മംഗോൾ സാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

13, 14 നൂറ്റാണ്ടുകളിൽ ഏഷ്യ, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലായി വ്യാപിച്ച് കിടന്നിരുന്ന ഒരു സാമ്രാജ്യമാണ് മംഗോൾ സാമ്രാജ്യം. ലോകചരിത്രത്തിൽ സമീപസ്ഥങ്ങളായ പ്രദേശങ്ങളെ മാത്രം ഉൾക്കൊള്ളുന്ന ഏറ്റവും വലിയ സാമ്രാജ്യമാണ് മംഗോൾ സാമ്രാജ്യം. മംഗോളുകളുടെയും തുർക്കികുകളുടെയും ഏകീകരണത്തോടെ രൂപംകൊണ്ട ഈ സാമ്രാജ്യം 1206-ൽ ജെങ്കിസ് ഖാൻ ഭരണാധികാരിയായ ശേഷം നടത്തിയ കടന്നാക്രമണങ്ങളിലൂടെ കൂടുതൽ വിസ്തൃതമായി. 1279-ൽ ഏറ്റവുമധികം വിസ്തൃതി പ്രാപിച്ച ഈ സാമ്രാജ്യം ഡാന്യൂബ് മുതൽ ജപ്പാൻ കടൽ വരെയും ആർട്ടിക് മുതൽ കംബോജ വരെയും വ്യാപിച്ചു. അന്ന് 3.3 കോടി ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ടായിരുന്ന (ഭൂമിയുടെ ആകെ കരവിസ്തീർണത്തിന്റെ അഞ്ചിൽ ഒരു ഭാഗം) മംഗോൾ സാമ്രാജ്യത്തിൽ 10 കോടി ജനങ്ങൾ അധിവസിച്ചിരുന്നു. യൂറേഷ്യയുടെ ഭൂരിഭാഗവും ഉൾപ്പെട്ടിരുന്നതിനാൽ ഇതിനെ മംഗോൾ ലോക സാമ്രാജ്യം എന്നും വിശേഷിപ്പിക്കാറുണ്ട്. മംഗോളുകളുടെ ഭരണകാലത്ത് പുതിയ സാങ്കേതികവിദ്യകളും വ്യാപാരച്ചരക്കുകളും പ്രത്യയശാസ്ത്രങ്ങളും യുറേഷ്യയുടെ വിവിധ പ്രദേശങ്ങളിൽ പ്രചരിക്കപ്പെടുകയും പരസ്പരം കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു.

വികാസം[തിരുത്തുക]

ജെങ്കിസ് ഖാൻ[തിരുത്തുക]

പ്രധാന ലേഖനം: ജെങ്കിസ് ഖാൻ

1206-ൽ ജെങ്കിസ് ഖാൻ എല്ലാ മംഗോളിയരുടേയും അധിപനായി (ഖാൻ). ഉടൻ തന്നെ ചൈനയടക്കം സമീപദേശങ്ങളിലെ ഇതരജനവിഭാഗങ്ങളെ കീഴടക്കാനായി ജെങ്കിസ് പുറപ്പെട്ടു. 1215-ൽ ഖാൻ ബെയ്ജിങ് കീഴടക്കി. തുടർന്ന് പടിഞ്ഞാറുദിക്കിലേക്ക് തിരിഞ്ഞ മംഗോളിയർ 1218-ൽ പാമിർ കടന്ന് അഫ്ഗാനിസ്താനിലെ ബദാഖ്‌ശാനിലേക്ക് കടന്നു[1]. രണ്ടുവർഷങ്ങൾക്കു ശേഷം കൂടുതൽ ശക്തിയാർജ്ജിച്ചെത്തിയ ഇവർ, ഇന്നത്തെ അഫ്ഗാനിസ്താൻ പ്രദേശത്ത് അന്ന് ഭരിച്ചിരുന്ന തുർക്കിക് വംശജനായിരുന്ന രാജാവ്, ഖ്വാറസം ഷാ മുഹമ്മദിനെ മംഗോളിയർ നിഷ്കാസിതനാക്കി. ഇദ്ദേഹം മംഗോളിയരിൽ നിന്നും രക്ഷപ്പെട്ട് ആദ്യം അമു ദര്യക്ക് തെക്കോട്ടും പിന്നീട് പേർഷ്യയിലേക്കും പലായനം ചെയ്തു. ഇവിടെ വച്ച് ഇദ്ദേഹം മരണമടയുകയും ചെയ്തു.

1220-ൽ അമു ദര്യ തടത്തിൽ താവളമടിച്ച് ചെങ്കിസ് ഖാന്റെ തന്റെ ഒരു സൈന്യത്തെ ബദാഖ് ശാൻ പിടിക്കാനയച്ചു. ഇതേ സമയം ചെങ്കിസ് ഖാനും സംഘവും ബൽഖ് ആക്രമിച്ചു. പ്രതിരോധമേതുമില്ലാതെ കീഴടങ്ങിയ ബൽഖ് നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളും മസ്ജിദുകളുമടക്കമുള്ളവയെല്ലാം. ചെങ്കിസ് ഖാൻ തകർത്തു. നഗരവാസികളെ കൂട്ടക്കൊല ചെയ്തു. തുടർന്ന് ഹെറാത്ത് ആക്രമിക്കുന്നതിനും ഒരു സൈന്യത്തെ ചെങ്കിസ് ഖാൻ അയച്ചു.

