ഭാഷാഗോത്രങ്ങള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാഷാഗോത്രങ്ങളുടെ ഉദാഹരണങ്ങള്‍‍
ഭാഷാഗോത്രങ്ങളുടെ ഉദാഹരണങ്ങള്‍‍

ലോകത്തില്‍‍ ഇന്ന് ഉപയോഗിക്കുന്ന ഭാഷകളും മൊഴി ഭേദങ്ങളും കൂടി 2796 എണ്ണം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഈ ഭാഷകളെ പല ഉപാധികളുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ കഴിയും. ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഏഷ്യന്‍ ഭാഷകള്‍, യൂറോപ്യന്‍ ഭാഷകള്‍, ആഫ്രിക്കന്‍ ഭാഷകള്‍ എന്നിങ്ങനെയും രാജ്യങ്ങളെ ആടിസ്ഥാനമാക്കി ചൈനീസ്, ജപ്പാനീസ്, ഭാരതീയ ഭാഷകള്‍ എന്നിങ്ങനേയും; മതത്തെ അടിസ്ഥാനമാക്കി ഹിന്ദു ഭാഷകള്‍, മുസ്ലീം ഭാഷകള്‍, ക്രിസ്ത്യന്‍ ഭാഷകള്‍ എന്നിങ്ങനേയും; കാലഘട്ടങ്ങളെ അടിസ്ഥാനമാക്കി ചരിത്രാതീതകാലത്തെ ഭാഷകള്‍, പ്രാചീന ഭാഷകള്‍, മധ്യകാല ഭാഷകള്‍, ആധുനിക ഭാഷകള്‍ എന്നിങ്ങനേയും; ഭാഷയുടെ സ്വരൂപത്തെ അടിസ്ഥാനമാക്കി യോഗാത്മക ഭാഷകള്‍, അയോഗാത്മക ഭാഷകള്‍ എന്നിങ്ങനേയും; ഭാഷാഗോത്രത്തെ അടിസ്ഥാനമാക്കി ഭാരത-യൂറോപ്യന്‍ ഭാഷകള്‍, ഏകാക്ഷര ഗോത്രത്തിലെ ഭാഷകള്‍, ദ്രാവിഡ ഭാഷകള്‍ എന്നിങ്ങനേയും; അന്യഭാഷാ സ്വാധീനം അടിസ്ഥാനമാക്കി, സംസ്കൃത സ്വാധീനമുള്ള ഭാഷകള്‍, ഫ്രഞ്ച് സ്വാധീനമുള്ള ഭാഷകള്‍ എന്നിങ്ങനേയും തരം തിരിക്കാറുണ്ട്. എങ്കിലും , ഭാഷാ ഗോത്രങ്ങള്‍ അഥവാ ഭാഷാ കുടുംബങ്ങളെ അടിസ്ഥാനമാക്കി ഭാഷകളെ വിഭജിക്കുന്ന രീതിക്കാണ്‌ പ്രാധാന്യം. ഇങ്ങനെ വിഭജിക്കുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കാവുന്നത് അവയുടെ രൂപം, അര്‍ത്ഥം എന്നിവയുടെ ഐക്യത്താലാണ്‌.


ഒരു ഗോത്രത്തില്‍ പെട്ട ഭാഷകളില്‍, ശബ്ദാവലി, വ്യാകരണരീതി, എന്നിവയില്‍ വളരെയധികം സമാനതകള്‍ ഉണ്ടാകും. ഒരേ ഗോത്രത്തില്‍ പെട്ട ഭാഷകളില്‍ വ്യാകരണത്തില്‍ പ്രധാനമായും സാമ്യം കാണുന്നത് സര്‍വ്വനാമങ്ങളുടേയും, ക്രിയാപദങ്ങളുടേയും രൂപത്തിലാണ്‌. അന്യഭാഷകളില്‍ നിന്നും പദങ്ങള്‍ സ്വീകരിക്കുമ്പൊള്‍ കഴിവതും തദ്ഭവങ്ങളാക്കുന്നതാണ്‌ ഭാഷയ്ക്ക് യുക്തമാകുന്നത്. അങ്ങനെ ലഭിക്കുമ്പോള്‍ വ്യാകരണരീതിക്ക് മൂന്ന് കാര്യങ്ങളാണ്‌ ശ്രദ്ധേയമായിട്ടുള്ളത്

  1. ധാതുവില്‍ നിന്നും ശബ്ദരചന നടത്തുന്നതിലുള്ള തുല്യത.
  2. ഉപസര്‍ഗ്ഗം, ഇടനില, പ്രത്യയം എന്നിവ ചേര്‍ത്ത് ഭിന്നരൂപങ്ങള്‍ സൃഷ്ടിക്കുന്നതിലുള്ള സമാനത.
  3. വാക്യരചനയിലുള്ള തുല്യത.

രണ്ട് ഭാഷകള്‍ ഒരു ഗോത്രത്തില്‍ ഉള്ളവയാണെന്ന് കണക്കാക്കുന്നതിന്‌

  • സ്വനിമകളുടെ സാദൃശ്യം
  • ചില സ്വനിമങ്ങള്‍ വ്യത്യസ്തങ്ങളായി കാണുന്നു എങ്കില്‍, മറ്റേതെങ്കിലും ഭാഷകളുടെ സ്വാധീനം, സ്വാഭാവികമായ വ്യതിയാനമാണെങ്കില്‍ അതിന്‌ ചരിത്രപരമായ സാധ്യത എന്നിവയും
  • ശബ്ദങ്ങളുടെ അതായത് നാമം, ക്രിയ, സര്‍വനാമം, സംഖ്യാവാചി വിശേഷണം എന്നിവയുടെ സ്വനിമത്തിലും അര്‍ത്ഥത്തിലുമുള്ള തുല്യത.
  • ശബ്ദങ്ങളുടെ സ്വനിമത്തിലോ അര്‍ത്ഥത്തിലോ കാണുന്ന സാദൃശ്യത്തിന്‌ പരസ്പര ബന്ധമോ അന്യഭാഷാ സമ്പര്‍ക്കമോ കാരണമായിട്ടുണ്ടോ എന്നതും.
  • ധാതുവിലോ മൂലശബ്ദത്തിലോ പ്രത്യയമോ ഉപസര്‍ഗ്ഗമോ ചേര്‍ത്ത് വേറെ ശബ്ദങ്ങള്‍ നിര്‍മ്മിക്കുന്ന രീതിയിലുള്ള സാമ്യത
  • വാക്യഘടനയിലെ സാമ്യം

