പി.എസ്. വാര്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈദ്യരത്നം പി.എസ്. വാര്യർ

പ്രശസ്ത ആയുർവ്വേദ ചികിത്സാ കേന്ദ്രമായ കോട്ടയ്ക്കൽ ആര്യ വൈദ്യശാലയുടെ സ്ഥാപകനാണ് വൈദ്യരത്നം എന്നറിയപ്പെടുന്ന പി.എസ്. വാര്യർ (പന്നീമ്പള്ളി ശങ്കരവാര്യർ) (1869-1944). പ്രശസ്തനായ ആയുർവ്വേദവൈദ്യനായിരുന്ന അദ്ദേഹത്തിന് അലോപ്പതിയിലും പ്രവീണ്യമുണ്ടായിരുന്നു. മനുഷ്യസമുദായത്തിന് അദ്ദേഹം നൽകിയ അമൂല്യ സംഭാവനകൾ പരിഗണിച്ച് 1933ൽ അന്നത്തെ വൈസ്രോയി അദ്ദേഹത്തെ വൈദ്യരത്നം എന്ന ബഹുമതി നൽകി ആദരിച്ചു [1]

ജീവിതരേഖ[തിരുത്തുക]

1869 മാർച്ച് മാസം 16-ന് മീനമാസത്തിലെ അശ്വതിനാളിൽ ഇന്നത്തെ മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ പന്നീമ്പള്ളി വാര്യത്ത് പി.എസ്. വാര്യർ ജനിച്ചു. മരായമംഗലത്തു മങ്കുളങ്ങര രാമവാര്യരും പന്നീമ്പള്ളി കുടുംബാഗമായ കുഞ്ഞിക്കുട്ടി വാരസ്യാരുമായിരുന്ന് അച്ഛനമ്മമാർ. ശങ്കരൻ എന്നായിരുന്നു പേരെങ്കിലും ശങ്കുണ്ണി എന്ന ഓമനപ്പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്

ശങ്കുണ്ണിയുടെ മാതാപിതാക്കൾ അദ്ദേഹത്തിന് 12 വയസ്സാവുമ്പോഴേക്കും മരിച്ചു. അങ്ങനെ ശങ്കുണ്ണി വീടിന്റെ കാരണവരായിത്തീർന്നു. ആദ്യഗുരു കൈക്കുളങ്ങര രാമവാര്യരായിരുന്നു. കോണത്തു അച്യുതവാര്യരിൽ നിന്നും വൈദ്യം പഠിച്ഛു. പിന്നീട് കുട്ടഞ്ചേരി അഫ്ഫൻ മൂസ്സിൽ നിന്നും ശിക്ഷണം നേടി. അന്ന് മഞ്ചേരിയിൽ ഭിഷഗ്വരനായിരുന്ന ദിവാൻ ബഹാദൂർ ഡോ. വി. വർഗ്ഗീസിന്റെ അടുക്കൽ കണ്ണുചികിത്സക്കു പോയതിനു ശേഷം അലോപ്പതിയിൽ ശങ്കുണ്ണിക്ക് താല്പര്യം ജനിച്ചു. അദ്ദേഹത്തോടൊപ്പം താമസിച്ച് അലോപ്പതിയിലും വിജ്ഞാനം നേടി.

മലയാളത്തിലെ ആദ്യത്തെ വൈദ്യമാസികയായ ധന്വന്തരി അദ്ദേഹം ആരംഭിച്ചു. ചികിത്സാസംബന്ധിയായ വിവിധ ഗ്രന്ഥങ്ങൾ രചിച്ചു. അവയിൽ പ്രധാനപ്പെട്ടതാണ് ചികിത്സാസംഗ്രഹം, ബൃഹച്ഛാരീരം, അഷ്ടാംഗസംഗ്രഹം തുടങ്ങിയവ. പി.എസ്.വി. നാട്യസംഘം എന്ന കഥകളിസംഘവും അദ്ദേഹം നടത്തിയിരുന്നു.

ആര്യവൈദ്യശാല[തിരുത്തുക]

1902-ൽ, ജന്മനാടായ കോട്ടയ്ക്കലിൽ, വൈദ്യരത്നം പി.എസ്. വാര്യർ സ്ഥാപിച്ച ആയുർവ്വേദ ചികിത്സാകേന്ദ്രമാണ് കോട്ടയ്ക്കൽ ആര്യ വൈദ്യശാല. ആധുനിക ഗവേഷണശാലകളും, മരുന്നു നിർമ്മാണ സംവിധാനങ്ങളുമുള്ള ആര്യ വൈദ്യശാലയ്ക്ക് കോട്ടയ്ക്കൽ, ഡെൽഹി, കൊച്ചി എന്നിവിടങ്ങളിൽ ശാഖകളുണ്ട്. പി.എസ്. വാര്യരുടെ വിൽപത്ര പ്രകാരം ചാരിറ്റബിൾ ട്രസ്റ്റായി മാറിയ വൈദ്യശാലയുടെ നടത്തിപ്പ് അവകാശം അദ്ദേഹത്തിന്റെ കുടുംബവും, സ്ഥാപനവുമായി ബന്ധപ്പെട്ട ഏഴുപേർ നയിക്കുന്ന ബോർഡിനാണ്. വൈദ്യശാലയുടെ ഭാഗമായി തന്നെ കഥകളിയെ പ്രോത്സാഹിപ്പിക്കാനായി പി.എസ്.വി നാട്യസംഘം എന്ന പേരിൽ ഒരു കഥകളി സംഘവും പ്രവർത്തിക്കുന്നുണ്ട്.

1944 ജനുവരി 30-ന് തന്റെ 75-ആം വയസ്സിൽ പി.എസ്. വാര്യർ അന്തരിച്ചു. അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന പി. മാധവ വാര്യർ എന്ന പി.എം. വാര്യരാണ് പിന്നീട് കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ചുമതല ഏറ്റെടുത്തത്. എന്നാൽ, 1953-ലുണ്ടായ ഒരു വിമാനാപകടത്തിൽ പി.എം. വാര്യർ അന്തരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ അനുജൻ പി.കെ. വാര്യർ (പി. കൃഷ്ണൻകുട്ടി വാര്യർ) ചുമതല ഏറ്റെടുത്തു. 2021-ൽ നൂറാം വയസ്സിൽ പി.കെ. വാര്യർ അന്തരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ അനന്തരവനായ പി. മാധവൻകുട്ടി വാര്യർ ചുമതലയേറ്റു.

അവലംബം[തിരുത്തുക]

  1. "കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ വെബ്‌സൈറ്റ്". Retrieved 2007-01-12.
"https://ml.wikipedia.org/w/index.php?title=പി.എസ്._വാര്യർ&oldid=3850919" എന്ന താളിൽനിന്ന് ശേഖരിച്ചത്