പി.കെ. ബാലകൃഷ്ണൻ
| പി.കെ.ബാലകൃഷ്ണൻ | |
|---|---|
![]() |
|
| ജനനം | 1926 എടവനക്കാട്, എറണാകുളം, കൊച്ചി, ബ്രിട്ടീഷ് ഇന്ത്യ |
| മരണം | 1991 |
| ദേശീയത | ഇന്ത്യൻ |
കേരളത്തിലെ ഒരു ചരിത്രകാരനും,സാമൂഹ്യ-രാഷ്ട്രീയ വിമർശകനും, നിരൂപകനും, പത്രപ്രവർത്തകനും, നോവലിസ്റ്റുമായിരുന്നു പി.കെ. ബാലകൃഷ്ണൻ. മുഴുവൻ പേര് പണിക്കശ്ശേരിൽ കേശവൻ ബാലകൃഷ്ണൻ. (ജനനം 1926- മരണം 1991) ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിലൂടെയാണ് പ്രശസ്തിയിലേക്ക് ഉയർന്നത്. . പി.കെ. ബാലകൃഷ്ണന്റെ നിരൂപണാത്മകമായ ലേഖനങ്ങൾ പലരെയും ചൊടിപ്പിച്ചു. ചരിത്രത്തിൽ വളരെ ഗഹനമായതും വേറിട്ടതുമായ അറിവുകൾ ഉണ്ടായിരുന്ന ബാലകൃഷ്ണൻ അദ്ദേഹത്തിന്റെ ചരിത്രപുസ്തകമായ ‘ജാതിവ്യവസ്ഥിതിയും കേരളചരിത്രവും’ എന്ന ഗ്രന്ഥത്തിലൂടെ അന്നുവരെ ചരിത്രമെന്ന് വിശ്വസിച്ചിരുന്ന പല ഐതിഹ്യങ്ങളെയും വിശ്വാസങ്ങളെയും ഖണ്ഡിച്ചു. കേരളമാഹാത്മ്യം, കേരള ചരിത്രം എന്നീ പുസ്തകങ്ങളെയും പ്രൊഫ. ഇളംകുളം കുഞ്ഞൻ പിള്ളയുടെ ചില പരാമർശങ്ങളേയും അദ്ദേഹം നിശിതമായി വിമർശിച്ചു.
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
എറണാകുളം എടവനക്കാട് എന്ന ഗ്രാമത്തിൽ 1926-ൽ ജനിച്ചു. പിതാവ് കേശവൻ ആശാൻ, മാതാവ് മണി അമ്മ. എടവനക്കാട്ടും ചെറായിയിലുമായി പ്രാഥമിക വിദ്യാഭ്യാസം നടത്തി. ജാനകി, ലക്ഷ്മി, പാർവ്വതി എന്നിവരായിരുന്നു ജ്യേഷ്ഠ സഹോദരിമാർ.
വിദ്യാരംഭം കുറിച്ചത് മാധവൻ എന്ന ആശാന്റെ കളരിയിലായിരുന്നു. 1940-ൽ ചെറായിയിലെ രാമവർമ്മ യൂണിയൻഹൈസ്കൂളിലും പഠിച്ചു. സ്കൂളിൽ നിന്ന് സ്വർണ്ണമെഡലോടെയും ഉന്നത വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പോടെയുമാണ് അദ്ദേഹം പുറത്തു വന്നത്. ഏതാണ്ട് ഇതേ സമയത്ത് പിതാവ് പക്ഷാഘാതം മൂലം തളർന്ന് കിടപ്പിലായി. എങ്കിലും ബാലകൃഷ്ണന്റെ പഠിപ്പ് മുടക്കാൻ അദ്ദേഹം അനുവദിച്ചില്ല.
