പുരാണങ്ങള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രപഞ്ചസത്യങ്ങളെയും ദാര്‍ശനികപരമായ ഉപദേശങ്ങളെയും ധര്‍മ്മസംഹിതകളെയും സാധാരണ മനുഷ്യര്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ പ്രാപ്യമാവുന്ന ഘടനയില്‍ കഥോഖ്യാനം പോലെ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളാണ് പുരാണങ്ങള്‍ (സംസ്കൃതം:पुराण, purāṇa. ആംഗലേയം:Puranas). വേദാധികാരമില്ലാത്ത ശൂദ്രര്‍ക്കും, സ്ത്രീകള്‍ക്കും വേണ്ടി രചിക്കപ്പെട്ട ഇതിഹാസപുരാണങ്ങളെ 'പഞ്ചമവേദമെന്നും' വിളിക്കാറുണ്ട്. ഹിന്ദുജനസാമാന്യത്തിന്റെ മതവിശ്വാസം സ്ഥാപിച്ചിരിക്കുന്നത് പുരാണങ്ങളിലാണ്.
പതിനെട്ട് മഹാപുരാണങ്ങളും ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു. ഇവ കൂടാതെ ഹിന്ദു ക്ഷേത്രങ്ങളുടെ ഉല്പത്തിയെപ്പറ്റിയും, ആത്മീയ ചരിത്രത്തെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന സ്ഥലപുരാണങ്ങള്‍. ഒരു പ്രത്യേക കുലത്തിന്റെ ഉല്പത്തിയെപ്പറ്റിയും, ഐതിഹ്യങ്ങളെപ്പറ്റിയുമുള്ള കുലപുരാണങ്ങള്‍ എന്നിവയും പുരാണങ്ങളില്‍ ഉള്‍പ്പെടുത്തിക്കാണാറുണ്ട്.
[തിരുത്തുക] നിരുക്തം
പുരാണം എന്നാല്‍ പുരാതന കാലം മുതല്‍ നില നില്‍കുന്നത് എന്നാര്ത്ഥം.
[തിരുത്തുക] കാലവും കര്‍ത്താവും
പുരാണങ്ങളുടെ കാലവും കര്‍ത്താവും തര്‍ക്കവിഷയമാണ്. വിശ്വാസമനുസരിച്ച് വേദവ്യാസന്‍ ആണ് ഇവയുടേയും കര്‍ത്താവ്. ക്രിസ്തു വിന് ഏറെ നൂറ്റാണ്ടുകള്‍ മുന്നാണിവ എഴുതപ്പെട്ടിരിക്കുന്നത്. എന്നാല്‍ ചരിത്രകാരന്മാരും ഗവേഷകരും ഇത് അംഗീകരിക്കുന്നില്ല.കാലഘട്ടം കി.മു 4ആം നൂറ്റാണ്ടിനും ക്രി.പി ഒന്നാം നൂറ്റാണ്ടിനുമിടയിലാണെന്നാണ്‍ ആധുനിക പണ്ഡിതര്‍ അവകാശപ്പെടുന്നത്.[1]. എല്ലാ പുരാണങ്ങള്‍ക്കും പൊതുവായ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കിലും ഭാഷാശൈലികള്‍ വിഭിന്നമാണെന്നതാണ് അവര്‍ ഉന്നയിക്കുന്ന പ്രധാന തര്‍ക്കവിഷയം. ചിലതില്‍ ലാഘവമായ ഭാഷയാണെങ്കില്‍ മറ്റു ചിലതില്‍ ഗാഢവും കഠിനവും ദുര്‍ഗ്രഹവുമായ ഭാഷയഅണ്. പുരാണങ്ങളിലെ പ്രതിപാദ്യവിഷയങ്ങള്‍ തമ്മില്‍ വളരെ വ്യത്യാസമുള്ളവയും തമ്മില്‍ പൊരുത്തപ്പെടാത്തവയും ഉണ്ട്. ഒന്നില്‍ ഏറ്റവും പ്രധാന ദേവനായി ചിത്രീകരിച്ചിരിക്കുന്ന മൂര്‍ത്തി മറ്റൊന്നില്‍ വേറൊരു ഈശ്വരന്റെ മുന്നില്‍ തരം താഴ്ന്നു നില്‍കൂന്നതായും പ്രതിപാദിച്ചു കാണുന്നു. പഞ്ചലക്ഷണങ്ങളുടെ കാര്യത്തിലും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ഇവയെല്ലാം വിഭിന്നരയ കര്‍ത്താക്കളാണ് പുരാണങ്ങള്‍ എഴുതിയതെന്നും സ്വീകാര്യത കിട്ടാനായി വ്യാസന്റെ പേര്‍ സ്വീകരിച്ചതായിരിക്കാം എന്നും ചരിത്രകാരന്മാര്‍ കരുതുന്നതിന്റെ ആധാരം. ഗുപ്തസാമ്രാജ്യത്തിന്റെ പതന കാലഘട്ടത്തിലാണ്‍(320-500 CE) പുരാണങ്ങളുടെ ഉള്ളടക്കം പ്രമാണീകരിക്കപ്പെട്ടത്. മെഡീവല്‍ കാലഘട്ടം വരെ പുരാണ ഗ്രന്ഥങ്ങളിലേയ്ക്ക് രചനകള്‍ നിരന്തരം കൂട്ടിച്ചേര്‍ക്കപ്പെട്ടുകൊണ്ടേയിരുന്നു.[2]
[തിരുത്തുക] ചരിത്രം
അഥര്‌വ്വവേദത്തില്‍ പുരാണങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ടെങ്കിലും അക്കാലത്ത് അവ ഗ്രന്ഥരൂപം പ്രാപിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല. ഛാന്ദോഗ്യോപനിഷത്തിന്റെ കാലമായപ്പോഴേക്കും പുരാണങ്ങള്‍ ശരിയായ രൂപം പ്രാപിച്ചിരുന്നു. എങ്കിലും സൂത്രങ്ങളും സൂത്രഭാഷ്യങ്ങളുംരചിക്കപ്പെട്ടതോടെയാണ് പുരാണങ്ങളെപ്പറ്റിയുള്ള വ്യക്തമായ പ്രസ്താവനകള്‍ പ്രത്യക്ഷപ്പെടുന്നത്.
ക്രി.വ. അഞ്ചാം ശതകത്തില്‍ പുരാണങ്ങളൂടെ ലക്ഷണങ്ങളെപ്പറ്റി അമരസിംഹന്‍ പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം സര്‍ഗം, പ്രതിസര്‍ഗം, വംശം, മന്വന്തരം, വംശാനുചരിത്രം എന്നീ ലക്ഷണങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നു. ഗുപ്തകാലഘട്ടത്ഹ്റ്റിലാണ് പുരാണങ്ങള്‍ ക്രോഡീകരിക്കപ്പെട്ടത്. ഹിന്ദുമതത്തിന്റെ നവോത്ഥാനം ദര്‍ശിക്കപ്പെട്ട അക്കാലത്ത് തന്നെയാണ് മഹാഭാരതവും ക്രോഡീകരിക്കപ്പെട്ടത്.
[തിരുത്തുക] അഷ്ടാദശപുരാണങ്ങള്‍
പുരാണങ്ങള്‍ പതിനെട്ട് എണ്ണം ഉണ്ട് എന്ന് വിശ്വസിക്കുന്നു, ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടാവാം. അഷ്ടാദശപുരാണങ്ങള്‍ താഴെ പറയുന്നവയാണ് .
[തിരുത്തുക] ബ്രഹ്മപുരാണം
ബ്രഹ്മമാഹാത്മ്യത്തിനു പുറമെ, ശ്രീരാമാന്റെയും, ശ്രീകൃഷ്ണന്റെയും ചരിത്രവും അവതാരവും അവതാരകഥകളും അടങ്ങിയിരിക്കുന്നു. ആകെ 13000 ശ്ലോകങ്ങള്‍.
[തിരുത്തുക] വിഷ്ണുപുരാണം
മഹാവിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണമാണ്. ശ്രീകൃഷ്ണചരിതത്തിനും പുറമെ വിഷ്ണുപൂജ, കൃഷ്ണജന്മാഷ്ടമീവ്രതകഥ, വിഷ്ണു സഹസ്രനാമം എന്നീ സ്വതന്ത്രകൃതികളും വിഷ്ണുപുരാണത്തില്‍ ഉല്പ്പെടുത്തിരിയിക്കുന്നു. ബുദ്ധ ജൈനമതങ്ങളെ നിശിതമായി വിമര്‍ശിക്കുന്നു. ദശാവതാരങ്ങള്‍ വിവരിക്കുന്നു. 23000 ശ്ലോകങ്ങള്‍.
