പാവകളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാവകളെ ഉപയോഗിച്ച് കഥാഖ്യാനം ചെയ്യുന്ന സമ്പ്രദായമാണ് പാവകളി.ഇംഗ്ലീഷ്: Puppetry. ഒന്നോ അതിലധികമോ കലാകാരന്‍മാര്‍ പാവകളെ കൈ കൊണ്ട് ചലിപ്പിച്ച് കഥ അവതരിപ്പിക്കുക എന്നതാണ് ഇതിലെ രീതി. പാവക്കൂത്ത് എന്നും അറിയപ്പെടുന്നു. ലോകത്തിലെ പല രാജ്യങ്ങളിലും പ്രചാരത്തിലുള്ള ഇത് 4000 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇന്ത്യയിലാണ് ആരംഭിച്ചതെന്നു കരുതപ്പെടുന്നു.[1] ലോകത്തിന്റെ പ്രാചീനമായ കലാരൂപമായ പാവകളിയില്‍ വ്യത്യസ്ത തരം പാവകളെ ഉപയോഗിക്കുന്നുണ്ട്. മനുഷ്യകരങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന നിര്‍ജ്ജീവ രൂപങ്ങളാണ് പപ്പറ്റുകളുടെ നിര്‍വചനം. ജപ്പാനിലെ ബുണ്‍റാകുവും ജാവയിലെ റാഡ് പപ്പറ്റുകളും ആന്ധയിലെ തോലുബൊമ്മലുവുമെല്ലാം ഇതിനുദാഹരണങ്ങളാണ്. കേരളത്തിലും തോല്പ്പാവക്കൂത്തിനു പ്രചാരമുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ഐതിഹ്യങ്ങള്‍
പാവകളിയെ ബന്ധപ്പെടുത്തി അതാതു രാജ്യങ്ങളില്‍ നിരവധി ഐതിഹ്യങ്ങള്‍ പ്രചാരത്തിലുണ്ട്. പാവകളിയുടെ ഉത്ഭവത്തെപ്പറ്റിയുള്ള വിശ്വാസങ്ങളാണ് ആ കഥകള്‍ക്കടിസ്ഥാനം. പരമ്പരാഗത പാവക്കൂത്തുകാര്‍ അവരുടെ പാവകള്‍ക്ക് പാവനത്വം കല്പിക്കാനായി പുരാണങ്ങളുമായി ബന്ധപ്പെടുത്തി കഥകള്‍ ഉണ്ടാക്കാറുണ്ട്.
[തിരുത്തുക] ഇന്ത്യയില്‍
ശിവനേയും പാര്‍വതിയേയും ബന്ധപ്പെടുത്തിയുള്ള കഥയാണ്‍ ഇന്ത്യയില്‍ പ്രചാരമുള്ളത്. മരപ്പണിക്കാരന്‍റെ പാവകളെ കണ്ട് ഇഷ്ടപ്പെട്ട പാര്‍വതി അവക്ക് ജീവന്‍ നല്‍കുകയും നേരമ്പോക്കിനായി അവയെക്കൊണ്ട് നൃ്ത്തമാടിക്കുകയും ചെയ്തുവത്രെ. കൗതുകം തീര്‍ന്നശേഷം പാവകളെ നിര്‍ജ്ജീവമാക്കി തിരിച്ചു പോകുകയും ചെയ്തു.ഇതെല്ലാം ഒളിഞ്ഞിരുന്നു കണ്ട മരപ്പണിക്കാരന്‍ അവരോട് തന്റെ പാവകള്‍ക്ക് ജീവന്‍ തിരിച്ചുനല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സ്വന്തം ബുദ്ധിശക്തികൊണ്ട് അതിനൊരു മാര്‍ഗ്ഗം കണ്ടുപിടിക്കാന്‍ ഉപദേശിച്ച് ശിവ-പാര്വതിമാര്‍ തിരിച്ചു പോയി. മരപ്പണിക്കാരന്‍ പിന്നെ ആലോചിച്ച് തയ്യാറാക്കിയ ഒരു കലാരൂപമാണത്രെ പാവകളി. [2]പാവകളി കഴിഞ്ഞാല്‍ അവയെ പുഴയിലൊഴുക്കുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നത്പാവകളാണെങ്കിലും അവയുടെ ഭൗതികശരീരം ഇല്ലായ്മ ചെയ്യുന്ന സന്കല്പത്തിലാണ്.