ഉന്നതവിദ്യാഭ്യാസം എറണാകുളത്തെ മഹാരാജാസ് കോളേജിലായിരുന്നു. ശാസ്ത്രമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. പഠിക്കുന്ന കാലത്ത് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിൽവാസം അനുഷ്ടിച്ചതിനെ തുടർന്ന് കലാലയ വിദ്യാഭ്യാസം മുടങ്ങി. നാലുവർഷം കലാലയത്തിൽ പഠിച്ചെങ്കിലും അദ്ദേഹത്തിന് ബിരുദം സമ്പാദിക്കാനായില്ല. തുടർന്ന് രാഷ്ട്രീയ പ്രവർത്തനവും പത്രപ്രവർത്തനവുമായി മുന്നോട്ട് പോയി.
[തിരുത്തുക] രാഷ്ട്രീയരംഗത്ത്
വായനയിലൂടെ അന്നത്തെ ലോക രാഷ്ട്രീയ അന്തരീക്ഷം അദ്ദേഹത്തിന് മനഃപാഠമായി. കോൺഗ്രസ്സിന്റെ ചരിത്രം പഠിക്കുന്നതിലൂടെ ചരിത്രം ഒന്നടങ്കം അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായിത്തീർന്നു. ജയിൽ ജീവിതത്തിനിടക്ക് സി.അച്യുതമേനോനെയും കെ. കരുണാകരനേയും അദ്ദേഹം പരിചയപ്പെട്ടിരുന്നതും രാഷ്ട്രീയ രംഗത്തേക്ക് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വന്നിരിക്കണം.
ജയിലിൽ നിന്നിറങ്ങിയ ശേഷം കുറച്ചുകലം അദ്ദേഹം കൊച്ചി രാജ്യത്തിലെ പ്രജാമണ്ഡലത്തിന്റെ മുഴുവൻ സമയ പ്രവർത്താകനായി. മത്തായി മാഞ്ഞൂരാന്റെ കീഴിൽ പ്രജാമണ്ഡലത്തിൽ ഭിന്നിപ്പ് ഉണ്ടായപ്പോൾ കേരള സൊഷ്യലിസ്റ്റ് പാർട്ടിയിലും ചേർന്ന് പ്രവർത്തിച്ചു. പിന്നീട് രാഷ്ട്രീയരംഗത്തെ അപചയം കണ്ട് രാഷ്ട്രീയ പ്രവർത്തനം പി.കെ. ബാലകൃഷ്ണൻ ഉപേക്ഷിച്ചു. ഇക്കാലത്ത് അദ്ദേഹം ആസാദ് എന്ന കോൺഗ്രസ്സിന്റെ യുവജനവിഭാഗത്തിന്റെ മുഖപത്രമായ വാരികയുടെ പിന്നിൽ പ്രവർത്തിച്ചു. അതിലെ നിരവധി ലേഖനങ്ങൾ അദ്ദേഹത്തിന്റെ യശസ്സ് പത്രങ്ങൾക്കിടയിൽ വർദ്ധിപ്പിച്ചിരുന്നു.
[തിരുത്തുക] സ്വാധീനങ്ങൾ
രാഷ്ട്രീയ ജീവിതകാലത്ത് ബാലകൃഷ്ണൻ പല സമുന്നത സാഹിത്യ-നവോത്ഥാന നായകന്മാരുമായി പരിചയപ്പെട്ടിരുന്നു. സഹോദരൻ അയ്യപ്പൻ, ശ്രീനാരായണഗുരു തുടങ്ങിയവരുടെ വ്യക്തിത്വം അദ്ദേഹത്തിന്റെ പിൽക്കാല ജീവിതത്തെ തന്നെ മാറ്റിമറിച്ചവരായിരുന്നു.
[തിരുത്തുക] പത്ര പ്രവർത്തനം
ദിനസഭയുടെ എഡിറ്റർ, കേരളകൗമുദിയിൽ ദീർഘകാലം പത്രാധിപസമിതയംഗം, കേരളഭൂഷണം, മാധ്യമം എന്നീ ദിനപത്രങ്ങളുടെ മുഖ്യപത്രാധിപർ എന്നീ നിലകളിൽ പി.കെ. ബാലകൃഷ്ണൻ പ്രവർത്തിച്ചു.
