പി. ഗോവിന്ദപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. ഗോവിന്ദപിള്ള

പി. ഗോവിന്ദപ്പിള്ള
ജനനം 1926 മാർച്ച്‌ 25
തൂലികാനാമം പിജി
തൊഴിൽ എഴുത്തുകാരൻ
ദേശീയത  ഇന്ത്യ

മാർക്സിസ്റ്റ്‌ സൈദ്ധാന്തികനും ചിന്തകനുമായ കമ്യൂണിസ്റ്റ്‌ നേതാവ്‌. ഗ്രന്ഥകാരൻ,പത്രാധിപർ, വാഗ്മി എന്നീ നിലകളിലും പ്രശസ്തനാണ്‌ പി.ജി. എന്ന പി.ഗോവിന്ദപിള്ള.

ഉള്ളടക്കം

[തിരുത്തുക] ജനനം,മാതാപിതാക്കൾ

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത്‌ പുല്ലുവഴി ഗ്രാമത്തിൽ 1926 മാർച്ച്‌ 25-ന്‌ ആണ്‌ പി.ജി.എന്ന പരമേശ്വരൻ പിള്ള ഗോവിന്ദപ്പിള്ളയുടെ ജനനം. അച്ഛൻ എം.എൻ.പരമേശ്വരൻ പിള്ള. അമ്മ കെ.പാറുക്കുട്ടി അമ്മ. യാഥാസ്ഥിതിക ചുറ്റുപാടിലായിരുന്നു ജനിച്ചതെങ്കിലും കുട്ടിക്കാലം തൊട്ടേ സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളിൽ പി.ജി. തൽപരനായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ അലകൾ രാജ്യമെങ്ങും ആഞ്ഞടിച്ചിരുന്ന കാലത്താണ്‌ അദ്ദേഹം തന്റെ ബാല്യം ചിലവഴിച്ചത്‌.

[തിരുത്തുക] വിദ്യാഭ്യാസം

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ആലുവ യു.സി.കോളേജിൽ ഇന്റർമീഡിയറ്റിനു ചേർന്നു. ഇതിനിടയിൽ കാലടി അദ്വൈതാശ്രമത്തിൽ നിന്ന്‌ സ്വാമി ആഗമാനന്ദൻറെ കീഴിൽ ബ്രഹ്മസൂത്രം അഭ്യസിച്ചിരുന്നു. കോളേജ്‌ വിദ്യാഭ്യാസ കാലത്ത്‌ പി.ജി. ദേശീയപ്രസ്ഥാനവുമായി അടുത്തു. കോൺഗ്രസ്‌ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു അദ്ദേഹം. 1942-ൽ ക്വിറ്റ്‌ ഇന്ത്യ സമരത്തിൽ പങ്കെടുത്തു. പി.കെ. വാസുദേവൻ നായർ, മലയാറ്റൂർ രാമകൃഷ്ണൻ മുതലായവരുമായുള്ള സുഹൃദ്ബന്ധം പി.ജി.യെ കമ്യൂണിസവുമായി അടുപ്പിച്ചു. ഇക്കാലത്ത്‌ പ്രമുഖ കമ്യൂണിസ്റ്റ്‌ നേതാവായിരുന്ന പി. കൃഷ്ണപിള്ളയെ കാണാനും സംസാരിക്കാനുമിടയായി. തുടർന്ന്‌ പി.ജി. യും കമ്യൂണിസത്തിലേയ്ക്ക്‌ തിരിഞ്ഞു. ഇന്റർമീഡിയറ്റ്‌ പഠനം പൂർത്തിയാക്കിയപ്പോഴേയ്ക്ക്‌ തന്നെ പി.ജി. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിൽ വ്യാപൃതനായിക്കഴിഞ്ഞിരുന്നു.1946-ൽ അദ്ദേഹം കമ്യൂണിസ്റ്റ്‌ പാർട്ടി അംഗമായി.

മകനെക്കുറിച്ച്‌ വലിയ പ്രതീക്ഷകൾ വച്ച്‌ പുലർത്തിയിരുന്ന അച്ഛൻ പരമേശ്വരൻ പിള്ള ഉപരിപഠനത്തിനായി പി.ജി.യെ മുംബൈയിലെ വിഖ്യാതമായ സെൻറ് സേവ്യേഴ്സ്‌ കോളേജിലേയ്ക്കയച്ചു. സെൻറ് സേവ്യേഴ്സിൽ ബി.എ.(ഓണേഴ്സ്‌)-ന്‌ ചേർന്നു. ഇക്കാലത്തും പി.ജി. പാർട്ടി പ്രവർത്തനം തുടർന്നിരുന്നു. കമ്യൂണിസ്റ്റ്‌ സമരങ്ങളിൽ പങ്കെടുത്തതിനെത്തുടർന്ന്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടു. പതിനാറു മാസത്തെ തടവു ശിക്ഷയ്ക്കു ശേഷം പാർട്ടി നിർദ്ദേശപ്രകാരം ബിരുദപഠനം പൂർത്തിയാക്കാതെ പി.ജി. കേരളത്തിൽ തിരിച്ചെത്തി.

[തിരുത്തുക] പൊതുജീവിതം

കേരളത്തിൽ തിരിച്ചെത്തിയ പി.ജി. കർഷക പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ചു.1952-ൽ പെരുമ്പാവൂരിൽ നിന്ന്‌ തിരു-കൊച്ചി നിയമസഭയിലേയ്ക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. 25-ആം വയസ്സിൽ അദ്ദേഹം സി.പി.ഐ. സംസ്ഥാന സമിതി അംഗമായി. 1954-ൽ പാർട്ടി പി.ജി.യെ ദൽഹിയിലേയ്ക്കയച്ചു. അവിടെ വച്ച്‌ ഇ.എം.എസ്‌., എ.കെ.ജി. എന്നിവരുമായി അടുത്ത്‌ പ്രവർത്തിച്ചു. പാർട്ടി പ്രസിദ്ധീകരണമായിരുന്ന ന്യൂ ഏജ്-ലും പ്രവർത്തിച്ചു. ഇതായിരുന്നു പത്രപ്രവർത്തനത്തിന്റെ ആദ്യപാഠങ്ങൾ.

ഐക്യകേരളം രൂപം കൊണ്ടതിനു ശേഷം 1957-ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിന്ന്‌ പി.ജി. നിയമസഭാംഗമായി. ഇ.എം.എസ്‌.-ന്റെ നേതൃത്വത്തിൽ ആദ്യ കമ്യൂണിസ്റ്റ്‌ മന്ത്രിസഭ അധികാരത്തിൽ വന്നു. നിയമസഭയ്ക്കകത്തും പുറത്തും പി.ജി. പ്രവർത്തനനിരതനായിരുന്നു. വിമോചന സമരത്തെ തുടർന്ന്‌ 1959-ൽ നിയമസഭ പിരിച്ചു വിട്ടു. തുടർന്ന്‌ നടന്ന തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ്‌ പാർട്ടി പരാജയപ്പെട്ടു. പെരുമ്പാവൂരിൽ നിന്ന്‌ മത്സരിച്ച പി.ജി. കോൺഗ്രസിലെ കെ.എം.ചാക്കോയോട്‌ പരാജയപ്പെട്ടു. 1960-കളുടെ തുടക്കത്തിൽ പാർട്ടി നിർദ്ദേശപ്രകാരം പി.ജി. വീണ്ടും ദൽഹിയിലേയ്ക്ക്‌ പോയി. പാർടിയുടെ കീഴിൽ പീപ്പിൾസ്‌ പബ്ളിഷിംഗ്‌ ഹൌസ്(പി.പി.എച്ച്‌)-ൽ പ്രവർത്തിച്ചു.1964-ൽ പാർട്ടി പിളർന്നപ്പോൾ പി.ജി. സി.പി.ഐ(എം) ൽ നിലകൊണ്ടു. പി.പി.എച്ച്‌. സി.പി.ഐ. യുടെ കീഴിൽ ആയതിനാൽ ഉടൻ തന്നെ അദ്ദേഹം കേരളത്തിലേയ്ക്ക്‌ മടങ്ങി.1962-ലെ ഇന്ത്യാ-ചൈന യുദ്ധകാലത്ത്‌ ചൈനാ ചാരൻമാർ എന്ന പേരിൽ രാജ്യവ്യാപകമായി അറസ്റ്റ്‌ ചെയ്യപ്പെട്ട സി.പി.ഐ(എം) നേതാക്കളുടെ കൂട്ടത്തിൽ പി.ജി.യും ഉണ്ടായിരുന്നു. ജയിൽമോചിതനായ ശേഷം സി.പി.ഐ(എം) മുഖപത്രമായ ദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു. 1967-ൽ പെരുമ്പാവൂരിൽ നിന്നു തന്നെ വീണ്ടും നിയമസഭാംഗമായി.

