പൊയ്‌കയിൽ യോഹന്നാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊയ്‌കയിൽ യോഹന്നാൻ

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കീഴാളജനങ്ങളുടെ കഷ്ടപ്പാടുകളെ ഗാനരൂപത്തിൽ പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിച്ച സാമൂഹികനേതാവും പ്രത്യക്ഷ രക്ഷാ ദൈവഭ വിശ്വാസികൾക്ക് ദൈവവും ആയിരുന്നു [1] പൊയ്കയിൽ യോഹന്നാൻ എന്ന പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ(1878-1938). ഇദ്ദേഹം പൊയ്കയിൽ അപ്പച്ചൻ എന്നും അറിയപ്പെടുന്നു. പ്രത്യക്ഷ രക്ഷാ ദൈവ സഭ എന്ന മതത്തിന്റെ സ്ഥാപകനുമാണ്[2]

1921, 1931 എന്നീ വർഷങ്ങളിൽ ശ്രീമൂലം പ്രജാസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[3]. യോഹന്നാന്റെ ചെറുപ്പകാലത്തുതന്നെ കുടുംബം ക്രിസ്തുമതത്തിൽ ചേർന്നെങ്കിലും ക്രിസ്തീയസമുദായത്തിനുള്ളിലെ ജാതീയ ഉച്ചനീചത്വങ്ങൾ മൂലം 1908-ൽ ഇതിൽ നിന്നും പിന്മാറി.[4] ക്രൈസ്തവനും ഹിന്ദുവുമല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം അദ്ദേഹം ഉയർത്തിപ്പിടിച്ചു[3].

അദ്ദേഹം തന്റെ ആശയങ്ങൾ പാട്ടുകളിലൂടെയും പ്രഭാഷണങ്ങളിലൂടെ പ്രചരിപ്പിച്ചു .

ജീവിതരേഖ[തിരുത്തുക]

മധ്യതിരുവിതാംകൂറിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ എന്ന ഗ്രാമത്തിൽ 1878 ഫെബ്രുവരി 17-ന് (കൊല്ലവർഷം 1054 കുംഭം 5)[5][1] മല്ലപ്പള്ളി പുതുപറമ്പിൽ കണ്ടൻ, പൊയ്കയിൽ വീട്ടിൽ കുഞ്ഞുളേച്ചി[1] എന്നിവരുടെ മൂന്നാമത്തെ മകനായി പറയസമുദായത്തിൽപ്പെട്ട മന്നിക്കൽപൊയ്കയിൽ എന്ന കുടുംബത്തിലാണ്[6] ഇദ്ദേഹം ജനിച്ചത്. (അടിമ ജാതിയിൽപ്പെട്ടവർക്ക് നല്ല പേരുകൾ വിളിക്കുന്നതിൽ വിലക്കേർപ്പെടുത്തിയിരുന്നു. അലക്കിയുണക്കിയ വസ്ത്രം ധരിക്കുന്നതിൽ വിലക്കേർപ്പെടുത്തിയിരുന്നു. മുട്ടിനു താഴെ വസ്ത്രം ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. സ്ത്രീകൾക്ക് മാറു മറയ്ക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.  നല്ല ഭാഷ സംസാരിക്കുന്നതിൽ വിലക്കേർപ്പെടുത്തിയിരുന്നു. വേദം കേട്ടാൽ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കുമായിരുന്നു. വേദം ഉച്ഛരിച്ചാൽ നാവ് അറുക്കുമായിരുന്നു.) ഈസ്റ്റിന്ത്യാ കമ്പനി അവരുടെ വേല ജോലികൾക്ക് അടിമകളെ ഉപയോഗിക്കുന്നതിന് ഇവരോട് ആശയവിനിമയത്തിന് ചുമതലപ്പെടുത്തിയവരാണ് മതപ്രചാരകരായി മാറുകയും ക്രിസ്തുമതത്തെ അടിമജാതികളുടെ ഇടയിൽ പ്രചരിപ്പിച്ചതിലൂടെ ഈസ്റ്റിന്ത്യാ കമ്പനിക്ക് കുറഞ്ഞ വേതനത്തിൽ ജോലിക്കാരെ കിട്ടുകയും ക്രിസ്തുമത പ്രചരണവും നടക്കും എന്ന ( ഒരു വെടിക്ക് രണ്ടു പക്ഷിയെന്ന) സംവിധാനം നിലവിൽ കൊണ്ടുവന്നത്). കുമാരൻ എന്ന് വിവക്ഷിക്കപ്പെടുന്ന കൊമരൻ എന്നായിരുന്നു യോഹന്നാന്റെ ആദ്യകാലനാമം. തമ്പുരാൻറെ മതം ഏതാണോ അതാണ് അടിയാൻറെയും മതം എന്ന സ്ഥിതിയായിരുന്നു നിലവിലുണ്ടായിരുന്നത്. ചെറുപ്പം മുതലേ മേലാളർ തറവാട്ടിൽ കന്നുകാലിനോട്ടവും മറ്റുമായി കഴിഞ്ഞു. 1891-ൽ[1] എഴുത്തും വായനും വശമാക്കിയ കുമാരൻ തൻറെ ചങ്ങാതിമാരെയും പഠിപ്പിക്കുവാൻ ശ്രദ്ധ പുലർത്തിയിരുന്നു. മിഷണിമാർ വിതരണം ചെയ്ത ലഘുലേഖകൾ വായിച്ച് കേൾപ്പിക്കുകയും അത് വിശദീകരിച്ച് കൊടുക്കുകയും ചെയ്തിരുന്നു. ഇത് അറിഞ്ഞ ശങ്കരമംഗലം കുടുംബക്കാർ അവരുടെ പള്ളിയിൽ ചേർക്കുകയുണ്ടായി. (ക്രിസ്ത്യാനിയായ ഒരു ജന്മിയുടെ ഉപദേശപ്രകാരമാണ് ഈ കുടുംബം മാർത്തോമാ സഭയിൽ ചേർന്നതെന്നു പറയപ്പെടുന്നു.[7]