1221-ൽ ഖ്വാറസം സാമ്രാജ്യത്തിലെ അവസാനത്തെ കണ്ണിയാരുന്ന ജലാലുദ്ദീനെ പിന്തുടർന്ന്, ചെങ്കിസ് ഖാൻ റോബത് ചുരം വഴി ഹിന്ദുകുഷ് മുറിച്ച്കടന്ന് തെക്കുഭാഗത്തേക്കെത്തി. ജലാലുദ്ദീൻ ഈ സമയം ഗസ്നിയിൽ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു. ഈ യാത്രയിൽ ബാമിയാൻ താഴ്വരയിലെ ബുദ്ധകേന്ദ്രവും കുറച്ചു കിഴക്കുള്ള സോഹകിലെ ചെങ്കോട്ടയും ചെങ്കിസ് ഖാൻ തകർത്തു. ജലാലുദ്ദീന്റെ പിന്തുടർന്ന് ഖാൻ, സിന്ധൂതടം വരെ എത്തുകയും തുർക്കികളുടെ അവസാനപോരാട്ടത്തേയും പരാജയപ്പെടുത്തുകയും ചെയ്തു. എങ്കിലും സ്വയം നദി നീന്തിക്കടന്ന് ജലാലുദ്ദീൻ രക്ഷപ്പെട്ടു. ചിതറിക്കിടന്ന് തുർക്കിക് സൈന്യത്തിന്റെ ശേഷിച്ച കേന്ദ്രങ്ങൾ ലക്ഷ്യമാക്കി, മംഗോളിയർ പടിഞ്ഞാറൻ പഞ്ചാബിലെ മുൾത്താൻ വരെ എത്തി. എന്നാൽ ചൂടൻ കാലാവസ്ഥയുടെ വരവിനെ ഭയന്ന മംഗോളിയർ ഇവിടെ വച്ച് പിന്തിരിഞ്ഞു.

തിരിച്ച് നദിയുടെ പാതയിൽ വടക്കോട്ട് തിരിച്ച ചെങ്കിസ് ഖാൻ, പെഷവാർ നഗരവും കീഴടക്കി നശിപ്പിച്ചു. 1223-ൽ വീണ്ടും അമു ദര്യക്ക് വടക്കോട്ട് നീങ്ങി.[2]

ജെങ്കിസ് ഖാന്റെ പിൻ‌ഗാമികൾ[തിരുത്തുക]

1227-ൽ മംഗോളിയയിൽ വച്ച് ജെങ്കിസ് ഖാൻ മരണമടഞ്ഞു. ജെങ്കിസ് ഖാന്റെ മരണശേഷം മംഗോൾ അധീനപ്രദേശങ്ങൾ അദ്ദേഹത്തിന്റെ മക്കൾക്കിടയിൽ വിഭജിക്കപ്പെട്ടു. മൂത്ത പുത്രൻ ജോചി, തന്റെ പിതാവിന് കുറച്ചുകാലം മുൻപേ മരണമടഞ്ഞിരുന്നതിനാൽ പടിഞ്ഞാറൻ സൈബീരിയയും റഷ്യയുമടങ്ങുന്ന ഭാഗം ജോചിയുടെ പുത്രൻ ബാതുവിനാണ് ലഭിച്ചത്.

ട്രാൻസോക്ഷ്യാന, ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കുഭാഗം എന്നിവ, ചെങ്കിസ് ഖാന്റെ രണ്ടാമത്തെ പുത്രനായ ചഗതായ്ക്ക് ലഭിച്ചു. ചഗതായ് ഇവിടെ സ്ഥാപിച്ച സാമ്രാജ്യം, ചഗതായ് സാമ്രാജ്യം അഥവാ ചഗതായ് ഖാനേറ്റ് എന്നറിയപ്പെടുന്നു.

മൂന്നാമത്തെ പുത്രൻ ഒഗതെയ് ഖാനെ, മഹാഖാൻ ആയി തിരഞ്ഞെടുക്കുകയും തന്റെ പിതാവിനെ പിന്തുടർന്ന് പുതിയ ദേശങ്ങൾ ആക്രമിച്ച് കീഴടക്കുന്നതിന് ചുമതലപ്പെടുത്തി. 1229 മുതൽ 41 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലം. ഇളയമകനായ തോളുയ്, മംഗോൾ സാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്ന മംഗോളിയയുടെ അധിപനായി.

ഒഗദേയുടേയും അദ്ദേഹത്തിന്റെ രണ്ടു പിൻ‌ഗാമികളായ ഗൂയൂക്ക്, മോങ്‌കെ എന്നിവരുടേ കാലത്ത് മംഗോൾ സാമ്രാജ്യം താരതമ്യേന സ്ഥിരത കൈവരിച്ചു. ഇവരുടെ കാലത്ത് ഇറാനിയൻ പീഠഭൂമിയുടെ പല ഭാഗങ്ങളും മംഗോളിയർ സ്വാധീനമുറപ്പിച്ചു.[1].

