പുതുപ്പള്ളി പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതുപ്പള്ളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പുതുപ്പള്ളി (വിവക്ഷകൾ) എന്ന താൾ കാണുക. പുതുപ്പള്ളി (വിവക്ഷകൾ)
സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, പുതുപ്പള്ളി

സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, പുതുപ്പള്ളി

ക്രിസ്തുമത വിഭാഗംമലങ്കര ഓർത്തഡോക്സ് സഭ
ഇടവക
വെബ്സൈറ്റ്St. George Orthodox Church
ചരിത്രം
സ്ഥാപിതം1557
ഭരണസമിതി
രൂപതകോട്ടയം ഭദ്രാസനം

കേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ് കോട്ടയം ജില്ലയിൽ പുതുപ്പള്ളി - ചങ്ങനാശ്ശേരി പാതയിൽ പുതുപ്പള്ളി കവലയിൽ നിന്നും ഒരു കിലോമീറ്റർ അകലെ കോടൂരാറിന്റെ സമീപമുള്ള സെന്റ്.ജോർജ്ജ് ഓർത്തഡോക്സ് പള്ളി (പുതുപ്പള്ളി പള്ളി). ഈ പള്ളിക്ക് ഏകദേശം നാലര നൂറ്റാണ്ട് പഴക്കമുണ്ട്. 1557-ൽ ആണു പരിശുദ്ധ മാതാവിന്റെ നാമത്തിൽ ഈ പള്ളി സ്ഥാപിക്കപ്പെടുന്നത്. 1640-ൽ പരിശുദ്ധ ബഹനം സഹദായുടെ നാമത്തിൽ ഈ പള്ളി പൊളിച്ചു പണിയുകയുണ്ടായി. 1750-ൽ പരിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിൽ വീണ്ടും കൂദാശ ചെയ്തു. 2003-ൽ പ്രധാന പള്ളിയുടെ രൂപത്തിന് കാര്യമായ മാറ്റം വരുത്താതെ നവീകരിച്ചതോടെ ഇത് 3 പള്ളികളുടെ ഒരു കൂട്ടമായി തീർന്നു.

പുതുപ്പള്ളി ചങ്ങനാശ്ശേരി റോഡിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്.

വിശുദ്ധ ഗീവർഗ്ഗീസിന്റെ നാമധേയത്തിലുള്ള കേരളത്തിലെ പള്ളികളിൽ പൗരാണികതയിൽ മുന്നിൽ നിൽക്കുന്ന പള്ളികളിൽ ഒന്നാണ് പുതുപ്പള്ളി പള്ളി. മേടം 15-24 വരെയാണ് ഇവിടുത്തെ പ്രധാന പെരുന്നാൾ. പുതുപ്പള്ളി പള്ളിയിലെ പൊന്നിൻ കുരിശും വെച്ചൂട്ടു സദ്യയും പ്രസിദ്ധമാണ്. കൊടിയേറ്റ് എന്ന ചടങ്ങും നടക്കാറുണ്ട്. പ്രധാന പെരുന്നാൾ ദിവസം ചോറും അപ്പവും കോഴിയും നേർച്ചയായി പള്ളിയിൽ വരുന്ന സകല വിശ്വാസികൾക്കും നൽകാറുണ്ട്. സ്വർണ്ണക്കുരിശ് എഴുന്നള്ളത്ത് റാസ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവിടെ ദീപക്കാഴ്ച്ച എന്ന ചടങ്ങുമുണ്ട്. [അവലംബം ആവശ്യമാണ്]

ചരിത്രം[തിരുത്തുക]