1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെത്തുടർന്ന്‌ ഭൂരിഭാഗം സി.പി.ഐ(എം) നേതാക്കളും അറസ്റ്റിലായി. ജനാധിപത്യാവകാശങ്ങൾ പൂർണ്ണമായും നിഷേധിക്കപ്പെട്ടിരുന്ന ആ സമയത്ത്‌ സ്വതന്ത്ര പത്രപ്രവർത്തനം സാദ്ധ്യമായിരുന്നില്ല. അതിനാൽ പാർട്ടി അനുവാദത്തോടു കൂടി നാടൻ കലകളേക്കുറിച്ചു പഠിയ്ക്കാൻ പി.ജി. മൈസൂർ സർവ്വകലാശാലയിൽ ചേർന്നു. അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടപ്പോൾ ദേശാഭിമാനി എഡിറ്ററായിരിക്കെത്തന്നെ പാർട്ടിയുടെ കീഴിൽ നടന്ന സാംസ്കാരിക പ്രവർത്തനങ്ങളിലും മറ്റും അദ്ദേഹം പ്രധാന പങ്കു വഹിച്ചു. സി.പി.ഐ(എം-എൽ) നേതാവായിരുന്ന കെ.വേണുവിന്‌ അഭയം നൽകിയതിനെത്തുടർന്ന്‌ പി.ജി. പാർട്ടിയുടെ അച്ചടക്ക നടപടികൾക്ക്‌ വിധേയനായി. തുടർന്ന്‌ 1983൩-ൽ അദ്ദേഹം ദേശാഭിമാനി എഡിറ്റർ സ്ഥാനം ഒഴിഞ്ഞു.

1980-കളുടെ മധ്യത്തോടെ പി.ജി. തിരുവനന്തപുരത്ത്‌ എ.കെ.ജി. പഠന-ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാലത്തു തന്നെ കേരള പ്രസ്സ്‌ അക്കാദമി ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു.1987-ൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻറെ ചെയർമാനായി. സി-ഡിറ്റ്‌ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്‌.1998-ൽ മുകുന്ദപുരത്തു നിന്നും ലോക്‌സഭയിലേയ്ക്ക്‌ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

