മന്നാ
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
ബൈബിൾ പഴയനിയമപ്രകാരം ഇസ്രായേൽക്കാർ ഈജിപ്തിൽനിന്നു കാനാൻദേശത്തേയ്ക്കുള്ള പലായനത്തിന്നിടയിൽ സിൻമരുഭൂമിയിൽവച്ച് അവർക്കു ദൈവം ഭക്ഷിക്കാനായി നൽകി [1] എന്നു വിശ്വസിക്കപ്പെടുന്ന ഭക്ഷണമാണ് മന്നാ. 'മന്നാ' എന്ന വാക്കിനു ഹീബ്രുഭാഷയിൽ 'മാൻ' ആണ് ഉപയോഗിക്കുന്നത്. ഗ്രീക്കുഭാഷയിൽ മന്നായ്ക്ക് 'മന്നാ' എന്നുതന്നെയാണ്. ഗ്രീക്കിൽ മന്നായ്ക്ക് 'അപ്പക്കഷണം', 'ധാന്യം' എന്നൊക്കെ അർത്ഥമുണ്ട്. പഴയനിയമത്തിൽ പഞ്ചഗ്രന്ഥിയിലും സംഖ്യയുടെ പുസ്തകത്തിലും സങ്കീർത്തനത്തിലും ജ്ഞാനത്തിലുമെല്ലാം മന്നായെക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നുണ്ട് [2] (ഈ ബൈബിൾ ഉദാഹരണവാക്യങ്ങളിലെല്ലാം മന്നായെക്കുറിച്ചു സൂചിപ്പിക്കുന്നു. .
ഉള്ളടക്കം |
[തിരുത്തുക] വാക്കിന്റെ ഉദ്ഭവം
ബൈബിൾ പഴയനിയമപ്രകാരം ഇസ്രായേൽസമൂഹം മരുഭൂമിയിൽവച്ചു മൂശയ്ക്കെതിരെ പിറുപിറുത്തപ്പോൾ ദൈവം അവർക്കു ഭക്ഷണമായി മന്നാ പ്രദാനം ചെയ്തു. ഇത് മരുഭൂമിയുടെ ഉപരിതലത്തിൽ പൊടിമഞ്ഞുപോലെ തരിതരിയായി കാണപ്പെട്ടു. ഇതു കണ്ടപ്പോൾ അവർ അത്ഭുതപരവശതയോടെ ചോദിച്ചു: 'ഇതെന്താണ്?'. ഹീബ്രുവിൽ ഈ ചോദ്യത്തിനു 'മാൻഹൂ' എന്നാണ് പറയുന്നത്. മലയാളത്തിൽ ഉപയോഗിക്കുന്ന 'മന്നാ' എന്ന വാക്കിന്റെ ഉദ്ഭവംതന്നെ 'മാൻഹൂ' എന്ന ഈ ഹീബ്രുപദത്തിൽനിന്നാകാനാണ് സാധ്യത [3] .
[തിരുത്തുക] മന്നായുടെ ഘടന
മന്ന ഒരു പ്രകൃതിനിർമ്മിതമായ ഒരു വസ്തുവാണ് എന്നു ചിലർ പറയുന്നു. ഇന്നു യൂറോപ്പിന്റെ കിഴക്കൻ സമീപപ്രദേശങ്ങളിൽ ധാരാളം കണ്ടുവരുന്ന ചെടികളെ നശിപ്പിക്കുന്ന രണ്ടു കീടങ്ങളുടെ പ്രവർത്തനം മൂലം പുറപ്പെടുവിക്കുന്ന ഒരു വസ്തുവായി ചിലർ കരുതുന്നു. ചില ചെടികളിൽനിന്നും പൊട്ടി ഒലിക്കുന്ന ഒരുതരം കറപോലെയുള്ള വസ്തു. ചൂടുള്ള സ്ഥലങ്ങളിൽ ചില ചെടുകളുടെ ഇലകളിൽ കാണുന്ന തേന്തുള്ളിക്ക് സദൃശ്യം. ഇതു താഴേക്ക് വീണ് ഉറഞ്ഞു കട്ടിയാകുന്നു. ഇസ്രായേൽക്കാർ അവർക്കു ലഭിച്ച മന്നായെ കൊത്തമ്പാലരിപോലെയും വെളുപ്പ് നിറമായും, തേൻ ചേർത്ത അപ്പത്തിന്റെ രുചിയായുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. [4]
[തിരുത്തുക] ക്രിസ്തീയ ദൈവശാസ്ത്ര വീക്ഷണം
[തിരുത്തുക] മന്നാ വർഷിച്ചതിന്റെ ഉദ്ദേശ്യം
അവിശ്വാസികളായ ഇസ്രായേൽക്കാർ മരുഭൂമിയിൽ കലഹിച്ചും അഭദ്രമായ രംഗങ്ങളാലും ദൈവം അവരുടെയിടയിൽ ഇല്ലയോ എന്നു ചോദിച്ചുകൊണ്ടു ദൈവത്തെ പരീക്ഷിച്ചു [5] . എന്നാൽ ദൈവം അവരുടെ ആവലാതികൾ കേട്ട് ആഹാരമായി മന്നാ വർഷിച്ചു. ഇതുവഴി ഇസ്രായേൽക്കാർക്ക് ഫലവത്തായ ദൈവത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടു.