1557-ൽ തെക്കുംകൂർ രാജാവിന്റെ അനുമതിയോടെ സ്ഥാപിച്ച കുരിശു പള്ളിയായിരുന്നു പുതുപ്പള്ളിയിലെ ആദ്യപള്ളി.[1] ഇതു വിശുദ്ധ മറിയത്തിന്റെ നാമധേയത്തിലുള്ളതായിരുന്നു. ഈ പള്ളി വാഴക്കുളം ക്ഷേത്രത്തിന് സമീപമായിരുന്നു. 1640-ൽ പള്ളി ഇന്നിരിക്കുന്ന ഇളംതുരുത്തി കുന്നിലേക്ക് വിശുദ്ധ ബഹനാൻ സഹദായുടെ നാമധേയത്തിൽ മാറ്റി സ്ഥാപിക്കപ്പെട്ടു. ഉദയപേരൂർ സുന്നഹദോസിനെ തുടർന്നുള്ള ലത്തീൻ ഭരണമാണ് മലങ്കരയിൽ നിലവിലിരുന്നത്. ഒരു നൂറ്റാണ്ടിനു ശേഷം 1750-ൽ ഈ പള്ളിയുടെ പ്രധാന ഭാഗങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ പുനരുദ്ധരിച്ചെടുത്ത് വിശുദ്ധ ഗീവർഗീസിന്റെ പ്രധാന നാമധേയത്തിലാക്കി. ഈ വലിയ പള്ളിയുടെ കാലം ആയപ്പോഴേക്കും കൂനൻ കുരിശു പ്രതിജ്ഞയിലൂടെ ലത്തീൻ അധികാരത്തിൽ നിന്ന് വിമുക്തമായ മലങ്കര സഭയുടെ അന്നത്തെ തലവനായിരുന്ന മാർത്തോമാ അഞ്ചാമനായിരുന്നു വിശുദ്ധ ഗീവർഗീസിന്റെ നാമധേയം സ്വീകരിക്കുവാൻ അനുവാദം നൽകിയത്.

2003-ൽ ഈ പള്ളി വിശുദ്ധ ഗീവർഗീസിന്റെ നാമത്തിലുള്ള പ്രധാനപള്ളിയും തൊട്ടുചേർന്ന് ഇരുവശങ്ങളിലായി വിശുദ്ധ മറിയാമിന്റെയും വിശുദ്ധ ബഹനാന്റെ നാമത്തിലുള്ള ചാപ്പലുകളും ചേർന്നരീതിയിൽ വിപുലമായ രീതിയിൽ പുനർനിർമ്മിച്ചു. ഈ ദേവാലയ സമുച്ചയത്തിൽ ഇപ്പോൾ ഒൻപത് മദ്ബഹ(അൾത്താര)കളുണ്ട്. വിശുദ്ധ ഗീവർഗീസിന്റെ നാമത്തിലുള്ള പള്ളിയുടെ പ്രധാന മദ്‌ബഹ അദ്ദേഹത്തിന്റെയും ഇരുവശങ്ങളിലുമുള്ളവ തോമാശ്ലീഹയുടെയും പരുമലതിരുമേനിയുടെയും നാമങ്ങളിലുമുള്ളവയുമാണ്. വിശുദ്ധ മറിയമിന്റെ നാമത്തിലുള്ള ചാപ്പലിന്റെ പ്രധാന മദ്‌ബഹ മറിയമിന്റെയും ഇരുവശങ്ങളിലുള്ളവ മർത്ത യൂലിത്തിയുടെയും മർത്ത ശ്മൂനിയുടെയും നാമങ്ങളിലുമുള്ളവയാണ്. വിശുദ്ധ ബഹനാന്റെ നാമത്തിലുള്ള ചാപ്പലിന്റെ പ്രധാന മദ്ബഹ അദ്ദേഹത്തിന്റെയും ഇരുവശങ്ങളിലുമുള്ളവ വട്ടശ്ശേരിൽ തിരുമേനിയുടെയും പാമ്പാടി തിരുമേനിയുടെയും നാമങ്ങളിലുമുള്ളവയാണ്.

2007-ൽ ബസേലിയോസ് ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ ഈ ദേവാലയത്തെ പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു.

ചിത്രസഞ്ചയം[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുതുപ്പള്ളി_പള്ളി&oldid=3613789" എന്ന താളിൽനിന്ന് ശേഖരിച്ചത്