ഭോപ്പാല്‍ ദുരന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമേരിക്കന്‍ സ്ഥാപനമായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്ക് ഇന്ത്യയിലെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിര്‍മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാല്‍ ദുരന്തം എന്ന് അറിയപ്പെടുന്നത്. 1984 ഡിസംബര്‍ 3-ന് ഈ വ്യവസായശാലയില്‍ നിന്ന് 42 ടണ്‍ മീതൈല്‍ ഐസോസയനേറ്റ് (Methyl Isocyanate അഥവാ MIC) എന്ന വിഷവാതകം ചോര്‍ന്നു. 5 ലക്ഷത്തിലധികം മനുഷ്യരെ ബാധിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ചോര്‍ച്ചയുണ്ടായ ഉടനെ 2,259 പേര്‍ മരിച്ചു. രണ്ടാഴ്ചക്കകം 8,000-ല്‍ അധികം ആളുകള്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. മറ്റൊരു 8,000 മനുഷ്യര്‍ വിഷവാതകം കാരണമുണ്ടായ രോഗങ്ങള്‍ മൂലവും മരിച്ചു.[1] [2]വിഷവാതകം ശ്വസിച്ചതു മൂലമുണ്ടായ വിഷമതകളുമായി ജീവിച്ചിരിക്കുന്നവരെ കൂടി കണക്കിലെടുക്കുമ്പോള്‍ ഭോപ്പാല്‍ ദുരന്തം 15,000-ല്‍ അധികം മനുഷ്യരുടെ ജീവിതം കൂടി കവര്‍ന്നെടുത്തതായി കണക്കക്കേണ്ടി വരും.
ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാല്‍ ദുരന്തം കണക്കാക്കപ്പെടുന്നു.[3][4][5] ഭോപ്പാല്‍ ദുരന്തം മൂലം രോഗികളായിത്തീര്‍ന്നവരെ ചികിത്സിക്കുന്നതിനുള്ള അന്താരാഷ്ട്ര മെഡിക്കല്‍ കമ്മീഷന്‍ 1993-ല്‍ നിലവില്‍ വന്നു.[6]


ഉള്ളടക്കം

[തിരുത്തുക] ദുരന്തപശ്ചാത്തലം

യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ വ്യവസായശാല 1969-ല്‍ ഭോപ്പാലില്‍ സ്ഥാപിച്ചു. 51% ഓഹരി ഉടമസ്ഥത യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്കും 49% ഇന്ത്യന്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും ആയിരുന്നു. ഇവിടെ നിന്ന് കാര്‍ബാറില്‍ (സെവിന്‍) എന്ന കീടനാശിനി ഉത്പാദിപ്പിച്ചു പോന്നു. കാര്‍ബാറില്‍ ഉത്പാദനത്തിനുപയോഗിച്ചിരുന്ന ഒരു രാസവസ്തുവാണ് മീതൈല്‍ ഐസോസയനേറ്റ്. 1979-ല്‍ മീതൈല്‍ ഐസോസയനേറ്റ് ഉത്പാദനവിഭാഗം കൂടി ഈ വ്യവസായശാലയോട് ചേര്‍ത്തു. ഇത്ര മാരകമല്ലാത്ത മറ്റ് രാസവസ്തുക്കള്‍ക്ക് പകരമായിരുന്നു MIC ഉപയോഗിച്ചത്. യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്ക് ഈ രാസവസ്തുവിന്റെ ഗുണഗണങ്ങളെക്കുറിച്ചും അത് കൈകാര്യം ചെയ്യേണ്ടിയിരുന്ന വിധത്തെക്കുറിച്ചും അറിവുണ്ടായിരുന്നു.[7][8][9]