[തിരുത്തുക] ശിവപുരാണം
പേരു സൂചിപ്പിക്കുന്നതുപോലെ ശിവചരിതമാണ് ഉള്ളടക്കം. 24000 ശ്ലോകങ്ങള്‍.
[തിരുത്തുക] ഭാഗവതപുരാണം
ഭക്തിപ്രധാനമായ ഭാഗവതപുരാണത്തില്‍ വിഷ്ണുകഥയും ശ്രീകൃഷ്ണകഥയുമുണ്ട്. കപിലമുനിയെയും ശ്രീബുദ്ധനെയും അവതാരങ്ങളായി അംഗീകരിക്കുന്നു. വൈഷ്ണവരുടെ മുഖ്യമത ഗ്രന്ഥമാണ് ഭാഗവതം. 18000 ശ്ലോകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.
[തിരുത്തുക] പദ്മപുരാണം
പ്രപഞ്ചോല്പത്തിയെ കുറിച്ച് ഇതില്‍ പ്രദിപാദിച്ചിരിക്കുന്നു. ഗണപതി സഹസ്രനാമം, ശ്രീരാമസഹസ്രനാമം തുടങ്ങി 50ല്‍ പരം ഗ്രന്ഥങ്ങള്‍ അടങ്ങിയിട്ടുള്ള പദ്മപുരാണത്തില്‍ 55000 ശ്ലോകങ്ങള്‍ ഉണ്ട്.
[തിരുത്തുക] നാരദപുരാണം
ശ്രീകൃഷ്ണമഹാത്മ്യം, പാര്‍ത്ഥിവലിംഗമാഹാത്മ്യം തുടങ്ങിയ സ്വതന്ത്രകൃതികള്‍ അടങ്ങിയ നാരദപുരാണത്തില്‍ 18110 ശ്ലോകങ്ങളുണ്ട്. പാപകര്‍മ്മങ്ള്‍ നരകയാതനങ്ങള്‍ എന്നിവ വിവരിക്കുന്നു.
[തിരുത്തുക] മാര്‍ക്കണ്ഡേയപുരാണം
ദ്വാരകാചരിതം, പ്രപഞ്ചതത്ത്വം, ശ്രീകൃഷ്ണ ബാലലീല, വസിഷ്ഠ വിശ്വാമിത്ര കലഹം തുടങ്ങിയവ യാണ് പ്രതിപാദ്യവിഷയങ്ങള്‍. 6900 ശ്ലോകങ്ങളുണ്ട്.
[തിരുത്തുക] ഭവിഷ്യപുരാണം
അഗ്നിവര്‍ണനയാണ് ഇതില്‍ പ്രധാനമായി പ്രതിപാദിക്കുന്നത്. 14000 ശ്ലോകങ്ങള്‍ ആണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.
[തിരുത്തുക] ലിംഗപുരാണം
അഘോരമന്ത്രം, പഞ്ചഗവ്യം, മൃത്യുഞ്ജയമന്ത്രം, സരസ്വതീസ്തോത്രം മുതലായ ചെറുപുസ്തകങ്ങള്‍ ലിംഗപുരാണത്തിലുണ്ട്. 11000 ശ്ലോകങ്ങള്‍ അടങ്ങിയിരിക്കുന്നു. ശിവനെ പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍ത്താവായി പ്രകീര്‍ത്തിക്കുന്നു. ശിവന്റെ ഇരുപത്തിയെട്ടു അവതാരങ്ങള്‍ വിവരിക്കുന്നു.
[തിരുത്തുക] വരാഹപുരാണം
ശാകദ്വീപ്, കുശദ്വീപ്, ക്രഔഞ്ച ദ്വീപ് തുടങ്ങിയം ദ്വീപുകളുടെ വര്‍ണ്ണനകള്‍ക്കു പുറമെ ചാതുര്‍മ്മാംസ്യം, വാമനമാഹാത്മ്യം, ഭഗവത്ഗീത, സാര്‍ വ്വഭഔമവ്രതം മുതലായ വിഷയങ്ങള്‍ പ്രതിപാദിക്കുന്നു. ആകെ 10000 ശ്ലോകങ്ങള്‍ അടങ്ങിയിരിക്കുന്നു.
