാറുന്നത്. അതിനാൽ മലയാളത്തിൽ ദ്വിസ്വരങ്ങൾ ഇല്ലെന്നുതന്നെ പറയാം.
- ഋ, ഌ എന്നിവയും അവയുടെ ദീർഘങ്ങളും സംസ്കൃതത്തിൽനിന്ന് കടംകൊണ്ടവയാണ്. ഇവ റ, ല എന്നീ മദ്ധ്യമങ്ങളോട് കേന്ദ്രസ്വരം ചേർന്നുണ്ടായവയാണ്. ഇൻഡോ-യൂറോപ്യൻ ഭാഷകളിൽ ഇവയെ സ്വരീകൃതവ്യഞ്ജനങ്ങളായിട്ടാണ് കണക്കാക്കുന്നത്. ഋകാരമൊഴികെയുള്ളവ ആധുനികമലയാളലിപിയിൽ ഒഴിവാക്കിയിരിക്കുന്നു.
- അനുസ്വാരം, വിസർഗ്ഗം എന്നിവ മ, ഹ എന്നിവയുടെ കേവലവ്യഞ്ജനരൂപങ്ങൾ മാത്രമാണ്.
[തിരുത്തുക] വ്യഞ്ജനങ്ങൾ
| ഓഷ്ഠ്യം | ഓഷ്ഠ്യദന്ത്യം | ദന്ത്യം | ദന്ത്യവർത്സ്യം | വർത്സ്യം | മൂർദ്ധന്യം | താലവ്യം | മൃദുതാലവ്യം | ||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| ശ്വാസി | നാദി | ശ്വാസി | നാദി | ശ്വാസി | നാദി | ശ്വാസി | നാദി | ശ്വാസി | നാദി | ശ്വാസി | നാദി | ശ്വാസി | നാദി | ശ്വാസി | നാദി | ||
| സ്പർശം | അല്പപ്രാണം | പ | ബ | ത | ദ | റ്റ | ട | ഡ | ച | ജ | ക | ഗ | |||||
| മഹാപ്രാണം | ഫ | ഭ | ഥ | ധ | ഠ | ഢ | ഛ | ഝ | ഖ | ഘ | |||||||
| അനുനാസികം | മ | ന | ൻ | ണ | ഞ | ങ | |||||||||||
| മദ്ധ്യമം | പ്രവാഹി | വ | ഴ | യ | |||||||||||||
| കമ്പിതം | റ | ||||||||||||||||
| ഉൽക്ഷിപ്തം | ര | ||||||||||||||||
| പാർശ്വികം | ല | ള | |||||||||||||||
| ഘർഷം | ഊഷ്മാക്കൾ | ഘോഷി | |||||||||||||||
| ഫ | സ | ഷ | ശ | ഹ | |||||||||||||
[തിരുത്തുക] സവിശേഷതകൾ
- സ്വരമദ്ധ്യത്തിലും അനുനാസികങ്ങൾക്കു ശേഷവും ഖരാക്ഷരങ്ങൾ മലയാളത്തിലും മറ്റു ദ്രാവിഡഭാഷകളിലും സവർണ്ണനം മൂലം നാദീകരിക്കപ്പെട്ട് മൃദുവായിത്തീരുന്നു. കാൾഡ്വൽ ഈ സവിശേഷതയെ ഖര-മൃദുപരിവർത്തനം എന്ന് നാമകരണം ചെയ്യുന്നു. ഔല്പത്തികമായി ഖരാക്ഷരങ്ങളായതിനാൽ ഇവയെ ഖരാക്ഷരങ്ങളുടെ ഉപസ്വനങ്ങളായാണ് കണക്കാക്കുന്നത്.
- ചിലപ്പോൾ അനുനാസികം പിൻവരുന്ന ഖരാക്ഷരത്തെയും സവർണ്ണനത്തിലൂടെ അനുനാസികമാക്കിമാറ്റുന്നു. മലയാളത്തിന്റെ ഈ സവിശേഷതയെയാണ് അനുനാസികാതിപ്രസരം എന്നുവിളിക്കുന്നത്.
- ദന്ത്യ-വർത്സ്യാനുനാസികങ്ങൾ, രേഫറകാരങ്ങൾ, മൂർദ്ധന്യ-വർത്സ്യഖരങ്ങൾ ഇവ ഇന്ന് ദ്രാവിഡഭാഷകളിൽ മലയാളത്തിൽ മാത്രമേ വ്യത്യയത്തോടെ നിലനിൽക്കുന്നുള്ളൂ.
- ട, ഡ ഇവയും ത, ദ എന്നിവയും പദാന്തത്തിലും പദാന്തസന്ധികളിലും (സംസ്കൃതപദങ്ങളിൽ) യഥാക്രമം ളകാരലകാരങ്ങളായി മലയാളികൾ ഉച്ചരിക്കുന്നു. ളകാരലകാരചില്ലുകളുടെ ലിപി ട, ത ഇവയിൽനിന്ന് രൂപപ്പെട്ടതാണ്. വൈദികസംസ്കൃതത്തിന്റെ ഒരു സവിശേഷതയായിരുന്നു ഈ വർണ്ണപരിണാമം.