ഉള്ളടക്കം

[തിരുത്തുക] ഭാഷാ വിഭജനം

17-ആം നൂറ്റാണ്ടില്‍ ചില യൂറോപ്യന്‍ പണ്ഡിതന്മാര്‍ സംസ്കൃതം, ഗ്രീക്ക്, ലാറ്റിന്‍ എന്നീ ഭാഷകളുടെ താരതമ്യപഠനത്തില്‍ ഏര്‍പ്പെടുകയും, ഈ ഭാഷകള്‍ എല്ലാം ഏതോ ഒരു ആദിഭാഷയില്‍ നിന്നും ഉദ്ഭവിച്ചതാണെന്ന് അനുമാനിക്കുകയും ചെയ്തു. ഇത് ഭാഷകളുടെ ശാസ്ത്രീയമായ ഗോത്രവിഭജനത്തിന്‌ തുടക്കം കുറിക്കുകയും ചെയ്തു. സംസ്കൃതമാണ്‌ ആദിഭാഷയെന്നും മറ്റുള്ള ഭാഷകള്‍ അതില്‍ നിന്നും ഉണ്ടായതാനെന്നും ചിലര്‍ വാദിച്ചു. മറ്റു ചിലര്‍ ഹീബ്രു ഭാഷയാണ്‌ സകല്‍ ഭാഷക്ലുടേയും മാതാവെന്നും വാദിച്ചു. അറബി, ഫ്രീജിയന്‍ എന്നീ ഭാഷകളും സര്‍വഭാഷകളുടേയും മാതാവെന്ന് വാദിക്കുന്നവരും ഉണ്ടായിരുന്നു. ഇന്ന് ലോകത്തില്‍ നിലവിലുള്ള ഭാഷാഗോത്രങ്ങള്‍;

  1. ഭാരോപീയ ഗോത്രം
  2. സെമറ്റിക് ഗോത്രം
  3. ഹെമറ്റിക് ഗോത്രം
  4. യൂറാല്‍ - അള്‍ട്ടായിക് ഗോത്രം
  5. ചീനി ( ഏകാക്ഷര ഗോത്രം)
  6. ദ്രാവിഡ ഗോത്രം
  7. മലായ് - പോളിനേഷ്യന്‍ ഗോത്രം
  8. ബാണ്ടു ഗോത്രം
  9. ബുഷ്മാന്‍ ഗോത്രം
  10. സുഡാനീ ഗോത്രം
  11. ആസ്ട്രേലിയന്‍ - പാപുവാന്‍ ഗോത്രം
  12. റെഡ് ഇന്‍ഡ്യന്‍ ഗോത്രം
  13. കാകേഷ്യസ് ഗോത്രം
  14. ജപ്പാനി കൊറിയായീ ഗോത്രം

ഇവയില്‍ നിന്നും വ്യത്യസ്തമായി ഭൂഖണ്ടങ്ങളെ അടിസ്ഥാനമാക്കി ആഫ്രിക്കാ ഖണ്ഡം, യൂറേഷ്യഖണ്ഡം, പ്രശാന്തമഹാസാഗരഖണ്ഡം, അമേരിക്കാ ഖണ്ഡം എന്നിങ്ങനെ നാല്‌ ഭാഷാഖണ്ഡങ്ങളായി തരം തിരിക്കുന്നു.

[തിരുത്തുക] ബുഷ്മാന്‍

ദക്ഷിണാഫ്രിക്കയിലെ ആരേഞ്ജ് നദി മുതല്‍ നഗാമീതടാകം വരെയുള്ള പ്രദേശത്ത് താമസിക്കുന്ന വര്‍ഗ്ഗക്കാരായ ബുഷ്മാന്‍ വര്‍ഗ്ഗക്കാര്‍ സംസാരിക്കുന്ന ഭാഷയാണ്‌ ബുഷ്മാന്‍ ഭാഷ. ഭിന്ന വര്‍ഗ്ഗങ്ങളായി വേര്‍പിരിഞ്ഞ് താമസിക്കുന്ന ഇവരുടെ ഭാഷകളും ഉപ ഭാഷകളും അനേകങ്ങളാണ്‌. ഈ ഭാഷകളെല്ലാം ഒരേ ഗോത്രത്തില്പ്പെട്ട ഭാഷയല്ല എന്ന അഭിപ്രായവും നിലവിലുണ്ട്. ഈ ഭാഷകള്‍ ബാണ്ടു, സുഡാന്‍ വര്‍ഗങ്ങളില്പ്പെട്ട ഭാഷകളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അന്ത:സ്ഫോടരൂപമായ ധ്വനികള്‍ ഈ ഭാഷകളുടെ സവിശേഷതകളാണ്‌. സാധാരണയായി ഈ ഭാഷയില്‍; ഭാഷാധ്വനികളോടൊപ്പം ശ്വാസവായുവിനെ പുറന്തള്ളിക്കൊണ്ട് ശബ്ദതരംഗങ്ങള്‍ ഉണ്ടാക്കുകയാണ്‌ ചെയ്യുന്നത്. സചേതനം അചേതനം എന്ന വിഭജനത്തെ ആസ്പദമാക്കിയാണ്‌ ഈ ഭാഷയില്‍ ലിംഗഭേദം കുറിക്കുന്നത്. ബഹുവചനരൂപമുണ്ടാക്കാന്‍ ഈ ഭാഷയില്‍ പ്രത്യേക നിയമങ്ങള്‍ ഒന്നും തന്നെയില്ല. പ്രായോഗിക പരിശീലനം കൊണ്ട് മാത്രമേ ഇതില്‍ ബഹുവചനം പ്രയോഗിക്കാന്‍ കഴിയുകയുള്ളൂ. ജപ്പാനീസ് ഭാഷയിലെപ്പോലെ നാമങ്ങള്‍ ആവര്‍ത്തിച്ച് പ്രയോഗിച്ച് ബഹുവചനാര്‍ത്ഥം കുറിക്കുന്നു.

[തിരുത്തുക] ബാണ്ടൂഗോത്രം

ദക്ഷിണാഫ്രിക്ക, മധ്യ ആഫ്രിക്ക എന്നീ പ്രദേശങ്ങളിലും സാന്‍സിബാര്‍ ദ്വീപിലും ഈ ഗോത്രത്തില്പ്പെട്ട ഭാഷകള്‍ പ്രചാരത്തിലുണ്ട്. സാന്‍സിബാര്‍ ദ്വീപിലെ സ്വാഹിലി എന്ന ഭാഷയ്ക്ക് മാത്രമേ സാഹിത്യരൂപമുള്ളൂ. മറ്റുള്ള ഭാഷകള്‍ വാമൊഴിയായി പ്രചാരത്തിലിരിക്കുന്നവയാണ്‌. കൂട്ടക്ഷരങ്ങള്‍ ഇല്ലാത്ത ഈ ഭാഷകളിലെ പദങ്ങള്‍ കൂടുതലും സ്വരാന്തരങ്ങളാണ്‌. ഈ വര്‍ഗ്ഗത്തില്പ്പെട്ട ഭാഷകളില്‍ ഉപസര്‍ഗ്ഗങ്ങള്‍ കൊണ്ട് പദങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു. ഈ ഭാഷയില്‍ ലിംഗഭേദം കുറിക്കുന്ന വിഭാഗം ഇല്ല. ചില പ്രദേശങ്ങളില്‍ പ്രചാരത്തിലുള്ള ബാണ്ടു വര്‍ഗ്ഗഭാഷകളില്‍ അന്ത:സ്ഫോടരൂപമായ ധ്വനികളുള്ള പദങ്ങളും കാണാന്‍ കഴിയും.

