മറത്തുകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മറുത്തുകളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മറത്തുകളി
മറത്തുകളി

വടക്കൻ കേരളത്തിൽ പൂരക്കളിയുമായി ബന്ധപ്പെട്ട് നടത്തിവരുന്ന മത്സര/പ്രദർശനക്കളിയാണ്‌ മറുത്തുകളി. തീയ്യസമുദായത്തിന്റെ കഴകങ്ങളിലോ കാവുകളിലോ വച്ച് പൂരക്കളി സംഘങ്ങൾ സംവാദത്തിലൂടെ തങ്ങളുടെ മികവു പ്രകടിപ്പിക്കുന്ന രീതിയാണിത്. പൂരക്കളിയുടെ ഭാഗമായി തന്നെ മറത്തുകളി നടത്തുകയാണു ചെയ്യുക. പൂരക്കളിയേക്കാൾ വാശിയും വേഗതയും ഉള്ളതിനാൾ ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നത് മറത്തുകളിയാണ്‌. വടക്കൻ കേരളത്തിലെ തീയ്യസമൂഹത്തിന്റെ സംഭവനയാണ് മറുത്തുകളിയും പൂരക്കളിയും സാഹിത്യം, നൃത്തം, സംഗീതം തുടങ്ങിയവയുടെ സമജ്ഞമായ ഒരു സമ്മേളനം കൂടിയാണിത്. [1]

തർക്കം തീർക്കുവാൻ നിഷ്പക്ഷമതികളായ പണ്ഡിതർ ആസനസ്ഥരായിരിക്കും. മുൻകാലങ്ങളിൽ മദ്ധ്യസ്ഥരുടെ വിധിയെ മാനിക്കതെ കയ്യാങ്കളിയിലേക്ക് നീങ്ങിയിരുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചോദ്യങ്ങളെ മറുചോദ്യങ്ങൾ കൊണ്ട് മാന്യമല്ലാത്ത രീതിയിൽ തടുക്കുന്ന പതിവ് 'പൂരക്കളിപ്പണിക്കരുടെ ചോദ്യം പോലെ' എന്ന പ്രയോഗത്തിനു കാരണമായിട്ടുണ്ട്. മറുത്തുകളിക്ക് രണ്ട് ഭാഗങ്ങളുണ്ട്.[1] രണ്ടു സംഘങ്ങൾ തമ്മിലുള്ള കളിയും രണ്ടു സംഘങ്ങളെ പ്രതിനിധീകരിക്കുന്ന പണിക്കർമാർ തമ്മിലുള്ള വാദപ്രതിവാദവും. സംഘങ്ങൾ തമ്മിൽ വാദപ്രതിവാദം നടത്തില്ല. പഴയ കാലത്ത് ക്ഷേത്രത്തിലെ ആചാരക്കാരാണ് മദ്ധ്യസ്ഥത വഹിച്ചിരുന്നത്. അടുത്ത കാലത്തായി സംസ്കൃതപണ്ഡിതൻമാർ അദ്ധ്യക്ഷരാവാറുണ്ട്. വാദപ്രതിവാദത്തിന് - സംസ്കൃതം, മലയാളം എന്നീ ഭാഷകളാണ് ഉപയോഗിക്കാറ്. മറുത്തുകളിയും പൂരക്കളിയും തീയ്യരെപോലെ തന്നെ പിന്നീട്, മണിയാണി സമുദായവും പാരമ്പര്യമായി കളിച്ചുപോരുന്നുണ്ട്, എങ്കിലും തീയ്യരുടേതിനാണ് കൂടുതൽ ചിട്ടയും പ്രാമാണിത്യവും മുൻതൂക്കവും. [1]

ചടങ്ങുകൾ[തിരുത്തുക]