[തിരുത്തുക] സാഹിത്യരംഗത്ത്
പി.കെ. ബാലകൃഷ്ണൻ പൊതുവെ അറിയപ്പെട്ടു തുടങ്ങിയത് സാഹിത്യരംഗത്തുള്ള തന്റെ സംഭാവനകളിലൂടെയാണ്. ബാലകൃഷ്ണന്റെ ആദ്യമായി പ്രസിദ്ധീകരിച്ച ഗ്രന്ഥം നാരായണഗുരു (സമാഹാര ഗ്രന്ഥം) ആയിരുന്നു (1954-ൽ പ്രസിദ്ധീകരിച്ചു). പിന്നീടു വന്ന ചന്തുമേനോൻ - ഒരു പഠനം, നോവൽ - സിദ്ധിയും സാധനയും, കാവ്യകല കുമാരനാശാനിലൂടെ തുടങ്ങിയ പുസ്തകങ്ങൾ മലയാള സാഹിത്യത്തിന് ഗണ്യമായ മുതൽക്കൂട്ടാണ് [1] ഇനി ഞാൻ ഉറങ്ങട്ടെ ആണ് പി.കെ.ബാലകൃഷ്ണന്റെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം. 1973-ൽ പ്രസിദ്ധീകരിച്ച ഈ നോവൽ മലയാളത്തിലെ ഏറ്റവും നല്ല നോവലുകളിലൊന്നായി കരുതപ്പെടുന്നു. മഹാഭാരത കഥയെ ആസ്പദമാക്കിയാണ് ഈ നോവൽ രചിച്ചിരിക്കുന്നത്. കർണ്ണന്റെ കഥയും ദ്രൗപദിയുടെ കഥയും ഈ നോവലിൽ രണ്ട് സമാന്തരകഥകളായി വികസിക്കുന്നു. പലപ്പോഴും ഈ രണ്ട് കഥകളും ഇടകലരുന്നു. ദ്രൗപദിയുടെ ചിന്താധാരകളുടെ രൂപത്തിൽ ആണ് നോവലിന്റെ ഭൂരിഭാഗവും രചിച്ചിരിക്കുന്നത്. മഹാഭാരതകഥയല്ലാതെ നോവലിന് മൂന്നാമത് ഒരു മാനവും കൈവരുന്നുണ്ട്. നിരവധി പുരസ്കരങ്ങൾ ഈ നോവലിനു ലഭിച്ചു.
[തിരുത്തുക] ജീവചരിത്രം
ഉണങ്ങാത്ത മനീഷി -എം.കെ സാനു എഴുതുന്ന പി.കെ. ബാലകൃഷ്ണന്റെ ജീവചരിത്രം (ഭാഗം-18, 2011 ജൂൺ-27) മാധ്യമം ആഴ്ചപ്പതിപ്പിൽ ഇപ്പോൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു.
[തിരുത്തുക] ചരിത്ര രചന
ടിപ്പു സുൽത്താൻ, ശ്രീ നാരായണഗുരു തുടങ്ങിയ ഗ്രന്ഥങ്ങൾ രചിക്കുന്നതോടെ അദ്ദേഹം ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടവും നടത്തിത്തുടങ്ങിയിരുന്നു. താമസിയാതെ ചരിത്രം അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായി. താൻ തിരഞ്ഞെടുക്കുന്ന വിഷയങ്ങളെ വിവിധ കോണുകളിലൂടെ പഠിക്കുവാനും അവയുടെ സത്യവും മിഥ്യയും വേർതിരിച്ചെടുക്കാനും അദ്ദേഹം ശ്രമം നടത്തിയിരുന്നു. മറ്റുളളവരുടെ അഭിപ്രായങ്ങൾ അവ തെളിവുകളുടെ സാന്നിധ്യത്തിൽ വെട്ടിനുറുക്കി പരിശോധിക്കാനും അവ തെറ്റാണെങ്കിൽ അതിനെ നിശിതമായി എതിർക്കാനും അദ്ദേഹം ചങ്കുറപ്പ് കാട്ടിയിരുന്നു. വെറും അഭ്യൂഹങ്ങളെ അദ്ദേഹം അഭ്യൂഹങ്ങളായിതന്നെ കണ്ടു. അദ്ദേഹത്തിന്റെ വളരെ മൗലികമായ ഒരു സംഭാവന കേരള ചരിത്ര രചനിയിലായിരുന്നു. കാലങ്ങളായി കേരളത്തിന്റെ ചരിത്രത്തിൽ കടന്നു കൂടിയ മിഥ്യാ ധാരണകൾ അദ്ദേഹം പൊടികളഞ്ഞെടുത്തു. ഇതിനിടയിൽ കേരളചരിത്രകാരന്മാരിൽ അഗ്രഗണ്യനായ ഇളംകുളം കുഞ്ഞൻ പിള്ളയുടെ പല ചിന്തകളേയും * കേരള മാഹാത്മ്യം, കേരളോല്പത്തി എന്നീ ഗ്രന്ഥങ്ങളുടെ പൊള്ളയായ അവകാശവാദങ്ങളേയും അദ്ദേഹം ഖണ്ഡിച്ചു. ഇതാണ് അദ്ദേഹത്തെ 'ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും (ഗ്രന്ഥം)' എഴുതുന്നതിൽ എത്തിച്ചത്. അക്കാലം വരെയുണ്ടായിരുന്ന ധാരണകൾക്ക് വിപരീതമായി കേരളത്തിൽ ഒരു സാമ്രാജ്യമോ കേമമായ ഒരു രാജസ്ഥാനമോ ഉണ്ടായിരുന്നില്ല എന്നും നാഗരികതയുടെ പൈതൃകം കേരളത്തിനത്രകണ്ട് അവകാശപ്പെടാനില്ല എന്നുമുള്ള ചരിത്രവിചാരത്തെ സമര്ത്ഥിക്കുന്ന തരത്തിലുള്ളതായിരുന്നു ആ ഗ്രന്ഥം. ജാതി വ്യവസ്തിതിയും കെരള ചരിത്രവും എന്ന കൃതി അതുവരെ ഉണ്ടായിരുന ധാരണകളെ വിമർശികുകയും പുതിയ അറിവുകൾ നൽക്കുന്നതുമായിരുന്നു. കേരള ചരിത്രതിൽ അറിയപ്പെട്ടിരുന്ന "രണ്ടാം ചേര സാമ്രാജ്യം", നൂറ്റാണ്ട് യുദ്ധം" തുടങ്ങിയവ ആവശ്യമായ തെളിവുകളില്ലാത്ത സങ്കൽപ്പങ്ങൾ മാത്രമാനെന്നു അദ്ദേഹം കണ്ടെത്തി.
[തിരുത്തുക] പുരസ്കാരങ്ങളും ബഹുമതികളും
കേരള സാഹിത്യ അക്കാദമി അവാർഡ് (1974), സാഹിത്യ പ്രവർത്തക ബെനെഫിറ്റ് ഫണ്ട് അവാർഡ്, വയലാർ അവാർഡ് (1978) എന്നിവ ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിനു ലഭിച്ചു. ഇംഗ്ലീഷിൽ നൌ ലെറ്റ് മീ സ്ലീപ് എന്ന പേരിലും തമിഴിൽ ഇനി ഞാൻ ഉറങ്ങട്ടും എന്ന പേരിലും കന്നഡയിൽ നാനിന്നു നിദ്രിസുവെ എന്ന പേരിലും ഈ നോവൽ വിവർത്തനം ചെയ്തിട്ടുണ്ട്.