[തിരുത്തുക] സുഡാന്‍വര്‍ഗ്ഗം

ഏഴു ഭാഷകളുടെ ഒരു വര്‍ഗ്ഗമാണിത് എന്ന് W.Smith കണ്ടെത്തുന്നതുവരെ ഇത് ഒരു ഭാഷാ ഗോത്രമാണെന്നായിരുന്നു കരുതിയിരുന്നത്. ആഫ്രിക്കയില്‍ ഭൂമധ്യരേഖയ്ക്ക് വടക്ക്, ഹെമറ്റിക് ഗോത്രത്തിന്‌ തെക്ക്, കിഴ്ക്ക് പടിഞ്ഞാറായി വീതി കുറഞ്ഞ ഒരു പ്രദേശത്താണ്‌ ഈ വര്‍ഗ്ഗത്തില്പ്പെട്ട ഭാഷകള്‍ പ്രചരിച്ചിട്ടുള്ളത്. ഇവയില്‍ ചിലതിന്‌ സ്വന്തമായി ലിപിപോലും ഇല്ല. ബാണ്ഡു ഗോത്രവുമായി ഇവയ്ക്ക് വളരെയധികം സാമ്യത കാണപ്പെടുന്നു. ചൈനീസ്ഭാഷ പോലെ ഈ വര്‍ഗ്ഗത്തില്പ്പെട്ട ഭാഷകള്‍ വിയോഗാത്മങ്ങളാണ്‌. ഇവയില്‍ ഏകാക്ഷരങ്ങളാണ്‌. കൂടാതെ വിഭക്തികള്‍ തീരെയില്ല എന്ന പ്രത്യേകതയും ഉണ്ട്. അതിലുപരിയായി ഇവയില്‍ വ്യാകരണവും ഇല്ല. സമൂഹ സൂചിക ശബ്ദങ്ങള്‍ ബഹുവചനത്തിന്റെ ധര്‍മ്മം അനുഷ്ഠിക്കുന്നതിനാല്‍ ഇവയില്‍ ബഹുവചനത്തിന്റെ പ്രയോഗരീതിയും നിലവിലില്ല. ലിംഗവിഭാഗവും ഇതുപോലെയാണ്‌. ഗതി എന്നൊരു വിഭാഗം ശബ്ദങ്ങളില്‍ ഇല്ലാത്തതിനാല്‍ സങ്കീര്‍ണ്ണവാക്യങ്ങളോ മഹാവാക്യങ്ങളോ ഇല്ല. ചൈനീസ് ഭാഷകളിലേപ്പോലെ ഈ ഭാഷകളിലും ഉച്ചാരണരീതിയുടെ ഭേദം കൊണ്ട് അര്‍ത്ഥതലത്തില്‍ വലിയ വ്യത്യാസം ഉണ്ടാകുന്നു.

[തിരുത്തുക] ഹെമറ്റിക് ഗോത്രം

ഉത്തരാഫ്രിക്ക മുഴുവനും മറ്റു ചില ആഫ്രിക്കന്‍ പ്രദേശങ്ങളിലും ഈ ഗോത്രത്തില്പ്പെട്ട ഭാഷയ്ക്ക് പ്രചാരമുണ്ട്. [[ബൈബിള്‍|ബൈബിളിലെ] പുരാണ കഥ അനുസരിച്ച് നോഹയുടെ രണ്ടാമത്തെ പുത്രനായ ഹാം ചില ആഫ്രിക്കന്‍ വംശജരുടെ ആദിപുരുഷനായി ഗണിക്കപ്പെടുന്നു. ഹാം എന്ന പേരുമായി ബന്ധപ്പെടുത്തിയാണ്‌ ഈ ഗോത്രത്തിന്‌ ഹെമറ്റിക് ഗോത്രം എന്ന പേര്‌ വന്നതെന്ന് കരുതപ്പെടുന്നു. ഈ ഗോത്രത്തിലെ ഭാഷകളുടെ പ്രചാരം കുറഞ്ഞതോടെ സെമറ്റിക് ഗോത്രഭാഷകള്‍ ഈ ഭാഷകളുടെ സ്ഥാനത്ത് കടന്നുകൂടിയിട്ടുണ്ട്. ഹെമറ്റിക് ഗോത്രത്തിലെ ഭാഷകളില്‍ മതഗ്രന്ഥങ്ങളും ശിലാലേഖനങ്ങളും വളരെയധികമുണ്ട്. ഹെമറ്റിക് ഗോത്രത്തില്പ്പെട്ട ഭാഷകളില്‍ കൂടുതലും വിയോഗാത്മങ്ങളാണ്‌. നാമങ്ങളോട് പ്രത്യയങ്ങള്‍ മാത്രം ചേരുന്നു. ഉപസര്‍ഗ്ഗങ്ങളും പ്രത്യയങ്ങളും ക്രിയയുടെ രചനയ്ക്ക് ഉപയോഗിക്കുന്നുമുണ്ട്. സ്വരശബ്ദം കൊണ്ട് തന്നെ അര്‍ത്ഥതലത്തില്‍ സാരമായ പരിവര്‍ത്തനം ഈ ഭാഷയില്‍ കാണാം. ക്രിയയുടെ കാലഭേദം കുറിയ്ക്കുന്നതിലേയ്ക്കായി കാലസൂചകങ്ങളായ മറ്റ് പദങ്ങള്‍ ഉപയോഗിക്കുന്നു.

[തിരുത്തുക] സെമെറ്റിക് ഗോത്രം

നോഹയുടെ മൂത്തമകനായ സോം തെക്കുപടിഞ്ഞാറന്‍ ഏഷ്യയില്‍ ജനങ്ങളുടെ ആദിപുരുഷനായി കരുതപ്പെടുന്നതിനാല്‍ ഈ ഭാഷാ ഗോത്രത്തിന്‌ സെമറ്റിക് ഗോത്രം എന്ന പേരുവന്നതായി കണക്കാക്കപ്പെടുന്നു. ഈ ഗോത്രത്തില്പ്പെട്ട അറബിഭാഷ ഉത്തരാഫ്രിക്കയില്‍ വളരെയധികം പ്രചാരം നേടിയിട്ടുള്ള ഭാഷയാണ്‌. അതിനാല്‍ ആഫ്രിക്കാ ഭൂഖണ്ഡത്തിലെ ഭാഷകളുടെ കൂട്ടത്തിലും ഈ ഭാഷയെ പരിഗണിക്കുന്നു. സെമിറ്റിക്, ഹെമിറ്റിക് എന്നീ ഗോത്രങ്ങളിലെ ഭാഷകളില്‍ അടിസ്ഥാനപരമായി പല കാര്യങ്ങളിലും സാമ്യം കാണപ്പെടുന്നതിനാല്‍ ഇവ രണ്ട് ഗോത്രങ്ങളല്ല എന്നും അവ ര്‍ണ്ടും ഒരേ ഗോത്രഭാഷയാണ്‌ എന്നും വാദിക്കുന്ന പണ്ഡിതന്മാരുമുണ്ട്.

  • രണ്ട് ഗോത്രങ്ങളിലേയും ഭാഷകള്‍ സം‌യോഗാത്മങ്ങളും അന്തര്‍മുഖികളുമാണ്‌. സ്വരം എന്ന ശബ്ദത്താല്‍ തന്നെ അര്‍ത്ഥതലത്തില്‍ വളരെയധികം വ്യത്യാസം ഉണ്ടാക്കാന്‍ ഈ രണ്ട് ഗോത്രങ്ങളിലേയും ഭാഷകള്‍ക്ക് കഴിയും.
  • ആഫ്രിക്കയിലെ ചില ഭാഷകളേപ്പോലെ ഈ ഗോത്രങ്ങളില്പ്പെടുന്ന ഭാഷകള്‍ക്ക് ക്രിയയുടെ കാലഭേദത്തിന്‌ പ്രാധാന്യം കാണപ്പെടുന്നില്ല.
  • ബഹുവചനരൂപത്തിന്‌ രണ്ട് ഗോത്രങ്ങളില്പ്പെടുന്ന ഭാഷകളും ഉപയോഗിക്കുന്ന പ്രത്യയങ്ങള്‍ സാമ്യമുള്ളവയാണ്‌.
  • രണ്ട് ഗോത്രങ്ങളിലും സ്ത്രീലിംഗ സൂചനകള്‍ തകാര ധ്വനിയാണ്‌. കൂടാതെ പ്രകൃതിസിദ്ധമായ സ്ത്രീ-പുരുഷ ഭേദമല്ല ഈ ഗോത്രഭാഷകളില്‍ ലിംഗഭേദത്തിന്റെ അടിസ്ഥാനമായി കണക്കാക്കുന്നത്.
  • രണ്ട് ഗോത്രങ്ങളിലും സര്‍വനാമങ്ങളുടെ ഉത്പത്തി ഒരേ രൂപങ്ങളില്‍ നിന്നുമാണ്‌.

ഈ കാരണങ്ങളാല്‍ സെമിറ്റിക് ഗോത്രവും ഹെമിറ്റിക് ഗോത്രവും ഒന്നാണെന്ന് വാദിക്കുന്നത്. ഈ കാരണങ്ങള്‍ ഉണ്ട് എങ്കിലും ചില പ്രകടമായ വ്യത്യാസം രണ്ട് ഗോത്രങ്ങളിലേയും ഭാഷകള്‍ക്കുണ്ട്.

സെമിറ്റിക് ഗോത്രത്തിലേയും ഹെമിറ്റിക് ഗോത്രത്തിലേയും ഭാഷകളുടെ വ്യത്യാസങ്ങള്‍
സെമിറ്റിക് ഗോത്രം ഹെമിറ്റിക് ഗോത്രം
ക്രിയാധാതുക്കളില്‍ കൂടുതലും മൂന്ന് വ്യഞ്ജനങ്ങള്‍ ചേര്‍ന്നുണ്ടായവയാണ്‌. ഇങ്ങനെ കാണപ്പെടുന്നില്ല.
ക്രിയാധാതുക്കളുടെ വ്യഞ്ജനങ്ങളില്‍ സ്വരങ്ങള്‍ ചേര്‍ത്ത് പദങ്ങള്‍ നിര്‍മ്മിക്കുന്നു. ഇങ്ങനെ കാണുന്നില്ല
സ്വരങ്ങള്‍ ചേര്‍ത്ത് അര്‍ത്ഥം പ്രകടിപ്പിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ഉപസര്‍ഗ്ഗമോ പ്രത്യയമോ ചേര്‍ക്കുന്നു. ഈ സമ്പ്രദായം ഇല്ല.
സംജ്ഞാനാമങ്ങള്‍ക്കുമാത്രമേ സമാസം കാണപ്പെടുന്നുള്ളൂ. ഈ രീതി ഉപയോഗിക്കുന്നില്ല.
സ്ത്രീലിംഗങ്ങളായ തകാരങ്ങള്‍ അതിഖരമായോ ഹകാരമായോ ഉപയോഗിക്കുന്നു. തകാരമായി ഉപയോഗിക്കുന്നു.
കര്‍ത്താവ്, കര്‍മ്മം, സം‌ബന്ധം എന്നിവയേയും ദ്വിവചനം, ബഹുവചനം എന്നിവയേയും സൂചിപ്പിക്കാന്‍ പ്രത്യയം ഉപയോഗിക്കുന്നു. ക്രിയാരൂപത്തില്‍ മാത്രമേ പ്രത്യയങ്ങള്‍ ചേര്‍ക്കുന്നുള്ളൂ.

സെമിറ്റിക് ഗോത്രത്തില്പ്പെട്ട വിവിധ ശാഖകള്‍ തമ്മില്‍ നേരിയ വ്യത്യാസം മാത്രമേ പ്രകടമാക്കുന്നുള്ളൂ. ഈ കൂട്ടത്തില്പ്പെടുന്ന അറബി ഭാഷ വളരെയധികം സമ്പന്നമാണ്‌. ജ്യോതിഷം, ഗണിതം, മതം, സാഹിത്യം തുടാങ്ങിയ മേഖലകളില്‍ വളരെയധികം ഗ്രന്ഥങ്ങള്‍ അറബി ഭാഷയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഫാര്‍സി, തുര്‍ക്കി ഭാഷ, ഉര്‍ദു, ഹിന്ദി, ബംഗാളി, മറാത്തി, ഗുജറാത്തി തുടങ്ങിയ ഭാഷകളിലെല്ലാം അറബി ഭ്ജാഷയുടെ സ്വാധീനം വളരെയധികം പ്രകടമാണ്‌.