ഓരോ ക്ഷേത്രക്കാരും അവരവർക്കിഷ്ടപ്പെട്ട പണിക്കർമാരെ വർഷങ്ങൾക്കുമുമ്പേതന്നെ ഏൽപ്പിക്കുന്നു. അതതുവർഷം പൂരോത്സവത്തിന് 20-25 ദിവസങ്ങൾക്കുമുമ്പ് പണിക്കരെ സ്ഥാനികരും കളിക്കാരും വീട്ടിൽ ചെന്ന് കൂട്ടിക്കൊണ്ടുവരുന്നു. ആദ്യകാലത്ത് ഒരു ദിവസം മുഴുവനായി നീണ്ടു നിൽക്കുന്ന ചടങ്ങായിരുന്നു മറത്തു കളി. നിലവിൽ സമയദൈർഘൃ൦ ചുരുക്കി രാത്രി 12 മണിവരെ എന്നു ചുരുക്കിയിട്ടുണ്ട്. മറത്തുകളിയിലെ വിഷയങ്ങൾ പകലും രാത്രിയും വെവ്വേറെയുണ്ട്, ഇതിൽ പകൽ വിഷയങ്ങൾ അഭിവാദനം, താംബൂലദാനം, രംഗപ്രവേശം (രാശി), ദീപവന്ദന, ഇഷ്ടദേവതവന്ദനകൾ, രണ്ടാം തരം വന്ദന, പൂരമാല 18 നിറങ്ങൾ, വൻകളികൾ രാമായണം, ഗണപതിപ്പാട്ട്‌ തുടങ്ങിയവയാണ്. നാടകവും യോഗിയുമാണ് രാത്രി വിഷയങ്ങൾ. നാടകത്തിന് പ്രാരംഭമായി നാട്യശാസ്ത്രം, ചിദംബരശാസ്ത്രം തുടങ്ങിയ ശാസ്ത്രങ്ങളും ചൊല്ലുന്നു. യോഗ വിഷയങ്ങളും കഴിഞ്ഞതിനുശേഷം കളിതൊഴൽ പാട്ടോടുകൂടി മറുത്തുകളി അവസാനിക്കുന്നു. മറുത്തുകളിയിൽ പണിക്കന്മാരുടെ ചർച്ച നിയന്ത്രിക്കാൻ അധ്യക്ഷവേദിയും അടുത്തകാലത്തായി നിലവിൽ വന്നു. [1]

പന്തൽക്കളി[തിരുത്തുക]

കളി പരിശീലിക്കാനായി ക്ഷേത്രത്തിന് പുറത്ത് താൽക്കാലികം നിർമ്മിക്കുന്ന പുറപ്പന്തലിലേക്കാണ് പണിക്കരെ കൂട്ടിക്കൊണ്ടുവരുന്നത്. പന്തലിന്റെ കന്നിഭാഗത്തായി ചെളി കൊണ്ട് ദൈവത്തറ ഉണ്ടാക്കണം. ഏഴുപടികളുള്ള ഈ ദൈവത്തറ നിർമ്മിക്കാൻ ചില ക്ഷേത്രങ്ങളിൽ പ്രത്യേകം അവകാശികളുണ്ട്. എല്ലാ ദിവസവും സന്ധ്യയ്ക്ക്ശേഷംദൈവത്തറയിലും അഷ്ടദിക്കുകളിലും നടുക്കുമുളള ഒമ്പതു തൂണുകളുടെ ചുവട്ടിലും പൂവിടണം. (തുമ്പയുടെയോ ചെമ്പകത്തിൻറെയോ പൂക്കളാണ് പൂവിടാൻ ഉപയോഗിക്കാറ്.) ഇവിടെ വെച്ച് പൂരക്കളി നടത്തുന്നു. ഇതാണ് പന്തൽക്കളി.

പന്തലിൽ പൊന്നുവെക്കൽ[തിരുത്തുക]

പൂരോത്സവത്തിന് ഒരാഴ്ച മുമ്പ് പൊന്ന് വെക്കൽ ചടങ്ങ് നടത്തുന്നു. തളികയിൽ വസ്ത്രവും നെല്ലും അരിയും തുമ്പപ്പൂവുമിട്ട് ശുഭസമയം നോക്കി അന്തിത്തിരിയനോ മറ്റ് അവകാശികളോ പൊന്ന് വെക്കുന്നു. പൊന്നിന്റെ മുഖവും ചെരിവും നോക്കി പണിക്കർ ലക്ഷണം പറയണം.

കളി ഒക്കൽ[തിരുത്തുക]

മറുത്തുകളിക്കേണ്ട ക്ഷേത്രം മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പൊന്ന് വെച്ചതിനു ശേഷം കൂട്ടൈക്കാരും ഉത്തരവാദപ്പെട്ടവരും ചെന്ന് ഭഗവതിയുടെ പൂരമാല നിർവ്വഹിച്ചുതരണമെന്ന് പറഞ്ഞ് പരസ്പരം താംബൂലം കൈമാറുന്നു. ചില ക്ഷേത്രങ്ങൾതമ്മിൽ സ്ഥിരമായി മറുത്തുകളിക്കാറുണ്ട്. അവിടങ്ങളിൽ കളി ഒക്കൽ ഉണ്ടാകില്ല.