ഇസ്രായേൽക്കാർ മന്നാ ഓരോ ദിവസവും വേണ്ടുവോളം ശേഖരിച്ചു. എന്നാൽ മോശ പറഞ്ഞു. സാബത്തു ദിവസമായ ഏഴാം ദിവസത്തേക്ക് ഒഴികെ ബാക്കി അഞ്ചുദിവസവും ശേഖരിക്കുന്നതിൽനിന്ന് ഒന്നുപോലും അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കരുത് എന്ന്. [6] ആകയാൽ മന്നാ പ്രദാനം ചെയ്തതുവഴി ദൈവത്തെ അനുസരിക്കാനും ദൈവത്തിലുള്ള ആത്മവിശ്വാസത്തെ വളർത്താനും ഉപകരിച്ചു. അവർക്കു ലഭ്യമായ മന്നാ ദൈവത്തിന്റെ ഉദാരതയും ദിവ്യപരിപാലനവുമായാണു കരുതുന്നത്.
[തിരുത്തുക] മന്നാ പുതിയനിയമത്തിൽ
പഴയനിയമത്തിൽ കണ്ടവയുടെ പൂർത്തീകരണമായി പുതിയനിയമത്തിൽ മന്നായെ ആത്മീയഭക്ഷണമായി ചിത്രീകരിക്കുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ കുർബാനയെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്.
യഹൂദർ പരോക്ഷമായി മന്നായെ സ്വർഗത്തിൽനിന്നുള്ള അപ്പമായി സൂചിപ്പിക്കുന്നു. എന്നാൽ ഈശോ പറയുന്നു. മരുഭൂമിയിൽ കണ്ട മന്നാ യഥാർത്ഥത്തിൽ സ്വർഗത്തിൽനിന്നുള്ള അപ്പമായിരുന്നില്ല. കാരണം അതു ഭക്ഷിച്ചവർ മരിച്ചു. എന്നാൽ സ്വർഗത്തിൽനിന്നും ഇറങ്ങിവന്ന നിത്യജീവന്റെ അപ്പം ഭക്ഷിക്കുന്നവർ മരിക്കുകയില്ല. കാരണം ഈശോതന്നെയാകുന്നു ഈ ജീവന്റെ അപ്പം [7]
മരുഭൂമിയിൽ ലഭിച്ച മന്നാ ഭാവിയിലെ മന്നായായ ജീവന്റെ അപ്പമായ ക്രിസ്തുവിന്റെ ഒരു മുന്നാസ്വാദനം മാത്രം ആയിരുന്നു. ഈ സ്വർഗീയ മന്നാവഴി നാം കൂടുതലായി ദൈവികജീവനിൽ പങ്കുചേർന്നു. ലോകത്തിന്റെ ജീവനുവേണ്ടി ക്രിസ്തു നൽകുന്ന അപ്പം തന്റെ തന്നെ ശരീരമാണ്. 'എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്ഷം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാനദിവസം ഞാൻ അവനെ ഉയിർപ്പിക്കും' എന്നു യേശു പറഞ്ഞിട്ടുണ്ട്. [8][9]
[തിരുത്തുക] അവലംബം
- ↑ പുറ: 16:1-36
- ↑ പുറ 16:14-36;സംഖ്യ 11:4-9; ജ്ഞാനം 16:20-29; നിയ. 8:3, 16; സങ്കീ. 78;24.
- ↑ പുറ 16:14-15
- ↑ പുറ 16:31
- ↑ പുറ 17:7
- ↑ പുറ 16:26
- ↑ യോഹ. 6:32-34; 49:51
- ↑ യോഹ 6:54
- ↑ ഈ ലേഖനത്തിന് അവലംബം: ബൈബിൾ വിജ്ഞാനകോശം December 1989 Edition. Published by Oriental Institute of Religious Studies, India, located at Vadavathoor, Kottayam - 686010 (പൗരസ്ത്യ വിദ്യാപീഠം, വടവാതൂർ, കോട്ടയം). Author of this article in the encyclopedia is Mr. Jose Vallimangalam