ബട്ടര്‍ഫ്ലൈ ഇഫക്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബട്ടര്‍ഫ്ലൈ ഇഫക്ടിനെ കുറിക്കുന്ന ഒരു ഗ്രാഫ്

കയോസ് സിദ്ധാന്തത്തിലെ 'പ്രാരംഭ വ്യവസ്ഥകളിന്മേല്‍ ചില അരേഖീയ വ്യൂഹങ്ങള്‍ക്കുണ്ടാവുന്ന സൂക്ഷ്മമായ ആശ്രയത്വം' എന്ന സാങ്കേതിക സങ്കല്പത്തെ ലളിതമായി വിശദീകരിക്കുന്ന ഒരു പദമാണ്‌ ചിത്രശലഭ പ്രഭാവം അഥവാ ബട്ടര്‍ഫ്ലൈ ഇഫക്ട്.

ഒരു ചലന വ്യൂഹത്തിലെ പ്രാഥമിക ഘട്ടത്തിലുള്ള കൊച്ചു വ്യതിയാനങ്ങള്‍ പോലും ദീര്‍ഘകാലയളവിലുള്ള ആ ചലനവ്യൂഹത്തിന്റെ സ്വഭാവഘടനയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ്‌ ബട്ടര്‍ഫ്ലൈ ഇഫക്ട് സിദ്ധാന്തിക്കുന്നത്.സങ്കീര്‍ണ്ണ സ്വാഭാവമുള്ളതാണങ്കിലും ലളിതമായ ചലന പ്രകിയയുടെ ഉദാഹരണത്തിലൂടെ ഇത് വിശദീകരിക്കാന്‍ കഴിയും. ഒരു കുന്നിന്റെ മുകളില്‍ നിന്ന് താഴേക്ക് പതിക്കുന്ന പന്തിന്റെ ഗതിവിഗതികള്‍ ആ പന്തിന് കുന്നിന്റെ മുകളിലുള്ള തീരെച്ചെറിയ സ്ഥാന വ്യതിയാനങ്ങളെപ്പോലും അനുസരിച്ച് മാറിക്കൊണ്ടിരിക്കും‌. സമയ സഞ്ചാരം പോലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചില കഥകളില്‍ ഈ വിഷയം സാധാരണമായി കടന്നു വരാറുണ്ട്.

[തിരുത്തുക] ഉത്ഭവം

പത്തൊമ്പതാം നൂറ്റാണ്ടില്‍ ഹെന്റ്റി പൊങ്കാറേ എന്ന ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞന്‍ 'മൂന്നു വസ്തുക്കളുടെ ചലനം' എന്ന പ്രസിദ്ധമായ ഗണിത സമസ്യയില്‍ നടത്തിയ പഠനങ്ങളാണ് ബട്ടര്‍ഫ്ലൈ ഇഫക്റ്റിന്റെ സൂചനകള്‍ ആദ്യം നല്‍കിയത്. എങ്കിലും ഗണിതഭാഷയുടെ സാങ്കേതികതകളില്‍ കുരുങ്ങി ഇത് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് 1960-കളുടെ തുടക്കത്തില്‍ എഡ്വേര്‍ഡ് ലോറന്‍സ് എന്ന കാലാവസ്ഥാ ശാസ്ത്രജ്ഞനാണ്‌ ബട്ടര്‍ഫ്ലൈ ഇഫക്റ്റിനെ വീണ്ടും ശാസ്ത്രശ്രദ്ധയില്‍ കൊണ്ടു വന്നത്. എങ്കിലും ഈ പദം ജനകീയമാക്കിയത് ജെയിംസ് ഗ്ലെക‌ എന്ന എഴുത്തുകാരനാണ്‌. ഒരു കാലാവസ്ഥാ പ്രവചനത്തിനായി അക്കങ്ങള്‍ തമ്മിലുള്ള കണക്കുകൂട്ടലുകളില്‍ ഒരിക്കല്‍ ലോറന്‍സ് 0.506127 എന്നതിന്‌ പകരം 0.506 എന്ന് മാത്രം കൊടുത്തു. പക്ഷേ ഈ ഘട്ടത്തില്‍ കമ്പ്യൂട്ടര്‍ കാണിച്ച കാലാവസ്ഥാ പ്രവചനം അമ്പരപ്പിക്കുന്ന രീതിയില്‍ തികച്ചും വ്യത്യസ്തമായിരുന്നു. പ്രാരംഭ വ്യവസ്ഥകളിലെ തീരെ ചെറിയ മാറ്റങ്ങള്‍ പ്രവചനത്തിലുണ്ടാക്കിയ വലിയ വ്യത്യാസം അദ്ദേഹം നിരീക്ഷിച്ചു. തന്റെ കണ്ടത്തെലുകള്‍ ന്യൂയോര്‍ക്ക് അക്കാദമി ഓഫ് സയന്‍സിനുവേണ്ടി സമര്‍പ്പിച്ച ഗവേഷണ പ്രബന്ധത്തില്‍ ലോറന്‍സ് വിശദീകരിച്ചു. അദ്ദേഹം എഴുതി: "ഈ സിദ്ധാന്തം ശരിയാണങ്കില്‍ ഒരു കടല്‍കാക്കയുടെ ചിറകടി, കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും" പിന്നീട് കടല്‍കാക്ക എന്നതിന്‌ പകരം കുറേക്കൂടി കാവ്യാത്മകമായ ചിത്രശലഭം എന്ന് ഉപയോഗിക്കുകയായിരുന്നു.1972 ലെ അമേരിക്കന്‍ അസോസിയേഷന്‍ അഡ്വന്‍സ്‌മെന്റ് ഓഫ് സയന്‍സിന്റെ ഒരു സമ്മേളനത്തില്‍ ലോറന്‍സ് നടത്തേണ്ട പ്രഭാഷണത്തിന്റെ തലക്കെട്ട് കിട്ടാതെ കുഴങ്ങിയപ്പോള്‍ ഫിപി മെറിലീസ് കണ്ടത്തിയ തലക്കെട്ട് ഇതായിരുന്നു: "ബ്രസീലിലുള്ള ഒരു ചിത്രശലഭത്തിന്റെ ചിറകടി ടെക്‌സാസില്‍ ടൊര്‍ണാഡൊക്ക് ഇടവരുത്തുമോ?"

[തിരുത്തുക] പുറം കണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം