ഭോപ്പാൽ ദുരന്തം
അമേരിക്കൻ സ്ഥാപനമായ യൂണിയൻ കാർബൈഡ് കമ്പനിക്ക് ഇന്ത്യയിലെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിർമ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാൽ ദുരന്തം എന്ന് അറിയപ്പെടുന്നത്. 1984 ഡിസംബർ 3-ന് ഈ വ്യവസായശാലയിൽ നിന്ന് 42 ടൺ മീതൈൽ ഐസോസയനേറ്റ് (Methyl Isocyanate അഥവാ MIC) എന്ന വിഷവാതകം ചോർന്നു. 5 ലക്ഷത്തിലധികം മനുഷ്യരെ ബാധിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം ചോർച്ചയുണ്ടായ ഉടനെ 2,259 പേർ മരിച്ചു. രണ്ടാഴ്ചക്കകം 8,000-ൽ അധികം ആളുകൾ മരിച്ചതായി കണക്കാക്കപ്പെടുന്നു. മറ്റൊരു 8,000 മനുഷ്യർ വിഷവാതകം കാരണമുണ്ടായ രോഗങ്ങൾ മൂലവും മരിച്ചു.[1] [2]വിഷവാതകം ശ്വസിച്ചതു മൂലമുണ്ടായ വിഷമതകളുമായി ജീവിച്ചിരിക്കുന്നവരെ കൂടി കണക്കിലെടുക്കുമ്പോൾ ഭോപ്പാൽ ദുരന്തം 15,000-ൽ അധികം മനുഷ്യരുടെ ജീവിതം കൂടി കവർന്നെടുത്തതായി കണക്കക്കേണ്ടി വരും.
ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാൽ ദുരന്തം കണക്കാക്കപ്പെടുന്നു.[3][4][5] ഗ്ലോബൽ ടോക്സിക് ഹോട്ട് സ്പോട്ട് എന്നാണ് ഗ്രീൻപീസ് ഫൗണ്ടേഷൻ ഭോപ്പാലിനെ വിളിക്കുന്നത്. ഭോപ്പാൽ ദുരന്തം മൂലം രോഗികളായിത്തീർന്നവരെ ചികിത്സിക്കുന്നതിനുള്ള അന്താരാഷ്ട്ര മെഡിക്കൽ കമ്മീഷൻ 1993-ൽ നിലവിൽ വന്നു.[6]2010 ജൂണിൽ മുൻ യു.സി.ഐ.എൽ ചെയർമാനടക്കം ഏഴ് ജോലിക്കാരെ കുറ്റവാളികളായി കോടതി പ്രഖ്യാപിച്ചു. ഈ ഉദ്ധ്യോഗസ്ഥരുടെ അശ്രദ്ധമൂലമാണ് നിരവധി പേർ മരിക്കാനിടയായത് എന്നതിനാൽ ഇവർക്ക് കോടതി രണ്ടു വർഷം തടവും രണ്ടായിരം അമേരിക്കൻ ഡോളർ പിഴയും ചുമത്തുകയുണ്ടായി. എട്ടാമത്തെ ഒരു മുൻതൊഴിലാളികൂടി കുറ്റവാളിയായി വിധിക്കപ്പെട്ടങ്കിലും വിധിതീർപ്പ് വരുന്നതിനു മുമ്പ് അദ്ദേഹം മരണപ്പെട്ടിരുന്നു.[7]
ഉള്ളടക്കം |
[തിരുത്തുക] കമ്പനിയെക്കുറിച്ച്
1926 ൽ എവറഡി കമ്പനി ഇന്ത്യാ ലിമിറ്റഡ് എന്ന ബാറ്ററി നിർമ്മാണ ശാല ആരംഭിക്കുന്നതോടെയാണ് യൂണിയൻ കാർബൈഡ് ഇന്ത്യാ ലിമിറ്റഡ് തങ്ങളൂടെ വ്യവസായ സംരഭങ്ങൾക്ക് തുടക്കം കുറിക്കുന്നത്.1959 ൽ എവറഡി കമ്പനി നാഷണൽ കാർബൺ കമ്പനി എന്ന പുതിയ പേരു സ്വീകരിച്ചു.1955 ൽ പബ്ലിക് ലിമിറ്റഡ് കമ്പനിയായി.ഇന്ത്യയിലെ ആദ്യ ഡ്രൈസെൽ കമ്പനിയായി തുടങ്ങിയ യൂണിയൻ കാർബൈഡ് പിന്നീട് കീടനാശിനി നിർമ്മാണത്തിലേക്കു കടക്കുകയായിരുന്നു.1970 ൽ ആണ് യൂണിയൻ കാർബൈഡ് കോർപ്പറേഷൻ ഭോപ്പാലിൽ പ്ലാന്റ് സ്ഥാപിക്കുന്നത്.മീതൈൽ ഐസോ സയനേറ്റ് ഉപയോഗിച്ച് സെവിൻ എന്ന നാമത്തിൽ കാർബറിൽ എന്ന രാസവസ്തു ഉണ്ടാക്കുകയായിരുന്നു കമ്പനി ചെയ്തത്
