പഷ്തൂണ്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഷ്തൂണ്‍
پښتون Paṣ̌tun
Portrait of Ahmad Shah Durrani.jpgKhan Abdul Ghaffar Khan.jpgShershah.jpgKarzai.jpg
അഹമ്മദ് ഷാ ദുറാനി · അബ്ദുള്‍ ഗാഫര്‍ ഖാന്‍
ഷേര്‍ഷാ സൂരി · ഹമീദ് കര്‍സായ്
ആകെ ജനസംഖ്യ
ഏകദേശം 4.2 കോടി 
ആവാസവ്യവസ്ഥ
Flag of Pakistan.svg പാക്കിസ്ഥാന്‍ 28 million (2005) [1][2]
Flag of Afghanistan.svg അഫ്ഗാനിസ്ഥാന്‍ 13 million (2006) [3]
Flag of the United Arab Emirates.svg UAE 315,524 (2008) [4]
Flag of the United Kingdom.svg United Kingdom 200,000 (2006) [5]
Flag of Iran.svg Iran 150,000 (2005) [6]
Flag of Canada.svg Canada 26,000 (2006) [7]
Flag of India.svg ഇന്ത്യ 11,086 (2001) [8]
Flag of the United States.svg അമേരിക്കന്‍ ഐക്യനാടുകള്‍ 7,710 (2000) [9]
Flag of Malaysia.svg Malaysia 5,100 (2008) [10]
ഭാഷകള്‍

പഷ്തു
പേര്‍ഷ്യനും ഉര്‍ദ്ദുവും രണ്ടാം ഭാഷ എന്ന നിലയില്‍ വ്യാപകമായി സംസാരിക്കുന്നുണ്ട്

മതം

ഇസ്ലാം, കൂടുതലും ഹനാഫി സുന്നികളാണെങ്കിലും കുറച്ചുപേര്‍ ഷിയകളാണ്‌

പ്രധാനമായും അഫ്ഘാനിസ്താന്റെ തെക്കുഭാഗത്തും പാകിസ്താന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിപ്രവിശ്യയിലും വസിക്കുന്ന ഒരു ജനവിഭാഗമാണ് പഷ്തൂണുകള്‍. അഫ്ഘാന്‍ വംശജരെന്നും ഇവര്‍ അറിയപ്പെടുന്നു.ഡ്യൂറണ്ട് രേഖക്ക് (പാക് അഫ്ഘാന്‍ അതിര്‍ത്തി) വടക്കും തെക്കുമായി വസിക്കുന്ന ഇവരുടെ ആവാസമേഖലയെയാണ്‌ പത്തൊമ്പതാം നൂറ്റാ‍ണ്ടുവരെ അഫ്ഘാനിസ്ഥാന്‍ എന്നറിയപ്പെട്ടിരുന്നത്. ഇന്ന് അഫ്ഘാനിസ്ഥാനിലെ ജനസംഖ്യയുടെ 40 മുതല്‍ 50 ശതമാനം വരെ പഷ്തൂണുകളാണ്. ഇന്ത്യയിലേയ്യും പാകിസ്ഥാനിലേയും പഷ്തൂണുകളെ പഠാണികള്‍ അഥവാ പഠാന്‍ എന്നറിയപ്പെടുന്നു[11]‌.

പഠാണികള്‍ ധൈര്യശാലികളും വിദഗ്ദ്ധരുമായ പോരാളികളാണ്. പഠാണി വര്‍ഗ്ഗങ്ങളുമായി 1849-88, 1897-98, 1938-43 കാലയളവുകളില്‍ ബ്രിട്ടീഷുകാര്‍ യുദ്ധത്തിലേര്‍പ്പെട്ടിരുന്നു. തങ്ങളുടെ കുന്നുകളില്‍ ഗറില്ലായുദ്ധത്തില്‍ വിദഗ്ദ്ധരായിരുന്ന പഠാണികളോട് തോറ്റ് മൂന്നു വട്ടവും ബ്രിട്ടീഷുകാര്‍ക്ക് മടങ്ങേണ്ടീ വന്നു[12].

