മഞ്ഞപ്പിത്തം
ഉഷ്ണകാലാവസ്ഥയിൽ കൂടുതലായി കാണപ്പെടുന്ന ഒരു രോഗലക്ഷണമാണ് മഞ്ഞപ്പിത്തം (ഇംഗ്ലീഷ്:Jaundice). ത്വക്കും കണ്ണും മഞ്ഞ നിറത്തിലാകുക എന്നതാണ് ഇതിന്റെ പ്രകടമായ ലക്ഷണം. ഇത് കരളിനെ ബാധിക്കുന്ന അസുഖമാണ്. കരൾ സംബന്ധമായ മിക്കവാറും എല്ലാ രോഗങ്ങളുടേയും രോഗലക്ഷണം മഞ്ഞപ്പിത്തമാണ്. മഞ്ഞപ്പിത്തത്തിന് കാരണമായേക്കാവുന്ന ഘടകങ്ങൾ നിരവധിയാണ്[1].
ഉള്ളടക്കം |
[തിരുത്തുക] പേരിനുപിന്നിൽ
കരളിനു വീക്കവും വേദനയുമുണ്ടായി തൊലിക്കും കണ്ണിനും മൂത്രത്തിനുമെല്ലാം മഞ്ഞനിറമുണ്ടാകുന്ന രോഗത്തെ മഞ്ഞപ്പിത്തം എന്ന് പേരിട്ട് വിളിക്കുന്നു.ഈ രോഗാസസ്ഥ ആയുർവേദത്തിൽ കാമല എന്ന പേരിലാണറിയപ്പെടുന്നത്.
[തിരുത്തുക] കാരണം
മനുഷ്യശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം കരൾ നിർമ്മിക്കുകയും അത് പിത്താശയത്തിൽ സംഭരിച്ച് അവിടെനിന്നും അല്പാല്പമായി പിത്തനാളികവഴി ദഹനവ്യൂഹത്തിലെത്തുന്ന ഇത് ആഹാരം ദഹിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇങ്ങനെ നിർമ്മിക്കുകയോ വിതരണം നടത്തുകയോ ചെയ്യുന്ന പ്രക്രിയയുടെ തകരാറുമൂലം മഞ്ഞപ്പിത്തം ഉണ്ടാകുന്നു[1]. പിത്തരസത്തിന് നിറം നൽകുന്ന ബിലിറുബിൻ എന്ന ഘടകത്തിന്റെ 100 മി.ലി. രക്തത്തിലെ അളവ് സാധാരണ സമയങ്ങളിൽ 0.2 മി.ലി മുതൽ 05 മി.ലി. വരെയാണ്. ഇതിൽ കൂടുതലായി പിത്തരസം രക്തത്തിൽ കലർന്നാൽ കണ്ണ്, ത്വക്ക്, നഖം എന്നീ ശരീരഭാഗങ്ങളിലും മൂത്രത്തിലും മഞ്ഞനിറം ഉണ്ടാകുന്നു[1].
[തിരുത്തുക] ലക്ഷണങ്ങൾ
കണ്ണുകളിൽ വെളുത്ത ഭാഗത്ത് (കൺജങ്‍ക്റ്റൈവ) ആദ്യമായി മഞ്ഞനിറം കാണപ്പെടുന്നു.ഗുരുതരാവസ്ഥയിൽ നഖങ്ങൾക്കടിയിലും മഞ്ഞനിറം കാണപ്പെടാം. ശരിയായ ചികിത്സാനിർണ്ണയവും ചികിത്സയും ആദ്യഘട്ടത്തിൽ തന്നെ ലഭിച്ചില്ല എങ്കിൽ രോഗം മൂർച്ഛിക്കുന്നതിനും രക്തത്തിൽ ബിലിറുബിൻ 4 മില്ലീഗ്രാം മുതൽ 8 മില്ലീഗ്രാമോ അതിൽ ക്കൂടുതലോ ഉണ്ടാകുന്നതിന് ഇടവരുത്തുകയും ചെയ്യും[1]. ഇങ്ങനെ രക്തത്തിൽ ബിലിറുബിന്റെ അളവ് കൂടുമ്പോൾ അത് മൂത്രത്തിലൂടെ പുറത്തുപോകാൻ തുടങ്ങുന്നു. അതിന്റെ ഫലമായി മൂത്രം മഞ്ഞനിറത്തിലോ അളവ് കൂടുന്നതിനനുസരിച്ച് ചുവപ്പ് കലർന്ന നിറത്തിലോ കാണപ്പെടുന്നു.[1]. ക്ഷീണം, തലകറക്കം, ദഹനത്തിനുള്ള ബുദ്ധിമുട്ടുകൾ, ആഹാരത്തിന് രുചിയില്ലായ്മ, ഛർദ്ദി, കരളിന്റെ ഭാഗത്തു വേദന എന്നിവ അനുഭവപ്പെടുന്നു.