[തിരുത്തുക] തരംതിരിവ്
പാവകളിയെ പൊതുവെ രണ്ടായി തരം തിരിച്ചുകാണാറുണ്ട്. പരമ്പരാഗതം, ആധുനികം എന്നിവയാണവ. ജാവ, ഇന്ത്യ, ജപ്പാന്‍ എന്നീ പൂര്വേഷ്യന്‍ രാജ്യങ്ങളില്‍ പരമ്പരാഗതമായ രീതിയിലുള്ള പാവകളിയാണ് പിന്തുടര്‍ന്ന് പോരുന്നത്. എന്നാല്‍ ആധിനിക നിര്‍മ്മാണ വസ്തുക്കളുടെ ആധിപത്യവും പുതിയ ശാസ്ത്രശാഖകളുമായിട്ടുള്ള അടുപ്പവും മൂലം പാവകളിക്ക് പുതിയ മാനങ്ങള്‍ സൃഷ്ടിക്കാന്‍ കളിക്കാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളിലും ജപ്പാനിലും ഇത്തരം പരീക്ഷണങ്ങള്‍ കൂടുതല്‍ നടന്നിട്ടുണ്ടത്രെ. ജിം ഹെല്‍സന്‍ രൂപം നല്‍കിയ മപ്പറ്റ്ഷോ, (മാരിയോനെറ്റ് +പപ്പറ്റ് ഷോ) എന്ന പര്‍പാടി ഇതിനുദാഹരണമാണ്.
[തിരുത്തുക] പാവകള്‍
കയ്യുറപ്പാവ (Glove puppet), കോലുകൊണ്ട് (റാഡ് Rod Puppet) നിയന്ത്രിക്കപ്പെടുന്നവ, നിഴല്പ്പാവ (Shadow puppet), ചരടുപാവ(String Puppet) എന്നിവയാണ് നാലു തരം പാവകള്‍
[തിരുത്തുക] കേരളത്തില്‍
വീടുകള്‍തോറും ചെന്ന് കയ്യുറപ്പാവകളെക്കൊണ്ട് പാവകളി നടത്തി ജീവിച്ചിരുന്നവര്‍ കേരളത്തിലുമുണ്ടായിരുന്നു. ഇവയുടെ കൈകളിലേക്ക് പാവയുടെ പിന്‍ഭാഗത്തുനിന്ന് പാവകളിക്കാരന്‍ തന്റെ ഇടതു കൈ കടത്തുന്നു. അയാളുടെ കൈപ്പത്തി പാവയുടെ വസ്ത്രങ്ങള്‍ കൊണ്ട് മൂടിയിരിക്കും. ഒരു കൈ കൊണ്ട് ചലിപ്പിക്കാവുന്ന രീതിയില്‍ പാവയുടെ രണ്ടു കൈകളും ചലനസജ്ജമായിരിക്കും. മറ്റേ കൈ കൊണ്ട് അയാള്‍ ഒരു ഇലത്താളം വായിക്കുന്നു. പാവകള്‍ കഥകളിവേഷങ്ങളായാണ് ചെയ്തുകണ്ടിട്ടുള്ളത്. പാവകളിക്കാരന്‍ പാടിയിരുന്നത് കഥകളിപ്പദങ്ങളും. കഥകളിയിലെ താടി, കത്തി, കരി, സ്ത്രീ വേഷങ്ങളെല്ലാം അയാള്‍ വെവ്വേറെ ഉണ്ടാക്കി തന്റെ ഭാണ്ഡത്തില്‍ കരുതിയിരിക്കും.