ഡിസംബര്‍ രണ്ടാം തീയതി രാത്രി 42 ടണ്‍ മീതൈല്‍ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന ഒരു സംഭരണിയിലേക്ക് വന്‍തോതില്‍ വെള്ളം കയറി. അപ്പോള്‍ നടന്ന രാസപ്രവര്‍ത്തനം മൂലം സംഭരണിയിലെ താപനില 2000C ന് മുകളിലേക്ക് ഉയര്‍ന്നു. തത്ഫലമായി സംഭരണിക്കുള്ളിലെ മര്‍ദ്ദം അതിനു താങ്ങാനാവുന്നതിലധികമായി വര്‍ദ്ധിച്ചു. ഇങ്ങനെ അമിതമര്‍ദ്ദം വരുമ്പോള്‍ സ്വയം തുറന്ന് വാതകം പുറന്തള്ളുന്നതിനുള്ള സംവിധാനം സംഭരണിയില്‍ ഉണ്ടായിരുന്നു. ഈ സംവിധാനം പ്രവര്‍ത്തിച്ച് വന്‍തോതില്‍ വിഷവാതകം പുറന്തള്ളി. രാസപ്രവര്‍ത്തനം ചെറുക്കാന്‍ ശേഷിയുള്ള ലോഹങ്ങള്‍ കൊണ്ടായിരുന്നില്ല വാതകക്കുഴലുകള്‍ നിര്‍മിച്ചിരുന്നത്. അവ രാസപ്രവര്‍ത്തനത്തില്‍ ദ്രവിക്കുകയും ചെയ്തു. അതുമൂലം വിഷവാതകങ്ങള്‍ ഭോപ്പാല്‍ നഗരത്തില്‍ വ്യാപിച്ചു. ശ്വാസനാളിയിലെ പുകച്ചിലോടെ ആളുകള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേറ്റു. ആയിരങ്ങള്‍ തത്ക്ഷണം മരിച്ചു.


[തിരുത്തുക] സംഭവങ്ങളുടെ സമയക്രമം

[തിരുത്തുക] 1984 ഡിസംബര്‍ 2-3 രാത്രി

ഉത്പാദനശാലയില്‍[10][11]

  • 21.00 വാതകക്കുഴലുകള്‍ വെള്ളം തെറിപ്പിച്ച് വൃത്തിയാക്കാന്‍ ആരംഭിച്ചു.
  • 22.00 മീതൈല്‍ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയില്‍ വെള്ളം കയറി, രാസപ്രവര്‍ത്തനം ആരംഭിച്ചു.
  • 22.30 വിഷവാതകങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിച്ചു തുടങ്ങി.
  • 00.30 ഉച്ചത്തില്‍ മുഴങ്ങിയ അപായ സൈറണ്‍ നിര്‍ത്തി.
  • 00.50 അപായ സൈറണ്‍ ശാലക്കുള്ളില്‍ മുഴങ്ങി. തൊഴിലാളികള്‍ പുറത്തേക്ക് രക്ഷപെട്ടു.


ഉത്പാദനശാലക്ക് പുറത്ത് [12][13]

  • 22.30 വിഷവാതകം ശ്വസിച്ചതിന്റെ ആദ്യലക്ഷണങ്ങളായ ശ്വാസമുട്ട്, ചുമ, ചര്‍ദ്ദി, കണ്ണിനു പുകച്ചില്‍ എന്നിവ ചുറ്റുപാടുമുള്ളവര്‍ക്ക് വന്നുതുടങ്ങി.
  • 01.00 പോലീസ് ജാഗരൂകമായി. ചുറ്റുപാടുമുള്ളവര്‍ ഒഴിഞ്ഞുപോകാന്‍ തുടങ്ങി. യൂണിയന്‍ കാര്‍ബൈഡ് മേധാവി വാതക ചോര്‍ച്ചയുണ്ടായെന്ന വാര്‍ത്ത നിഷേധിച്ചു.
  • 02.00 കാഴ്ച മങ്ങല്‍, കാഴ്ചയില്ലായ്മ, ശ്വാസതടസം, വായില്‍ നിന്ന് നുരയും പതയും, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളുമായി ഹമീദിയ ആശുപത്രിയില്‍ ആളുകള്‍ എത്തിത്തുടങ്ങി.
  • 02.10 ഉത്പാദനശാലക്ക് പുറത്തും അപായ സൈറണ്‍ മുഴങ്ങി.
  • 04.00 വാതക ചോര്‍ച്ച നിയന്ത്രണ വിധേയമായി.
  • 06.00 പോലീസിന്റെ ഉച്ചഭാഷിണികള്‍ "എല്ലാം ശരിയായി" എന്നു പ്രഖ്യാപിച്ചു.