[തിരുത്തുക] കൃതികൾ
- ഇനി ഞാൻ ഉറങ്ങട്ടെ (നോവൽ) - 1973
- നാരായണഗുരു (സമാഹാര ഗ്രന്ഥം)
- ചന്തുമേനോൻ - ഒരു പഠനം
- നോവൽ സിദ്ധിയും സാധനയും
- കാവ്യകല -കുമാരനാശാനിലൂടെ
- എഴുത്തച്ഛന്റെ കല- ചില വ്യാസഭാരത പഠനങ്ങളും(നിരൂപണം)
- പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ,
- ടിപ്പു സുൽത്താൻ
- ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും [2]
- നോവൽ - സിദ്ധിയും സാധനയും (1965)
- ബാലകൃഷ്ണന്റെ ലേഖനങ്ങൾ (2004)
- കേരളീയതയും മറ്റും (2004) 20 ലേഖനങ്ങളുടെ സമാഹാരം.
- വേറിട്ട ചിന്തകൾ- പി.കെ ബാലകൃഷ്ണൻ (2011)-ലേഖന സമാഹാരം, പ്രതീക്ഷ ബുക്സ്
[തിരുത്തുക] പുരസ്കാരങ്ങൾ
ഇനി ഞാൻ ഉറങ്ങട്ടെ എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരവും വയലാർ പുരസ്കാരവും സാഹിത്യ പ്രവർത്തക ബെനെഫിറ്റ് ഫണ്ട് അവാർഡും ലഭിച്ചു. [3] [4]
[തിരുത്തുക] പി.കെ. ബാലകൃഷ്ണനെ പറ്റിയുള്ള കൃതികൾ
- വെബ്സൈറ്റ് -പി.കെ. ബാലകൃഷ്ണൻ.കോം
[തിരുത്തുക] അവലംബം
- ↑ ഡോ .എം ഗംഗാധരൻ - കേരളത്തിന്റെ ഭൂതരൂപം.
- ↑ പി.കെ., ബാലകൃഷ്ണൻ (2005). ജാതിവ്യവസ്ഥയും കേരള ചരിത്രവും. കറൻറ് ബുക്സ് തൃശൂർ. ISBN ISBN 81-226-0468-4.
- ↑ "Epic in modern idiom" (ഇംഗ്ലീഷ് ഭാഷയിൽ). The Hindu. http://www.hindu.com/br/2003/10/21/stories/2003102100020203.htm. "The novel was well received by the readers when it first appeared and won the author the Kerala Sahitya Akademi and the Vayalar awards."
- ↑ http://www.pkbalakrishnan.com/inijanurangette.htm
[തിരുത്തുക] കുറിപ്പുകൾ
- ^ P K Balakrishnan shows an astounding insight in portraying Karna through the view points of different characters. There is no other work in Indian literature that presents this dramatically, the exalted mind of Karna and the struggles that mind faced. (Malayala Manorama 16 November 2005)
- ^ മതപരമായ ശത്രുതയിൽ പട്ടിയും പൂച്ചയും പോലെ പെരുമാറിയിരുന്ന ചരിത്രമുള്ള ഹൈന്ദവ ഭക്തിപ്രസ്ഥാനങ്ങളുടെ നായകസ്ഥാനമുള്ള ആഴവാരേയും നായനാർമാരേയും ഒന്നിച്ചു ചേർത്ത് മലയാളിയാക്കി ചേരസാമ്രാജ്യം സൃഷ്ടിക്കാൻ പ്രൊഫ.ഇളം കുളം തെളിവാക്കിയത് പെരിയപുരാണം എന്ന ഗ്രന്ഥത്തിലെ ഒരു ചെറിയ പരാമർശത്തിന്റെ പിൻബലത്തിലാണ്, (ഒരുദാഹരണം) ;- ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും.