[തിരുത്തുക] ബ്രഹ്മവൈവര്‍ത്തപുരാണം
കൃഷ്ണസ്തോത്രം, ഏകാദശീമാഹാത്മ്യം, ഉദ്ധവരാധാസം വാദം, ശ്രാവണാദ്വാദശീവ്രതം തുടങ്ങിയ സ്വതന്ത്ര കൃതികള്‍ക്കു പുറമെ ബ്രഹ്മാ- ഗണപതി - ശ്രീകൃഷ്ണ മഹിമകളും ഉള്‍കൊള്ളിച്ചിരിക്കുന്നു. ആകെ 18000 ശ്ലോകങ്ങള്‍.
[തിരുത്തുക] സ്കന്ദപുരാണം
സ്ഥലപുരാണങ്ങളും ക്ഷേത്രമാഹാത്മ്യങ്ങളും ഭാരതത്തിന്റെ ഭൂമിശാസ്ത്ര വിവരണങ്ങളും ശ്രീ സുബ്രഹ്മണ്യ ചരിതവും ഉള്ള സ്കന്ദപുരാണത്തില്‍ 81100 ശ്ളോകങ്ങള്‍ ഉണ്ട്. ഏറ്റവും വലിയ പുരാണം. ശിവനെപ്പറ്റിയുള്ള ഐതീഹ്യങ്ങള്‍, നരകവര്‍ണ്ണന എന്നിവയുമുണ്ട്.
[തിരുത്തുക] വാമനപുരാണം
വാമനചരിതമാണ് മുഖ്യം. ഗംഗാമഹാത്മ്യം മുതലായ സ്വതന്ത്രകൃതികളും വാമനപുരാണത്തിലുണ്ട്. 16000 ശ്ളോകങ്ങള്‍ ആകെ ഉണ്ട്.
[തിരുത്തുക] മത്സ്യപുരാണം
മത്സ്യാവതാരകഥയാണ് ഇതില്‍ പ്രതിപാദിക്കുന്നത്. 14000 ശ്ലോകങ്ങള്‍ ആണ് ഇതില്‍ ഉള്ളത്. ജൈനബുദ്ധമതങ്ങളെ ഇതില്‍ വിമര്‍ശിക്കുന്നുണ്ട്.
[തിരുത്തുക] കൂര്‍മ്മപുരാണം
കൂര്‍മ്മാവതാര കഥയാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. പുറമെ ഗൃഹസ്ഥ-വാനപ്രസ്ഥ ധര്‍മ്മങ്ങള്‍, യതീധര്‍മ്മങ്ങള്‍ മുതലായവ. ആകെ 6000 ശ്ലോകങ്ങള്‍.
[തിരുത്തുക] ഗരുഡപുരാണം
പ്രേതകര്‍മ്മം, പ്രേതശ്രാദ്ധം, യമലോകം, നരകം മുതലായവയാണ് പ്രതിപാദിക്കുന്നത്. 11000 ശ്ലോകങ്ങള്‍ അടങ്ങിയിരിക്കുന്നു.
[തിരുത്തുക] ബ്രഹ്മാണ്ഡപുരാണം
അദ്ധ്യാത്മരാമായണം ഈ പുസ്തകത്തില്‍ നിന്നെടുത്ത് പ്രത്യേകമായി പ്രസിദ്ധപ്പെടുത്തിയതാവുമെന്നു വിശ്വസിക്കുന്നു. അനന്തശയനം, ഋഷി പഞ്ചമി, ദക്ഷിണാമൂര്‍ത്തി, ലക്ഷ്മീപൂജ, ഗണേശകവചം, ഹനുമത്കവചം എന്നീ ചെറുപുസ്തകങ്ങള്‍ ഇതിലുണ്ട്. ആകെ 12000 ശ്ലോകങ്ങള്‍.
