പുലികേശി രണ്ടാമന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ചാലൂക്യരാജാവായിരുന്നു പുലികേശി രണ്ടാമന്‍. ഹര്‍ഷവര്‍ദ്ധനന്റെ ദക്ഷിണേന്ത്യയിലേക്കുള്ള ആക്രമണങ്ങള്‍ തടഞ്ഞതും[1], കാഞ്ചീപുരത്തെ പല്ലവരെ പരാജയപ്പെടുത്തിയതും[1] ഇദ്ദേഹത്തിന്റെ നേട്ടങ്ങളായി കണക്കാക്കുന്നു.

[തിരുത്തുക] ജീവചരിത്രം

പുലികേശിയുടെ സദസിലെ കവിയായിരുന്ന രവികീര്‍ത്തിയുടെ പ്രശസ്തിരചനകള്‍ പുലികേശി രണ്ടാമന്റെ നാല്‌ പൂര്‍വ്വപരമ്പരകളെ വിശദീകരിക്കുന്നു. തന്റെ അമ്മാവനില്‍ നിന്നാണ്‌ പുലികേശിക്ക് രാജ്യാധികാരം ലഭിച്ചത്. രവികീര്‍ത്തിയുടെ രചനകളനുസരിച്ച് പുലികേശി ഹര്‍ഷന്റെ മുന്നേറ്റം തടയുന്നതിനു പുറമേ കിഴക്കും പടിഞ്ഞാറുമുള്ള തീരപ്രദേശങ്ങള്‍ വരെ സൈനികമുന്നേറ്റം സംഘടിപ്പിച്ചു. ഹര്‍ഷന്‍ പരാജയത്തിനു ശേഷം ഹര്‍ഷന്‍ (സന്തോഷവാന്‍) ആയിരുന്നില്ലെന്നും രവികീര്‍ത്തി കൂട്ടിച്ചേര്‍ക്കുന്നു[1].

കാഞ്ചിയിലെ സമൃദ്ധിയെക്കുറിച്ച് അറിഞ്ഞ പുലികേശി രണ്ടാമന്‍ പല്ലവരാജാവായ മഹേന്ദ്രവര്‍മ്മനെ ആക്രമിച്ച് (പുല്ലലൂര്‍ എന്ന സ്ഥലത്തുവെച്ച്, ക്രി.വ. 620-ഇല്‍) യുദ്ധത്തില്‍ തോല്പ്പിച്ചു. പല്ലവര്‍ക്കു നേരെയുള്ള ആക്രമണവേളയില്‍ പല്ലവരാജാവ് പുലികേശിയെ ഭയന്ന് കാഞ്ചീപുരത്തെ കോട്ടയില്‍ ഒളിച്ചു എന്നും രവികീര്‍ത്തി സൂചിപ്പിക്കുന്നുണ്ട്[1]. ഈ പരാജയത്തിനു പകരം വീട്ടുവാനുള്ള മഹേന്ദ്രവര്‍മ്മന്റെ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടു. യുദ്ധത്തോല്‍‌വി ഏല്പ്പിച്ച ആഖാതം മഹേന്ദ്രവര്‍മ്മന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചു. മഹേന്ദ്രവര്‍മ്മന്‍ ക്രി.വ. 630-ല്‍ അന്തരിച്ചു.

മഹേന്ദ്രവര്‍മ്മന്റെ മകനായ നരസിംഹവര്‍മ്മന്‍ സൈനീക ശക്തി വര്‍ദ്ധിപ്പിച്ചു. മണിമംഗലം, പരിയാലം എന്നീ സ്ഥലങ്ങളില്‍ വെച്ച് നടന്ന യുദ്ധത്തില്‍ നരസിംഹവര്‍മ്മന്‍ പുലികേശി രണ്ടാമനെ തോല്പ്പിച്ചു. ചാലൂക്യ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ബദാമി നരസിംഹവര്‍മ്മന്‍ ചുട്ടെരിച്ചു.

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 "CHAPTER 11 - NEW EMPIRES AND KINGDOMS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 115-117. ISBN 8174504931. http://www.ncert.nic.in/textbooks/testing/Index.htm. 
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