ഫാത്തിമ മാതാ നാഷണൽ കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫാത്തിമ മാതാ നാഷണൽ കോളേജ്

ആദർശസൂക്തം PER MATREM PRO PATRIA
സ്ഥാപിതം 1951
വിഭാഗം/തരം ഉന്നത വിദ്യാഭ്യാസ മേഖല
പ്രിൻസിപ്പാൾ Dr. Sr. സൂസമ്മ കാവുംപുറത്ത്
സ്ഥലം കൊല്ലം, കേരളം
Acronym FMNC
വെബ്‌സൈറ്റ് www.fatimacollege.net

കേരളത്തിലെ പ്രമുഖ കലാലയങ്ങളിലൊന്നാണ് കൊല്ലം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഫാത്തിമ മാതാ നാഷണൽ കോളേജ്. കേരള സർ‌വകലാശാലയുടെ കീഴിലുള്ള ഈ കലാലയം റോമൻ കത്തോലിക്ക സഭയുടെ കൊല്ലം രൂപതയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു. കൊല്ലം ജില്ലയിൽ നാക് അംഗീകാരം നേടിയ ആദ്യ കലാലയമാണിത്.[1]

തുടക്കവും വളർച്ചയും[തിരുത്തുക]

കൊല്ലം രൂപതയുടെ ആദ്യ തദ്ദേശീയ ബിഷപ്പായിരുന്ന ഡോ. ജെറോം.എം. ഫെർണാണ്ടസ് 1951-ൽ ഈ കലാലയത്തിന് തുടക്കമിട്ടു. 1952 ഡിസംബർ 29-ന് ഇന്ത്യയിലെ പേപ്പൽ പ്രതിനിധിയായിരുന്ന കർദ്ദിനാൾ നോർമൻ തോമസ് ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. സാമ്പത്തിക ശാസ്ത്രം, കൊമേഴ്സ്, ജന്തുശാസ്ത്രം എന്നീ ബിരുദകോഴ്സുകളുടെ ആരംഭത്തോടെ ഫസ്റ്റ് ഗ്രേഡ് കോളേജ് സ്ഥാനത്തേക്കുയർന്നു. തുടർന്ന് സസ്യശാസ്ത്രം,രസതന്ത്രം, ഗണിതശാസ്ത്രം, ഊർജ്ജതന്ത്രം എന്നിവയുടെയും ബിരുദകോഴ്സുകളും ആരംഭിച്ചു.

1961-ൽ ജന്തുശാസ്ത്രം, കൊമേഴ്സ് എന്നിവയുടെ ബിരുദാനന്തര ബിരുദ കോഴ്സുകളും 1964, 1965 വർഷങ്ങളിൽ ഊർജ്ജതന്ത്രം, ജന്തുശാസ്ത്രം, സാമ്പത്തികശാസ്ത്രം, ഇംഗ്ലീഷ് എന്നീ ബിരുദാനന്തര ബിരുദങ്ങളും ആരംഭിച്ചു. 1993-ൽ പോളിമർ കെമിസ്ട്രിയിൽ ബിരുദ പഠനം ആരംഭിച്ചപ്പോൾ ഈ സൗകര്യം ലഭ്യമായ കേരള സർവ്വകലാശാലയിലെ ആദ്യ കലാലയമായിരുന്നു ഫാത്തിമ മാതാ കോളേജ്. [2] തുടർന്നുള്ള വർഷങ്ങളിൽ രസതന്ത്രം, ഗണിതശാസ്ത്രം, മലയാളം തുടങ്ങിയ വിഷയങ്ങളിലും ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിച്ചു. 2001-ൽ നാക് അംഗീകാരം നേടി. 2004-ൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.ബി.എ പഠനസൗകര്യങ്ങളും ആരംഭിച്ചു.

പൊതുവിവരങ്ങൾ[തിരുത്തുക]

ഇപ്പോൾ ഈ കോളേജിൽ 11 ബിരുദ, 9 ബിരുദാനന്തര ബിരുദ, 4 ഗവേഷണ കോഴ്സുകൾക്ക് പുറമേ 12 തൊഴിലധിഷ്ഠിത സ്വാശ്രയ കോഴ്സുകളും നടത്തപ്പെടുന്നു.പാഠ്യേതര മേഖലയിലും മികവു പുലർത്തുന്ന ഈ കലാലയത്തിൽ രാജ്യാന്തര നിലവാരത്തിലുള്ള ഹോക്കി, ഫുട്‌ബോൾ, ബാസ്‌ക്കറ്റ് ബോൾ സ്റ്റേഡിയങ്ങളുണ്ട്.[1]

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

അധ്യാപകരുടെ നേതൃത്വത്തിലുള്ള 'ഫാത്തിമ റിസേർച്ച് ജേണൽ' 2001 മുതലുള്ള പ്രതിവർഷപ്രസിദ്ധീകരണമാണ്. ഇംഗ്ലീഷ് വിഭാഗത്തിൽ നിന്ന് 'വിഷൻ' മലയാള വിഭാഗത്തിൽ നിന്ന് 'കലിക' എന്നീ മാസികകൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രസിദ്ധീകരണങ്ങളാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "അറുപതിന്റെ നിറവ്; ഫാത്തിമ കോളേജ് ആഘോഷത്തിലേക്ക്". മലയാള മനോരമ. മാർച്ച് 02, 2012. 
  2. http://www.fatimacollege.net/history.htm