മാർത്തോമാ സഭ[തിരുത്തുക]

തേവർക്കാട്ട് പള്ളിക്കൂടത്തിൽനിന്ന് കഷ്ടിച്ച് എഴുതാനും വായിക്കാനും പഠിച്ചു. മാർത്തോമ്മാ സഭയിലെ മറ്റു പതിനാറ് ഉപദേശിമാരോടൊപ്പം വേർപാടുസഭയിൽ ചേർന്നു. പൊയ്കയിൽ യോഹന്നാൻ ഉപദേശി എന്നറിയപ്പെട്ടു. പാട്ടെഴുതാനും പാടാനും പ്രത്യേകകഴിവുണ്ടായിരുന്നു യോഹന്നാന്. സുവിശേഷങ്ങളിൽ പാണ്ഡിത്യവും വാദപ്രതിവാദസാമർഥ്യവും പ്രകടിപ്പിച്ച അദ്ദേഹം മികച്ച പ്രഭാഷകനായി വളരെ വേഗം പ്രശസ്തനായി. എന്നാൽ മതപരിവർത്തനം ചെയ്തിട്ടും കേരളത്തിലെ ക്രൈസ്തവസഭകളിൽ ജാതിവ്യവസ്ഥ നിലനിൽക്കുന്ന സ്ഥിതിയായിരുന്നു. പറയൻ യോഹന്നാൻ എന്നും പുലയൻ യോഹന്നാൻ എന്നും അദ്ദേഹത്തെ പള്ളികളിൽ പരിഹസിച്ചിരുന്നു. കൂടാതെ ഇത്തരം പരിവർത്തിതക്രൈസ്തവർക്കുവേണ്ടി പ്രത്യേകം പള്ളികൾ പണിതതും അദ്ദേഹം എതിർത്തു. ഇതിനെ തുടർന്ന് യോഹന്നാനെ സഭയിൽ നിന്നും പുറത്താക്കി. ജന്മിതവ്യവസ്ഥയിൽ നിന്നും മോചനം ലഭിക്കുവാനായി ക്രൈസ്തവമതം സ്വീകരിച്ച അധസ്ഥിതർക്കെതിരേ സഭയുടെ ഉള്ളിൽ തന്നെയുള്ള ഉച്ചനീചത്വങ്ങൾക്കെതിരേ യോഹന്നാൻ ശക്തമായി പോരാടി.[8] അക്കാലത്ത് പുല്ലാടടുത്ത് പുലരിക്കാട്ടെ ക്രിസ്തീയസെമിത്തേരിയിൽ കീഴ്ജാതിക്കാരന്റെ ശവം സംസ്കരിച്ചതിൽ ഉയർന്ന ക്രൈസ്തവർ പ്രതിഷേധമുണ്ടാക്കി. ഒരു ദളിതക്രൈസ്തവയുവതിയും സവർണ്ണക്രൈസ്തവയുവാവും തമ്മിലുള്ള വിവാഹം യോഹന്നാൻ നടത്തിക്കൊടുത്തതിലും എതിർപ്പുണ്ടായി. അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ഒരു പുത്തനുണർവ് നൽകുന്നതായിരുന്നു യോഹന്നാന്റെ ആശങ്ങൾ. ഇത്തരം സാധാരണക്കാരിലൂടെ യോഹന്നാൻ നടത്തിയ സമരങ്ങളെ അക്കാലത്ത് അടിലഹള എന്നു വിളിച്ചിരുന്നു. തന്റെ സമരപോരാട്ടങ്ങൾ ബന്ധുവായ കൊച്ചുകാലായിൻ പത്രോസ്സിന്റെ സഹായത്തോടെ മുമ്പോട്ടു കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ പ്രസംഗം നടക്കുന്ന സ്ഥലങ്ങൾ ക്രിസ്ത്യാനികളാൽ ആക്രമിക്കപ്പെട്ടു. പിന്നീട് യോഹന്നാന്റെ പ്രസംഗം നടക്കുന്ന എല്ലായിടങ്ങളിലും അക്രമം ഒരു പതിവായി മാറി. യോഹന്നാന്റേയും അനുയായികളുടേയും പേരിൽ കള്ളക്കേസുകൾ ഉണ്ടാക്കി. അവരെ അറസ്റ്റു ചെയ്തുവെങ്കിലും, നിരപരാധിത്വം മനസ്സിലായ കോടതി വെറുതെവിടുകയാണുണ്ടായത്.[9]

