പുത്താങ്കീരി
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| പുത്താങ്കീരി Yellow-billed Babbler |
|
|---|---|
| in Hyderabad, India. | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Passeriformes |
| കുടുംബം: | Timaliidae |
| ജനുസ്സ്: | Turdoides |
| വർഗ്ഗം: | T. affinis |
| ശാസ്ത്രീയ നാമം | |
| Turdoides affinis (Jerdon, 1845) |
|
മൈനയുടെ അത്രയും മാത്രം വലിപ്പമുള്ള ഒരു ചെറിയ കിളിയാണ് പുത്താങ്കീരി. (White headed babbler-Turdoides affinis). കേരളത്തിലെ നാട്ടിൻപുറങ്ങളിൽ കുറ്റിക്കാടുകളിലും പറമ്പുകളിലും സാധാരണ കണ്ടുവരുന്നു. ചവലാച്ചി, കരിയിലപ്പിടച്ചി, പീണിക്കിളി, ചിതല, ചാണകക്കിളി, ഉമിക്കാട എന്നൊക്കെയും അറിയപ്പെടുന്നു. വംശനാശഭീഷണി കുറവാണ്. ദേശാടനസ്വഭാവവും ഇല്ല.
ഉള്ളടക്കം |
[തിരുത്തുക] ആവാസവ്യവസ്ഥകൾ
ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന പക്ഷിയാണ് പുത്താങ്കീരി.
[തിരുത്തുക] പ്രത്യേകതകൾ
ഏഴുമുതൽ പതിനഞ്ചെണ്ണം വരെയുള്ള സംഘങ്ങളായാണ് പുത്താങ്കീരികളെ കാണുന്നത്. ഇക്കാരണം കൊണ്ടുതന്നെ Seven Sisters എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്നു. ഒരു സ്ഥലത്തു തന്നെ ഒന്നിലധികം സംഘങ്ങളെ കാണാം പക്ഷേ ഒരു സംഘത്തിലുള്ളവർ മറ്റൊരു സംഘത്തോടു ചേരില്ല. മറ്റുജീവികൾക്കെല്ലാം കാവൽക്കാരായും ഇവ പ്രവർത്തിക്കുന്നു, ഒരു ശത്രുവിനെ സാധാരണ പാമ്പ്, കീരി, എറിയള്ള്(ഷിക്ര) മുതലായവയെ ആദ്യം കണ്ടെത്തുന്നതും അപായസൂചന നൽകുന്നതും പുത്താങ്കീരികളായിരിക്കും. ഇവ ഒച്ചവെക്കുന്നതോടെ പ്രദേശത്തെ മറ്റു ജീവികളെല്ലാം കരുതലോടെയിരിക്കുന്നു. അതുകൊണ്ട് കാട്ടിലെ കാവൽക്കാരൻ എന്നൊരു പേരും ഇവയ്ക്കുണ്ട്.
[തിരുത്തുക] ശാരീരിക പ്രത്യേകതകൾ
മൈനയുടെ അത്രയും മാത്രം വലിപ്പമുള്ള ഒരു ചെറിയ കിളിയാണ് പുത്താങ്കീരി. ഉണങ്ങിയ പൊടിമണ്ണിന്റേതുപോലുള്ള ഒരു മങ്ങിയ നിറമാണ് പുത്താങ്കീരികൾക്ക്. വാലിന്റേയും ചിറകുകളിലെ വലിയ തൂവലുകൾക്കും അല്പം ഇരുളിമ കൂടും. തലയുടെ മുകളിൽ നരച്ച തവിട്ടുനിറമോ മങ്ങിയ വെള്ളനിറമോ ആയിരിക്കും. കാലുകളും ചുണ്ടുകളും മഞ്ഞനിറത്തിലായിരിക്കും. വട്ടത്തിലുള്ള ചെറിയ ദുർബലമായ ചിറകുകളാണുള്ളത്. അതുകൊണ്ടുതന്നെ ഉയരത്തിൽ പറക്കുന്നത് അപൂർവ്വമായേ കാണാനാവൂ. കാലുകളും ദുർബലമാണ്. മണ്ണിലിറങ്ങി ചാടിച്ചാടിയായിരിക്കും നടക്കുന്നത്.
[തിരുത്തുക] ഭക്ഷണ സമ്പാദനം
പൊന്തക്കാടുകളിലും ചപ്പുകളിലും ഒളിച്ചുകഴിയുന്ന ചെറുകീടങ്ങളും ഷഡ്‌പദങ്ങളുമാണ് പ്രധാന ഭക്ഷണം ചിലപ്പോൾ പഴങ്ങളും തിന്നുന്നു. ചീവീടുകൾ ഉള്ള പ്രദേശങ്ങളിൽ അവയെ ഭക്ഷിക്കാനായി പുത്താങ്കീരിയെ കാണാമെന്ന് ചിലർ പറയുന്നു. ഭക്ഷണശേഖരണത്തിനായി പ്രത്യേക പാതകൾ തിരഞ്ഞെടുക്കാറുണ്ടെന്നും സമയനിഷ്ഠപാലിക്കാറുണ്ടെന്നും വാദമുണ്ട്.
[തിരുത്തുക] പ്രത്യുത്പാദനം
ഒരു സംഘത്തിൽ ഒരു ജോഡി ഇണമാത്രമേ പ്രജനനത്തിനു തയ്യാറാവൂ. ഇവയെ കൂടുകെട്ടുന്നതിലും എല്ലാം മറ്റുസംഘാംഗങ്ങൾ സഹായിക്കുന്നു. പ്രത്യേക പ്രജനനകാലം ഇല്ലെങ്കിലും വേനൽകാലത്ത് കൂടുകൾ കൂടുതൽ കാണാം. പൊന്തയിലോ മറ്റോ നാരുകൾ കൊണ്ടാവും കൂടുണ്ടാക്കുക. കൂട്ടിൽ ഇലകൾ കൊണ്ട് നല്ലൊരു മെത്തയുണ്ടാക്കിയിരിക്കും. മൂന്നോനാലോ തിളങ്ങുന്ന മുട്ടകൾ ആണ് ഉണ്ടാവുക. മുട്ടവിരിയുന്നതുവരെ ഒരു കിളി കൂട്ടിൽ അടയിരിക്കുമ്പോൾ സംഘാംഗങ്ങൾ സമീപത്തു തന്നെയുണ്ടാവും. സംരക്ഷണം നൽകുന്നതും കുഞ്ഞുങ്ങൾക്ക് തീറ്റകൊടുക്കുന്നതും അവയെ പറക്കാൻ പഠിപ്പിക്കുന്നതുമെല്ലാം സംഘാംഗങ്ങൾ ഒന്നിച്ചാണ്. ഏതെങ്കിലും ശത്രുവിനെ കണ്ടെത്തിയാൽ സംഘം ഒന്നോടെ ശബ്ദമുണ്ടാക്കുകയും ശത്രുവിനെ ആക്രമിക്കുകയും ചെയ്യുന്നു. എങ്കിലും ചെമ്പോത്ത് സാധാരണയായി പുത്താങ്കീരികളുടെ മുട്ടയേയും, കുഞ്ഞുങ്ങളേയും ഭക്ഷിക്കാറുണ്ട്. പേക്കുയിലാകട്ടെ പുത്താങ്കീരിയുടെ കൂട്ടിൽ മുട്ടയിട്ട് കടന്നുകളയുകയും ചെയ്യുന്നു. [അവലംബം ആവശ്യമാണ്]
[തിരുത്തുക] ബന്ധുക്കൾ
പുത്താങ്കീരികളുടെ അടുത്ത ബന്ധുക്കളാണ്കരിയിലക്കിളികൾ . ശ്രീലങ്കയിൽ ഇവയുടെ ഒരു ഉപവംശത്തിനേയും(Turdoides affinis taprobanus) കണ്ടുവരുന്നു.
[തിരുത്തുക] ചിത്രശാല
- പൂത്താങ്കീരിയുടെ ചിത്രങ്ങൾ
[തിരുത്തുക] അവലംബം
- ↑ BirdLife International (2009) Turdoides affinis In: IUCN 2009. IUCN Red List of Threatened Species. Version 2009.2. www.iucnredlist.org Retrieved on 2010-05-03.