[തിരുത്തുക] വർഗ്ഗീകരണം
ആധുനിക ഗവേഷണഫലമായി മഞ്ഞപ്പിത്തത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു[1].
[തിരുത്തുക] ഒബ്സ്ട്രക്ടീവ് ഹെപ്പറ്റൈറ്റിസ്
കരളിൽ നിന്നും ചെറുകുടലിലേക്കുള്ള പ്രവാഹത്തിന് തടസ്സം ഉണ്ടാവുകയും അതിന്റെ ഫലമായി പിത്തരസം കെട്ടിക്കിടന്ന് രക്തത്തിൽ വ്യാപിക്കുന്നതാണ് ഈ രോഗത്തിന്റെ കാരണം. സൾഫാഡൈയാസിൻ പോലെയുള്ള അലോപ്പതിമരുന്നുകളുടെ ഉപയോഗം ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്[1]. ഈ വിഭാഗത്തിലെ മഞ്ഞപ്പിത്തത്തിന് രോഗലക്ഷണങ്ങൾ വളരെ സാവധാനം മാത്രമാണ് പ്രകടമാകുന്നത്. പിത്തവാഹിനിയിൽ തടസ്സം ഗുരുതരാവസ്ഥയിലാണ് എങ്കിൽ 30മില്ലീഗ്രാം/100മില്ലീഗ്രാം എന്ന തോതിൽ വരെ പിത്തരസ-രക്ത അനുപാതം ഉണ്ടാകാം[1]. ഇത്തരം മഞ്ഞപ്പിത്തത്തിൽ, പിത്തരസത്തിലെ ഘടകങ്ങൾ ത്വക്കിനടിയിൽ വരെ വ്യാപിക്കുന്നതിനാൽ ശരീരമാസകലം അസഹ്യമായ ചൊറിച്ചിൽ ഉണ്ടാകാറുണ്ട്. മലം വെളുത്തനിറത്തിലും മൂത്രം ചുവപ്പോ കറുപ്പോ നിറങ്ങളിൽ ഉണ്ടാകാറുണ്ട്[1].
