ബെൻഹർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെൻഹർ
സംവിധാനംവില്യം വൈലർ
നിർമ്മാണംസാം സിംബലിസ്റ്റ്
തിരക്കഥകാൾ ടൺബെർഗ്
Uncredited:
ഗോർ വിഡാൽ
ക്രിസ്റ്റഫർ ഫ്രൈ
മാക്സ്വെൽ ആൻഡേഴ്സൺ
എസ്. എൻ. ബെഹർമാൻ
ആസ്പദമാക്കിയത്ബെൻഹർ: എ ടെയ്ൽ ഓഫ് ദി ക്രൈസ്റ്റ് by ല്യൂ വാലസ്
അഭിനേതാക്കൾചാൾട്ടൻ ഹെസ്റ്റൺ
ജാക് ഹോക്കിൻസ്
ഹയ ഹരാറീത്ത്
സ്റ്റീഫൻ ബോയ്ഡ്
ഹ്യൂഗ് ഗ്രിഫിത്ത്
സംഗീതംMiklós Rózsa
ഛായാഗ്രഹണംRobert L. Surtees
ചിത്രസംയോജനംJohn D. Dunning
Ralph E. Winters
സ്റ്റുഡിയോMetro-Goldwyn-Mayer
വിതരണംLoew's Inc.
റിലീസിങ് തീയതി
  • നവംബർ 18, 1959 (1959-11-18)
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്
ഭാഷഇംഗ്ലീഷ്
ബജറ്റ്$15 ദശലക്ഷം
സമയദൈർഘ്യം212 മിനുട്ട്
ആകെ$146,900,000 (initial release)

1959-ൽ പുറത്തിറങ്ങിയതും ഏറ്റവമധികം ഓസ്കാർ പുരസ്കാരങ്ങൾ നേടിയതുമായ ഒരു ഹോളിവുഡ് ചലചിത്രമാണ്‌ ബെൻഹർ (11 ഓസ്കാർ), പിന്നീട് ടൈറ്റാനിക്'(1997) ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ് (2003)എന്നീ ചിത്രങ്ങളും 11 ഓസ്കാർ പുരസ്കാരങ്ങൾ നേടുകയുണ്ടായി. 1880-ൽ പുറത്തിറങ്ങിയ നോവലായ ബെൻഹർ-ക്രിസ്തുവിന്റെ കഥ എന്ന നോവലിനെ അവലംബിച്ച് 1925-ൽ ബെൻഹർ എന്ന പേരിൽതന്നെ പുറത്തിറങ്ങിയ നിശ്ശബ്ദചിത്രത്തിന്റെ പുനരാവിഷ്കാരമാണ് ഈ ചലച്ചിത്രം. അന്നുവരെ നിർമ്മിച്ചതിൽ ഏറ്റവും ചെലവേറിയതും ഏറ്റവും വിപുലമായ സെറ്റുകളോടുകൂടിയതുമായിരുന്നു ഈ ചിത്രം. വില്യം വൈലർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ചാൾട്ടൻ ഹെസ്റ്റൺ, സ്റ്റീഫൻ ബോയ്ഡ്, ജാക് ഹോക്കിൻസ്, ഹ്യൂഗ് ഗ്രിഫിത്ത് തുടങ്ങിയവർ അഭിനയിച്ചു. .

