പൂവാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു തീരദേശ ഗ്രാമമാണ് പൂവാർ. ഈ ഗ്രാമത്തിലെ മനോഹരമാ‍യ കടൽത്തീരം അനവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.

വിഴിഞ്ഞം എന്ന പ്രകൃതിദത്ത തുറമുഖത്തിനു വളരെ അടുത്താണ് പൂവാർ. വേലിയേറ്റ സമയത്ത് കടലിനെ കായലുമായി ബന്ധിപ്പിക്കുന്ന ഒരു പൊഴിയും പൂവാറിൽ ഉണ്ട്. ശാന്തവും പ്രകൃതിരമണീയവുമാണ് പൂവാർ.

ചരിത്രം[തിരുത്തുക]

പഴയകാലത്ത് പോക്കുമൂസാപുരം എന്നറിയപ്പെട്ടിരുന്ന പൂവ്വാർ, പഴയ തെക്കൻതിരുവിതാംകൂറിന്റെ രാഷ്ട്രീയഭരണ ചരിത്രത്തിലെ ഗതിവിഗതികൾക്ക് സാക്ഷ്യം വഹിച്ചതിൽ ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്. അക്കാലത്തെ രാഷ്ട്രീയ സാഹചര്യവുമായി പൂവ്വാർ എത്രത്തോളം ബന്ധപ്പെട്ടു നിൽക്കുന്നുവെന്നറിയാൻ രണ്ടര നൂറ്റാണ്ട് പിന്നിലേക്ക് പോകണം. എട്ടുവീട്ടിൽ പിളളമാരിൽ നിന്നും മാടമ്പിമാരിൽ നിന്നും പ്രാണ രക്ഷാർത്ഥം മാർത്താണ്ഡ വർമ്മ മഹാരാജാവ് ഓടിനടക്കുന്ന കാലം. ജീവൻ ഭയന്ന് പലായനം ചെയ്ത് നെയ്യാറിന്റെ തെക്കേയറ്റമായ പോക്കുമൂസാപുരത്തെത്തി. ഈ പ്രദേശത്തിന്റെ പ്രകൃതിഭംഗി മഹാരാജാവിനെ ആകർഷിച്ചു. പ്രത്യേകിച്ച് ആറ്റിൻതീരത്ത് നിരനിരയായുണ്ടായിരുന്ന കോവള മരത്തിലെ ചുവന്ന മനോഹരമായ പൂക്കൾ. ഈ പൂക്കൾ ആറ്റിലാകെ വീണ് ആറിന് ഒരു ചുവന്ന ജലഛായ നൽകിയിരുന്നു. ഇത് കണ്ട രാജാവ് “പൂ ആറാണല്ലോ” എന്നു പറഞ്ഞുപോയി എന്നും ഈ വിശേഷണമാണ് പിൽക്കാലത്ത് ഈ പ്രദേശത്തിന് പുവാറെന്ന് പേരു വീഴാൻ കാരണമായതെന്നുമാണ് സ്ഥലനാമ ചരിത്രം. തിരുവിതാംകൂറിലെ ആഭ്യന്തര കലഹത്തെ തുടർന്നു പലായനം ചെയ്ത മാർത്താണ്ഡവർമ്മയ്ക്ക് ജീവൻ നിലനിറുത്താനായത് പൂവ്വാറിലെ കല്ലറയ്ക്കൽ തറവാട് അഭയം നൽകിയതു കൊണ്ടാണ്. വാണിജ്യ-വ്യാപാര രംഗങ്ങളിൽ 18-ാം നൂറ്റാണ്ടിൽ ലോകമാർക്കറ്റുകളിൽപോലും ബന്ധങ്ങളുണ്ടായിരുന്ന പോക്കുമൂസാ മുതലാളിയുടേതായിരുന്നു, പൂവ്വാറിലെ കല്ലറയ്ക്കൽ തറവാട്. പിൽക്കാലത്ത് സ്വാതന്ത്ര്യ ലബ്ധിവരെ തിരുവിതാംകൂർ രാജകുടുംബവും പൂവ്വാർ കല്ലറയ്ക്കൽ തറവാടും തമ്മിൽ ഇഴപിരിയാത്ത ബന്ധമുണ്ടായിരുന്നു. രാജാവായതിനുശേഷം കായംകുളം യുദ്ധവും, കുളച്ചൽയുദ്ധവും മാർത്താണ്ഡവർമ്മ മഹാരാജാവു ജയിച്ചതിൽ കപ്പൽപടയും യോദ്ധാക്കളും സ്വന്തമായുണ്ടായിരുന്ന പോക്കുമൂസാ മുതലാളിയുടെ വലിയ സഹായമുണ്ടായിരുന്നു. പാരിതോഷികമായി കായംകുളം കമ്പോളവും, പട്ടണംദേശത്ത് കല്ലറയ്ക്കൽവിളാകം എന്ന