[തിരുത്തുക] ഹിമോലിറ്റിക് ഹെപ്പറ്റൈറ്റിസ്
ചില രോഗങ്ങൾ (മലമ്പനി, രക്തക്കുറവ്),വൈറസ്, രാസപദാർത്ഥങ്ങൾ (കാർബൺ ടെട്രാക്ലോറൈഡ്, ആൽക്കഹോൾ, ക്ലോറോഫോം, ഫോസ്‌ഫറസ്, ഫെറസ്, സൾഫേറ്റ് എന്നിവ[1].) മൂലം രക്തത്തിലുള്ള ശ്വേതരക്താണുക്കൾ നശിക്കുകയും, തത്ഫലമായി കരൾ കൂടുതലായി ബിലിറുബിൻ ഉത്പാദിപ്പിക്കുകയും ഇങ്ങനെ നിർമ്മിക്കുന്ന ബിലിറുബിൻ പിത്തരസത്തിലൂടെ വിസർജ്ജിക്കുന്നതിന് കരളിന് കഴിയാതിരിക്കുകയും ചെയ്യുന്നു[1]. ആവശ്യത്തിൽക്കൂടുതലായി ഉത്പാദിപ്പിച്ച ബിലിറുബിൻ മൂത്രത്തിലൂടെ പുറത്തുകളയുന്നതിന് വൃക്കകൾക്ക് കഴിയാതിരിക്കുകയും ചെയ്താൽ, ഇത് രക്തത്തിൽ കെട്ടിക്കിടക്കുന്നതിന് ഇടയാവുകയും ചെയ്യും[1]. ഇങ്ങനെ രക്തത്തിൽ കെട്ടിക്കിടക്കുന്ന ബിലിറുബിൻ മഞ്ഞപ്പിത്തം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം മഞ്ഞപ്പിത്തത്തിൽ ചൊറിച്ചിൽ ഉണ്ടായിരിക്കില്ല. മലം തവിട്ട്, ഓറഞ്ച് എന്നീ നിറങ്ങളിൽ വിസർജ്ജിക്കുകയും ചെയ്യുന്നു[1].
[തിരുത്തുക] ഇൻഫെക്റ്റീവ് ഹെപ്പറ്റൈറ്റിസ്
ദഹനപ്രക്രിയയിൽ പ്രോട്ടീനുകളുടെ വിഘടനം നടക്കുമ്പോൾ ഉണ്ടാകുന്ന സിസ്റ്റൈൻ എന്ന അമിനോ ആസിഡിന്റെ അഭാവം ലിവർ സിറോസിസ് തുടങ്ങിയ രോഗങ്ങളും ഇത്തരത്തിൽ പകരുന്ന മഞ്ഞപ്പിത്തത്തിന് കാരണമാകുന്നു[1]. ഇത് കരൾ, പ്ലീഹ തുടങ്ങിയ അവയവങ്ങളിൽ രോഗം ഉണ്ടാകുന്നതിന് കരണമാകുന്നു. ഈ രോഗത്തിന്റെ ലക്ഷണങ്ങളായ അസ്വസ്ഥത,ക്ഷീണം എന്നിവ വളരെ പെട്ടെന്ന് കാണപ്പെടുന്നു. രോഗിയുടെ രക്തത്തിലും മലത്തിലും ഈ രോഗത്തിന്റെ അണുക്കൾ ഉണ്ടാകാറുണ്ട്[1]. പൊതുസ്ഥലങ്ങളിലെ മലമൂത്രവിസർജ്ജനം, വൃത്തിഹീനമായ ഭക്ഷണപദാർത്ഥങ്ങൾ, വെള്ളം എന്നീ മാധ്യമങ്ങൾ രോഗം നേരിട്ട് പകരുന്നതിന് കാരണമാകുന്നു[1]. മഞ്ഞപ്പിത്തരോഗിക്ക് കുത്തിവയ്ക്കുന്നതിന് ഉപയോഗിച്ചതും അണുവിമുക്തമാക്കാത്തതുമായ സൂചി എന്നിവയുടെ ഉപയോഗവും രോഗം പരത്തുന്നതിന് സഹായക ഘടകങ്ങളാണ്[1].
[തിരുത്തുക] വൈറൽ ഹെപ്പറ്റൈറ്റിസ്
[തിരുത്തുക] ചികിത്സകൾ
അല്ലോപ്പതിയിൽ ഹെപ്പറ്റൈറ്റിസ് എ ക്ക് പ്രത്യേക മരുന്നുകൾ ഇല്ല. രോഗലക്ഷണങ്ങൾക്കൊത്തു ചികിത്സിക്കുകയാണ് ചെയ്യുന്നത്. ആയുർവേദം,മഞ്ഞപ്പിത്തചികിത്സയിൽ മറ്റേതു ചികിത്സാ ശാസ്ത്രത്തിനെക്കാൾ പ്രാധാന്യം നൽകുന്നു[1].കീഴാർനെല്ലി മഞ്ഞപ്പിത്ത ചികിത്സയിൽ സുപ്രധാന പങ്കു വഹിക്കുന്നുണ്ട്.[2] ഹോമിയോപ്പതിയിലും ചികിത്സ ലഭ്യമാണ്.