[തിരുത്തുക] ചില്ലുകൾ
മലയാളഭാഷയിൽ സ്വരസഹായം കൂടാതെ പദാന്തത്തിൽ തനിയേ നിൽക്കാവുന്ന വ്യഞ്ജങ്ങളെ ചില്ലുകൾ എന്ന ഗണത്തിൽ പെടുത്തിയിരിക്കുന്നു. യ, ര, റ, ല, ള, ഴ, ണ, ന, മ എന്നീ ഒൻപതു വ്യഞ്ജനങ്ങളേ മലയാളത്തിൽ പദാന്തത്തിൽ വരൂ. യകാരം സ്വതന്ത്രമായി വരുന്ന സന്ദർഭങ്ങൾ കുറവായതിനാൽ അതിനെ ചില്ലുകളിൽ പെടുത്താറില്ല. ര-റകൾക്കും ള-ഴകൾക്കും പദാന്തത്തിൽ നിർവിഷമീകരണം സംഭവിച്ച് ധ്വനിഭേദമില്ലാതാകുന്നു. അനുസ്വാരം മകാരത്തിന്റെ ചില്ലാണ്. ചില്ലുകളെ കുറിക്കുന്ന ലിപികൾ താഴെ:
| ർ | ൽ | ൾ | ൺ | ൻ | ം |
[തിരുത്തുക] നിയന്ത്രിതസ്വനിമങ്ങളും പ്രാന്തസ്വനിമങ്ങളും
ഫറോക്ക്, ഫീസ് തുടങ്ങിയ വാക്കുകളിലെ ദന്ത്യോഷ്ഠ്യഘർഷം പേർഷ്യൻ, ഇംഗ്ലീഷ് തുടങ്ങിയ വിദേശഭാഷകളിൽനിന്ന് മലയാളം കടംകൊണ്ടതാണ്. അതിനാൽ ഈ വ്യഞ്ജനം മലയാളത്തിൽ ഒരു പ്രാന്തസ്വനിമമാണ്. അന്യഭാഷകളിൽനിന്ന് മലയാളികളുടെ ഉച്ചാരണത്തിൽ സ്ഥാനം പിടിച്ച നിരവധി സ്വനങ്ങളുണ്ടെങ്കിലും അവയ്ക്ക് സ്വനിമപദവി നൽകപ്പെട്ടിട്ടില്ല.
[തിരുത്തുക] വർണ്ണഘടന
[തിരുത്തുക] സിലബികഘടന
[തിരുത്തുക] വർണ്ണവിതരണം
മലയാളത്തിന്റെ വർണ്ണവിതരണത്തിലെ ചില സവിശേഷതകൾ താഴെ കൊടുക്കുന്നു:-
- സ്വരങ്ങൾ പദാദിയിൽ മാത്രമേ സ്വതന്ത്രമായി നിൽക്കുന്നുള്ളൂ. സന്ധിയിൽ വിവൃത്തി പരിഹരിക്കാൻ യകാരവകാരങ്ങൾ ആഗമമായി വരും.
- സംവൃതോകാരം മലബാറിലെ വാമൊഴിഭേദത്തിൽ പദത്തിന്റെ ആദിമദ്ധ്യങ്ങളിൽ ഒരു ഉപസ്വനമായി പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും പദാന്തത്തിൽ മാത്രമാണ് ഈ സ്വരം (ഋകാരത്തിലൊഴികെ) സ്വനിമത്വത്തോടെ പ്രത്യക്ഷപ്പെടുന്നുള്ളൂ. ഈ സ്വരത്തിന്റെ ദീർഘം ഒരു അനുതാനസവിശേഷത മാത്രമാണ്.
- ങകാരം പദമദ്ധ്യത്തിൽ, കൂട്ടക്ഷരമായി മാത്രം പ്രത്യക്ഷപ്പെടുന്നു.
- ഞകാരം പദമദ്ധ്യത്തിൽ ഒറ്റയ്ക്ക് വരില്ല.
- ദ്രാവിഡവർണ്ണങ്ങളിൽ ട, ണ, ള, ഴ ഇവ ആദത്തപദങ്ങളിൽ മാത്രമേ പദാദിയിൽ വരൂ.
- റ്റകാരം ഇരട്ടിച്ചോ വർത്സ്യനകാരത്തോടു ചേർന്നോ മാത്രമേ പ്രത്യക്ഷപ്പെടൂ. അതും പദമദ്ധ്യത്തിൽ. വർത്സ്യനകാരത്തിനു പിൻപ് മൃദൂച്ചാരണമാണ്.
- വർത്സ്യ-ദന്ത്യനകാരങ്ങൾ ഒറ്റയ്ക്കു നിൽക്കുമ്പോഴും ഇരട്ടിക്കാത്തപ്പൊഴും പൂരകവിതരണത്തിലാണ്. ദന്ത്യനകാരം പദാദിയിലും ദന്ത്യവർഗ്ഗത്തോടുചേർന്നും പ്രത്യക്ഷപ്പെടുമ്പോൾ വർത്സ്യനകാരം പദമദ്ധ്യത്തിൽ ഒറ്റയ്ക്കും ദന്ത്യവർഗ്ഗം ഒഴികെയുള്ള വ്യഞ്ജനങ്ങളോടുചേർന്നും പദാന്തത്തിൽ ഒറ്റയ്ക്ക് ചില്ലായും പ്രത്യക്ഷപ്പെടുന്നു. ഇരട്ടിപ്പിൽ മാത്രമാണ് ഈ വ്യഞ്ജനങ്ങൾക്ക് വ്യത്യയം.
- യ, ര, റ, ല, ള, ഴ, ണ, ന, മ എന്നീ ഒൻപതു വ്യഞ്ജനങ്ങളേ മലയാളത്തിൽ പദാന്തത്തിൽ വരൂ.
- ഷ, ഹ , റ, ഴ എന്നിവയ്ക്ക് മലയാളത്തിൽ ഇരട്ടിപ്പില്ല.