1959 ൽ പുറത്തിറങ്ങിയ അമേരിക്കൻ ഇതിഹാസചിത്രം ബെൻ-ഹർ അറിയപ്പെടുന്നത് ഓസ്‌കർ ചരിത്രം തിരുത്തിയതിന്റെ പേരിലാണ്. 11 ഓസ്‌കാറാണ് വില്യം വൈലർ സംവിധാനം ചെയ്ത ഈ ചിത്രം നേടിയത്. 1997 ൽ ടൈറ്റാനിക്കും 2003 ൽ ദ ലോർഡ് ഓഫ് ദ റിംഗ്‌സ്: ദ റിട്ടേൺ ഓഫ് ദ കിംഗും 11 ഓസ്‌കർ വീതം നേടി ബെൻ-ഹറിനൊപ്പമെത്തി. ക്രിസ്തുവിന്റെ കുരിശാരോഹണവുമായി ബന്ധപ്പെടുത്തി എം.ജി.എം പിക്‌ചേഴ്‌സ് നിർമിച്ച ചിത്രം എ.ഡി. 26-ാം നൂറ്റാണ്ടിലെ കഥയാണ് പറയുന്നത്. 1959 നവംബർ 18 ന് റിലീസ് ചെയ്ത ബെൻ-ഹറിന്റെ നിർമ്മാണചെലവ് 15,17,500 ഡോളറായിരുന്നു. ബോക്‌സ്ഓഫീസിൽ ലഭിച്ചത് 146,900,000 ഡോളറും. 1880 ൽ ല്യൂ വാലസ് എഴുതിയ ബെൻ-ഹർ: എ ടെയിൽ ഓ- ദി ക്രൈസ്റ്റ് എന്ന പുസ്തകത്തെ ആധാരമാക്കി നിർമിച്ച ചിത്രത്തിന് തിരക്കഥയൊരുക്കിയത് കാൾ ടൺബെർഗായിരുന്നു. 1925 ൽ പുറത്തിറങ്ങിയ ബെൻ-ഹർ എന്ന നിശ്ശബ്ദ ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്. ആ ചിത്രത്തിന്റെ 30 സഹസംവിധായകരിൽ ഒരാളായിരുന്ന വില്യം വൈലറിനെ പൊന്നുംവിലയ്ക്ക എടുത്താണ് ബെൻ-ഹർ എന്ന ഇതിഹാസ ചിത്രം പൂർത്തിയാക്കിയത്.

1952 ൽ മെട്രോ-ഗോൾഡ്‌വിൻ-മേയർ കമ്പനി (എം.ജി.എം) ബെൻ-ഹർ റീമേക്ക് ചെയ്യാൻ പോകുന്നുവെന്ന് പ്രഖ്യാപിച്ചു. സ്റ്റുവാർട്ട് ഗ്രാൻജർ, റോബർട്ട് ടെയ്‌ലർ എന്നിവർ ചേർന്നാണ് നിർമ്മാണത്തിന് നേതൃത്വം നൽകിയത്. മേൽനോട്ടം സിംബാസിയ്ക്കായിരുന്നു. ഒമ്പതു മാസത്തിന് ശേഷം ചിത്രം സിനിമാ സ്‌കോപിലാണ് ഇറങ്ങുകയെന്ന് നിർമ്മാണ കമ്പനി അറിയിച്ചു. സിഡ്‌നി ഫ്രാങ്ക്‌ളിനെ ആദ്യം സംവിധായകനായി നിശ്ചയിച്ചു. മാർലിൻ ബ്രാൻഡോയെ നായകനാക്കാൻ തീരുമാനിച്ചു. 1955 സെപ്റ്റംബറിൽ ടൺബർഗ് സ്‌ക്രിപ്റ്റ് പൂർത്തിയാക്കി. 1956 ഏപ്രിലിൽ ചിത്രീകരണം തുടങ്ങുമെന്ന് പ്രഖ്യാപനം വന്നു. ഏഴുദശലക്ഷം ഡോളർ ചിലവിട്ട് ഏഴു മാസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. ഇസ്രയേലോ ഈജിപ്‌റ്റോ ലൊക്കേഷനായും നിശ്ചയിച്ചു. നിർഭാഗ്യമെന്നു പറയട്ടെ 1956 ന്റെ തുടക്കത്തിൽ തന്നെ ഷൂട്ടിംഗ് റദ്ദാക്കി. ടെലിവിഷൻ ഉയർത്തിയ വെല്ലുവിളികളും സാമ്പത്തിക പരാധീനതകളുമാണ് ചിത്രം നിർമ്മിക്കുന്നതിൽ നിന്ന് എം.ജി.എമ്മിനെ മാറ്റി നിർത്തിയത്. എന്നാൽ, 1956 ൽ പാരാമൗണ്ട് പിക്‌ചേഴ്‌സ് പുറത്തിറക്കിയ പത്തു കൽപ്പനകൾ എന്ന ബ്രഹ്മാണ്ഡ ചിത്രം വൻവിജയം നേടിയതോടെ ബെൻ-ഹർ റീമേക്ക് ചെയ്യാൻ തന്നെ എം.ജി.എം തീരുമാനിക്കുന്നു. 1957 ൽ കമ്പനി വീണ്ടും ചിത്രം പ്രഖ്യാപിച്ചു. ആദ്യം ഏഴുദശലക്ഷം ഡോളർ നിർമ്മാണ ചെലവായി കരുതിയെങ്കിലും 1958 ൽ ഇത് 10 ദശലക്ഷം ഡോളറിലെത്തി. അവിടെയും നിന്നില്ല കാര്യങ്ങൾ. ഷൂട്ടിംഗ് തുടങ്ങിയപ്പോഴേക്കും 15.175 ദശലക്ഷം ഡോളർ ചെലവായി. നാണയപ്പെരുപ്പം കൂടിയായതോടെ ചെലവ് 123 ദശലക്ഷം ഡോളറായി.