പ്രത്യക്ഷരക്ഷാദൈവസഭ[തിരുത്തുക]

അദ്ദേഹം മാർത്തോമാസഭ വിട്ട് ബ്രദറൺ സഭയിൽ ചേർന്നു. എന്നാൽ സഭയുടെ വിവേചനം അയിത്തജാതികളെ സംഘടിപ്പിച്ച് ജാതിവ്യവസ്ഥക്കെതിരെ കലാപം തുടരാൻ അദ്ദേഹത്തിന് പ്രചോദനമായി.

ബൈബിൾ ചരിത്രത്തിൽ നിന്നും വ്യതിചലിച്ച് തദ്ദേശിയരുടെ തനത് ചരിത്രമായ അടിമ ചരിത്രം സംസാരിച്ചു തുടങ്ങുകയും അയിത്തത്തിനും ജാതിക്കും എതിരെ പ്രോബധനം നൽകിക്കൊണ്ട് പുതിയൊരു മാനവ സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്നതിലും വേലയ്ക്ക് മതിയായ കൂലി വേണമെന്നും സമയനിഷ്ഠ വേണമെന്ന വാദത്തോടും അമർഷം പൂണ്ട ജന്മികൾ പൊയ്കയ്ക്കെതിരെ പടയൊരുക്കം ആരംഭിച്ചു. അടിമ ജനത കൂട്ടത്തോടെ പൊയ്കയുടെ പിന്നാലെ ഇറങ്ങിത്തിരിച്ചപ്പോൾ നിരവധി ദളിത് ക്രിസ്ത്യൻ പള്ളികൾ പൂട്ടിപ്പോവുകയുണ്ടായി. കൂടാതെ