[തിരുത്തുക] കാകേഷ്യസ് ഗോത്രം

കരിങ്കടലിനും കാസ്പിയന്‍ കടലിനും മദ്ധ്യത്തിലുള്ള കാകേഷ്യസ് പര്‍വ്വതപ്രദേശാങ്ങളാണ്‌ ഈ ഗോത്രത്തിലെ ഭാഷകളൂടെ പ്രചാരഭൂമി. വാമൊഴി രൂപത്തില്‍ ഒട്ടേറെ ഭാഷകള്‍ ഇ ഗോത്രത്തില്‍ നിന്നും രൂപം കൊണ്ടിട്ടുണ്ട്. എന്നിരുന്നാലും ഇങ്ങനെ പുതിയതായി രൂപം കൊണ്ടിട്ടുള്ള ഭാഷകള്‍ ഒരു ഗോത്രത്തില്‍ പെടുന്നവയല്ല എന്നാണ്‌ പണ്ഡിതമതം. അവതമ്മിലുള്ള വ്യത്യാസങ്ങളാണ്‌ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

  • ഒറ്റനോട്ടത്തില്‍ വിയോഗാത്മകഭാഷയാണെന്നും വിഭക്തിപ്രധാനങ്ങളാണെന്നും തോന്നിക്കുന്ന ഈ ഭാഷകള്‍ സം‌യോഗാത്മങ്ങളാണ്‌. ഇവയില്‍ പ്രത്യയങ്ങളും ഉപസര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്നുണ്ട്.
  • ഈ ഗോത്രത്തില്പ്പെട്ട വടക്ക്ന്‍ പ്രദേശങ്ങളിലെ ഭാഷകളില്‍ സ്വരങ്ങള്‍ കുറവാണ്‌.
  • ഈ ഗോതത്തിലെ ഭാഷകളിലെല്ലം പദരചന പ്രയാസമുള്ള കാര്യമാണ്‌.െങ്കിലും ചില മൊഴികളില്‍ നാമങ്ങള്‍ക്ക് മുപ്പത് (30) വിഭക്തികള്വരെ കാണപ്പെടുന്നുണ്ട്.
  • ചില മൊഴികളില്‍ ആറ് (6) ലിംഗങ്ങള്‍ വരെ പ്രയോഗിക്കുന്നുണ്ട്.
  • ക്രിയകളില്‍, സര്‍വനാമങ്ങള്‍ ചേര്‍ന്ന് രൂപസിദ്ധിയുണ്ടാക്കുന്ന സമ്പ്രദായവും നിവിലുണ്ട്.
  • ക്രിയകളുടെ രൂപനിഷ്പത്തി ഈ ഗോത്രത്തിലെ എല്ലാ ഭാഷകള്‍ക്കും ജടിലമാണ്‌.

[തിരുത്തുക] യൂറാള്‍ - അള്‍ടായിക് ഗോത്രം

ഫിനോ - താതാറിക്, സിഥിയന്‍ എന്നീ പേരുകളിലും ഈ ഗോത്രം അറിയപ്പെടുന്നു. മധ്യധരണ്യാഴി മുതല്‍ ഉത്തരധ്രുവം വരേയും, ടര്‍ക്കി, ഹംഗറി, ഫിന്‍ലന്റ് മുതല്‍ കിഴക്കോട്ട് ഓഖോത്സ്ക് വരേയും ഈ ഗോത്രത്തിലെ ഭാഷകള്‍ പ്രചരിച്ചിരിക്കുന്നു. പ്രചാര പരിധിയുടെ വിസ്തൃതി കണക്കാക്കിയാല്‍ ഭാരോപീയഗോത്രം മാത്രമാണ്‌ ഈ ഗോത്രത്തിനു മുന്നില്‍ നില്‍ക്കുന്നത്. ഈ ഗോത്രത്തിലെ ഭാഷകള്‍ക്ക് പരസ്പരം ഉള്ള വൈജാത്യങ്ങള്‍ കാരണം ഇവയെ യൂറാള്‍ ഗോത്രമെന്നും അള്‍ടായിക് ഗോത്രമെന്നും രണ്ടായി തരം തിരിക്കാമെന്നാണ്‌ പണ്ഡിതമതം. ശബ്ദാവലി, സ്വനിമം, ധാതുക്കള്‍ എന്നിവയുടെ കാര്യത്തില്‍ വ്യത്യാസങ്ങള്‍ പ്രകടമാണെങ്കിലും വ്യാകരണദൃഷ്ട്യാ ഇവയെല്ലാം ഒരേ ഗോത്രഭാഷയാണെന്നുകാണാം.

  • യൂറാള്‍, അള്‍ടായിക് ഗോത്രങ്ങളിലെ ഭാഷകള്‍ സം‌യോഗാത്മങ്ങളാണ്. ഇവയില്‍ ധാതുരൂപത്തിനോട് പ്രത്യയങ്ങള്‍ ചേര്‍ത്ത് പദങ്ങള്‍ നിര്‍മ്മിക്കുന്നു. ഒരു പദത്തിന്‌ ഒന്നിലേറെ പ്രത്യയങ്ങള്‍ ചേര്‍ക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
  • ഈ ഗോത്രത്തിലെ ഭാഷകളിലെല്ലാം ധാതുക്കള്‍ അവ്യയങ്ങളെപ്പോലെയാണ്‌. അവയ്ക്ക് രൂപഭേദങ്ങള്‍ ഉണ്ടാകുതേയില്ല.
  • ഈ ഗോത്രങ്ങളിലെ ഭാഷകളില്‍ സംബന്ധവാചക സര്‍വനാമം പ്രത്യയങ്ങളായി നാമങ്ങളോട് ചേര്‍ത്ത് ഉപയോഗിക്കുന്നു.
  • സ്വരങ്ങളുടെ സാമ്യത; ധാതുവിനോട് ചേര്‍ക്കുന്ന പ്രത്യയങ്ങളുടെ കാര്യത്തില്‍ ഈ സാമ്യം വളരെ പ്രകടമായി കാണാന്‍ സാധിക്കും.

ഫിന്നിഷ് ഭാഷയില്‍ രചിക്കപ്പെട്ടിട്ടുള്ള , 16-ആം നൂറ്റാണ്ടുമുതലുള്ള മികച്ച കൃതികള്‍ ലഭിച്ചിട്ടുണ്ട്. ഹംഗറിയിലെ മഗിയാര്‍ ഗോത്രക്കാര്‍ ഈ ഭാഷയാണ്‌ ഉപയോഗിച്ചുവരുന്നത്. തുര്‍ക്കിഭാഷയുടെ സ്വാധീനം അറബി, ഫാര്‍സി എന്നീ ഭാഷകളില്‍ ഉള്ളതുപോലെതന്നെ, ഇത്തരം ഭാഷകളുടെ സ്വാധീനം തുര്‍ക്കിഭാഷയിലും പ്രകടമാണ്‌.

[തിരുത്തുക] ഏകാക്ഷരഗോത്രം

ഈ ഗോത്രത്തിലെ പ്രധാനഭാഷ ചൈനീസ് ആയതിനാല്‍ ഈ ഗോത്രം ചൈനീസ് ഗോത്രം എന്നും അറിയപ്പെടുന്നു. ഈ വര്‍ഗ്ഗത്തില്പ്പെട്ട ഭാഷകള്‍ ചൈന, സയാം, തിബെത്ത്, മ്യാന്‍മാര്‍ എന്നീ പ്രദേശങ്ങളില്‍ പ്രചരിച്ചിരിക്കുന്നു. ഭാരോപീയഗോത്രം ഒഴിച്ചു നിര്‍ത്തിയാല്‍, ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് ഈ ഗോത്രത്തിലെ ഭാഷകളാണെന്നു കാണാം.