[തിരുത്തുക] സെവിൻ എന്ന കാർബറിൽ
മീഥൈലാമൈൻ ഫോസ്ഫീനുമായി പ്രവർത്തിപ്പിച്ചുണ്ടാക്കുന്ന മീതൈൽ ഐസോ സയനേറ്റ് 1- നാഫ്ത്തനോളുമായി പ്രവർത്തിപ്പിച്ചാണ് കാർബറിൽ എന്ന സെവിൻ ഉദ്പാദിപ്പിക്കുന്നത്. ഇന്ത്യ കീടനാശനിയുടെ വൻ വിപണിയാവും എന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ. വെള്ളപ്പൊക്കവും വരൾച്ചയുമായി വലയുന്ന കർഷകർക്ക് കമ്പനിയുടെ വില കൂടിയ കീടനാശിനി വാങ്ങാൻ കഴിവുണ്ടായിരുന്നില്ല.
[തിരുത്തുക] ദുരന്തപശ്ചാത്തലം
യൂണിയൻ കാർബൈഡ് കമ്പനിയുടെ വ്യവസായശാല 1969-ൽ ഭോപ്പാലിൽ സ്ഥാപിച്ചു. 51% ഓഹരി ഉടമസ്ഥത യൂണിയൻ കാർബൈഡ് കമ്പനിക്കും 49% ഇന്ത്യൻ പൊതുമേഖലാസ്ഥാപനങ്ങൾക്കും ആയിരുന്നു. ഇവിടെ നിന്ന് കാർബാറിൽ (സെവിൻ) എന്ന കീടനാശിനി ഉത്പാദിപ്പിച്ചു പോന്നു. കാർബാറിൽ ഉത്പാദനത്തിനുപയോഗിച്ചിരുന്ന ഒരു രാസവസ്തുവാണ് മീതൈൽ ഐസോസയനേറ്റ്. 1979-ൽ മീതൈൽ ഐസോസയനേറ്റ് ഉത്പാദനവിഭാഗം കൂടി ഈ വ്യവസായശാലയോട് ചേർത്തു. ഇത്ര മാരകമല്ലാത്ത മറ്റ് രാസവസ്തുക്കൾക്ക് പകരമായിരുന്നു MIC ഉപയോഗിച്ചത്. യൂണിയൻ കാർബൈഡ് കമ്പനിക്ക് ഈ രാസവസ്തുവിന്റെ ഗുണഗണങ്ങളെക്കുറിച്ചും അത് കൈകാര്യം ചെയ്യേണ്ടിയിരുന്ന വിധത്തെക്കുറിച്ചും അറിവുണ്ടായിരുന്നു.[8][9][10]
ഡിസംബർ രണ്ടാം തീയതി രാത്രി 42 ടൺ മീതൈൽ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന ഒരു സംഭരണിയിലേക്ക് വൻതോതിൽ വെള്ളം കയറി. അപ്പോൾ നടന്ന രാസപ്രവർത്തനം മൂലം സംഭരണിയിലെ താപനില 2000C ന് മുകളിലേക്ക് ഉയർന്നു. തത്ഫലമായി സംഭരണിക്കുള്ളിലെ മർദ്ദം അതിനു താങ്ങാനാവുന്നതിലധികമായി വർദ്ധിച്ചു. ഇങ്ങനെ അമിതമർദ്ദം വരുമ്പോൾ സ്വയം തുറന്ന് വാതകം പുറന്തള്ളുന്നതിനുള്ള സംവിധാനം സംഭരണിയിൽ ഉണ്ടായിരുന്നു. ഈ സംവിധാനം പ്രവർത്തിച്ച് വൻതോതിൽ വിഷവാതകം പുറന്തള്ളി. രാസപ്രവർത്തനം ചെറുക്കാൻ ശേഷിയുള്ള ലോഹങ്ങൾ കൊണ്ടായിരുന്നില്ല വാതകക്കുഴലുകൾ നിർമിച്ചിരുന്നത്. അവ രാസപ്രവർത്തനത്തിൽ ദ്രവിക്കുകയും ചെയ്തു. അതുമൂലം വിഷവാതകങ്ങൾ ഭോപ്പാൽ നഗരത്തിൽ വ്യാപിച്ചു. ശ്വാസനാളിയിലെ പുകച്ചിലോടെ ആളുകൾ ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റു. ആയിരങ്ങൾ തത്ക്ഷണം മരിച്ചു.
