പുത്തൻപറമ്പിൽ തൊമ്മച്ചൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുത്തൻപറമ്പിൽ തൊമ്മച്ചൻ
ജനനം1836 ജൂലൈ 8
എടത്വ, അലപ്പുഴ
മരണം1901 നവംബർ 1
വണങ്ങുന്നത്സിറോ മലബാർ സഭ

സിറോ മലബാർ സഭയിൽ ദൈവദാസ പദവി ലഭിക്കുന്ന പ്രഥമ അൽമായനും കേരളത്തിലെ ഫ്രാൻസിസ്കൻ മൂന്നാം സഭയുടെ സ്ഥാപകനുമാണ് പുത്തൻപറമ്പിൽ തൊമ്മച്ചൻ (1836 ജൂലൈ 8 - 1901 നവംബർ 1) [1]. 2012 ജൂൺ 29-ന് ഇദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു[2]. ഫ്രാൻസിസ്‌കൻ ജീവിത ശൈലിയുടെ പ്രചാരകനെന്ന നിലയിൽ കേരള അസീസി എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. കുടുംബജീവിതം നയിക്കുന്നവർക്കായി ഇദ്ദേഹം കേരളത്തിൽ ഫ്രാൻസിസ്‌കൻ അല്മായ സഭയ്ക്ക് അടിത്തറ പാകി.

ജീവിതരേഖ[തിരുത്തുക]

1836 ജൂലൈ 8-ന് ആലപ്പുഴ ജില്ലയിലെ എടത്വയിൽ ജനിച്ചു. രണ്ടര വയസുള്ളപ്പോൾ പിതാവ് അന്തരിച്ചു. പിന്നീട് മാതാവ് ത്രേസ്യാമ്മയുടെ സംരക്ഷണത്തിലാണ് അദ്ദേഹം വളർന്നു വന്നത്. ചെറുപ്പത്തിലെ ആതീമകാര്യങ്ങളിൽ തല്പരനായിരുന്ന തൊമ്മച്ചൻ വിശുദ്ധരുടെ ജീവിതത്തിൽ പ്രചോദനം ഉൾക്കൊണ്ട് സന്യാസ വഴി സ്വീകരിക്കുവാൻ ആഗ്രഹിച്ചു. കുടുംബത്തിലെ ഏകമകനായതിനാൽ സന്യാസജീവിതം സ്വീകരിക്കുവാൻ പരിമിതികൾ നിരവധിയുണ്ടായിരുന്നു.

1856-ൽ ആലപ്പുഴ പുളിങ്കുന്ന് കൂട്ടുമ്മേൽ വടക്കേവീട്ടിൽ അന്നമ്മയെ വിവാഹം ചെയ്തു. ഈ വിവാഹബന്ധത്തിൽ രണ്ട് പെണ്ണും ഒരു ആണും ഉൾപ്പെടെ മൂന്നു മക്കൾ ജനിച്ചു. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ മൂന്നാം സഭയെക്കുറിച്ചു മനസ്സിലാക്കിയാണ് വിവാഹിതർക്കും സന്യാസ സഭയിൽ അംഗമാകാമെന്നു തിരിച്ചറിഞ്ഞത്. കുടുംബ ജീവിതം നയിക്കുന്നവർക്കായി കയർ കെട്ടിയവരുടെ സംഘം എന്ന പേരിൽ തൊമ്മച്ചൻ മൂന്നാം സഭയ്ക്കു തുടക്കംകുറിച്ചു. 1868 ഡിസംബർ 26-ന് കുറുമ്പനാടം പള്ളി വികാരിയിൽ (പാലാക്കുന്നേൽ വല്ല്യച്ചൻ) നിന്നും മൂന്നാം സഭയുടെ തിരുവസ്ത്രമായ ഹങ്കർക്ക സ്വീകരിച്ചു[3] .

ആലപ്പുഴ പൂന്തോപ്പ് പള്ളിയിൽ 1879-ൽ ധർമവീട് എന്ന അനാഥാലയം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ബിഷപ്പ് ചാൾസ് ലവീഞ്ഞ് 1889-ൽ തൊമ്മച്ചനെ മൂന്നാംസഭയുടെ ശ്രേഷ്ഠനായി ഉപവിഷ്ഠനാക്കി. 1888-ൽ ക്ലാരസഭയുടെ ആരംഭത്തിനും ദിവ്യകാരുണ്യ ആരാധനാ സഭയുടെ സ്ഥാപനത്തിനും തൊമ്മച്ചൻ പ്രധാന പങ്കു വഹിച്ചു. 1908-ൽ, സകലവിശുദ്ധരുടേയും തിരുനാൾ ദിനമായ നവംബർ 1-നു അന്തരിച്ചു[4].

2012 ജൂൺ 19-ന് നാമകരണനടപടികളുടെ ആരംഭമായി ദൈവദാസ പ്രഖ്യാപനം നടത്തുവാനുള്ള നടപടികൾ ആരംഭിച്ചു[5]. ജൂൺ 29-ന് സീറോ മലബാർ കത്തോലിക്കാസഭ ഇദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു. ആയിരങ്ങൾ ഉൾപ്പെട്ട ചടങ്ങിൽ ചങ്ങനാശ്ശേരി അതിരൂപതയിലെ എടത്വ സെൻറ് ജോർജ്ജ് ദേവാലയ മൈതാനത്ത് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടമാണ് ദൈവദാസ പ്രഖ്യാപനം നടത്തിയത്.

അവലംബം[തിരുത്തുക]

  1. "Source of Inspiration - Puthenparampil Thommachen". Archived from the original on 2012-08-15. Retrieved 2012-06-26.
  2. Thommachan declared ‘Servant of God’
  3. മനോരമ ദിനപത്രം, കോട്ടയം എഡിഷൻ, 2012 ജൂൺ 24, പേജ് 9
  4. Kerala Assisi the Venerable Puthenparampil Thommachan[പ്രവർത്തിക്കാത്ത കണ്ണി]
  5. പുത്തൻപറമ്പിൽ തൊമ്മച്ചൻ ഇനി ദൈവദാസൻ, മനോരമ ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]