ബാബു ദിവാകരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാബു ദിവാകരൻ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും എട്ട്, പത്ത്, പതിനൊന്ന് നിയമ സഭകളിലെ അംഗവുമായിരുന്നു ബാബു ദിവാകരൻ (ജനനം: 5 നവംബർ 1952). പതിനൊന്നാം നിയമ സഭയിലെ നിയമ വകുപ്പ് മന്ത്രിയുമായിരുന്നു

ജീവിതരേഖ[തിരുത്തുക]

ആർ.എസ്.പി.-യുടെ പ്രമുഖ നേതാവും മുൻ മന്ത്രിയുമായിരുന്ന ടി.കെ. ദിവാകരന്റെയും ദേവയാനിയുടെയും മകനായി കൊല്ലത്തു ജനിച്ചു. എൽ.എൽ.ബി ബിരുദധാരി. ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റായിരുന്നു.[1] 1987-ൽ എൽ.ഡി.എഫ്. ഘടകകക്ഷിയായ ആർ.എസ്.പി.-യുടെ സ്ഥാനാർത്ഥിയായി കൊല്ലം മണ്ഡലത്തിൽ മത്സരിച്ച ബാബു ദിവാകരൻ ആർ.എസ്.പി.(എസ് )യിലെ കടവൂർ ശിവദാസനെ 12,722 വോട്ടിനു പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി.[2] പിന്നീട് കോൺഗ്രസ്സിൽ ചേർന്ന കടവൂർ ശിവദാസൻ 1991-ലെ തിരഞ്ഞെടുപ്പിൽ ബാബു ദിവാകരനെ പരാജയപ്പെടുത്തി.1996-ൽ വീണ്ടും കടവൂർ ശിവദാസനെ തോല്പിച്ച് ബാബു ദിവാകരൻ നിയമസഭാംഗമായി.

ആർ.എസ്.പി.യിലെ പിളർപ്പിനെ തുടർന്ന് ബേബി ജോൺ നേതൃത്വം നൽകിയ ആർ.എസ്.പി.(ബി) വിഭാഗത്തോടൊപ്പമാണ് ബാബു ദിവാകരൻ നിലകൊണ്ടത്. 2001-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്.-ന്റെ ഭാഗമായി മത്സരിച്ച ആർ.എസ്.പി.(ബി)-യുടെ കൊല്ലം മണ്ഡലത്തിലെ സ്ഥാനാർത്ഥി ബാബു ദിവാകരനായിരുന്നു. തൊട്ടടുത്ത എതിർസ്ഥാനാർത്ഥി ആർ.എസ്.പി.യിലെ പ്രൊഫ. കല്ലട വിജയത്തിനെ 12,275 വോട്ടിന്റെ വ്യത്യാസത്തിൽ തോല്പിച്ച് അദ്ദേഹം ആന്റണി മന്ത്രിസഭയിൽ അംഗമായി. എന്നാൽ ബേബി ജോണിന്റെ മകനും ആർ.എസ്.പി(ബി)യിലെ മറ്റൊരു എം.എൽ.എ-യുമായിരുന്ന ഷിബു ബേബിജോണുമായി പിന്നീട് മന്ത്രിസ്ഥാനത്തെച്ചൊല്ലിയുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ കാരണം സ്വന്തം നിലയിൽ ആർ.എസ്.പി (എം) എന്ന പുതിയ പാർട്ടി രൂപീകരിക്കുകയുണ്ടായി. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം കൊല്ലം മണ്ഡലത്തിൽ പി.കെ.ഗുരുദാസനോട് പരാജയപ്പെട്ടു . 2008 നവംബർ 16-ന് ആർ.എസ്.പി (എം) മുലായം സിങ്ങിന്റെ സമാജ്‌വാദി പാർട്ടിയിൽ ലയിച്ചതോടെ യു.ഡി.എഫുമായുള്ള ബന്ധം മുറിഞ്ഞു. സമാജ്‌വാദി പാർട്ടിയായി തനിച്ചുനിന്ന് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ബോധ്യമായതോടെ ആർ.എസ്.പി. (എം) പുനരുജ്ജീവിപ്പിക്കാൻ ബാബു ദിവാകരനും കൂട്ടരും തീരുമാനിക്കുകയും 2009 ആഗസ്ത് 17-ന് സമാജ്‌വാദി പാർട്ടി വിടുകയും ചെയ്തു. 2011-ൽ ബാബു ദിവാകരൻ കോൺഗ്രസ്(ഐ)-ൽ ചേർന്നു.[3]

അവലംബം[തിരുത്തുക]

  1. http://www.niyamasabha.org/codes/members/m055.htm
  2. "കൊല്ലം നിയമസഭാമണ്ഡലം: എട്ടുതവണ യു.ഡി.എഫ്. ; അഞ്ചുപ്രാവശ്യം എൽ.ഡി.എഫ്.". മാതൃഭൂമി(പാർലമെന്റ് ഇലക്ഷൻ-2009 താൾ). ഏപ്രിൽ-മേയ്, 2009. ശേഖരിച്ചത് മാർച്ച് 14, 2012. 
  3. "ബാബു ദിവാകരൻ കോൺഗ്രസിൽ ചേർന്നു". മാതൃഭൂമി. ഫെബ്രുവരി 22, 2011. ശേഖരിച്ചത് മാർച്ച് 14, 2012. 
"http://ml.wikipedia.org/w/index.php?title=ബാബു_ദിവാകരൻ&oldid=1765983" എന്ന താളിൽനിന്നു ശേഖരിച്ചത്