[തിരുത്തുക] ആയുർവേദചികിത്സ
ത്രിദോഷങ്ങൾ അനുസരിച്ച് മഞ്ഞപ്പിത്തം പിത്തജന്യമായ ഒരു രോഗമാണ്. ആഹാരവും മരുന്നുകളും പിത്തഹരങ്ങളായവ ഉപയോഗിക്കണം എന്ന് ആയുർവേദം നിഷ്കർഷിക്കുന്നു[1]. മഞ്ഞപ്പിത്ത രോഗചികിത്സയിൽ വളരെ പ്രാധാന്യമുള്ള ഔഷധസസ്യം കീഴാർനെല്ലിയാണ്. കീഴാർനെല്ലി പാൽക്കഷായം വച്ചുസേവിക്കുന്നത് രോഗകാലത്തും രോഗം വന്നതിനുശേഷവും വളരെയധികം ഫലംനൽകുന്നു[1]. ഇതിന് ശംഖുഭസ്മം ഏഴുദിവസം പ്രഭാതത്തിൽ സേവിക്കുന്നത് നല്ലതാണ്. കൂടാതെ അമൃതിന്റെ നീര് തേൻ ചേർത്തുകഴിക്കാം[1]. ശംഖുപുഷ്പം മുലപ്പാലുചേർത്ത് അരച്ച് കണ്ണിൽ ഒഴിക്കുന്നതും നല്ലതാണ്.
[തിരുത്തുക] ഔഷധങ്ങൾ
- വിപത്തിചൂർണ്ണം മലശോധനയ്ക്ക് ഉപയോഗിക്കുന്നു [1].
- ധാത്രി ലേഹം
- ധാത്ര്യാരിഷ്ടം
- കല്യാണഘൃതം
- നിംബത്രിഫലാദിക്വാദം
- പുനർവാദികഷായം
- വാശനിംബാദികസ്ഹായം
- ത്രിഫലാദികഷായം
- നാഗരപാൽക്കഷായം
- ചിത്രകാദി ചൂർണ്ണം
- ത്രിവൃതാദിലേഹ്യം
- പഥ്യമണ്ഡൂരവടിക
- യകൃതരിവൗഹം
- ചിത്രകാദിലൗഹം
- പർപ്പടാദ്യരിഷ്ടം
ദഹനത്തിനനുസരണം മാത്രമേ ആഹാരം കഴിക്കാവൂ. ഉപ്പ് ആഹാരത്തിലോ അല്ലാതയോ ഉപയോഗിക്കരുത്. ഇളനീർ, നെല്ലിക്കാനീര്, കരിമ്പിൻ നീര്, മുന്തിരിനീര്, മധുരം, പാൽ, സൂചിഗോതമ്പ്, പഴവർഗ്ഗങ്ങൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. ഇറച്ചി, മീൻ, എണ്ണയുപയോഗിച്ചുകൊണ്ടുള്ള ആഹാരം മദ്യം ,പുകവലി തുടങ്ങിയവ നിർത്തേണ്ടതാണ്[1].
[തിരുത്തുക] അവലംബം
- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 1.14 1.15 1.16 1.17 1.18 1.19 1.20 1.21 1.22 ഡോ.ഗോപാലകൃഷ്ണപിള്ള, വൈദ്യരത്നം വേലായുധൻ നായർ എന്നിവരുടെ "ആരോഗ്യവിജ്ഞാനകോശം". ആരാധന പബ്ലിക്കേഷൻസ്, ഷോർണൂർ. താൾ 195-197,345-347
- ↑ ഡോ. എസ്., നേശമണി (1985). ഔഷധസസ്യങ്ങൾ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. ISBN 81-7638-475-5.