2000 ആണ്ടിലെ കണക്കനുസരിച്ച് പഷ്തൂണുകളുടെ ആകെ ജനസംഖ്യ 2 കോടിയോളമാണ്. ഇവരില്‍ പകുതിയോളം വീതാം പാകിസ്ഥാനിലും അഫ്ഘാനിസ്ഥാനിലുമായി അതിര്‍ത്തിയുടെ ഇരു വശങ്ങളിലുമായി വസിക്കുന്നു[11].

പഷ്തൂണുകളില്‍ പല വര്‍ഗ്ഗങ്ങളുണ്ട്. ഉദാഹരണത്തിന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കുള്ള കവാടങ്ങളായ, ഖൈബര്‍ ചുരത്തിനും, കൊഹാട്ട് ചുരത്തിനും അടുത്തുള്ള മേഖലയില്‍ അധിവസിക്കുന്നവരാണ് അഫ്രീദികള്‍. [12]‌.

പഷ്തൂണുകള്‍ ഭാഷാപരവും സാംസ്കാരികപരവുമായി ഒരൊറ്റ ജനതയായാണ് ഇന്ന് നിലകൊള്ളുന്നതെങ്കിലും ജനിതകമായി ഇവര്‍ ഒരേ വംശത്തില്‍ നിന്നുള്ളവരല്ല. വിവിധ വംശത്തിലുള്ള ജനങ്ങള്‍ നൂറ്റാണ്ടുകളായി പഷ്തൂണുകളിലേക്ക് അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. പടീഞ്ഞാറന്‍ അഫ്ഘാനിസ്ഥാനിലെ തായ്മാനി, മാലികി അയ്മക് എന്നീ വിഭാഗങ്ങള്‍ കണ്ടഹാരി പഷ്തൂണുകളുടെ ഭാഷയും സംസ്കാരവും സ്വായത്തമാക്കി, സ്വയം പഷ്തൂണുകളാണെന്നു ഇപ്പോള്‍ കരുതുന്നു. ഇത് ഈ ലയനപ്രക്രിയയുടെ ഒരു പുതിയ ഉദാഹരണമാണ്[11].

ഉള്ളടക്കം

[തിരുത്തുക] അഫ്ഘാന്‍

ലേഖനത്തില്‍ പരാമര്‍ശിക്കുന്ന പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയ അഫ്ഘാനിസ്ഥാന്റെ ഭൂപടം. പാകിസ്ഥാനിലെ സമീപപ്രദേശങ്ങളും ഭൂപടത്തിലുണ്ട്.

