പുരന്ദരദാസന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുരന്ദര ദാസ
കര്‍ണ്ണാടക സംഗീതത്തിന്റെ പിതാവ്
കര്‍ണ്ണാടക സംഗീതത്തിന്റെ പിതാവ്
Background information
Birth name ശ്രീനിവാസ നായക
Born 1484
Origin Flag of ഇന്ത്യ ക്ഷേമാപുര, ശിവമൊഗ്ഗ, ഇന്ത്യ
Died 1564
Genre(s) കര്‍ണ്ണാടക സംഗീതം
Occupation(s) കര്‍ണ്ണാടക സംഗീതജ്ഞന്‍

കര്‍ണ്ണാടക സംഗീതത്തിന്റെ പിതാവും പ്രശസ്തനായ ഒരു സംഗീതജ്ഞനുമായിരുന്നു പുരന്ദരദാസന്‍ (1484 – 1564) (Kannada: ಪುರಂದರ ದಾಸ)[1] . അദ്ദേഹത്തിന്റെ പുതുമയാര്‍ന്ന സംഭാവനളെ മാനിച്ച് അദ്ദേഹത്തെ കര്‍ണ്ണാടക സംഗീതത്തിന്റെ പിതാവ് എന്ന് ആദരിക്കപ്പെടുന്നു. [2][3]

[തിരുത്തുക] ജീവിതരേഖ

കര്‍‌ണ്ണാടകത്തിലെ ഉഡുപ്പിയ്ക്ക് സമീപം ജനിച്ചു. ജീവിതകാലം 1484 മുതല്‍ 1564 വരെ ആണെന്ന് കരുതുന്നു.ശരിയായ പേര് ശ്രീനിവാസനായക് എന്നായിരുന്നു. വിഷ്ണുഭക്തനായിരുന്ന ഇദ്ദേഹത്തിന്റെ കൃതികളില്‍ പുരന്ദര വിഠല എന്ന മുദ്ര കാണാം. ഇദ്ദേഹത്തിന്റെ കൃതികള്‍ മിക്കവയും കന്നഡ ഭാഷയിലാണ് രചിച്ചിരിയ്ക്കുന്നത്, ചിലതുമാത്രം സം‌സ്കൃതത്തിലും. ഇദ്ദേഹത്തിന്റെ അതുല്യമായ സംഭാവനകളെ പരിഗണിച്ച് കര്‍‌ണ്ണാടകസംഗീതത്തിന്റെ പിതാമഹന്‍ എന്നാണ് വിശേഷിപ്പിയ്ക്കുന്നത്. വരദപ്പനായകന്‍ എന്ന ധനികനായ വ്യാപാരിയുടെ ഏകപുത്രനായിട്ടാണ് ഇദ്ദേഹം ജനിച്ചത്. ബാല്യകാലത്ത് ലഭിച്ച വിദ്യാഭ്യാസം ഇദ്ദേഹത്തെ കന്നഡഭാഷയിലും സം‌സ്കൃതത്തിലും പാരമ്പര്യവ്യാപാരത്തിലും ഇദ്ദേഹത്തെ നിപുണനാക്കി. 16-മത്തെ വയസ്സില്‍ വിവാഹിതനായി. പാരമ്പര്യതൊഴില്‍ ഏറ്റെടുത്ത ഇദ്ദേഹത്തിന് 'നവകോടി നാരായണന്‍' എന്ന സ്ഥാനപ്പേര് ലഭിച്ചു.

സംഗീതത്തിനോടുള്ള അഭിനിവേശം മൂലം കുലത്തൊഴില്‍ ഉപേക്ഷിച്ച് സംഗീതത്തില്‍ മുഴുകാന്‍ നിശ്ചയിച്ചു. ധനികനായ വ്യാപാരിയായ ഇദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു സംഭവം ഇപ്രകാരമാണ്. ഒരിയ്ക്കല്‍ ഒരു ബ്രാഹ്മണന്‍ തന്റെ പുത്രന്റെ ഉപനയനം കഴിയ്ക്കാനുള്ള ധനസഹായാര്‍ത്ഥം ഇദ്ദേഹത്തിന്റെ പത്നിയായ സരസ്വതീഭായിയെ സമീപിച്ചു. തന്റെ മോതിരം ദാനംചെയ്ത അവര്‍ പതിയെ ഭയന്ന് പ്രാര്‍ത്ഥിയ്ക്കുകയും അത്തരത്തിലുള്ള ഒരു മോതിരം ഇവര്‍‌ക്ക് നല്‍കപ്പെട്ടു എന്നും ഒരു ഐതിഹ്യമുണ്ട്. ഇവരുടെ ജീവിതത്തിന്റെ ധന്യത മനസ്സിലായ ശ്രീനിവാസനായകന്‍ തന്റെ സമ്പാദ്യം മുഴുവന്‍ ദാനംചെയ്തു. ഈ സംഭവത്തിനുശേഷം രചിച്ച ആദ്യകൃതി ശുദ്ധസാവേരി രാഗത്തില്‍ ത്രിപുട താളത്തിലായിരുന്നു.

