പ്രത്യേക വിവാഹ നിയമം, 1954

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രത്യേക വിവാഹ നിയമം, 1954
An Act to provide a special form of marriage in certain cases, for the registration of such and certain other marriages and for divorce.
സൈറ്റേഷൻAct No.43 of 1954
നിയമം നിർമിച്ചത്Parliament of India
അംഗീകരിക്കപ്പെട്ട തീയതി1954 ഒക്ടോബർ 9
നിലവിൽ വന്നത്1955 ജനുവരി 1

തന്താങ്ങളുടെ മത-വിശ്വാസ പ്രമാണങ്ങളേതാണെങ്കിൽപ്പോലും ഇന്ത്യയിലെ പ്രായപൂർത്തിയായ എല്ലാ പൗരന്മാർക്കും പ്രവാസികളായ ഇന്ത്യക്കാർക്കും മതമോ ഗോത്രമോ ആചാരങ്ങളോ ഒരു പ്രശ്നം ആകാതെ മതേതരമായി പരസ്പരം വിവാഹിതരാകുന്നതിനുള്ള പ്രത്യേക വിവാഹ നടപടികൾ വ്യവസ്ഥ ചെയ്യുന്നതാണ് പ്രത്യേക വിവാഹ നിയമം അഥവാ സ്പെഷ്യൽ മാര്യേജ് ആക്ട് 1954 (Special Marriage Act 1954) എന്ന നിയമം. രജിസ്ട്രാർ ഓഫീസുകളിൽ വച്ച് ഇത്തരം വിവാഹങ്ങൾ ധാരാളം നടക്കാറുണ്ട്. ഇവയ്ക്ക് പൊതുവേ സാമ്പത്തിക ചെലവും കുറവായിരിക്കും.

നിയമത്തിന്റെ പശ്ചാത്തലം[തിരുത്തുക]

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം നിർദ്ദേശിക്കപ്പെട്ട ഒരു നിയമനിർമ്മാണത്തിന്റെ ചുവടുപിടിച്ചാണ് ഈ നിയമം ഇന്ത്യാഗവൺമെന്റ് നടപ്പാക്കിയത്. 1872 ൽ ബ്രിട്ടീഷ് നിയമപണ്ഡിതനായിരുന്ന ഹെൻറി സമ്‌നർ മൈൻ നിർദ്ദേശിച്ചതു പ്രകാരം നടപ്പാക്കിയ 1872 ലെ ആക്ട് III ആണ് ഈ നിയമത്തിന്റെ മുൻഗാമി. 1872 ലെ ആക്ട് പ്രകാരമുള്ള വിവാഹങ്ങൾ സിവിൽ വിവാഹങ്ങളായി കണക്കാക്കുയും അപ്രകാരം വിവാഹിതരാകുന്നവർ അവരവരുടെ സ്വന്തം മതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്യണമായിരുന്നു. ഇത് ഒട്ടനവധി എതിർപ്പുകളും വിമർശനങ്ങളും ക്ഷണിച്ചുവരുത്തി. അതിലെ അപാകതകൾ പരിഹരിച്ചുകൊണ്ടാണ് പ്രത്യേക വിവാഹ നിയമം 1954 നിലവിൽവരുന്നത്. [1]

ഒരു വ്യക്തിയുടെ ജനനം മുതൽ മരണംവരെയുള്ള ജീവിതത്തെ നിയന്ത്രിക്കുന്ന മതപരമായ നിയമങ്ങളെയാണ് വ്യക്തിനിയമം എന്ന് വിളിക്കുന്നത്. സാധാരണയായി വിവാഹമെന്ന ഇതിലെ പ്രധാന ഭാഗം അതത് മതവിഭാഗങ്ങളുടെ നിയമങ്ങൾക്കനുസരിച്ച് - ഹിന്ദു, ക്രിസ്ത്യൻ, ശരീഅത്ത് നിയമങ്ങൾക്കനുസരിച്ച് - നടത്തുകയായിരുന്നു അക്കാലയളവുവരെയുള്ള പതിവ്. മിശ്രവിവാഹങ്ങൾക്ക് ഇത് തടസ്സം സൃഷ്ടിച്ചിരുന്നു. പ്രത്യേക വിവാഹനിയമം നടപ്പാക്കിയതിലൂടെ മതപരമായ വിവാഹങ്ങളുടെ സ്ഥാനത്ത് സിവിൽ വിവാഹങ്ങൾ സാദ്ധ്യമായി. എന്നാൽ ഈ വിവാഹങ്ങളിലെ ബന്ധങ്ങളിലുണ്ടാകുന്ന കുട്ടികളുടെ സ്വത്തവകാശ പിൻതുടർച്ച ഒരു പ്രശ്നമായി വന്നപ്പോൾ അതിന് പരിഹാരം കാണുവാൻ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം 1925 എന്ന നിയമവും സർക്കാർ നടപ്പാക്കുകയുണ്ടായി. ഇന്ത്യയിൽ ഇന്ന് പൊതു സിവിൽ കോഡ് നിലവിലില്ലെങ്കിലും മതേതര ജീവിതം നയിക്കുവാനാഗ്രഹിക്കുന്നവർക്ക്, ഈ രണ്ടു നിയമങ്ങളും കൂടി പിന്തുടർന്ന് അത്തരമൊരു ജീവിതത്തിന് സാദ്ധ്യത സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. [2]

ഉദ്ദേശ ലക്ഷ്യങ്ങൾ[തിരുത്തുക]

1954 ഒക്ടോബർ 9 ന് അംഗീകരിച്ച ഈ നിയമം 1954 ഡിസംബർ 17 ന് നിലവിൽ വന്നു. ഈ നിയമത്തിലൂടെ പ്രധാനമായും താഴെ പറയുന്ന കാര്യങ്ങൾ ലക്ഷ്യമിടുന്നു.

  • ചില സാഹചര്യങ്ങളിൽ വിവാഹം നടത്തുന്നതിന് പ്രത്യേകമായ നടപടിക്രമങ്ങൾ.
  • ഇത്തരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുവാനുള്ള സംവിധാനം.
  • ഇത്തരം ബന്ധങ്ങളിൽ വിവാഹമോചനം ആവശ്യമെങ്കിൽ അതിനുള്ള നടപടിക്രമങ്ങളും വ്യവസ്ഥകളും.
  • വിദേശത്തുവെച്ച് മതചടങ്ങുകൾ പ്രകാരം വിവാഹം നടത്തുവാൻ സാധിക്കാത്ത ഇന്ത്യാൻ വംശജരായ പ്രവാസികൾക്ക് വിവാഹ ഓഫീസർമാരായ (രജിസ്ട്രേഷൻ ഓഫീസർ) നയതന്ത്ര ഉദ്യോഗസ്ഥർ മുൻപാകെ വിവാഹം നടത്തുവാൻ സംവിധാനം ഉണ്ടാക്കുക. [1]
  • മതപരമായ വിവാഹം മുമ്പ് നടത്തിയവർക്കും ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്യുവാൻ സാധിക്കും
  • ഈ നിയമ പ്രകാരം വിവാഹിതരായവരുടെയും രജിസ്റ്റർ ചെയ്തവരുടെയും അവരുടെ മക്കളുടെയും പിന്തുടർച്ച, സാധാരണഗതിയിൽ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരമായിരിക്കും[3].
  • ദമ്പതികൾ ഇരുവരും ഹിന്ദു, ബുദ്ധ, ജൈന, സിഖ് മത വിശ്വാസികളാണെങ്കിൽ അവർക്ക് ഹിന്ദു പിന്തുടർച്ചാവകാശ നിയമം തന്നെയായിരിക്കും ബാധകമാകുക.[4]

നിയമം ബാധകമാകുന്നവർ[തിരുത്തുക]