കഥതന്തു[തിരുത്തുക]

എ.ഡി.26 ൽ ജറുസലേമിലാണ് ബെൻ-ഹറിന്റെ കഥ നടക്കുന്നത്. ജറുസലേമിലെ ധനവാനായ കച്ചവടക്കാരനായിരുന്നു Judah Ben-Hur. അമ്മ മിറിയം, സഹോദരി തിർസ, യജമാനഭക്തിയുള്ള അടിമ സൈമോൻഡിസ് എന്നിവർക്കൊപ്പമായിരുന്നു ബെൻ-ഹറിന്റെ താമസം. സൈമോൻഡിസിന്റെ മകൾ എസ്‌തേറുമായി ബെൻ-ഹർ പ്രണയത്തിലാണ്. എന്നാൽ, മറ്റൊരാളുമായി അവളുടെ വിവാഹം ഉറപ്പിക്കുന്നു. ബെൻ-ഹറിന്റെ ബാല്യകാല സുഹൃത്തും റോമാക്കാരനുമായ മെസല ഇപ്പോഴൊരു ന്യായാധിപനാണ്. വർഷങ്ങൾക്കു മുൻപ് ജറുസലേമിൽ നിന്ന് പോയ മെസല ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നത് റോമൻ സൈന്യത്തിന്റെ മേധാവിയായിട്ടു കൂടിയാണ്. റോമാ സാമ്രാജ്യത്തിന്റെ ശക്തിയിൽ അയാൾ അടിയുറച്ചു വിശ്വസിക്കുന്നു. അതേ സമയം, ബെൻ-ഹർ ചിന്തിച്ചത് ജൂതജനതയുടെ സ്വാതന്ത്ര്യത്തെപ്പറ്റിയാണ്. ജുദായിലെ പുതിയ ഗവർണറായ വലേറിയസ് ഗ്രാറ്റ്‌സിന് വരവേൽപ്പ് നൽകുന്നതിനിടെ ബെൻ-ഹറിന്റെ വീടിന് മേൽക്കൂരയിൽ നിന്ന് ഒരു ഓട് അടർന്നു താഴേക്കു വീഴുന്നു. ഇതു കണ്ട് ഗ്രാറ്റ്‌സ് സഞ്ചരിച്ചിരുന്ന കുതിര പരിഭ്രാന്തനാകുന്നു. കുതിരപ്പുറത്തു നിന്ന് തെറിച്ചു വീഴുന്ന ഗ്രാറ്റ്‌സ് മരണാസന്നനാകുന്നു. ഇതു യാദൃച്ഛികമായി സംഭവിച്ചതാണെന്ന് അറിയാമായിരുന്നിട്ടു കൂടി മെസല ബെൻ-ഹറിനെ കുറ്റക്കാരനെന്ന് വിധിച്ച് കപ്പലിലും സഹോദരി മിറിയത്തിനെയും ടിർസയെയും ജയിലിലും തടവുകാരാക്കുന്നു. കൂട്ടുകാരനായിരുന്നിട്ടു കൂടി ബെൻ-ഹറിനെ തടവിലിട്ടതിന് പിന്നിൽ മെസലയ്ക്ക് മറ്റൊരു ഉദ്ദേശ്യമുണ്ടായിരുന്നു. ജൂതൻമാരുടെ ഇടയിലെ പ്രമുഖനെ തടവിലിടുന്നതിലൂടെ അവർക്കിടയിൽ ഭീതി പടർത്തുക എന്നതായിരുന്നു അത്. തടവിൽ കഴിഞ്ഞ ഓരോ നിമിഷവും ബെൻ-ഹറിൽ മെസലയോട് പ്രതികാരം ചെയ്യണമെന്ന വാശി വളർന്നു തുടങ്ങുന്നു. യുദ്ധക്കപ്പലിലെ മൂന്നുവർഷത്തെ അടിമവേലയ്ക്ക് ശേഷം