ജേക്കബ് ഏറനാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഫാ. ജേക്കബ് ഏറനാട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എഴുത്തുകാരൻ, പത്രാധിപർ, പ്രഭാഷകൻ, സംഘാടകൻ എന്നി നിലകളിൽ കേരളത്തിലെ കത്തോലിക്കാസഭക്കു ഗണ്യമായ സംഭാവനകൾ നൽകിയ ഒരു വൈദികനായിരുന്നു ജേക്കബ് ഏറനാട്ട് (ജനനം 1929 ജനുവരി 20 [1]; മരണം 2013 ജൂൺ 21). മലബാർ മെയിൽ ദിനപത്രത്തിന്റെ പത്രാധിപരും മാനേജരുമായിരുന്നു.[2] സീറോ മലബാർ സഭയുടെ കുർബാനക്രമം ഉൾപ്പെടെ ആരാധനാ ക്രമവത്സരത്തിലെ വിവിധ പ്രാർഥനകളും ഗാനങ്ങളും തയ്യാറാക്കുന്നതിൽ പങ്കുവഹിച്ച ഇദ്ദേഹം, അൻപതോളം ഗ്രന്ഥങ്ങളുടെ കർത്താവാണ്. [1] പ്രഗല്ഭനായ സംഘാടകനായിരുന്ന ഏറനാട്, ദൈവമാതാവിനോടുള്ള ഭക്തിയിലൂന്നിയ കത്തോലിക്കാ യുവജനപ്രസ്ഥാനമായ മരിയൻ സോഡാലിറ്റിയെ[൧] കേരളത്തിൽ വളർത്തിയെടുക്കുന്നതിൽ മുൻകൈയ്യെടുത്തു.[3] ഏറെക്കാലം അദ്ദേഹം കേരളത്തിലെ പ്രഥമ കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിലിന്റെ സെക്രട്ടറിയായും സേവനമനുഷ്ടിച്ചു. എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ഫാ. ജേക്കബ് ഏറനാട്ടിനു വൈദികരത്നം പദവി നൽകി ആദരിച്ചു. സീറോ മലബാർ സഭാ സിനഡാണ് അവാർഡ് നൽകിയത്.[4]

പത്രാധിപർ, ചിന്തകൻ, സഭാ സ്ഥാപനങ്ങളുടെ ഭരണകർത്താവ് തുടങ്ങി ഭിന്ന മേഖലകളിൽ തിളങ്ങി. ചേർത്തലയിലെ പാലൂത്തറ സ്വദേശി. കത്തോലിക്കാ വാരികയായ സത്യദീപത്തിൽ 27 വർഷം ജെം എന്നപേരിൽ വാരാന്തചിന്തകൾ എഴുതി. എറണാകുളം മിസം മാസികയുടെ എഡിറ്ററായിരുന്നു. കുടുംബപ്രാർഥനയ്ക്കുവേണ്ടി ഒട്ടേറെ പുസ്തകങ്ങൾ രചിച്ചു. എട്ടുവർഷം എറണാകുളം രൂപതയുടെ കീഴിലുള്ള ലിസി ആശുപത്രിയുടെ ജോയിന്റ് ഡയറക്ടറായിരുന്നു. 15 വർഷം അവിടെ ആധ്യാത്മിക ഗുരുവായും സേവനമനുഷ്ഠിച്ചു. കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിലിന്റെ സെക്രട്ടറി സ്ഥാനം രണ്ടു പതിറ്റാണ്ടും എറണാകുളം അതിരൂപതയുടെ ചാൻസലർ പദവി അഞ്ചു വർഷവും വഹിച്ചു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഇന്ത്യാ സന്ദർശനവേളയിൽ സിറോ മലബാർ സഭയ്ക്കുവേണ്ടി സംഘാടക സമിതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടത്തി. കളമശേരിയിലെ പേപ്പൽ വേദി മുതൽ വാഹന പാർക്കിങ് വരെ ഒരുക്കിയത് അദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു. വൈക്കം നഗരമദ്ധ്യത്തിൽ നടേൾപള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐടിസി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് എന്നിവയുടെ സ്ഥാപനത്തിലും അദ്ദേഹം മുൻകൈയ്യെടുത്തു.

കുറിപ്പുകൾ[തിരുത്തുക]

^ പിൽക്കാലത്ത് ഈ സംഘടന ക്രൈസ്തവജീവിത സമൂഹം (ക്രിസ്ത്യൻ ലൈഫ് കമ്മ്യൂണിറ്റി - സി.എൽ.സി.) എന്നു പേരു മാറ്റി.

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 ഫാദൻ ജേക്കബ് ഏറണാട്ട്, ദൈവികജ്ഞാനത്തിന്റെ ആചാര്യൻ[പ്രവർത്തിക്കാത്ത കണ്ണി], കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി കത്തോലിക്കാ വാരികയായ സത്യദീപത്തിന്റെ 2013 ജൂലൈ അഞ്ചിലെ പതിപ്പിൽ എഴുതിയ ലേഖനം
  2. "മുതിർന്ന പത്രാധിപൻമാരെ ആദരിക്കും". മാതൃഭൂമി. 03 Feb 2013. Archived from the original on 2013-07-03. Retrieved 2013-07-03. {{cite news}}: Check date values in: |date= (help)
  3. ഫാദർ ജേക്കബ് ഏറണാട്ട് : നൂറുമേനി വിളയിച്ച ആത്മീയ കർഷകൻ[പ്രവർത്തിക്കാത്ത കണ്ണി], ജസ്റ്റിസ് കുര്യൻ ജോസഫ് (സുപ്രീം കോടതി) 2013 ജൂലൈ അഞ്ചിലെ സത്യദീപത്തിൽ എഴുതിയ ലേഖനം
  4. "ഫാ. ജേക്കബ് ഏറനാട്ടിനു വൈദികരത്നം; മോൺ. വെള്ളാനിക്കലിനു മല്പാൻ സ്ഥാനം". The Syro-Malabar Church Internet Mission. Archived from the original on 2013-07-03. Retrieved 2013-07-03.
"https://ml.wikipedia.org/w/index.php?title=ജേക്കബ്_ഏറനാട്ട്&oldid=3911577" എന്ന താളിൽനിന്ന് ശേഖരിച്ചത്