2003-ൽ മാധ്യമപ്രവർത്തകനായ ജോണി ലൂക്കോസ്‌ നടത്തിയ അഭിമുഖത്തിൽ പാർട്ടിയെക്കുറിച്ചും ഇ.എം.എസിനെക്കുറിച്ചും വിമർശനാത്മകമായ ചില പരാമർശങ്ങൾ നടത്തിയതിൻറെ പേരിൽ പി.ജി.യെ പാർട്ടി പരസ്യമായി ശാസിച്ചു. അച്ചടക്ക നടപടികളുടെ ഭാഗമായി അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും തരം താഴ്ത്തുകയും 'ഇ.എം.എസ്‌. സമ്പൂർണ്ണ കൃതികളു'ടെ എഡിറ്റർ സ്ഥാനത്തു നിന്ന്‌ മാറ്റുകയും ചെയ്തു. ഇപ്പോൾ അനാരോഗ്യം മൂലം വിശ്രമത്തിലാണെങ്കിലും ദേശാഭിമാനിയിലും മാതൃഭൂമിയിലും മറ്റും അദ്ദേഹം എഴുതാറുണ്ട്‌. ഇടയ്ക്ക്‌ കൈരളി ചാനലിൽ 'പി.ജി.യും ലോകവും' എന്ന പരിപാടിയും അവതരിപ്പിച്ചിരുന്നു.

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിനും നിസ്തുല സംഭാവനകൾ നൽകിയ പി.ജി. മികച്ചൊരു ഗ്രന്ഥകാരനും വാഗ്മിയും കൂടിയാണ്‌.നിരവധി പുസ്തകങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്‌.

[തിരുത്തുക] കൃതികൾ

  • കേരളം ഇന്ത്യയിലെ ഒരധകൃത സംസ്ഥാനം(1968)
  • വീരചരിതയായ വിയറ്റ്നാം(1969)
  • ഇസങ്ങൾക്കിപ്പുറം(1975)
  • വിപ്ലവപ്രതിഭ(1977൭)
  • ശാസ്ത്രം നൂറ്റാണ്ടുകളിലൂടെ(1980)
  • സാഹിത്യവും രാഷ്ട്രീയവും(1982)
  • ഭഗവദ്‌ ഗീത, ബൈബിൾ, മാർക്സിസം(1985)
  • മാർക്സും മൂലധനവും(1987)
  • മാർക്സിസ്റ്റ്‌ സൌന്ദര്യശാസ്ത്രം:ഉത്ഭവവും വളർച്ചയും(1987-കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതി)
  • സ്വാതന്ത്ര്യത്തിന്റെ സാർവദേശീയത(1989)
  • സാഹിത്യം :അധോഗതിയും പുരോഗതിയും(1992)
  • ഇ.എം. എസും മലയാളസാഹിത്യവും(2006)
  • ഫ്രെഡറിക്‌ എംഗൽസ്‌(2006)

ഇവക്ക് പുറമേ ഇ.എം.എസുമായി ചേർന്ന് 'ഗ്രാംഷിയൻ വിചാരവിപ്ളവം', സി.ഭാസ്കരനുമായി ചേർന്ന് 'വിപ്ളവങ്ങളുടെ ചരിത്രം' എന്നീ കൃതികളും രചിച്ചിട്ടുണ്ട്‌.

[തിരുത്തുക] കുടുംബം

പ്രമുഖ കമ്യൂണിസ്റ്റ്‌ നേതാവായിരുന്ന എം.എൻ.ഗോവിന്ദൻ നായരുടെ അനന്തരവളും കോളേജ്‌ അദ്ധ്യാപികയുമായിരുന്ന എം.ജെ.രാജമ്മയാണ്‌ ഭാര്യ.മാധ്യമപ്രവർത്തകരായ എം.ജി.രാധാകൃഷ്ണൻ(ഇൻഡ്യാ ടുഡെ മലയാളം ഡെപ്യൂട്ടി എഡിറ്റർ), ആർ.പാർവതി ദേവി എന്നിവരാണ്‌ മക്കൾ.തിരുവനന്തപുരം ഈസ്റ്റ് നിയമസഭാമണ്ഡലത്തിൽ നിന്നുള്ള സാമാജികനും മുൻ തിരുവനന്തപുരം കോർപ്പറേഷൻ മേയറുമായ വി.ശിവൻകുട്ടിയാണ്‌ മരുമകൻ.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=പി._ഗോവിന്ദപിള്ള&oldid=1297470" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