കളി മാറൽ[തിരുത്തുക]

പൂരോത്സവം തുടങ്ങുന്നതിന്റെ തലേദിവസമാണ് കളിമാറൽ. രാവിലെ തന്നെ ക്ഷേത്രസ്ഥാനികരും കളിക്കാരും പന്തലിലെത്തുന്നു. പണിക്കർ പട്ടുടുത്ത് പൂവിട്ട് കളരിമുറയിൽ കെട്ടിത്തൊഴുത് വന്ദനശ്ലോകങ്ങൾ ചൊല്ലി കളി തുടങ്ങുന്നു. ഒന്നാം നിറം മുതൽ പതിനെട്ട് നിറങ്ങളും വൻകളികളും കളിക്കാറുണ്ട്. ചില ക്ഷേത്രങ്ങളിൽ ഈ ദിവസം പന്തൽകഞ്ഞി കൊടുക്കാറുണ്ട്. സന്ധ്യക്ക് ശേഷം നാടകം-യോഗി എന്ന വിഷയവും അവതരിപ്പിച്ച് കളി തൊഴുന്നു.

കഴകം കയറൽ[തിരുത്തുക]

പൂരോത്സവം തുടങ്ങുന്ന ദിവസം രാവിലെ തന്നെ പണിക്കരും കൂട്ടൈക്കാരുംകളിക്കാരും പുറപ്പന്തലിലെത്തി പൂവിട്ട് പതിഞ്ഞ ശബ്ദത്തിൽഅല്പം കളിച്ച് ക്ഷേത്രമുറ്റത്ത് പ്രവേശിക്കുന്നു. ഇതാണ്‌ കഴകം കയറൽ.

മറുത്തുകളി[തിരുത്തുക]

രണ്ടു കഴകങ്ങളെയോ രണ്ടു കാവുകളെയോ കേന്ദ്രീകരിച്ചാണ്‌ മറത്തുകളി നടത്തുക. ഇത് പൂരക്കാലത്ത് ഒൻപതു ദിവസവും പതിവില്ല. മൂന്ന് നാല്‌ ദശാബ്ദങ്ങളായി പൂരക്കളിയിലെന്നപോലെ മറുത്തുകളിയിലും ധാരാളം പരിവർത്തനങ്ങളും പരിഷ്കാരങ്ങളും വന്നു ചേർന്നിട്ടുണ്ട്. കളി നടക്കുന്ന കാവിലെ സംഘമാണ് മുൻകളി നടത്തേണ്ടത്. പ്രതിയോഗിയായ പണിക്കരുടെ സംഘം പിൻകളിക്കാരാണ്. അടുത്ത ദിവസമോ ഒരു ദിവസം കഴിഞ്ഞോ പിൻകളിക്കാരായി എത്തുന്നവരുടെ കാവിലും കളി നടത്തും. മറുത്തുകളിയിൽ അതിഥി-ആതിഥേയകല്പനയില്ല . വന്നയുടനെ പണിക്കരെയും സംഘത്തെയും അഭിവാദനവും സ്വാഗതവും ചെയ്തുകൊണ്ട് സംസ്കൃതത്തിലോ മലയാളത്തിലോ ശ്ലോകം ചൊല്ലുന്നു. ഉദാ:-

 ആനന്ദാലയമാമി സംസദി കലാനിഷ്ണാതർതൻമദ്ധ്യെയായ്

നിന്നീടും ബഹുവിദ്യയാൽ സ്ഥിരപദം പ്രാപിച്ച വിദ്വന്മണേ!

വന്നെത്തീ സുദിനം ത്വദീയവദനം കാണ്മാൻകൊതിച്ചീവിധം

അങ്ങയ്ക്കായ് ബഹുമാനപൂർവ്വമുരചെയ്തീടുന്നു ഞാൻ സ്വാഗതം.

  ഈ ശ്ലോകവുമായി ബന്ധപെട്ട് വ്യാകരണപരമായോ സാഹിത്യപരമായോ ന്യായശാസ്ത്രപരമായോ വേദാന്തപരമായോ ഛന്ദശ്ശാസ്ത്രപരമായോ എന്തുചോദ്യവും ചോദിക്കാം. പ്രതിയോഗിക്ക് ഉത്തരം അറിയില്ലെങ്കിൽ ചോദിച്ചയാൾതന്നെ ഉത്തരം പറയണം എന്ന കീഴ്വഴക്കവുമുണ്ട്. പ്രതിയോഗി:- ശ്ലോകത്തിൽ 'ആനന്ദാലയമാം ഈ സംസദി' എന്നല്ലേ പദച്ഛേദം? ഇസംസദി എന്ന് പറയുന്നത് ശരിയാണോ?

അനുയോഗി:- നിങ്ങൾ പറഞ്ഞത് ശരിയാണ്. പക്ഷേ ദീർഘം ഉച്ചരിച്ചാൽ വൃത്തഭംഗംവരും.

