പ്ലാസിബോ പ്രതിഭാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രോഗത്തിനോ മറ്റ് ശാരീരികവൈഷമ്യങ്ങൾക്കോ ശരിയായ ചികിത്സയ്ക്ക് പകരം ചികിത്സയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സമ്പ്രദായങ്ങൾ ചെയ്ത് രോഗിയെ കബളിപ്പിക്കുന്നതിനെയാണ് പ്ലാസിബോ (/pləˈsib/ plə-SEE-boh) എന്ന് പറയുന്നത്. ചില സാഹചര്യങ്ങളിലെങ്കിലും ഇത്തരം ചികിത്സയിലൂടെ രോഗിക്ക് രോഗം ഭേദമായതായി അനുഭവപ്പെടുകയോ, യഥാർത്ഥത്തിലുള്ള രോഗസൗഖ്യം ലഭിക്കുകയോ ചെയ്യുന്നതിനെ പ്ലാസിബോ പ്രതിഭാസം എന്നും പറയുന്നു. രോഗിക്ക് ചികിത്സയിലും ചികിത്സകനിലുമുള്ള വിശ്വാസം, ചികിത്സകന്റെ നല്ല പെരുമാറ്റം എന്നിവ പ്ലാസിബോ പ്രഭാവത്തെ വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

ചികിത്സകൻ കൊടുക്കുന്ന പ്രേരണയുടെ ഫലമായി താൽക്കാലിക ഉത്തേജനം ലഭിച്ച രോഗി തന്റെ മനോനിലയെ രോഗശമനമായി തെറ്റിദ്ധരിക്കുന്നു. ക്ഷിപ്രവിശ്വാസശീലരായ രോഗികളെ പല വ്യാജചികിത്സകരും മാനസികമായി സ്വാധീനിക്കുന്നു. ഭൂരിഭാഗം ആൾക്കാരും തങ്ങളുടെ രോഗത്തിനും പ്രശ്നങ്ങൾക്കും മാന്ത്രികമായ ഒരു പരിഹാരം ആഗ്രഹിക്കുന്നവരാണ്. ആളുകൾക്ക് നിഗൂഢത നിറഞ്ഞ കപടചികിത്സാരീതികളോടാണ് കൂടുതൽ താല്പര്യമുള്ളത്.

ഇത്തരം ചികിത്സ കൊണ്ട് ഫലമില്ലെങ്കിൽ തന്നെയും ഫലമുണ്ടായെന്ന് പറയാനുള്ള പ്രവണത അത്തരം ആളുകളിൽ കാണും. തങ്ങളുടെ ചികിത്സയെപ്പറ്റി അമിതമായ അവകാശവാദം ഉന്നയിക്കുന്നവരാണ് വ്യാജചികിത്സകർ. കഴിക്കുന്ന മരുന്ന് ഫലിക്കുമെന്ന വിശ്വാസമുണ്ടെങ്കിൽ രോഗശമനം സംഭവിക്കുന്നു എന്ന തോന്നൽ ഉണ്ടാക്കുന്നു. രോഗത്തിനെതിരായ ശരീരത്തിന്റെ പ്രതിരോധം ഊർജ്ജിതപ്പെടുത്തുക വഴി ചിലരിൽ ചില രോഗങ്ങൾ കുറയാനിടയുണ്ട്. എന്നാൽ മാരകരോഗങ്ങളിൽ (ന്യൂമോണിയ, കാൻസർ, എയ്ഡ്‌സ്, ലിവർ സിറോസിസ് തുടങ്ങിയവ) മാറ്റമുണ്ടാകില്ല.

പല രോഗങ്ങളും ചികിത്സയൊന്നുമില്ലാതെ മാറുന്നവയാണ്. നമ്മുടെ ശരീരത്തിന് സ്വാഭാവിക പ്രതിരോധശക്തിയുണ്ട്. പല മാരകരോഗങ്ങൾക്കും ദീർഘമായി അനുഭവിക്കുന്ന രോഗങ്ങൾക്കും സ്വാഭാവിക ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. അതിനെ പലരും രോഗശമനമായി തെറ്റിദ്ധരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=പ്ലാസിബോ_പ്രതിഭാസം&oldid=3545658" എന്ന താളിൽനിന്ന് ശേഖരിച്ചത്