ജീവിതസായാഹ്നം ഹം‌പിയിലായിരുന്നു. ഇദ്ദേഹം ഇരുന്നിരുന്ന മണ്ഡപം ഇപ്പോള്‍ പുരന്ദരദാസമണ്ഡപം എന്നാണ് അറിയപ്പെടുന്നത്. ജീവിതാവസാനത്തോടെ സംന്യാസം സ്വീകരിച്ച ഇദ്ദേഹം തന്റെ എണ്‍‌പതാമത്തെ വയസ്സിലാണ് ഇഹലോകം വെടിഞ്ഞത്.

[തിരുത്തുക] സംഭാവനകള്‍

സംഗീതലോകത്തിനു അനന്തമായ സംഭാവനകള്‍ നല്‍കിയ ഇദ്ദേഹത്തിന്റെ കാലത്താണ് ദക്ഷിണേന്ത്യന്‍ സംഗീതം പ്രത്യേകശാഖയായി വികസിച്ചത്. സംഗീതത്തിന് സുനിശ്ചിതമായ പഠനക്രമം സ്വരാവലി, ലക്ഷണഗീതം, അലങ്കാരം, പ്രബന്ധം എന്നിപ്രകാരം നല്‍കപ്പെട്ടു. മായാമാളവഗൗള രാഗത്തിന്റെ സ്വരസ്ഥാനങ്ങള്‍‌ക്കനുസരിച്ചു ആദ്യപാഠങ്ങള്‍ ക്രമീകരിച്ചു. ആകെ 80 രാഗങ്ങള്‍ ഇദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. രാഗമാലികയായും ഇദ്ദേഹത്തിന്റെ കൃതികള്‍ പാടിവരാറുണ്ട്. നാലേമുക്കാല്‍ ലക്ഷത്തോളം കൃതികള്‍ രചിച്ചതഅയി കരുതുന്ന ഇദ്ദേഹത്തിന്റെ ആയിരത്തോളമെണ്ണമേ ലഭ്യമായിട്ടുള്ളൂ. അന്ന് പ്രശസ്തങ്ങളായിരുന്ന രാഗത്തിലും താളത്തിലുമൂന്നിയാണ് ഇദ്ദേഹം കൃതികള്‍ ചിട്ടപ്പെടുത്തിയിരുന്നത് എന്നതിനാല്‍‌തന്നെ അവയെല്ലാം സാധാരണ ജനങ്ങള്‍‌ക്കും ആസ്വദിയ്ക്കാവുന്നതായിരുന്നു. ആത്മീയജീവിതത്തിന്റെ എല്ലാ മേഖലകളേയും സ്പര്‍‌ശിച്ചിരുന്നവയയിരുന്നു ഇദ്ദേഹത്തിന്റെ കൃതികള്‍.

പാഠക്രമങ്ങളനുസരിയ്ക്കുന്ന ആദ്യകൃതികള്‍ 'ലംബോദര ലകുമികര', 'കുന്ദഗൗരഗൗരീവര' എന്നിവയാണ്. ഓരോ കൃതിയ്ക്കും നിശ്ചിതതാളക്രമങ്ങള്‍ നിശ്ചയിയ്ക്കപ്പെട്ടിട്ടുണ്ടെങ്കിലും പല രാഗത്തിലും ഈ കൃതികളെല്ലാം പാടിവരുന്നുണ്ട്. അനേകം ചരണങ്ങളുള്ള 'സുളാദികള്‍'എന്ന രീതിയിലും കൃതികള്‍ രചിച്ചിട്ടുണ്ട്. ഇദ്ദേഹം നല്ലോരു വാഗ്ഗേയകാരനായിരുന്നു. അതായത്,സം‌ഗീതശാസ്ത്രജ്ഞാനം, പൂര്‍‌വികരുടെ സൃഷ്ടികളിലുള്ള ജ്ഞാനം, ഒരേ രാഗത്തില്‍ തന്നെ വിവിധ ഭാവങ്ങളില്‍ കൃതികള്‍ ചിട്ടപ്പെടുത്താനുള്ള കഴിവ് ഇവയെല്ലാം ഇദ്ദേഹത്തിന്റെ പ്രത്യേകതകളാണ്.

[തിരുത്തുക] അവലംബം

  1. A concise history of Karnataka from pre-historic times to the present (1980) by Suryanath Kamath, Published by Jupiter books Bangalore
  2. A musical tribute was paid to Sri Purandaradasa, http://www.hinduonnet.com/thehindu/2005/02/10/stories/2005021004860300.htm
  3. The Music of India (1996) By Reginald Massey,and Jamila Massey foreword by Ravi Shankar, Abhinav Publications ISBN:8170173329, Page 57
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം