ഫിലോക്കാളിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഫിലോകാളിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൗരസ്ത്യ ഓർത്തഡോക്സ് സഭയിലെ ഹെസിക്കാസപാരമ്പര്യത്തിൽ പെട്ട മനീഷികൾ 4 മുതൽ 15 വരെ നൂറ്റാണ്ടുകളിൽ സൃഷ്ടിച്ച രചനകളുടെ ഒരു സമാഹാരമാണ് ഫിലോക്കാളിയ.[1] ഗ്രീക്കു ഭാഷയിൽ ഫിലോക്കാളിയ എന്ന പേരിനർത്ഥം "സുന്ദരമായതിനോടുള്ള സ്നേഹം" (Love of the Beautiful) എന്നാണ്. സന്യാസികൾക്കു ധ്യാനാത്മകജീവിതത്തിൽ പ്രബോധനവും മാർഗ്ഗദർശനവും നൽകാൻ വേണ്ടി എഴുതപ്പെട്ടവയാണ് ഇതിലെ രചനകളെല്ലാം. പതിനെട്ടാം നൂറ്റാണ്ടിൽ ആഥോസ് മലയിൽ വിശുദ്ധ നിക്കദേമോസും കൊറീന്തിലെ മക്കാറിയോസും ചേർന്നാണ് ഈ സമാഹാരം സൃഷ്ടിച്ചത്.

പൗരസ്ത്യ ഓർത്തഡോക്സ് ക്രിസ്തീയതയുടെ സന്യാസപാരമ്പര്യത്തിൽ ഈ രചനകൾ സ്വതന്ത്രരൂപത്തിൽ മുന്നേ പ്രചരിച്ചിരുന്നെങ്കിലും, ഫിലോകാളിയായിലെ സമാഹരണവും, തുടർന്നു വിവിധഭാഷകളിലുണ്ടായ പരിഭാഷകളും അവയ്ക്ക് വ്യാപകമായ പ്രചാരം നേടിക്കൊടുത്തു. 1793-ൽ ഈ സമാഹാരത്തിന്റെ കാതലായ ഭാഗങ്ങൾ, പൈസിയസ് വെലിച്ച്കോവ്സ്കി 'സഭാസ്ലാവോണിക' ഭാഷയിലേക്കു (Church Slavonic) പരിഭാഷപ്പെടുത്തി. ഇഗ്നാത്തിയൂസ് ബ്രിയാഞ്ചൈനിനോവിന്റെ റഷ്യൻ പരിഭാഷ 1857-ലും, അഞ്ചു വാല്യങ്ങളായി "ഏകാന്തവാസി തിയോഫാൻ" (Theophan the Recluse) നിർവഹിച്ച മറ്റൊരു റഷ്യൻ പരിഭാഷ 1877-ലും പ്രസിദ്ധീകരിക്കപ്പെട്ടു. തുടർന്ന് ഈ റോമേനിയൻ, ഇറ്റാലിയൻ, ഫ്രെഞ്ചു ഭാഷകളിലും ചെന്നെത്തി.

പൗരസ്ത്യ ഓർത്തഡോക്സ് സഭകളുടെയെല്ലാം മുഖ്യ ആത്മീയഗ്രന്ഥം ഈ കൃതിയാണ്. ബൈബിൾ കഴിഞ്ഞാൻ ഈ സഭകളുടെ ആധുനികചരിത്രത്തെ ഇത്രയധികം സ്വാധിച്ചിച്ച മറ്റൊരു രചനയുമില്ല. വിശുദ്ധ ബേസിലും ഗ്രിഗരി നസിയാൻസസും ചേർന്നു സൃഷ്ടിച്ച ഒരിജന്റെ രചനകളുടെ സമാഹാരത്തിനും 'ഫിലോക്കാലിയ' എന്നു പേരുണ്ട്. സന്യാസാത്മീയതയിൽ ഇതേ പേരുള്ള മറ്റു രചനകളുമുണ്ട്.

സുന്ദരവും ഉദാത്തവും ഉത്തമവുമായതിനോട്, അഥവാ ജീവന്റെ ആതീന്ദ്രിയമായ ഉറവിടത്തോടുള്ള പ്രേമമെന്നാണ് ഫിലോക്കാളിയ നിർവചിക്കപ്പെട്ടിരിക്കുന്നത്. ധ്യാനപ്രാർത്ഥനയിൽ മനസ്സ്, സമസ്തചരാരചരങ്ങളുടേയും ഉണ്മയുടെ സ്രോതസ്സായ ദൈവത്തിന്റെ സാന്നിദ്ധ്യബോധത്തിൽ ലീനമാകുന്നു. ഫിലോക്കാളിയയിൽ ഉൾപ്പെടുത്തപ്പെട്ട ലിഖിതങ്ങൾക്ക് ഈ സാധനയുടെ മാർഗ്ഗദർശനപാഠങ്ങളാകാനുള്ള യോഗ്യതയെന്തെന്നു വിശദീകരിക്കുന്ന ഇതിന്റെ ഇംഗ്ലീഷ് പരിഭാഷകരായ കല്ലിസ്തോസ് വേറും, ജി.ഇ.ച്ച്. പാൽമറും, ഫിലിപ്പ് ഷെറാർഡും "...വിശുദ്ധിയുടെ മുഖമുദ്രയായ ജാഗ്രതവസ്ഥയുടെ പ്രാപ്തിക്കുതകും വിധമുള്ള ശ്രദ്ധാബോധങ്ങളുടെ ഉണർച്ചയിലും വികസനത്തിലും അവ വഴികാട്ടിയാവുന്നു" എന്നു പറയുന്നു. ഫിലോക്കാളിയയിലെ ലേഖകന്മാരുടെ അഭിപ്രായത്തിൽ അവരുടെ വിഷയം കേവലം അറിവോ മനഃശുഷ്കാന്തിയോ അല്ല. വിദ്യകളുടെ വിദ്യയും ശാസ്ത്രങ്ങളുടെ ശാസ്ത്രവുമാണത്. മനഃഹൃദയങ്ങളുടെ മൗലികപരിവർത്തനത്തിലൂടെ മനുഷ്യനെ അവന്റെ ഉണ്മയുടെ അദൃശ്യഘടകത്തിന്റെ വികസനത്തിലൂടെ, പരമോന്നത സാദ്ധ്യതയായ ആത്മീയസാക്ഷാത്കാരത്തിലേക്കും ദൈവസംയോഗത്തിലേക്കും അതു നയിക്കുന്നു.[2]

അവലംബം[തിരുത്തുക]

  1. കലിസ്തോസ് വേയറും ഫിലിപ്പ് ഷെറാർഡും ചേർന്നു നിർവഹിച്ച (1979). ഫിലോക്കാളിയയുടെ സമ്പൂർണ്ണ ഇംഗ്ലീഷ് പരിഭാഷ. London: Faber. p. 10. ISBN 0-571-13013-5.
  2. Ware (1979), p. 13.
"https://ml.wikipedia.org/w/index.php?title=ഫിലോക്കാളിയ&oldid=2664715" എന്ന താളിൽനിന്ന് ശേഖരിച്ചത്