അവസാനം[തിരുത്തുക]

1259-ൽ മോങ്‌കെയുടെ മരണത്തോടെ അദ്ദേഹത്തിന്റെ സഹോദരന്മാരായ ഖ്വിബിലായ്, അരീഖ്-ബോഖ്വെ എന്നിവർ മംഗോൾ സാമ്രാജ്യത്തിന്റെ ആധിപത്യത്തിനായി പോരടിച്ചു. തുടർന്ന് ഖ്വിബിലായ്, സ്വയം മഹാഖാൻ ആയി പ്രഖ്യാപിച്ചെങ്കിലും ഇയാളുടെ സ്ഥാനം, വ്യാപകമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. മാത്രമല്ല എല്ലാ മംഗോൾ നിയന്ത്രിത പ്രദേശങ്ങളിലും തന്റെ അധികാരം ഉറപ്പിക്കാനും ഖ്വിബിലായ്ക്കു സാധിച്ചില്ല.

ചിനയിലും അതിനുവടക്കുള്ള സ്റ്റെപ്പികളിലും ആയിരുന്നു ഖ്വിബിലായുടെ അധികാരകേന്ദ്രങ്ങൾ. എന്നാൽ മോങ്‌കെയുടെ കാലത്തുതന്നെ ഇറാനിലെ ഭരണാധികാരിയായി നിയമിക്കപ്പെട്ട അദ്ദേഹത്തിന്റെ ഹുലേഗു എന്ന മറ്റൊരു സഹോദരൻ ഖ്വിബിലായെ അംഗീകരിച്ചിരുന്നു. ഹുലേഗുവാണ് ഇറാനിലെ ഇൽ ഖാനിദ് സാമ്രാജ്യത്തിന്റെ സ്ഥാപകൻ[1].

1260-1264 കാലയളവിൽ പിന്തുടർച്ചാവകാശത്തിനു വേണ്ടി നടന്ന യുദ്ധങ്ങളേത്തുടർന്ന് സാമ്രാജ്യം പിളരുവാൻ തുടങ്ങി. ഖ്വിബിലായ് ഖാനെ മഹാഖാനായി അംഗീകരിക്കാൻ തയാറാകാഞ്ഞ സ്വർണ സംഘവും ചഗറ്റായ് ഖാനേറ്റും പരമാർത്ഥത്തിൽ സ്വതന്ത്ര വിഭാഗങ്ങളായി. കുബ്ലൈ ഖാൻ മരിക്കുമ്പോഴേക്കും മംഗോൾ സാമ്രാജ്യം നാല് ഖാനേറ്റുളായി പിളർന്നു. എന്നാൽ ഒരു സാമ്രാജ്യം എന്ന നിലയിൽ മംഗോളുകൾ മുഴുവനും ഏക്യതയോടെശക്തരായി തുടർന്നു. യുവാൻ രാജവംശത്തിലെ ഖാന്മാർ ചൈനയുടെ ചക്രവർത്തിമാരായി ഭരണം നടത്തുകയും അവരുടെ തലസ്ഥാനം കാറക്കോറത്തിൽ നിന്നും ഖാൻബാലിക്കിലേക്ക് (ഇന്നത്തെ ബെയ്ജിങ്) മാറ്റുകയും ചെയ്തു. 1304-ലെ സമാധാന കരാറിനു ശേഷം മറ്റ് ഖാനേറ്റുകൾ ഇവരുടെ അധീശത്വം ചെറിയ അളവിൽ അംഗീകരിക്കുകയും കപ്പം കൊടുക്കുകയും ചെയ്തു. എന്നാൽ മൂന്ന് പടിഞ്ഞാറൻ ഖാനേറ്റുകളും യഥാർത്ഥത്തിൽ സ്വതന്ത്രരാഷ്ട്രങ്ങളെപ്പോലെയായിരുന്നു പ്രവർത്തിച്ചിരുന്നത്. 1368-ൽ ചൈനയിൽ മംഗോളുകളുടെ ഭരണം അവസാനിച്ചു. എന്നാൽ മംഗോളിയയിൽ 17-ആം നൂറ്റാണ്ട് വരെ ജെങ്കിസിദ് ബോർജിഗിൻ രാജവംശം നിലനിന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Vogelsang, Willem (2002). "13-The Mongols". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 204–206. ഐ.എസ്.ബി.എൻ. 978-1-4051-8243-0. 
  2. William Kerr Fraser-Tytler (1953). "Part - I The Country of Hindu Kush , Chapter IV - Mongols and Timurids (1218 - 1506)". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. p. 28. 
"http://ml.wikipedia.org/w/index.php?title=മംഗോൾ_സാമ്രാജ്യം&oldid=1715757" എന്ന താളിൽനിന്നു ശേഖരിച്ചത്