ഈ ഗോത്രത്തിലെ ഭാഷകളുടെ മുഖ്യമായ ലക്ഷണങ്ങള്‍ ഇന്ന് ചൈനീസ് ഭാഷയില്‍ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ. ആര്യഗോത്രത്തിന്റേയും മറ്റ് ഗോത്രങ്ങളിലെ ഭാഷകളുടേയും സ്വാധീനം ഈ ഗോത്രത്തലെ മറ്റ് ഭാഷകളില്‍ വളരെയധികം കാണാന്‍ സാധിക്കുന്നതാണ്‌. ആധുനിക ചൈനീസ് ഭാഷയിലും മറ്റ് ഗോത്രങ്ങളിലെ ഭാഷകളുടെ സ്വാധീനം കാണുവാന്‍ കഴിയും. എങ്കിലും പ്രാചീന ചൈനീസ് ഭാഷയില്‍ ഈ ഗോത്രത്തിന്റെ സവിശേഷതകള്‍ വളരെയധികം ഉണ്ട്. ക്രി.മു.5-ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കണ്‍ഫ്യൂഷ്യസ്; ക്രി.മു. മൂവായിരത്തോളം (3,000)വര്‍ഷം പഴക്കമുള്ള ചൈനീസ് സാഹിത്യ ഗ്രന്ഥങ്ങള്‍ സമാഹരിക്കുകയും അവയില്‍ അക്കാലത്ത് പ്രചാരത്തിലിരുന്ന ഭാഷയ്ക്ക് അനുസരിച്ച് ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു എന്ന് കരുതപ്പെടുന്നു. എങ്കിലും പദ്യങ്ങളിലെ അന്ത്യാനുപ്രാസം തുടങ്ങിയ ചില കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാചീന ചൈനീസ് ഭാഷയുടെ രൂപവും ഉച്ചാരണവും അനുമാനിക്കാന്‍ കഴിയും. ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് ലഭ്യമായിട്ടുള്ള പ്രാചീന ഭാഷാരൂപം; ആധുനിക ചൈനീസ് ഭാഷയില്‍ നിന്നും ഏറെ വ്യത്യാസപ്പെട്ടിട്ടില്ല എന്നും അനുമാനിക്കാം. അതിസൂഷ്മങ്ങളായ ആശയങ്ങള്‍ പോലും പ്രകടിപ്പിക്കുന്നതിന്‌ ചൈനീസ് ഭാഷപോലെ വേറൊരു ഭാഷ ഇല്ലെന്നു കരുതുന്നു.

  • ഈ ഗോത്രത്തിലെ ഭാഷകള്‍ വിയോഗാത്മകങ്ങളാണ്‌. ഇതിലെ ഒരു വാക്യത്തിന്‌ ശബ്ദങ്ങളുടെ പരസ്പര ബന്ധം കുറിയ്ക്കുന്നത് പദങ്ങളുടെ സ്ഥാനം മൂലമാണ്‌. അതിനാല്‍ വാക്യത്തില്‍ ശബ്ദങ്ങളുടെ സ്ഥാനത്തിന്‌ വളരെയധികം പ്രാധാന്യമുണ്ട്.
  • ഓരോ ശബ്ദവും ഓരോ അക്ഷമാണ്‌. ഇവയെല്ലാം അവ്യങ്ങളാണ്‌. ഒരു ശബ്ദത്തിനും രൂപമാറ്റം ഉണ്ടാകുന്നില്ല. ചൈനീസ് അക്ഷരമാലയില്‍ അഞ്ഞൂറിനും (500) ആയിരത്തിനുമിടയില്‍ (1,000) ഏകാക്ഷര ശബ്ദങ്ങള്‍ പ്രചാരത്തിലുണ്ട്.
  • ഒരേ ശബ്ദത്തിന്‌ സ്വരഭേദം കൊണ്ട് വിവിധങ്ങളായ അര്‍ത്ഥം പ്രകടിപ്പിക്കുന്നതിന്‌ കഴിയുന്ന ഭാഷഗോത്രമാണിത്. പ്രധാനമായും നാല്‌ (4) സ്വരങ്ങാല്‍ മാത്രമേ ഈ ഭാഷയിലുള്ളൂ എങ്കിലും ചില ഉപഭാഷകളിലും മൊഴിഭേദങ്ങളിലും ഇതിന്‌ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്.
  • ഈ ഭാഷകള്‍ക്ക് സുനിശ്ചിതമായ വ്യാകരണ നിയമങ്ങളില്ല. ഒരേ ശബ്ദം സന്ദര്‍ഭത്തിനനുസരിച്ച് നാമമോ, ക്രിയയോ, വിശേഷണമായോ ഉപയോഗിക്കുന്നു.
  • പദങ്ങളുടെ സ്ഥാനം മൂലം യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത് പറയാന്‍ കഴിയാതെ വരുമ്പോള്‍ അക്ഷരങ്ങള്‍ക്ക് സഹായകമായി ചില സഹായക ശബ്ദങ്ങള്‍ ഉപയോഗിക്കാറുണ്ട്. അതിനാള്‍ ഈ ഗോത്രത്തിലെ ഭാഷകളെ നിപാതപ്രധാനങ്ങള്‍ എന്നുവിളിക്കുന്നു.
  • അനുനാസിക ധ്വനികളുടെ കൂടുതല്‍ ഈ ഗോതത്തില്പ്പെട്ട ഭാഷകളില്‍ എടുത്തുപറയത്തക്ക സവിശേഷതയാണ്‌.

[തിരുത്തുക] ദ്രാവിഡഗോത്രം

തമിഴ് കുടുംബം എന്നുകുടി പേരുള്ള ഈ ഭാഷാകുടുബത്തിലെ ഭാഷകള്‍; ദക്ഷിണ ഭാരതത്തിലെ നര്‍മ്മദ, ഗോദാവരി എന്നീ നദീതടങ്ങളില്‍ തുടങ്ങി കന്യാകുമാരിമുനമ്പ് വരെ പ്രചരിച്ചിരിക്കുന്നു. കൂടാതെ ഉത്തരലങ്ക, ലക്ഷദ്വീപുകള്‍, മധ്യഭാരതം, ബലൂചിസ്ഥാന്‍, ബീഹാര്‍, ഒറീസ്സ തുടങ്ങിയ പ്രദേശങ്ങളിലും ഈ ഗോത്രത്തിലെ ഭാഷകള്‍ സംസാരിക്കുന്നവരുണ്ട്.