ബെൻ-ഹറിനെ റോമൻ സൈന്യതലവനായ ക്വിന്റസ് അറിയസിന്റെ കപ്പലിലേക്ക് മാറ്റുന്നു. ഒരു സംഘം മാസിഡോണിയൻ കടൽകൊള്ളക്കാരെ തുരത്തുകയെന്ന് ലക്ഷ്യമിട്ടു പുറപ്പെട്ടതായിരുന്നു കപ്പൽ. ബെൻ-ഹറിന്റെ ആത്മാർപ്പണവും നിശ്ചയദാർഢ്യവും അറിയസിനെ ആകർഷിക്കുന്നു. ബെൻ-ഹറിന് മല്ലയുദ്ധത്തിനും തേരോട്ടത്തിനും പരിശീലനം നൽകാൻ അയാൾ തീരുമാനിക്കുന്നു. എന്നാൽ, ബെൻ-ഹർ ഇത് നിരസിക്കുന്നു. ദൈവം തനിക്ക് പ്രതികാരത്തിന് അവസരം തരുമെന്നാണ് അയാൾ വിശ്വസിച്ചിരുന്നു. മാസിഡോണിയൻ കടൽകൊള്ളക്കാരുമായുള്ള ഏറ്റുമുട്ടൽ നടക്കുമ്പോൾ ബെൻ-ഹറിനെ ഒഴിച്ച് ബാക്കിയുള്ള തുഴച്ചിൽകാരെയെല്ലാം തണ്ടോട് ചേർത്ത് ബന്ധിക്കാൻ അറിയസ് ഉത്തരവിടുന്നു. ഏറ്റുമുട്ടലിനിടെ അറിയസിന്റെ കപ്പൽ തകർന്ന് മുങ്ങാൻ തുടങ്ങുന്നു. ബെൻ-ഹർ ചുരുങ്ങിയ സമയം കൊണ്ട് ബന്ധനസ്ഥരായ തുഴച്ചിൽകാതെ മോചിപ്പിക്കുന്നു. ഒപ്പം അറിയസിനെയും രക്ഷിക്കുന്നു. റോമൻ സൈന്യം ഏറ്റുമുട്ടലിൽ പരാജയപ്പെട്ടുവെന്ന് തെറ്റിദ്ധരിച്ച് അറിയസ, റോമൻ പോരാളികളുടെ സംസ്‌കാരമനുസരിച്ച് വാൾ നെഞ്ചിൽ കുത്തിയിറക്കി ജീവനൊടുക്കാൻ അയാൾ തുനിയുന്നു. ബെൻ-ഹർ ഇതു തടയുന്നു. എല്ലാവരും രക്ഷപ്പെട്ടു. വിജയത്തിന്റെ ക്രെഡിറ്റ് ലഭിച്ചത് അറിയസിനായിരുന്നു. റോമൻ അധിപതിയായിരുന്ന ടിബേറിയസിനോട് ബെൻ-ഹറിനെ മോചിപ്പിക്കണമെന്ന് അറിയസ് അപേക്ഷിക്കുന്നു. മോചിതനായ ബെൻ-ഹറിനെ അയാൾ തന്റെ ദത്തുപുത്രനാക്കുന്നു. വർഷങ്ങൾ കടന്നു പോയി. ബെൻ-ഹർ വീണ്ടും സമ്പന്നനായി. അതിനൊപ്പം തന്നെ എല്ലാം തികഞ്ഞ ഒരു റോമൻ പോരാളിയും. തേരോട്ടത്തിൽ അയാളെ വെല്ലാൻ ആർക്കും കഴിയില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അപ്പോഴും ബെൻ-ഹറിന്റെ മനസ്സിൽ സ്വന്തം നാടും പ്രിയപ്പെട്ടവരുമായിരുന്നു. ഒടുക്കം, ബെൻ-ഹർ ജുഡായിലേക്ക് തിരികെപ്പോകുന്നു. വഴിയ്ക്ക് വച്ച് അയാൾ ബൾത്താസറിനെയും അറബ് ഷേക്ക് ആയ ഇഡറിമിനെയും കണ്ടുമുട്ടുന്നു. ബെൻ-ഹർ മികച്ച തേരോട്ടക്കാരനാണെന്ന് അറിയാമായിരുന്ന ഇഡറിം പുതിയ ജുദിയൻ ഗവർണർ പോണ്ടിയസ് പിലാത്തോസിന്റെ മുന്നിൽ നടക്കുന്ന തേരോട്ട മൽസരത്തിൽ നാലുകുതിരകൾ വലിക്കുന്ന തന്റെ തേരുമായി പങ്കെടുക്കാൻ അയാളോട് ആവശ്യപ്പെടുന്നു. മെസലയും മൽസരിക്കുന്നുണ്ട് എന്നറിയാമായിരുന്നിട്ടു കൂടി ബെൻ-ഹർ ഈ ആവശ്യം നിരസിക്കുന്നു. ബെൻ-ഹർ ജറുസലേമിൽ തിരിച്ചെത്തുന്നു. നേരത്തേ നിശ്ചയിച്ചിരുന്ന വിവാഹം നടക്കാതെ എസ്‌തേർ അവനായി കാത്തിരിക്കുന്നുണ്ടായിരുന്നു. ബെൻ-ഹർ മെസലയെ കണ്ട് തന്റെ അമ്മയെയും സഹോദരിയെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. മിറിയത്തിനും ടിർസയ്ക്കും തടവിൽ വച്ച് കു ഷ്ഠരോഗം ബാധിക്കുകയും അവരെ പട്ടണത്തിൽ നിന്ന് ഓടിച്ചു വിടുകയും ചെയ്തുവെന്ന് അറിയുന്നു. ഈ സ്ത്രീകളാകട്ടെ എസ്‌തേറിനോട് തങ്ങളുടെ അവസ്ഥ ബെൻ-ഹറിനെ അറിയിക്കരുതെന്ന് പറഞ്ഞിരുന്നു. അതിനാൽ തന്നെ അവർ മരിച്ചു പോയെന്ന് എസ്‌തേർ ബെൻ-ഹറിനെ ധരിപ്പിക്കുന്നു. ഇതോടെ മെസലയോട് പ്രതികാരം ചെയ്യുന്ന രീതി മാറ്റാൻ ബെൻ-ഹർ തീരുമാനിക്കുന്നു. അങ്ങനെ അയാൾ മെസലയ്ക്ക് എതിരേ തേരോട്ട മൽസരത്തിൽ പങ്കെടുക്കുന്നു. മൽസരത്തിൽ ഇരുചക്രത്തിലും മൂർച്ചയേറിയ ബ്ലേഡ് ഘടിപ്പിച്ച തേരുമായിട്ടാണ് മെസല എത്തിയത്. ഇതു പയോഗിച്ച് ബെൻ-ഹറിന്റെ തേര് തകർക്കാൻ അയാൾ ശ്രമിക്കുന്നു. എന്നാൽ, സ്വന്തം തേര് തകർന്ന് മെസലയ്ക്ക് മാരകമായി മുറിവേൽക്കുന്നു. ബെൻ-ഹർ മൽസരത്തിൽ ജയിക്കുന്നു. മരിക്കുന്നതിന് മുൻപ് മെസല ബെൻ-ഹറിനോട് ഇത്രമാത്രം പറഞ്ഞു. മൽസരം കഴിഞ്ഞിട്ടില്ല, നിനക്കു നിന്റെ കുടുംബത്തെ കുഷ്ഠരോഗികളുടെ താഴ്‌വരയിൽ കാണാം; നിനക്ക് അവരെ തിരിച്ചറിയാൻ കഴിയുമെങ്കിൽ മാത്രം. ബെൻ-ഹർ അവിടുത്തെ കുഷ്ഠരോഗികളുടെ കോളനി സന്ദശിക്കുന്നു. അമ്മയെയും സഹോദരിയെയും കണ്ടെത്തുന്നു. തന്റെ ദുരവസ്ഥയ്ക്ക് കാരണം റോമാ സാമ്രാജ്യമാണെന്ന് ബെൻ-ഹർ ഉറച്ചു വിശ്വസിക്കുന്നു. റോമൻ പൈതൃകവും പൗരത്വവും അയാൾ ഉപേക്ഷിക്കുന്നു. ടിർസ മരണത്തിലേക്ക് അടുക്കുകയാണെന്ന് മനസ്സിലാക്കിയ ബെൻ-ഹറും, എസ്‌തേറും അവളെയും അമ്മയെയും കൂട്ടി യേശുക്രിസ്തുവിനെ കാണാൻ പുറപ്പെടുന്നു. അപ്പോഴേക്കും പോണ്ടിയസ് പിലാത്തോസിന്റെ മുന്നിൽ ക്രിസ്തുവിന്റെ വിചാരണ തുടങ്ങിയിരുന്നു. അവിടെയെത്തിയ ബെൻ-ഹറിന് കാണാൻ കഴിഞ്ഞത് ക്രിസ്തുവിനെ കുരിശിലേറ്റുന്നതാണ്. തുടർന്ന് ശക്തമായി മഴ പെയ്യുന്നു. ആ മഴയിൽ മിറിയത്തിന്റെയും ടിർസയുടെയും രോഗം അത്ഭുതകരമായി സുഖപ്പെടുന്നിടത്ത് ബെൻ-ഹർ അവസാനിക്കുന്നു.

അണിയറ പ്രവർത്തകർ[തിരുത്തുക]

മാർലിൻ ബ്രാണ്ടോയ്ക്ക് വേണ്ടി നിശ്ചയിച്ചിരുന്ന ബെൻ-ഹറിനെ അവതരിപ്പിച്ചത് ചാൾട്ടൺ ഹെസ്റ്റണായിരുന്നു. അറിയസായി ജാക് ഹോക്കിൻസും എസ്‌തേറായി ഹയ ഹരാറീത്തും വേഷമിട്ടു. മെസലയെ സ്റ്റീഫൻ ബോയ്ഡ് ആണ് അവതരിപ്പിച്ചത്. ഷേക്ക് ഇഡറിമിനെ ഹ്യൂ ഗിഫിത്തും മിറിയത്തെ മാർത്ത സ്‌കോട്ടും ടിർസയെ കാത്തി ഒഡോണലും സിമോൺഡിസിനെ സാം ജേഫും മനോഹരമാക്കി. ഫ്രാങ്ക് ത്രിംഗായിരുന്നു പീലാത്തോസ്. ചിത്രത്തിലെ തേരോട്ടമൽസരം ചിത്രീകരിച്ചത് സെക്കൻഡ് യൂണിറ്റ് സംവിധായകരായ ആൻഡ്രൂ മാർട്ടണും യക്കിമ കാനട്ടും ചേർന്നായിരുന്നു. ഇതിനായി ജെറുസലേമിൽ 18 ഏക്കർ സ്ഥലത്ത് സെറ്റിട്ടു. 1 മില്യൺ ഡോളറാണ് ചെലവു വന്നത്. 1880 ൽ ല്യൂ വാലസ് എഴുതിയ ബെൻ-ഹറിന്റെ മൂലകഥയ്ക്ക് 550 പേജുണ്ടായിരുന്നു. നിർമ്മാണമേൽനോട്ടം നിർവഹിച്ച സിംബാലിസ്റ്റ് നോവൽ വെട്ടിമുറിച്ച് സിനിമയ്ക്ക് പറ്റുന്നതാക്കാൻ നിരവധി തിരക്കഥാകാരൻമാരെ നിയോഗിച്ചു. 