[തിരുത്തുക] അഗ്നിപുരാണം
രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ സംഗ്രഹവും, അഷ്ടദശവിദ്യകള്‍, ധനുര് വേദം, ഗാന്ധര് വ്വവേദം, ആയുര് വേദം, അര്‍ത്ഥശാസ്ത്രം, ദര്‍ശനങ്ങള്‍, കാവ്യകല എന്നിങ്ങനെയുള്ള വിഷയങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ആകെ 15000 ശ്ലോകങ്ങള്‍.
[തിരുത്തുക] പ്രതിപാദ്യ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി
- സംസ്കൃതത്തിലെ മഹത്തായാ കലാശാസ്ത്രഗ്രന്ഥങ്ങളുടെ സാരവും സാധാരണയായി കാണുന്ന പുരാണവിഷയന്ങ്ങ്ഗളും പ്രതിപാദിക്കുന്നവ. ഉദാ: ഗാരുഡം, അഗ്നീ, നാരദം
- തീര്‍ത്ഥങ്ങളേയും വ്രതങ്ങളേയും പറ്റി വിവരിക്കുന്നവ ഉദാ: പദ്മം, സ്ക്കാന്ദം, ഭവിഷ്യം
- രണ്ട് പരിഷ്കരണങ്ങള്‍ കഴിഞ്ഞവ. ഉദാ: ബ്രഹ്മപുരാണം, ഭാഗവതം, ബ്രഹ്മവൈവര്‍ത്തം
- ചരിത്രപുരാണങ്ങള്‍- ഉദാ: ബ്രഹ്മാണ്ഡം,
- മതവിഭാഗങ്ങളുടെ പുരാണം - ഉദാ: ലിംഗം, വാമനം, (ശൈവം) മാര്‍ക്കണ്ഡേയം (ശാക്തേയം)
- പല തവണ വ്യാഖ്യാനിക്കപ്പെട്ട് ഇല്ലാതായിത്തീര്‍ന്നവ- വരാഹം, കൂര്‍മ്മം, മാത്സ്യം
[തിരുത്തുക] ലക്ഷണങ്ങള്‍
മഹാപുരാണങ്ങളെന്നും ഉപപുരാണങ്ങളെന്നും തിരിക്കപ്പെട്ടിരിക്കുന്ന പുരാണസമാഹാരം പ്രധാനമായും അഞ്ച് വിഷയങ്ങളെയാണ്‍ പ്രതിപാദിക്കുന്നത്[3].ഈ അഞ്ച് വിഷയങ്ങള്‍ പഞ്ചലക്ഷണങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. അവ ചുവടേ ചേര്‍ക്കുന്നു
- സര്‍ഗ്ഗം-പ്രപഞ്ച സൃഷ്ടി
- പ്രതിസര്‍ഗ്ഗം-ദ്വിതീയ സൃഷ്ടികള്‍, പ്രധാനമായും, വിലയം പ്രാപിച്ചതിനു ശേഷമുള്ള് പുന:സൃഷ്ടികള്‍.
- വംശം-ദേവന്മാരുടേയും ഋഷിമാരുടേയും വംശാവലി.
- മന്വന്തരം-മാനവരാശിയുടേയും, ആദിമ മനുഷ്യരുടേയും സൃഷ്ടി.
- വംശാനുചരിതം-രാജകുലങ്ങളുടെ ചരിത്രം.
മതം, ചരിത്രം എന്നിവയാണ് മിക്ക പുരാണങ്ങളുടേയും പ്രധാന പ്രതിപാദ്യവിഷയമെങ്കിലും അവ ഈ അഞ്ചു വിഷയങ്ങളെയാണ് കൈകാര്യം ചെയ്യുന്നത്.
മറ്റുപല വിശുദ്ധഗ്രന്ഥങ്ങളിലും(മതഗ്രന്ഥങ്ങള്‍) ഇതേതരത്തിലുള്ള വേര്‍തിരിവ് ദര്‍ശിക്കാന്‍ കഴിയുമെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു(ഉദാ:ബൈബിള്‍)[4]. ഒരു പുരാണം പ്രധാനമായും ഒരു ദേവതക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുകയും മറ്റുള്ള ദേവതകളെ അത്ര പ്രാധാന്യമില്ലാതെയുമാണ് ചിത്രീകരിക്കാറുള്ളത്. മിക്കവാറും എല്ലാ പുരാണങ്ങളിലും ഭക്തിമുതല്‍ സാംഖ്യം വരെയുള്ള മതപരവും തത്വശാസ്ത്രപരവുമായ വളരെയധികം ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അവയുടെ രചനാരീതിയില്‍ നിന്നുതന്നെ ഇപ്പോഴും ഹൈന്ദവ സമൂഹത്തില്‍ കാണപ്പെടുന്ന വൈഷ്ണവം, ശൈവം എന്നീ ശാഖകളുടെ ഉദയം ദര്‍ശിക്കാനാവും.
പല ദേശങ്ങളിലും മിക്കപുരാണങ്ങളുടേയും അവിടത്തേ മാതൃഭാഷാ വിവര്‍ത്തനം കണ്ടുവരാറുണ്ട്. ഇത് സാധ്യമാവുന്നത് പുരാണങ്ങള്‍ പഠിക്കുകയും അവയുടെ സംഗ്രഹം മറ്റുള്ളവര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ വിവരിച്ചുകൊടുക്കുകയും ചെയ്യുന്ന പണ്ഡിത ബ്രാഹ്മണരിലൂടെയാണ്. ഹൈന്ദവ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഭാഗവത സപ്താഹയജ്ഞവും, ശ്രീമദ്ദേവീഭാഗവത നവാഹ യജ്ഞവും ഇതിനുദാഹരണമായി കണക്കാക്കാവുന്നതാണ്).
[തിരുത്തുക] ബ്രഹ്മാവിനെ സംബന്ധിക്കുന്ന പുരാണങ്ങള്‍
ബ്രഹ്മപുരാണം, ബ്രഹ്മാണ്ഡപുരാണം, ബ്രഹ്മവൈവര്‍ത്തപുരാണം, മാര്‍ക്കണ്ഡേയപുരാണം, ഭവിഷ്യപുരാണം, വാമനപുരാണം.
[തിരുത്തുക] വിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണങ്ങള്‍
വിഷ്ണുപുരാണം, ഭാഗവതപുരാണം, ഗരുഡപുരാണം, പത്മപുരാണം, വരാഹപുരാണം, നാരദീയപുരാണം.
[തിരുത്തുക] ശിവനെ സംബന്ധിക്കുന്ന പുരാണങ്ങള്‍
വായുപുരാണം, ലിംഗപുരാണം, സ്കന്ദപുരാണം, അഗ്നിപുരാണം, മത്സ്യപുരാണം, കൂര്‍മ്മപുരാണം.
[തിരുത്തുക] ഉപപുരാണങ്ങള്‍
സനല്‍ക്കുമാരം, നാരസിംഹം, നാരദീയം, ശിവം, ദുര്‍വ്വസസ്സ്, കാപിലം, മാനവം, ഉശനസ്സ്, വാരുണം, കാളികം, സാംബം, സൌരം, ആദിത്യം, മാഹേശ്വരം, ദേവിഭാഗവതം, വാസിഷ്ടം, വിഷ്ണുധര്‍മ്മോത്തരം, നീലമറപുരാണം.
[തിരുത്തുക] പ്രമാണാധാരസൂചിക
- ↑ Vinay Lal (2007) Puranas. University of California, Los Angeles.
- ↑ Flood (1996), p. 110.
- ↑ മത്സ്യപുരാണം 53.65
- ↑ 'Purana as Brahminic Ideology', Velcheru Narayana Rao in Purana Perennis - "Reciprocity and Transformation in Hindu and Jaina Texts" - edited by Wendy Doniger,p. 85-100. ISBN 0-7914-1381-0
| പുരാണങ്ങള്‍ | |
|---|---|
| ബ്രഹ്മപുരാണം | ബ്രഹ്മാണ്ഡപുരാണം | ബ്രഹ്മ വൈവര്‍ത്ത പുരാണം | മാര്‍ക്കണ്ഡേയപുരാണം | ഭവിഷ്യപുരാണം | വാമനപുരാണം | വിഷ്ണുപുരാണം | ഭാഗവതപുരാണം | നാരദേയപുരാണം | ഗരുഡപുരാണം | പദ്മപുരാണം | വരാഹപുരാണം | വായുപുരാണം | ലിംഗപുരാണം | സ്കന്ദപുരാണം | അഗ്നിപുരാണം | മത്സ്യപുരാണം | കൂര്‍മ്മപുരാണം | ശിവപുരാണം
|

