ഫ്രെഡറിക് ക്രിസ്റ്റോഫ് ഡാൽമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രെഡറിക് ക്രിസ്റ്റോഫ് ഡാൽമൻ

ജർമനിയിലെ രാഷ്ട്രീയ നേതാവും ചരിത്രകാരനുമായിരുന്നു ഫ്രെഡറിക് ക്രിസ്റ്റോഫ് ഡാൽമൻ. ജർമനിയുടെ ഏകീകരണത്തിനുവേണ്ടി ഇദ്ദേഹം നിരന്തരം പ്രവർത്തിച്ചിരുന്നു. 1785 മേയ് 13-ന് ജർമനിയിലെ വിസ്മർ നഗരത്തിൽ ജനിച്ചു. കോപ്പൻഹേഗനിലും ഹാലി(Halle)യിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ജർമനിയിൽ 1806-ലെ നെപ്പോളിയാനിക് യുദ്ധങ്ങൾക്കെതിരായി പ്രതികരിച്ച ഇദ്ദേഹം ഒരു ദേശീയവാദിയായി അംഗീകാരം നേടി. 1812 മുതൽ 29 വരെ ഷെൽസ്വിഗിലെ കീൽ സർവകലാശാലയിൽ ചരിത്രവിഭാഗം പ്രൊഫസറായി ഡാൽമൻ സേവനമനുഷ്ഠിച്ചു. 1829-ൽ ഗോട്ടിങ്ങൻ സർവകലാശാലയിൽ എത്തിയ ഇദ്ദേഹം 1833-ലെ ഹാനോവർ ഭരണഘടന തയ്യാറാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയുണ്ടായി. ഏണസ്റ്റ് അഗസ്റ്റസ് രാജാവ് 1837-ൽ ഈ ഭരണഘടന ഉപേക്ഷിച്ചപ്പോൾ ഇദ്ദേഹം ഏഴു ഗോട്ടിങ്ങൻ പ്രൊഫസർമാരെ സംഘടിപ്പിച്ചുകൊണ്ട് പ്രതിഷേധിക്കുകയും അതോടെ ബഹുജനങ്ങൾക്കിടയിൽ ശ്രദ്ധേയനായിത്തീരുകയുമുണ്ടായി. തുടർന്ന് ഹനോവറിൽ നിന്നും പുറത്താക്കപ്പെട്ട ഡാൽമൻ കുറേക്കാലം കിഴക്കൻ ജർമനിയിലുളള ലീപ്സിഗിലും ജീനയിലും കഴിഞ്ഞുകൂടി. പിന്നീട് പ്രഷ്യയിലെ ഫ്രഡറിക് വില്യം കഢ ഇദ്ദേഹത്തെ ബോൺ സർവകലാശാലയിലെ പ്രൊഫസറായി 1842-ൽ നിയമിച്ചു. 1848-ൽ ഫ്രാങ്ക്ഫർട്ട് പാർലമെന്റിൽ ഇദ്ദേഹം അംഗമായി. പാർലമെന്റ് പരാജയപ്പെട്ടതിനെത്തുടർന്ന് അംഗത്വം നഷ്ടപ്പെട്ടപ്പോൾ ബോണിൽ അധ്യാപനത്തിലേക്കു മടങ്ങി. പിന്നീട് പ്രഷ്യൻ പാർലമെന്റിലും (1849-50) യൂണിയൻ പാർലമെന്റിലും (1850) അംഗമാകുവാൻ സാധിച്ചു.

ഒരു യാഥാസ്ഥിതിക ദേശീയവാദിയായിട്ടാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. എഡ്മണ്ട് ബർക്കിന്റേയും ഹെഗലിന്റേയും ആശയങ്ങൾ ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്താഗതിയെ സ്വാധീനിച്ചിട്ടുളളതായി കാണാം. ഭരണഘടനാനുസൃതമായ രാജഭരണത്തെ അനുകൂലിച്ചിരുന്ന നേതാവായിരുന്നു ഇദ്ദേഹം. ഹിസ്റ്ററി ഒഫ് ദി ഇംഗ്ലീഷ് റവല്യൂഷൻ (Geschichte der englischen Revolution 1844)[1] ഹിസ്റ്ററി ഒഫ് ദ് ഫ്രെഞ്ച് റവല്യൂഷൻ (Geschichte der franzosischen Revolution 1845)[2] തുടങ്ങിയ ചരിത്രഗ്രന്ഥങ്ങൾ ഡാൽമൻ രചിച്ചിട്ടുണ്ട്. 1860 ഡിസംബർ 5-ന് ബോണിൽ നിര്യാതനായി.

അവലംബം[തിരുത്തുക]

  1. http://archive.org/stream/geschichtedereng00dahluoft#page/8/mode/2up Geschichte der englischen Revolution : Dahlmann, F. C. (Friedrich
  2. http://archive.org/stream/geschichtederfra00dahluoft#page/n3/mode/2up Geschichte der französischen Revolution bis auf die Stiftung der

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡാൽമൻ, ഫ്രെഡറിക് ക്രിസ്റ്റോഫ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.