12 തരത്തിലുള്ള തിരക്കഥയാണ് 1958 ലെ വസന്തകാലത്ത് തയ്യാറായത്. കാൾ ടൺബർഗായിരുന്നു അവസാനമെത്തിയ തിരക്കഥാകാരൻ. അദ്ദേഹം ക്രിസ്തുവിന്റെ കുരിശാരോഹണത്തിന് ശേഷമുള്ള നോവലിന്റെ ഭാഗം പൂർണമായും തിരക്കഥയിൽ നിന്ന് നീക്കി. ബെൻ-ഹറിന്റെ ശിഷ്ടകാലവും മരണവും ഉപയോഗിച്ചില്ല. സിംബാലിസ്റ്റിന് ഈ തിരക്കഥ തീരെ ഇഷ്ടമായില്ല. എഴുത്തിലെ പ്രായം സംവിധാനത്തിലും കുഴപ്പമുണ്ടാക്കി. സിഡ്‌നി ഫ്രാങ്ക്‌ളിനെ നീക്കി വില്യം വൈലർ സംവിധായകനായത് അങ്ങനെയാണ്. 1925 ൽ ഇറങ്ങിയ നിശ്ശബ്ദ ബെൻ-ഹറിന്റെ മുപ്പതിലധികം സഹസംവിധായകരിൽ ഒരാളായിരുന്നു വൈലർ. 1957 ൽ ബെൻ-ഹർ സംവിധാനം ചെയ്യാനുള്ള ഓഫർ തിരക്കഥ പോരാ എന്ന കാരണം പറഞ്ഞ് വൈലർ ആദ്യം നിരസിച്ചു. സിംബാലിസ്റ്റ് വൈലറെ ചില സ്‌റ്റോറി ബോർഡ് കാണിക്കുകയും തേരോട്ടം ചിത്രീകരിക്കാൻ എത്ര പണം വേണമെങ്കിലും ചിലവഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അങ്ങനെ മനസുമാറ്റി വൈലർ തിരിച്ചെത്തി. 1957 ൽ താര നിർണയം പൂർത്തിയാക്കി. വൻ ശമ്പളം കൊടുത്താൻ എം.ജി.എം വൈലറെ സംവിധായകനാക്കിയത്. 35,000 ഡോളറിന് പുറമേ ബോക്‌സ് ഓഫീസ് കലക്ഷന്റെ എട്ടുശതമാനമോ അന്തിമ വരുമാനത്തിന്റെമൂന്നുശതമാനമോ ഏതാണ് കൂടുതലെന്ന് വച്ചാൽ അതു നൽകാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.

പുരസ്‌കാരങ്ങൾ[തിരുത്തുക]

മികച്ച ചിത്രം, സംവിധായകൻ, നടൻ, സഹനടൻ, കലാസംവിധാനം, ഛായാഗ്രഹണം, വസ്ത്രാലങ്കാരം, സ്‌പെഷൽ എഫക്ട്‌സ്, ചിത്രസംയോജനം, സംഗീതം, സൗണ്ട് റെക്കോർഡിംഗ് എന്നിവയ്ക്കാണ് ബെൻ-ഹർ ഓസ്‌കർ നേടിയ്. മികച്ച ചിത്രം, സഹനടൻ, സംവിധായകൻ എന്നിവയ്ക്ക് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും നേടി. ചരിത്രവും സംസ്‌കാരവും ഇട കലർത്തി റോമാസാമ്രാജ്യത്തിന്റെ കഥ പറഞ്ഞ ഈ ചിത്രം ഹോളിവുഡിലെ എക്കാലത്തെയും മികച്ച ക്ലാസികുകളിൽ ഒന്നാണ്.


"https://ml.wikipedia.org/w/index.php?title=ബെൻഹർ&oldid=3090557" എന്ന താളിൽനിന്ന് ശേഖരിച്ചത്