വാക്യങ്ങളുടെ ഘടന, സ്വരങ്ങളുടെ കടിച്ചേരല്‍ എന്നീ കാര്യങ്ങളില്‍ യൂറാള്‍ - അള്‍ടായിക് ഗോത്രത്തിലെ ഭാഷകളോട് വളരെയധികം സാമ്യത കാണുന്നു. W.Smith ഈ ഗോത്രത്തെ ആസ്ട്രേലിയന്‍ ഭാഷകളുമായി സാമ്യപ്പെടുത്തി. അതി പുരാതനകാലത്ത് ഭാരതം, മഡഗാസ്കര്‍, ആസ്ട്രേലിയ എന്നീ പ്രദേശങ്ങള്‍ ചെറിയ ദ്വീപുകളാല്‍ പരസ്പരം ബന്ധപ്പെട്ടിരുന്നു എന്നും അദ്ദേഹം സിദ്ധാന്തിക്കുന്നു. മോഹന്‍ -ജൊ- ദാരോയിലെ ഉത്ഖനനത്തില്‍ നിന്നും ലഭിച്ചിട്ടുള്ള വസ്തുതകളുടെ പരിശോധനയില്‍ ഈ ഗോത്രത്തിന്‌ പ്രസ്തുത സംസ്കാരവുമായി ബന്ധമുണ്ടായിരുന്നു എന്നും തെളിവ് ലഭിച്ചിട്ടുണ്ട്.

ദ്രാവിഡ ഗോത്രത്തിലെ ഭാഷകള്‍
ദ്രാവിഡ ഗോത്രത്തിലെ ഭാഷകള്‍
  • ധാതുവിലോ ശബ്ദത്തിലോ മേല്‍ക്കുമേല്‍ പ്രത്യയങ്ങള്‍ ചേരുന്നു.
  • ചേരുന്ന പ്രത്യയങ്ങളെല്ലാം വ്യക്തവും അവ ശബ്ദത്തിന്‌ മാറ്റം വരുത്തുന്നുമില്ല.
  • എത്ര പദങ്ങളെ വേണമെങ്കിലും സമാസിപ്പിച്ച് നീളമുള്ള ശബ്ദങ്ങളുണ്ടാക്കാന്‍ സാധിക്കുന്നു.
  • വ്യഞ്ജനാന്തപദങ്ങളുടെ അന്ത്യത്തില്‍ സ്പഷ്ടതയ്ക്കായി സംവൃത ഉ കാരം ചേര്‍ക്കുന്നു. പക്ഷേ, ഈ ഗോത്രത്തിലെ ചില ഭാഷകളില്‍ ഉകാരം എഴുത്തില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. മറ്റുചില ഭാഷകളില്‍ എഴുത്തിലും ഉച്ചാരണത്തിലും ഉകാരം ചേര്‍ക്കുന്നുണ്ട്.
  • യൂറാള്‍ - അള്‍ടായി ഗോത്രത്തിലേപ്പോലെ ഈ ഗോത്രത്തിലെ ഭാഷകളിലും സ്വരങ്ങളുടെ അനുരൂപത കാണപ്പെടുന്നു.
  • ഘോഷാക്ഷരങ്ങളില്‍ തുടങ്ങുന്ന പദങ്ങള്‍ ഈ ഗോത്രത്തിലെ ഭാഷകളില്‍ കുറവാണ്‌. മറ്റൊരു അനുനാസികത്തിന്റേയോ വ്യഞ്ജനത്തിന്റേയോ പിന്നാലെയാണ്‌ ഘോഷാക്ഷരങ്ങള്‍ കാണപ്പെടുന്നത്. തമിഴില്‍ ഈ നിയമം സാര്‍വത്രികമായും മറ്റ് ഭാഷകളില്‍ വളരെ കുറച്ചും ഈ നിയമം പാലിക്കപ്പെടുന്നു.
  • മൂര്‍ദ്ധന്യ ധ്വനികള്‍ക്കുള്ള പ്രാധാന്യം ഈ ഗോത്രത്തിലെ ഭാഷകളില്‍ കാണുന്ന പ്രധാനപ്പെട്ട സവിശേഷതകളില്‍ ഒന്നാണ്‌.
  • ഈ ഗോത്രത്തിലെ ഭാഷകളില്‍ രണ്ട് വചനങ്ങള്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. ബഹുവചനരൂപം ഉണ്ടാക്കുന്നതിനായി പ്രത്യയം ചേര്‍ക്കുന്നു. കൂടാതെ ഉത്തമപുരുഷസര്‍വനാമത്തിന്റെ ബഹുവചനത്തിന്‌ രണ്ട് രൂപങ്ങള്‍ കാണപ്പെടുന്നു. ശ്രോതാവിനെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബഹുവചനരൂപം ദ്രാവിഡഭാഷാഗോത്രത്തില്‍ കാണാം. ഭാരോപീയഗോത്രത്തിലേപ്പോലെ, ദ്രവിഡഗോത്രത്തിലെ ഭാഷകളില്‍ പത്ത് (10) എന്നതിനെ ഒരു ഏകകമായി സ്വീകരിച്ചിരിക്കുന്നു.
  • പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം എന്നിങ്ങനെ ലിംഗങ്ങളെ മൂന്നായി തരം തിരിച്ചിരിക്കുന്നു. നാമങ്ങളിലും വിശേഷണങ്ങളിലും പുംസ്ത്രീലിംഗങ്ങളെ സൂചിപ്പിക്കുന്നതിന്‌, പ്രഥമപുരുഷസര്‍വനാമത്തിലെ പുംസ്ത്രീലിംഗ രൂപങ്ങള്‍ ചേര്‍ക്കുന്നു.
  • നാമങ്ങളെ സചേതനം, അചേതനം എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു. ചില നാമങ്ങള്‍ ക്രിയയ്ക്ക് പകരമായും ഉപയോഗിക്കുന്നുണ്ട്.
  • ക്രിയകളില്‍ പുരുഷവാചക സര്‍വനാമങ്ങള്‍ ചേര്‍ക്കുന്ന സമ്പ്രദായവും ഈ ഗോത്രത്തില്‍ ഭാഷകള്‍ക്കുണ്ട്. കര്‍മ്മണിപ്രയോഗത്തിന്‌ അനുപ്രയോഗ ധാതുക്കള്‍ ഉപയോഗിക്കുന്നു. കൂടാതെ കൃത്തുക്കളും ധാരളമായി ഈ ഗോത്രത്തില്പ്പെട്ട ഭാഷകളില്‍ ഉപയോഗിക്കുന്നതായി കാണാം.
പ്രധാന ലേഖനം: തമിഴ്

ദക്ഷിണഭാരതത്തിന്റെ കിഴക്കന്‍ തീരത്ത് ചെന്നൈ നഗരത്തിന്റെ വടക്കുഭാഗം മുതല്‍ കന്യാകുമാരി മുനമ്പ് വരേയും, ലങ്കയുടെ ഉത്തരഭാഗത്തും സാര്‍വത്രികമായി തമിഴ്ഭാഷയാണ്‌ ഉപയോഗിക്കുന്നത്. ഈ ഗോത്രത്തിലെ ഏറ്റവും പ്രധാനഭാഷയും തമിഴാണ്‌. ഈ ഭാഷയില്‍ നിന്നും ഏഴാം നൂറ്റാണ്ടുമുതല്‍ക്കുള്ള സാഹിത്യസൃഷ്ടികള്‍ ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ കമ്പരാമായണം. ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളോട് സമമായി നില്‍ക്കുന്ന ഒരു ഭാഷയുമാണ്‌ തമിഴ്ഭാഷ. സംസ്കൃതപബങ്ങളാല്‍ സമ്പുഷ്ടമായ ചെന്തമിഴ് എന്നും, ഗ്രാമീണ ജനത്യുടെ ഭാഷയായ കൊടുംതമിഴ് എന്നും രണ്ട് വിഭാഗങ്ങള്‍ തമിഴ്ഭാഷയ്ക്കുണ്ട്. കൂടാതെ മണിപ്രവാളശൈലിയും ചെന്തമിഴ് എന്ന തമിഴ്ഭാഷാവിഭാഗത്തിലുണ്ട്.

പ്രധാന ലേഖനം: കന്നട

ദ്രാവിഡഭാഷകളില്‍ കന്നടയാണ്‌ അതിപ്രാചീനഭാഷയെന്ന് കരുതപ്പെടുന്നു. കുര്‍ഗിന്റെ കിഴക്കുഭാഗമൊഴികെയുള്ള മൈസൂര്‍, മദ്രാസ്പ്രവിശ്യയുടെ പടിഞ്ഞാറുഭാഗം, ഹൈദരാബാദ്, മുംബൈയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കന്നട ഭാഷ പ്രചാരത്തിലിരിക്കുന്നു. ഭാഷയ്ക്ക് തമിഴിനോടും ലിപിയ്ക്ക് തെലുഗിനോടും സാമ്യതയുണ്ട്. നാല്‌, അഞ്ച് നൂറ്റാണ്ടുകളിലുള്ള ലിഖിതങ്ങള്‍ ഈ ഭാഷയുടെ പ്രാചീനതയ്ക്ക് തെളിവായി ലഭിച്ചിട്ടുണ്ട്.

പ്രധാന ലേഖനം: തുളു

ബോംബേ പ്രവിശ്യയുടെ അതിര്‍ത്തി, കൂര്‍ഗ് തുടങ്ങിയ പരിമിതമായ പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷയാണ്‌. ഈ ഭാഷാവിഭാഗത്തില്‍ സാഹിത്യസൃഷ്ടികള്‍ ഇല്ല. വികാസപരിണാമങ്ങളുടെ കാര്യത്തില്‍ ലോകഭാഷകളില്‍ ഉന്നതസ്ഥാനം അര്‍ഹിക്കുന്നതാണ്‌ തുളുഭാഷ എന്ന് കാഡ്വല്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. കോരേഗാ, ബേലരാ എന്നിങ്ങനെ മോഴിഭേദങ്ങളും ഈ ഭാഷയ്ക്കുണ്ട്.

പ്രധാന ലേഖനം: കൊഡഗു

കൂര്‍ഗിലെ ഭാഷയാണ്‌ കൊഡക് എന്നറിയപ്പെടുന്നത്. കുര്‍ഗീ എന്നും ഈ ഭാഷ അറിയപ്പെടുന്നു. കന്നഡം, തുളു എന്നീ ഭാഷകളുടെ സ്വാധീനം ഈ ഭാഷകളില്‍ കാണുവാന്‍ സാധിക്കുന്നതാണ്‌. അതിനാല്‍ അവയുടെ അന്തരാള ഭാഷയായി കൊഡഗ് ഭാഷയെ പരിഗണിച്ചുവരുന്നു. ചില ഭാഷാപണ്ഡിതര്‍ ഇതിനെ കന്നഡഭാഷയുടെ മൊഴിഭേദമായും കരുതുന്നു.

പ്രധാന ലേഖനം: ടോഡ

നീലഗിരിയിലെ ഗോത്രവര്‍ഗ്ഗത്തിന്റെ ഭാഷയാണ്‌ ടോഡാ. ഗോത്രവര്‍ഗ്ഗക്കാരുടെ സംഖ്യ ദിനം പ്രതി കുറയുന്നതിനാല്‍ ഈ ഭാഷ കാലാന്തരത്തില്‍ നാമാവശേഷമാകാന്‍ സാധ്യതയുണ്ട്.

പ്രധാന ലേഖനം: കോട

ഇതും നീലഗിരിയിലെ ഗോത്രവര്‍ഗ്ഗത്തിന്റെ ഭാഷയാണ്‌. ടോഡയുടെ ഗതി തന്നെയാണ്‌ ഈ ഭാഷയ്ക്കും വന്നുഭവിക്കുന്നത് എന്ന് കരുതുന്നു.

പ്രധാന ലേഖനം: ഗോണ്ഡി

വിന്ധ്യാചലപ്രദേശത്ത് വസിക്കുന്നവരുടെ വനവാസികളുടെ ഭാഷയാണ്‌ ഗോണ്ഡി. ഇതിന്റെ കേന്ദ്രമായി കണാക്കാക്കുന്നത് ബുന്ദേല്‍ഖണ്ഡാണ്‌. ഈ ഭാഷയ്ക്ക് തമിഴ് ഭാഷയുമായി വളരെയധികം സാമ്യമുണ്ട്. ഈ ഭാഷയ്ക്ക് സ്വന്തമായി ലിപിയോ സാഹിത്യമോ ഇല്ല.

പ്രധാന ലേഖനം: കോണ്ട്

ഒറീസ്സയുടെ കുന്നിന്‍പ്രദേശത്ത് താമസിക്കുന്നവരുടെ സംസാരഭാഷയാണ്‌ കോണ്ട്. ഗോണ്ഡ് ഭാഷയുടെ സാദൃശ്യം ഉള്ള ഒരു ഭാഷയായ ഇതിനെ ചില പണ്ഡിതര്‍ കുയി ഭാഷയുടെ രൂപാന്തരമായി കണക്കാക്കുന്നു.

പ്രധാന ലേഖനം: കുരുവ്

തമിഴ്ഭാഷയുമായി വളരെയധികം സാമ്യതയുള്ള ഈ ഭാഷ സംസാരിക്കുന്നവര്‍ ബീഹാര്‍, ഒറീസ്സ എന്നീ പ്രദേശങ്ങളില്‍ പ്രചരിച്ചിരിക്കുന്നു. ഒരാവ് എന്നും ഈ ഭാഷ അറിയപ്പെടുന്നുണ്ട്. മല്‍ഹാര്‍, കിസാന്‍ എന്നീ മൊഴിഭേദങ്ങളും ഈ ഭാഷയ്ക്കുണ്ട്.

[തിരുത്തുക] ആധാരസൂചിക

[തിരുത്തുക] അവലംബം

  • വി. രാംകുമാറിന്റെ സമ്പൂര്‍ണ്ണ മലയാള വ്യാകരണം. സിസോ ബുക്സ്, പട്ടം, തിരുവനന്തപുരം
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം