പ്രാചീനകവിത്രയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാചീന കവികളായ ചെറുശ്ശേരി (15-ആം നൂറ്റാണ്ട്), തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ (15-16 നൂറ്റാണ്ടുകൾക്കിടയിൽ), കുഞ്ചൻ നമ്പ്യാർ (18-ആം നൂറ്റാണ്ട്) എന്നിവരെയാണ് മലയാളത്തിലെ പ്രാചീന കവിത്രയം എന്നു കണക്കാക്കുന്നത്.[1]അതേപോലെ കുമാരനാശാൻ, വള്ളത്തോൾ, ഉള്ളൂർ എന്നിവരാണ്‌ ആധുനിക കവിത്രയം എന്ന് അറിയപ്പെടുന്നത്.[1]

കുഞ്ചൻ harshan[തിരുത്തുക]

പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ.

കുഞ്ചൻ സ്മാരകം,അമ്പലപ്പുഴ,ആലപ്പുഴ

ഓട്ടൻ, ശീതങ്കൻ, പറയൻ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 64 തുള്ളലുകൾ നമ്പ്യാർ എഴുതിയതായി പറയപ്പെടുന്നു. നമ്പ്യാരുടെ ഏറെ പ്രസിദ്ധമായ ഫലിതബോധത്തിനു പുറമേ അദ്ദേഹത്തിന്റെ വിപുലമായ അനുഭവസമ്പത്തും എല്ലാ വിജ്ഞാനശാഖകളിലുമുള്ള അവഗാഹവും ഈ കൃതികൾ പ്രകടിപ്പിക്കുന്നു. അദ്ദേഹത്തിന്റേതായി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത് താഴെപ്പറയുന്ന നാല്പത് തുള്ളലുകളാണ്[2]

ചന്ദ്രികാവീഥി, ലീലാവതീവീഥി തുടങ്ങിയ രൂപകങ്ങളും, വിഷ്ണുവിലാസം, രഘവീയം എന്നീ മഹാകാവ്യങ്ങളും വിലാസം, ശിവശതകം എന്നീ ഖണ്ഡകാവ്യങ്ങളും, രാസക്രീഡ, വൃത്തവാർത്തികം എന്നീ ഛന്ദശ്ശാസ്ത്രഗ്രന്ഥങ്ങളും മറ്റും സംസ്കൃതത്തിൽ‍ എഴുതിയ രാമപാണിവാദനും കുഞ്ചൻ നമ്പ്യാരും ഒരാൾതന്നയാണെന്ന് ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വാദം മഹാകവി ഉള്ളൂർ കേരളസാഹിത്യചരിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ആ അവകാശവാദം ഇന്നും സ്ഥിരീകൃതമായിട്ടില്ല.

ചെറുശ്ശേരി[തിരുത്തുക]

ക്രിസ്തുവർഷം 15-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവിയാണ് ചെറുശ്ശേരി നമ്പൂതിരി (1375-1475). 1375-ൽ ഉത്തര കേരളത്തിൽ പഴയ കുരുമ്പനാട് താലൂക്കിലെ വടകരയിൽ ചെറുശ്ശേരി ഇല്ലത്തിൽ ജനിച്ചു. അങ്ങനെ ഒരില്ലം ഇന്നില്ല. 18-ആം നൂറ്റാണ്ടിലുണ്ടായ മൈസൂർ പടയോട്ടക്കാലത്ത് ഉത്തരകേരളത്തിൽനിന്ന് അനേകം നമ്പൂതിരി കുടുംബങ്ങൾ സ്ഥലം വിട്ടു. കൂട്ടത്തിൽ നശിച്ചുപോയതാവണം ചെറുശ്ശേരി ഇല്ലം. ചെറുശ്ശേരി ഇല്ലം പുനം ഇല്ലത്തിൽ ലയിച്ചുവെന്നും ഒരഭിപ്രായമുണ്ട്.

കൃഷ്ണഗാഥയുടെ കർത്താവ് ചെറുശ്ശേരി നമ്പൂതിരിയാണെന്ന് 1881-ൽ പുറത്തിറങ്ങിയ ഭാഷാചരിത്രത്തിൽ പി. ഗോവിന്ദപിള്ള അഭിപ്രായപ്പെട്ടിരിക്കുന്നു.

പ്രാചീന കവിത്രയത്തിൽ ഒരാളായിരുന്നു ഇദ്ദേഹം. ക്രി.വ 1466-75 കാലത്ത് കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണു ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ ദർശിക്കാനാവുന്നത്.[3] സമകാലീനരായിരുന്ന മറ്റ് ഭാഷാകവികളിൽ നിന്നു ഒട്ടും വ്യത്യസ്തമായിരുന്നില്ല ഈ ശൈലി. എങ്കിലും സംസ്കൃത ഭാഷയോട് കൂടുതൽ പ്രതിപത്തി പുലർത്തിയിരുന്ന മലനാട്ടിലെ കവികൾക്കിടയിൽ ഭാഷാകവി എന്നിരിക്കെയും ഏറെ പ്രശസ്തനായിരുന്നു ചെറുശ്ശേരി. കൃഷ്ണഗാഥയാണു പ്രധാനകൃതി.

മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലൂടെയാണ്. സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണു കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തിൽ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്.

മാനവിക്രമൻ സാമൂതിരിയുടെ സദസ്സിലെ അംഗമായിരുന്ന പൂനം നമ്പൂതിരി തന്നെയാണു് ചെറുശ്ശേരി നമ്പൂതിരിയെന്നു് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടു കാണുന്നുണ്ട്. ഗാഥാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും കൂടിയാണ് ഇദ്ദേഹം.

തുഞ്ചത്തെഴുത്തച്ഛൻ[തിരുത്തുക]

ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രാചീനകവിത്രയത്തിലെ ഭക്തകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ (About this sound ഉച്ചാരണം). അദ്ദേഹം പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനുമിടയിലായിരുന്നിരിക്കണം ജീവിച്ചിരുന്നതെന്നു വിശ്വസിച്ചുപോരുന്നു.[4] എഴുത്തച്ഛന്റെ യഥാർത്ഥനാമം രാമാനുജൻ എന്നും കൃഷ്ണൻ എന്നും ചില[ആര്?] വിദഗ്‌ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്. എഴുത്തച്ഛന്റെ യഥാർത്ഥനാമം 'തുഞ്ചൻ' (ഏറ്റവുമിളയആൾ എന്ന അർത്ഥത്തിൽ) എന്നായിരുന്നെന്ന്, തുഞ്ചൻപറമ്പ് (തുഞ്ചൻ + പറമ്പ്) എന്ന സ്ഥലനാമത്തെ അടിസ്ഥാനമാക്കി കെ. ബാലകൃഷ്ണ കുറുപ്പ് നിരീക്ഷിക്കുന്നു.[5] ഇന്നത്തെ മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനടുത്തുളള, തുഞ്ചൻപറമ്പാണു കവിയുടെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്നു.[4] എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അർദ്ധസത്യങ്ങളാലും മൂടപ്പെട്ടുകിടക്കുകയാണ്.

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് എന്നീ സാമാന്യം വലുതായ കിളിപ്പാട്ട് രചനകൾ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റേതായിട്ടുണ്ട്. പ്രസ്തുതകൃതികളാകട്ടെ യഥാക്രമം ഭാരതത്തിലെ ഇതിഹാസകാവ്യങ്ങളായ വാല്മീകി രാമായണം, വ്യാസഭാരതം എന്നിവയുടെ സ്വതന്ത്രപരിഭാഷകളായിരുന്നു. ഈ രണ്ടു കൃതികൾക്ക് പുറമേ ഹരിനാമകീർത്തനം, ഭാഗവതം കിളിപ്പാട്ട്, ചിന്താരത്നം, ബ്രഹ്മാണ്ഡപുരാണം, ശിവപുരാണം, ദേവീ മാഹാത്മ്യം, ഉത്തരരാമയണം, ശതമുഖരാമായണം, കൈവല്യനവനീതം എന്നീ കാവ്യങ്ങളും എഴുത്തച്ഛന്റേതായിട്ടുണ്ടെന്നു കരുതപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "മാന്ത്രികം ഈ കവിത്രയം". 2021-11-11. Archived from the original on 2021-11-11. Retrieved 2022-11-04.
  2. ഭാഷാസാഹിത്യചരിത്രം - സി.ജെ. മണ്ണുമ്മൂട്
  3. കേരളപാഠാവലി മലയാളം, പത്താം തരം, താൾ 122 വർഷം 2004, - കേരളസർക്കാർ, വിദ്യാഭ്യാസവകുപ്പ്
  4. 4.0 4.1 "Ezhuthachan Father of literary tradition in Malayalam". Times of India online. 5 July 2003. Archived from the original on 12 March 2017. Retrieved 6 March 2018.
  5. കുറുപ്പ്, കെ.ബാലകൃഷ്ണ (January 2000) [May 1998]. വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ (2 ed.). മാതൃഭൂമി പബ്ലിഷിംഗ് കമ്പനി. p. 34. അദ്ദേഹം ജനിച്ച സ്ഥലത്തിന്, തുഞ്ചൻപറമ്പ് എന്നാണ് ഇപ്പോഴും പേരുപറഞ്ഞുവരുന്നത്. എഴുത്തച്ഛന്റെ പേര് തുഞ്ചൻ എന്നായിരുന്നില്ലെങ്കിൽ 'തുഞ്ചൻപറമ്പ്' 'തുഞ്ചത്തുപറമ്പ്' എന്നറിയപ്പെടുമായിരുന്നു.
"https://ml.wikipedia.org/w/index.php?title=പ്രാചീനകവിത്രയം&oldid=4079225" എന്ന താളിൽനിന്ന് ശേഖരിച്ചത്