[തിരുത്തുക] കാരണങ്ങള്‍

സംഭരണിയിലേക്ക് പെട്ടെന്ന് വെള്ളം കയറുന്നതിനുള്ള കാരണത്തെക്കുറിച്ച് വ്യത്യസ്ത അനുമാനങ്ങള്‍ നിലവിലുണ്ട്. വാതച്ചോര്‍ച്ചയുണ്ടായ സമയത്ത് തൊഴിലാളികള്‍ വാതകക്കുഴലുകള്‍ വെള്ളം തെറിപ്പിച്ച് വൃത്തിയാക്കുകയായിരുന്നു. ചില നിരീക്ഷകരുടെ അഭിപ്രായം, ഈ സമയത്ത് വാതകക്കുഴലിനുള്ളിലേക്ക് നേരത്തേയുണ്ടായിരുന്ന വിടവുകളില്‍ കൂടി വെള്ളം കയറി എന്നാണ്.[14] പക്ഷേ, യൂണിയന്‍ കാര്‍ബൈഡ് കമ്പനി ഇത് നിഷേധിക്കുന്നു.
1985 ലെ റിപ്പോര്‍ട്ടുകള്‍ ദുരന്തത്തെക്കുറിച്ച് കുറെക്കൂടി വ്യക്തമായ ചിത്രം നല്‍കി. ദുരന്തത്തിനിടയാക്കിയതായി ചൂണ്ടിക്കാണിക്കപ്പെട്ട പോരായ്മകളില്‍ പ്രധാനപ്പെട്ടവ താഴെ പറയുന്നു.

  • കൂടുതല്‍ മാരകമായ രസവസ്തുക്കളുടെ (MIC) ഉപയോഗം.
  • ഈ രാസവസ്തുക്കള്‍ ചെറിയ ചെറിയ സംഭരണികളില്‍ സൂക്ഷിക്കുന്നതിനു പകരം വലിയ സംഭരണികളില്‍ ഒന്നിച്ച് സൂക്ഷിച്ചത്.
  • കുഴലുകളില്‍ എളുപ്പം ദ്രവിക്കുന്ന ലോഹങ്ങള്‍ ഉപയോഗിച്ചത്.
  • 1980 ല്‍ ഉത്പാദനം നിര്‍ത്തിയ ശാലയുടെ അറ്റകുറ്റ പണികള്‍ വേണ്ടവിധം നടത്താതിരുന്നത്.
  • വേണ്ട വിധം പരിപാലിക്കാതിരുന്നതിനാല്‍ സുരക്ഷാസംവിധാനങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കതിരുന്നത്.


വാതക ചോര്‍ച്ചയിലേക്ക് നയിച്ചവയില്‍ ഉത്പാദനശാലയുടെ രൂപകല്പനക്കും കമ്പനിയുടെ ചെലവുചുരുക്കല്‍ നടപടികള്‍ക്കും പങ്കുണ്ട്. ഉത്പാദനശാലയുടെ സ്ഥാനം ജനസാന്ദ്രമായ പ്രദേശത്തായത് സ്ഥിതിഗതികള്‍ മോശമാക്കി. അവലോകനങ്ങള്‍ കാണിക്കുന്നത്, ദുരന്തം ഇത്ര ദാരുണമായതിന്റെ ഉത്തരവാദിത്തം ഉത്പാദനശാലയുടെ ഉടമസ്ഥരായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്കും ഭാരത സര്‍ക്കാരിനും തന്നെയാണ് എന്നാണ്. മധ്യപ്രദേശ് സര്‍ക്കാരിനും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.[15][16][17]

[തിരുത്തുക] അവലംബം

  1. Eckerman (2001).
  2. Eckerman (2004)
  3. Chouhan et al. (1994, 2005).
  4. "Bhopal - The world's worst industrial disaster." ഗ്രീന്‍പീസ് സംഘടന
  5. സിമി ചക്രവര്‍ത്തി "20th anniversary of world's worst industrial disaster." ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍
  6. International Medical Commission on Bhopal
  7. യൂണിയന്‍ കാര്‍ബൈഡ് കമ്പനി മാന്വല്‍ (1976)
  8. യൂണിയന്‍ കാര്‍ബൈഡ് കമ്പനി മാന്വല്‍ (1978)
  9. യൂണിയന്‍ കാര്‍ബൈഡ് കമ്പനി മാന്വല്‍ (1979)
  10. Eckerman (2001).
  11. Eckerman (2004).
  12. Eckerman (2001).
  13. Eckerman (2004).
  14. Chouhan et al. (1994, 2005).
  15. Eckerman (2001).
  16. Eckerman (2004).
  17. Eckerman (2005).
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം