പി.എൻ. പണിക്കർ
| പി.എൻ. പണിക്കർ | |
|---|---|
![]() പി.എൻ. പണിക്കർ |
|
| ജനനം | 1909 മാർച്ച് 1 നീലമ്പേരൂർ |
| മരണം | 1995 ജൂൺ 19 (പ്രായം 86) |
| തൊഴിൽ | അധ്യാപകൻ |
| ദേശീയത | ഇന്ത്യ |
| പൗരത്വം | ഇന്ത്യൻ |
| സാഹിത്യ പ്രസ്ഥാനം | കേരള ഗ്രന്ഥശാല സംഘം |
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച വ്യക്തിയാണ് പി.എൻ.പണിക്കർ .
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
ആലപ്പുഴ ജില്ലയിൽ നീലമ്പേരൂരിൽ[1] ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു. അദ്ധ്യാപകനായിരുന്നു. 1995 ജൂൺ 19 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിക്കുന്നു.
പ്രവർത്തനങ്ങൾ [തിരുത്തുക]
1926 ൽ അദ്ദേഹം തൻറെ ജന്മനാട്ടിൽ "സനാതനധർമ്മം" എന്ന വായനശാല സ്ഥാപിച്ചു.[2] ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിനു നൽകി. ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക്ക് ലൈബ്രറീസ് ആക്റ്റ് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.
കേരള ഗ്രന്ഥശാലാ സംഘം [തിരുത്തുക]
അദ്ദേഹം പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ തിരുവതാംകൂറിലെ ഗ്രന്ഥശാലകൾക്ക് ഒരു സംഘടിത രൂപം ഇല്ലായിരുന്നു. 1945 ൽ അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയിൽ വച്ച് അദ്ദേഹം വിളിച്ചു ചേർത്ത തിരുവതാംകൂർ ഗ്രന്ഥശാലാ സംഘം രൂപീകരണയോഗത്തിൽ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ പങ്കെടുത്തു. സമ്മേളനം ഉദ്ഘാടനം ചെയ്തത് അന്നത്തെ ദിവാനായിരുന്ന സർ.സി.പി.രാമസ്വാമി അയ്യരായിരുന്നു. ദിവാനോടുള്ള പ്രതിഷേധം മൂലം ക്ഷണക്കത്ത് ലഭിച്ച ഭൂരിപക്ഷം ഗ്രന്ഥശാലകളും പങ്കെടുത്തില്ല. ഈ സംഘത്തിന് അംഗീകാരം ലഭിക്കുകയും 1946 മുതൽ 250 രുപ പ്രവർത്തനഗ്രാന്റ് ലഭിക്കുകയും ചെയ്തു.
കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി [തിരുത്തുക]
1977 ൽ ഗ്രന്ഥശാലാ സംഘം സർക്കാർ ഏറ്റെടുത്തു. അതുവരെ ഗ്രന്ഥശാലാസംഘത്തിൻറെ ജനറൽ സെക്രട്ടറി അദ്ദേഹമായിരുന്നു. ഗ്രന്ഥശാലാ പ്രവർത്തകർ ആദരവോടെ പണിക്കർസാർ എന്ന് വിളിക്കുന്ന അദ്ദേഹം നിർഭാഗ്യവശാൽ കേരളത്തിൻറെ രാഷ്ട്രീയസാഹചര്യങ്ങളിൽപ്പെട്ട് പിന്നീട് ഗ്രന്ഥശാലാസംഘത്തിൻറെ ആരും അല്ലാതായിത്തീരുകയും അദ്ദേഹം മറ്റൊരു പ്രസ്ഥാനം (കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി)രൂപവത്കരിക്കുകയും അതിന്റെ പ്രവർത്തകനായി മാറുകയും ചെയ്തു.
വായനാദിനം [തിരുത്തുക]
ഏറേ നാളുകൾക്കുശേഷം അദ്ദേഹത്തിന്റെ മഹത്ത്വം തിരിച്ചറിഞ്ഞ കേരള സർക്കാരും മലയാളികളും ഇപ്പോൾ അദ്ദേഹത്തിൻറെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ച് അദ്ദേഹത്തെ ആദരിക്കുന്നു. അന്ന് മുതൽ ഒരാഴ്ചക്കാലം വായനവാരമായും ആചരിക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഇംഗ്ലീഷ് പേജ് സന്ദർശിക്കുക. [[1]]