പ്ര:- താങ്കൾക്ക് തോന്നി യപോലെ ചൊല്ലാൻ പാടുണ്ടോ?

അ:- നിയമാനുസൃതം തന്നെയാണ് ഞാൻ ചൊല്ലിയത്. ഗുരുവാക്കാമിച്ഛപോലെ പാടിനീട്ടി ലഘുക്കളെ അതുപോലിഹ ദീർഘത്തെ കുറുക്കുന്നതപൂർവ്വമാം എന്നാണ് കേരളപാണിനി പറഞ്ഞിട്ടുളളത്. ഉദാ:- സൂക്ഷിച്ചു മായമറിഞ്ഞിട്ടിരാവനും (അദ്ധ്യാത്മരാമായണം).

ഇതുപോലെ പ്രതിയോഗിയും ശ്ലോകംചൊല്ലി വാദപ്രതിവാദം നടത്തുന്നു. അടുത്ത ചടങ്ങ് താംബൂലം കൈമാറലാണ്. അതിനും ശ്ലോകം ചൊല്ലണം. ഉദാ:- അ:- "ആരബ്ധുകാമോഹമനംഗലീലാം

ഹസ്താംബുജേ യത്കഫനാശനാനി

താംബൂലവല്ലീദളസംയുതാനി പൂഗാനി തേ മിത്ര സമർപ്പയാമി." പ്ര:- ഈ ശ്ലോകത്തിൻറെ സാരം പറയാമോ? അ:- അനംഗലീലയെ ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഞാൻ താംബൂലവല്ലീദളങ്ങളോട് കൂടികൂടിയ അടയ്ക്കകളെ അങ്ങയുടെ കയ്യിൽ സമർപ്പിക്കുന്നു. പ്ര:- അനംഗലീല എന്നാൽ കാമക്രീഡ എന്നല്ലേ ?

പണിക്കർ[തിരുത്തുക]

ഗുരുകുലസമ്പ്രദായത്തിൽ ഗുരുമുഖത്തുനിന്നും അമരകോശം, സിദ്ധരൂപം, ബാലപ്രബോധനം, എന്നിവയും ശ്രീകൃഷ്ണവിലാസം, കുമാരസംഭവം മുതലായ കാവ്യങ്ങളും മറ്റു പൂരക്കളി വിഷയങ്ങളും ഹൃദിസ്ഥമാക്കിയതിനുശേഷം ശിഷ്യൻ യോഗ്യനാണെന്ന് ഗുരുനാഥന് തോന്നിയാൽ ക്ഷേത്രക്കാർ ആവശ്യപ്പെടുന്നതനുസരിച്ച് ഏല്പിക്കുന്നു. നല്ല രീതിയിൽ മറുത്തുകളി അവതരിപ്പിച്ചുവെന്ന് ക്ഷേത്രക്കാർക്ക് തോന്നിയാൽ "പട്ടും വളയും" , "പണിക്കർ" എന്ന സ്ഥാനപ്പേരും നല്കുന്നു. ഗുരുക്കക്കൻമാരും ശിഷ്യരും ചുവന്ന പട്ട് കോർത്ത് കെട്ടിയുടുത്ത് മേലെ കറുത്ത ഉറുമാൽ കെട്ടണം. അവരുടെ പന്തൽ പ്രവേശമാണ് അടുത്ത രംഗം. അപ്പോൾ രാശികളെ കുറിച്ചും തച്ചുശാത്രത്തെക്കുറിച്ചും വാദപ്രതിവാദം നടത്താറുണ്ട്. തുടർന്ന് ദീപവന്ദന നടത്തുമ്പോഴും ചോദ്യോത്തരം നടക്കാറുണ്ട്. തുടർന്നുള്ള എല്ലാ രംഗങ്ങലിലും സംഘത്തലവന്മാരായ പണിക്കർമാർ ചർച്ച നടത്താറുണ്ട്. നാട്യശാസ്ത്രം, യോഗശാസ്ത്രം തുടങ്ങിയവയെക്കുറിച്ചൊക്കെ തർക്കങ്ങൾ നടക്കും. തീയ്യസമുദായക്കാരാണ് മറത്തുകളിക്ക് പ്രാമുഖ്യം നൽകി വളർത്തിക്കൊണ്ടു വന്നത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 പൂരക്കളിയും മറത്തുകളിയും - പഠനം. ബുക്ക് - കേരള പൂരക്കളി കലാ അക്കാദമി, പി. ദാമോദരൻ പണിക്കർ - 2006

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മറത്തുകളി&oldid=3567223" എന്ന താളിൽനിന്ന് ശേഖരിച്ചത്