ബൈബിൾ ഈ തലമുറയ്ക്കുള്ളതല്ലെന്നും യേശു വീണ്ടും വരികയില്ലെന്നുമുള്ള പ്രഖ്യാപനവും തുടർന്ന് ആയിരക്കണക്കിന് ബൈബിൾ അഗ്നിക്കിരയാക്കിയതും പൊയ്കയുടെ യോഗസ്ഥലങ്ങൾ തേടിപിടിച്ച് ആക്രമിക്കുവാൻ ഇടയാക്കി. ഇത് അടി ലഹള യെന്ന പേരിൽ അറിയപ്പെട്ടു. പൊയ്കയിൽ യോഹന്നാൻ ബ്രിട്ടനെതിരെയും ജർമ്മനിക്കനു കൂലമായും പ്രസംഗിക്കുന്നു എന്ന വ്യാജ പരാതിയിൽ വാദം കേൾക്കുന്നതിനിടെ ജഡ്ജിയുടെ ചോദ്യത്തിനുത്തരമായി തൻറെ പ്രസ്ഥാനത്തിൻറെ പേര് പ്രത്യക്ഷ രക്ഷ ദൈവ സഭ യെന്ന് പ്രഖ്യാപിക്കുന്നത്. 1909-ൽ ഇരവിപേരൂരിൽ പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന വേർപാടുസഭ സ്ഥാപിച്ചു[3]. കേരളത്തിലെ അയിത്തജാതിക്കാരുടെ വിമോചനപ്രസ്ഥാനമായി പ്രത്യക്ഷരക്ഷാദൈവസഭ അറിയപ്പെട്ടു. അധഃകൃതരുടെ മതപരിവർത്തനത്തിനുശേഷമുള്ള ഒരു പ്രൊട്ടസ്റ്റന്റ് മതവിഭാഗമായിരുന്നു പ്രത്യക്ഷ രക്ഷാ ദൈവസഭ എന്നും പറയപ്പെടുന്നു.[10] ആദിയർ ജനത യെന്ന അടിസ്ഥാനസങ്കല്പത്തിൽ ഉപജാതിവ്യത്യാസമില്ലാതെ നിലവിലുള്ള എല്ലാ മതസങ്കല്പങ്ങളേയും നിരാകരിച്ച് ഒരു ‘ജനത'യെന്ന നിലപാട് സ്വീകരിക്കുന്നു. പ്രത്യക്ഷരക്ഷാദൈവസഭ സ്വന്തമായി ആരാധനാലയങ്ങളും, വിദ്യാലയങ്ങളും സ്ഥാപിച്ചു. മാരാമൺ എന്ന സ്ഥലത്തു നിന്നും പതിനായിരങ്ങൾ അടങ്ങുന്ന ഒരു ജാഥ യോഹന്നാൻ സഭയുടെ കേന്ദ്രമായ ഇരവിപേരൂരിലേക്കു നടത്തിയിരുന്നു. ഈ ഘോഷയാത്ര പിന്നീട് ചരിത്രത്തിൽ സ്ഥാനം പിടിക്കുകയുണ്ടായി.[11] സഭയുടെ വളർച്ച് സവർണ്ണരായ ക്രിസ്ത്യാനികളിൽ അസൂയയും ദേഷ്യവും വളർത്തി. തിരുവല്ലക്കടുത്തുള്ള വെട്ടിയാട്ട് എന്ന സ്ഥലത്ത് പ്രത്യക്ഷരക്ഷാദൈവസഭയുടെ ഒരു യോഗത്തെ ക്രിസ്ത്യാനികൾ കൂട്ടമായി ആക്രമിച്ചു. അക്രമത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഈ സംഭവം പിന്നീട് വെട്ടിയാട്ട് അടിലഹള എന്നറിയപ്പെട്ടു.[12]

സാമൂഹ്യപ്രവർത്തനങ്ങൾ[തിരുത്തുക]