[തിരുത്തുക] സംഭവങ്ങളുടെ സമയക്രമം
[തിരുത്തുക] 1984 ഡിസംബർ 2-3 രാത്രി
- 21.00 വാതകക്കുഴലുകൾ വെള്ളം തെറിപ്പിച്ച് വൃത്തിയാക്കാൻ ആരംഭിച്ചു.
- 22.00 മീതൈൽ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയിൽ വെള്ളം കയറി, രാസപ്രവർത്തനം ആരംഭിച്ചു.
- 22.30 വിഷവാതകങ്ങൾ അന്തരീക്ഷത്തിൽ വ്യാപിച്ചു തുടങ്ങി.
- 00.30 ഉച്ചത്തിൽ മുഴങ്ങിയ അപായ സൈറൺ നിർത്തി.
- 00.50 അപായ സൈറൺ ശാലക്കുള്ളിൽ മുഴങ്ങി. തൊഴിലാളികൾ പുറത്തേക്ക് രക്ഷപെട്ടു.
ഉത്പാദനശാലക്ക് പുറത്ത് [13][14]
- 22.30 വിഷവാതകം ശ്വസിച്ചതിന്റെ ആദ്യലക്ഷണങ്ങളായ ശ്വാസമുട്ട്, ചുമ, ചർദ്ദി, കണ്ണിനു പുകച്ചിൽ എന്നിവ ചുറ്റുപാടുമുള്ളവർക്ക് വന്നുതുടങ്ങി.
- 01.00 പോലീസ് ജാഗരൂകമായി. ചുറ്റുപാടുമുള്ളവർ ഒഴിഞ്ഞുപോകാൻ തുടങ്ങി. യൂണിയൻ കാർബൈഡ് മേധാവി വാതക ചോർച്ചയുണ്ടായെന്ന വാർത്ത നിഷേധിച്ചു.
- 02.00 കാഴ്ച മങ്ങൽ, കാഴ്ചയില്ലായ്മ, ശ്വാസതടസം, വായിൽ നിന്ന് നുരയും പതയും, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളുമായി ഹമീദിയ ആശുപത്രിയിൽ ആളുകൾ എത്തിത്തുടങ്ങി.
- 02.10 ഉത്പാദനശാലക്ക് പുറത്തും അപായ സൈറൺ മുഴങ്ങി.
- 04.00 വാതക ചോർച്ച നിയന്ത്രണ വിധേയമായി.
- 06.00 പോലീസിന്റെ ഉച്ചഭാഷിണികൾ "എല്ലാം ശരിയായി" എന്നു പ്രഖ്യാപിച്ചു.
[തിരുത്തുക] കാരണങ്ങൾ
സംഭരണിയിലേക്ക് പെട്ടെന്ന് വെള്ളം കയറുന്നതിനുള്ള കാരണത്തെക്കുറിച്ച് വ്യത്യസ്ത അനുമാനങ്ങൾ നിലവിലുണ്ട്. വാതച്ചോർച്ചയുണ്ടായ സമയത്ത് തൊഴിലാളികൾ വാതകക്കുഴലുകൾ വെള്ളം തെറിപ്പിച്ച് വൃത്തിയാക്കുകയായിരുന്നു. ചില നിരീക്ഷകരുടെ അഭിപ്രായം, ഈ സമയത്ത് വാതകക്കുഴലിനുള്ളിലേക്ക് നേരത്തേയുണ്ടായിരുന്ന വിടവുകളിൽ കൂടി വെള്ളം കയറി എന്നാണ്.[15] പക്ഷേ, യൂണിയൻ കാർബൈഡ് കമ്പനി ഇത് നിഷേധിക്കുന്നു.
1985 ലെ റിപ്പോർട്ടുകൾ ദുരന്തത്തെക്കുറിച്ച് കുറെക്കൂടി വ്യക്തമായ ചിത്രം നൽകി. ദുരന്തത്തിനിടയാക്കിയതായി ചൂണ്ടിക്കാണിക്കപ്പെട്ട പോരായ്മകളിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നു.
- കൂടുതൽ മാരകമായ രസവസ്തുക്കളുടെ (MIC) ഉപയോഗം.
- ഈ രാസവസ്തുക്കൾ ചെറിയ ചെറിയ സംഭരണികളിൽ സൂക്ഷിക്കുന്നതിനു പകരം വലിയ സംഭരണികളിൽ ഒന്നിച്ച് സൂക്ഷിച്ചത്.