  • ജാതി-മത-സമുദായ ഭേദമന്യേ ഏതുവ്യക്തിക്കും ഇതുപ്രകാരം വിവാഹിതരാകാം.
  • ഹിന്ദു, ബുദ്ധ, ജൈന, സിഖ് മതവിശ്വാസികളായവർക്കും ഈ നിയമം തെരഞ്ഞെടുക്കാം.
  • മുസ്ലീം, ക്രൈസ്തവ, പാഴ്‌സി, ജൂത മത വിഭാഗങ്ങളിൽപ്പെടുന്നവർക്കും ഇത് തെരഞ്ഞെടക്കാം.
  • മിശ്ര വിവാഹം ആഗ്രഹിക്കുന്നവർക്കും
  • ജമ്മു കാശ്മീരിലൊഴികെ ഇന്ത്യയുടെ ഏതു ഭാഗത്തു വസിക്കുന്നവർക്കും പ്രവാസികളായ ഇന്ത്യൻ വംശജർക്കും ഇത് ബാധകമാകുന്നു. [5]

വിവാഹത്തിനുള്ള വ്യവസ്ഥകൾ[തിരുത്തുക]

പ്രത്യേക വിവാഹനിയമത്തിന്റെ വകുപ്പ് -4 പ്രകാരം, ഇത്തരം വിവാഹകർമ്മം നടത്തിക്കൊടുക്കുന്നതിന് താഴെപറയുന്ന വ്യവസ്ഥകൾ പാലിച്ചിരിക്കേണ്ടതുണ്ട്. [6]

  • വിവാഹിതരാകുന്ന പുരുഷനോ സ്ത്രീക്കോ ജീവിച്ചിരിക്കുന്ന മറ്റൊരു ജീവിതപങ്കാളി ഉണ്ടാകുവാൻ പാടില്ല.
  • ഏതെങ്കിലും ഒരു കക്ഷിക്ക്
    • വിവാഹത്തിന് സാധുവായ സമ്മതം നൽകുവാൻ തക്കതായ മാനസികാരോഗ്യ ഇല്ലാതിരിക്കുക അഥവാ,
    • സാധുവായ സമ്മതം നൽകാനുള്ള കഴിവുണ്ടെന്നിരിക്കിലും മാനസികരോഗത്തിന് അടിപ്പെട്ടിരിക്കുകയോ, പ്രത്യുല്പാദനത്തിനോ ദാമ്പത്യജീവിതം നയിക്കുന്നതിനോ ലൈംഗിക ശേഷിയില്ലാതിരിക്കുക അഥവാ,
    • തുടർച്ചയായ ഭ്രാന്തോ, അപസ്മാരമോ ഉണ്ടായിരിക്കരുത്
  • പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും പൂർത്തിയായിരിക്കണം
  • വിലക്കപ്പെട്ട നിലയിലുള്ള ബന്ധത്തിൽ ഉൾപ്പെട്ടവരാകരുത്

അവലംബം[തിരുത്തുക]

  1. 1.0 1.1 "പ്രത്യേക വിവാഹനിയമം (ഐ ലൌഇന്ത്യ. കോം)". Retrieved 10-01-2013. {{cite web}}: Check date values in: |accessdate= (help)
  2. "പിന്തുടർച്ച പ്രത്യേക വിവാഹത്തിൽ (ലോ ഈസ് ഗ്രീക്ക്.കോം)". Archived from the original on 2010-04-25. Retrieved 10-01-2013. {{cite web}}: Check date values in: |accessdate= (help)
  3. http://www.legalserviceindia.com/helpline/marriage.htm സെക്ഷൻ ഇന്ത്യൻ സക്സഷൻ ആക്ട്
  4. http://www.legalserviceindia.com/helpline/marriage.htm സെക്ഷൻ 21A of the Act
  5. "പ്രത്യേക വിവാഹ നിയമം (ഇന്ത്യാകാനൂൺ.കോം)". Retrieved 10-01-2013. {{cite web}}: Check date values in: |accessdate= (help)
  6. "പ്രത്യേക വിവാഹ നിയമം (ലീഗൽ സർവ്വീസ് ഇന്ത്യ.കോം)". Retrieved 10-01-2013. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=പ്രത്യേക_വിവാഹ_നിയമം,_1954&oldid=3912813" എന്ന താളിൽനിന്ന് ശേഖരിച്ചത്