1921,1931 എന്നീ കൊല്ലങ്ങളിൽ അധഃസ്ഥിതരുടെ പ്രതിനിധിയായി യോഹന്നാൻ ശ്രീമൂലം പ്രജാസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പ്രഭാഷണം, നിവേദനം, സദസ്സ്, എന്നിവയിലൂടെ അവകാശങ്ങൾ നേടിയെടുക്കാനായിരുന്നു അദ്ദേഹം പരിശ്രമിച്ചത്‍. ഭൂരഹിതർക്ക് ഭൂമി നൽകുക, താണജാതിയിൽപ്പെട്ടവർക്ക് വിദ്യാലയങ്ങളിൽ പ്രവേശനം അനുവദിക്കുക, സർക്കാർ സർവ്വീസിൽ സംവരണം നൽകുക തുടങ്ങിയ വിപ്ലവകരമായ ആവശ്യങ്ങൾ യോഹന്നാൻ ശ്രീമൂലം പ്രജാസഭയുടെ മുന്നിൽ വെച്ചു. സർക്കാരിന്റെ അനുമതിയോടെ അയിത്തജാതിക്കാർക്കായുള്ള ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം അദ്ദേഹം തിരുവിതാംകൂറിൽ ആരംഭിച്ചു.[13] സ്ത്രീസമത്വത്തിന് വേണ്ടിയും അദ്ദേഹം പ്രവർത്തിച്ചു. അപ്പച്ചന്റെ കാഴ്ച്ചപാടുകൾ യോഗങ്ങളിൽ പാടി ഉറപ്പിച്ച പാട്ടുകളിലാണ്. 2006-ൽ വി.വി. സ്വാമി, ഇ.വി. അനിൽ എന്നിവർ ചേർന്ന് ഇദ്ദേഹത്തിന്റെ പാട്ടുകൾ ശേഖരിച്ച് പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകൾ 1905-1939 എന്ന പുസ്തകമായി പുറത്തിറക്കിയിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 ജെ. ദേവിക (2010). "2 - പെണ്ണരശുനാടോ? കേരളമോ?". 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?. ഇന്ത്യ: സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്. p. 42. Retrieved 2013 ജനുവരി 23. {{cite book}}: Check date values in: |accessdate= (help)
  2. "പ്രത്യക്ഷ രക്ഷാസഭവിശ്വാസ രീതികൾ". മലയാളം വെബ്ദുനിയ.
  3. 3.0 3.1 3.2 മനോരമ ദിനപത്രം, പഠിപ്പുര, 2012 നവംബർ 2
  4. "മതബഹിഷ്കാരം". http://janayugomonline.com/. അഡ്വ. ഇ രാജൻ. Retrieved 12 ഏപ്രിൽ 2015. {{cite web}}: |first1= missing |last1= (help); External link in |website= (help)[പ്രവർത്തിക്കാത്ത കണ്ണി]
  5. ഗോവിന്ദപിള്ള, പി. "പൊയ്കയിൽ അപ്പച്ചൻ". കേരളനവോത്ഥാനം ഒരു മാർക്സിസ്റ്റ് വീക്ഷണം . വാള്യം 1. {{cite book}}: Cite has empty unknown parameter: |origdate= (help)
  6. ഡോ.ആർ, രാധാകൃഷ്ണൻ. കേരളത്തിലെ നവോത്ഥാനസമരങ്ങൾ. മാളുബൻ. p. 117-118. ISBN 978-81-87480-76-1. പൊയ്കയിൽ യോഹന്നാൻ
  7. ഹരിശ്രീ. 23 (24): 11. 11 എപ്രിൽ 2015. {{cite journal}}: |access-date= requires |url= (help); |first1= missing |last1= (help); Check date values in: |date= (help); Missing or empty |title= (help)
  8. ഡോ.ആർ, രാധാകൃഷ്ണൻ. കേരളത്തിലെ നവോത്ഥാനസമരങ്ങൾ. മാളുബൻ. p. 72. ISBN 978-81-87480-76-1. പൊയ്കയിൽ യോഹന്നാനും മാർത്തോമാസഭയും
  9. കുമാര, ഗുരുദേവൻ (2003). സാമൂഹിക മതപ്രസ്ഥാനം. പ്രത്യക്ഷരക്ഷാദൈവസഭ.
  10. ഡോ.സുരേഷ്, മാനേ (2008). ഇന്ത്യൻ സാമൂഹിക സാംസ്കാരിക പ്രക്ഷോഭ ചരിത്രം(വിവർത്തനം). ബഹുജൻ വാർത്താ പ്രസിദ്ധീകരണം.
  11. റ്റി.എച്ച്.പി, ചെന്താരശ്ശേരി. പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ. നവോത്ഥാനം പബ്ലിക്കേഷൻസ് (കോട്ടയം).
  12. ഡോ.ആർ, രാധാകൃഷ്ണൻ. കേരളത്തിലെ നവോത്ഥാനസമരങ്ങൾ. മാളുബൻ. p. 73. ISBN 978-81-87480-76-1. വെട്ടിയാട്ട് അടിലഹള
  13. ആർ.പ്രകാശ് , ദളിത് കോൺഷ്യസ്നസ് ആന്റ് ഇറ്റ്സ് പെർസ്പെക്ടീവ്നെസ്സ് ഓൺ ദ ബേസിസ് ഓഫ് പി.ആർ.ഡി.എസ് ഹിസ്റ്ററി ഇൻ കേരള, ദളിത്ഇന്ത്യ.കോം : 17 ജൂലൈ 2003
"https://ml.wikipedia.org/w/index.php?title=പൊയ്‌കയിൽ_യോഹന്നാൻ&oldid=3936262" എന്ന താളിൽനിന്ന് ശേഖരിച്ചത്