- കുഴലുകളിൽ എളുപ്പം ദ്രവിക്കുന്ന ലോഹങ്ങൾ ഉപയോഗിച്ചത്.
- 1980 ൽ ഉത്പാദനം നിർത്തിയ ശാലയുടെ അറ്റകുറ്റ പണികൾ വേണ്ടവിധം നടത്താതിരുന്നത്.
- വേണ്ട വിധം പരിപാലിക്കാതിരുന്നതിനാൽ സുരക്ഷാസംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കതിരുന്നത്.
വാതക ചോർച്ചയിലേക്ക് നയിച്ചവയിൽ ഉത്പാദനശാലയുടെ രൂപകല്പനക്കും കമ്പനിയുടെ ചെലവുചുരുക്കൽ നടപടികൾക്കും പങ്കുണ്ട്. ഉത്പാദനശാലയുടെ സ്ഥാനം ജനസാന്ദ്രമായ പ്രദേശത്തായത് സ്ഥിതിഗതികൾ മോശമാക്കി. അവലോകനങ്ങൾ കാണിക്കുന്നത്, ദുരന്തം ഇത്ര ദാരുണമായതിന്റെ ഉത്തരവാദിത്തം ഉത്പാദനശാലയുടെ ഉടമസ്ഥരായ യൂണിയൻ കാർബൈഡ് കമ്പനിക്കും ഭാരത സർക്കാരിനും തന്നെയാണ് എന്നാണ്. മധ്യപ്രദേശ് സർക്കാരിനും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.[16][17][18]
[തിരുത്തുക] വാറൺ ആൻഡേഴ്സൺ
യൂണിയൻ കാർബൈഡ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായിരുന്നു വാറൺ ആൻഡേഴ്സൺ.ദുരന്തം നടന്ന് നാലാം ദിവസം ആൻഡേഴ്സണെയും ആറ് ഉദ്യോഗസ്ഥരെയും ഭോപ്പാലിൽ വെച്ച് അറസ്റ്റുചെയ്തു.നരഹത്യമുതൽ വിവിധ ക്രിമിനൽ കുറ്റങ്ങൾ ചാർത്തി.എന്നാൽ അന്നു തന്നെ 25000 രൂപ ജാമ്യത്തുക കെട്ടിവെച്ച് ആൻഡേഴ്സൺ പുറത്തിറങ്ങി.തുടർന്ന് ഇന്ത്യവിട്ടു.മൂന്നു വർഷത്തിനുശേഷം സി.ബി.ഐ ആൻഡേഴ്സണിനും കമ്പനിക്കുമെതിരെ കേസ് ഫയൽ ചെയ്യുകയുണ്ടായി.പലതവണ സമൺസ് അയച്ചു.തുടർന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടു.
[തിരുത്തുക] ഓപ്പറേഷൻ ഫെയ്ത്ത്.
1984 ഡിസംബർ 16 ന് 619,611 എന്നീ രണ്ടു ടാങ്കുകളിൽ നിന്നുകൂടി MIC ഒഴിച്ചു. ഈ സംരഭത്തെ ഓപ്പറേഷൻ ഫെയ്ത്ത് എന്നു വിളിച്ചു.
[തിരുത്തുക] അവലംബം
- ↑ Eckerman (2001).
- ↑ Eckerman (2004)
- ↑ Chouhan et al. (1994, 2005).
- ↑ "Bhopal - The world's worst industrial disaster." ഗ്രീൻപീസ് സംഘടന
- ↑ സിമി ചക്രവർത്തി "20th anniversary of world's worst industrial disaster." ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ
- ↑ International Medical Commission on Bhopal
- ↑ "Bhopal trial: Eight convicted over India gas disaster". BBC News. 2010-06-07. http://news.bbc.co.uk/1/hi/world/south_asia/8725140.stm, ശേഖരിച്ചത്: 2010-06-07.
- ↑ യൂണിയൻ കാർബൈഡ് കമ്പനി മാന്വൽ (1976)
- ↑ യൂണിയൻ കാർബൈഡ് കമ്പനി മാന്വൽ (1978)
- ↑ യൂണിയൻ കാർബൈഡ് കമ്പനി മാന്വൽ (1979)
- ↑ Eckerman (2001).
- ↑ Eckerman (2004).
- ↑ Eckerman (2001).
- ↑ Eckerman (2004).
- ↑ Chouhan et al. (1994, 2005).
- ↑ Eckerman (2001).
- ↑ Eckerman (2004).
- ↑ Eckerman (2005).