പുരയിടവും പോക്കുമൂസാമുതലാളിക്ക് കരമൊഴിവാക്കി കൊട്ടാരത്തിൽ നിന്നും നല്കിയിരുന്നു. രാജാകേശവദാസ് കുടുംബ വഴക്കിനെത്തുടർന്ന് അലഞ്ഞു നടന്ന് വന്നെത്തിയത് പൂവ്വാർ പോക്കുമൂസാ മുതലാളിയുടെ അടുത്താണ്. മുതലാളിക്ക് വേണ്ടപ്പെട്ടവരിലൊരാളായിമാറി, ദരിദ്ര ബാലനായ കേശവൻ. ഒരിക്കൽ വ്യാപാരാവശ്യത്തിനായി കൊട്ടാരത്തിലേക്കു വന്ന പോക്കുമൂസാമുതലാളി തന്റെ സംഘത്തിന്റെയൊപ്പം ബാലനായ കേശവനേയും കൂട്ടി. വളരെ വൈകി അദ്ദേഹം തിരിച്ചിറങ്ങിയപ്പോൾ കേശവനെ ഒപ്പം കൂട്ടുന്ന കാര്യം മറന്നു പോയി. ഇതിനിടയിൽ കൊട്ടാരത്തിൽ വഴി തെറ്റി അലഞ്ഞ കേശവൻ ഒരു മൂലയിൽ കിടന്നുറങ്ങിപ്പോയി. അടുത്ത പ്രഭാതത്തിൽ മഹാരാജാവിന് കണി നഗ്നനായുറങ്ങുന്ന കേശവനായിരുന്നു. ദുശ്ശകുനമായി കണ്ട രാജാവ് ബാലനെ തുറുങ്കിലടച്ചു. അന്നെ ദിവസം തന്നെ ദുർലഭമായ ഭക്ഷ്യസാധനങ്ങളുമായി ഒരു വിദേശ കപ്പൽ ശംഖുംമുഖം തീരത്തെത്തുകയുണ്ടായി. രൂക്ഷമായ ഭക്ഷ്യ ക്ഷാമമുണ്ടായിരുന്ന കാലമായിരുന്നു അതെന്നതിനാൽ, തുടർന്ന് കണിഫലം ശുഭോദാർഹമായി കണ്ട രാജാവ് കേശവനെ മോചിപ്പിക്കുകയും കൊട്ടാരത്തിൽ ജോലി കൊടുക്കുകയും ചെയ്തു. പടിപടിയായി ഉയർച്ച ലഭിച്ച കേശവൻ, രാജാ കേശവദാസെന്ന വലിയ ദിവാൻജിയായി. കുളച്ചൽ മുതൽ കൊച്ചിവരെ നൂറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന ജലപാത പൂവ്വാറിലൂടെയാണ് കടന്നു പോയത്. ഇന്നു നാം കാണുന്ന പൂവ്വാർ-വിഴിഞ്ഞം റോഡിന് തെക്കുവശത്ത് ജലപാതയുണ്ടായിരുന്നവെന്നാണ് ഐതിഹ്യം. അക്കാലത്ത് തെക്കൻ തിരുവിതാംകൂറിലെ ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു പൂവ്വാർ. തടി, ചന്ദനം, ആനക്കൊമ്പ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ ഒരു വാണിജ്യകേന്ദ്രമായിരുന്നു പൂവാർ. സോളമൻ രാജാവിന്റെ ചരക്കു കപ്പലുകൾ അടുത്ത ഓഫിർ എന്ന തുറമുഖം 'പൂവാർ' ആണെന്നു കരുതപ്പെടുന്നു[1]‌..

ഏറ്റവും അടുത്തുള്ള വിമാ‍നത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം - 18 കിലോമീറ്റർ അകലെ. ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ : തിരുവനന്തപുരം സെൻട്രൽ - 22 കിലോമീറ്റർ അകലെ. നേമം - 12 കിലോമീറ്റർ അകലെ.

അവലംബം[തിരുത്തുക]

  1. HILL, JOHN (1963). "1-INTRODUCTION". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 2. 
"http://ml.wikipedia.org/w/index.php?title=പൂവാർ&oldid=1916217" എന്ന താളിൽനിന്നു ശേഖരിച്ചത്