ഇന്ന് അഫ്ഘാനിസ്ഥാനിലെ ജനങ്ങളെ മുഴുവന്‍ അഫ്ഘാന്‍ എന്നു വിളിക്കുമെങ്കിലും പതിനെട്ടാം നൂറ്റാണ്ടുവരെയെങ്കിലും അഫ്ഘാന്‍ അഥവാ അഫ്ഘാനി എന്നത് പഷ്തൂണുകളുടെ സൂചിപ്പിക്കുന്ന പേരായിരുന്നു‌. എന്നിരുന്നാലും അഫ്ഘാന്‍ എന്ന വാക്ക് പാഷ്തോ ഭാഷയില്‍ നിന്നുള്ളതല്ല. ഇന്തോ ഇറാന്‍ അതിര്‍ത്തിയില്‍ വസിച്ചിരുന്ന ഏതോ ഒരു ജനവിഭാഗത്തെ സൂചിപ്പിക്കുന്നതിനായി മറ്റാരോ വിളിച്ച പേരായിരിക്കണം ഇതെന്നു കരുതുന്നു. ആറാം നൂറ്റാണ്ടിലെ വരാഹമിഹിരന്റെ ബൃഹത്‌സംഹിതയില്‍ അവഗാനാ എന്ന പേരിലുള്ള ഒരു ജനവിഭാഗത്തെപറ്റി പരാമര്‍ശിക്കുന്നുണ്ട്. ചൈനീസ് സഞ്ചാരി ഷ്വാന്‍ ത്സാങ്ങിന്റെ ഏഴാം നൂറ്റാണ്ടിലെ കുറിപ്പുകളിലും അബോജിയാന്‍ (abojian) എന്നപേരില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവയൊക്കെ അഫ്ഘാനികളെ സൂചിപ്പിക്കുന്നതായി കരുതുന്നു[11]. എന്നിരുന്നാലും വിശ്വസനീയമായ രീതിയില്‍ അഫ്ഘാന്‍ എന്നത് അദ്യമായി ഉപയോഗിച്ചിരിക്കുന്നത് പത്തം നൂറ്റാണ്ടു മുതലാണ്. പത്താം നൂറ്റാണ്ടിന്റെ അവസാനം രചിക്കപ്പെട്ട കര്‍ത്താവ് അജ്ഞാതമായ ഹുദുദ് അല്‍ ആലം എന്ന പേര്‍ഷ്യന്‍ ഗ്രന്ഥത്തില്‍ അഫ്ഘാനികള്‍ വസിക്കുന്ന സൌള്‍ എന്ന ഒരു ഗ്രാമത്തെക്കുറിച്ച് പറയുന്നുണ്ട്. ഗ്രന്ഥത്തിലെ വിവരങ്ങളനുസരിച്ച് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത് ഘാസ്നിക്ക് കിഴക്കുള്ള ഗര്‍ദീസിനടൂത്തായിരിക്കണം. ഇതിനുപുറമേ, ഇന്നത്തെ ജലാലാബാദിനടുത്തുള്ള ഒരു ഗ്രാമത്തിലെ രാജാവിന് ഹിന്ദു, മുസ്ലീം, അഫ്ഘാന്‍ വംശങ്ങളില്‍പ്പെട്ട ഭാര്യമാരുണ്ടായിരുന്നെന്നും ഈ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.[13].

മഹ്മൂദ് ഘാസ്നിയുടെ കാലം മുതല്‍ അതായത് പത്താം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ അഫ്ഘാന്‍ പ്രയോഗം വ്യാപകമായി. പതിനൊന്നാം നൂറ്റാണ്ടില്‍ അല്‍ ബറൂണി രചിച്ച താരിഖ് അല്‍ ഹിന്ദ് എന്ന ഗ്രന്ഥത്തില്‍ അഫ്ഘാനികളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറുഭാഗത്തുള്ള കുന്നിന്‍പ്രദേശത്ത് ജീവിക്കുന്ന വിവിധ അഫ്ഘാന്‍ വംശങ്ങളുണ്ടെന്നും അപരിഷ്കൃതരായ ഇവര്‍ ഹിന്ദുക്കളാണെന്നും പറയുന്നു.

ഘാസ്നിക്കും സിന്ധൂസമതലത്തിനും ഇടയില്‍ വസിക്കുന്ന പേര്‍ഷ്യക്കാര്‍ ആണ് അഫ്ഘാനികള്‍ എന്നാണ് ഇബ്ന്‍ ബത്തൂത്ത പറയുന്നത്. കുഹ് സുലൈമാന്‍ മലയാണ് ഇവരുടെ പ്രധാനകേന്ദ്രമെന്നും ബത്തൂത്ത കൂട്ടിച്ചേര്‍ക്കുന്നു. പഷ്തൂണുകളുടെ ഐതിഹ്യമനുസരിച്ചും ഇവരുടെ ആദ്യകാലവാസസ്ഥലം കണ്ടഹാറിന് കിഴക്കുള്ള കുഹി സുലൈമാന്‍ മലയോടടുത്താണ്[11].

[തിരുത്തുക] കുടിയേറ്റങ്ങള്‍

പാകിസ്ഥാന്‍ അഫ്ഘാനിസ്ഥാന്‍ പ്രദേശത്തെ വിവിധജനവിഭാഗങ്ങളുടെ ആവാസമേഖല അടയാളപ്പെടുത്തിയിരിക്കുന്ന ഭൂപടം. പച്ച നിറത്തില്‍ കാണിച്ചിരിക്കുന്നത് പഷ്തൂണുകളൂടെ ആവാസമേഖലയാണ്‌

പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകളിലാണ്‌ ദക്ഷിണ അഫ്ഘാനിസ്ഥാന്‍ പ്രദേശത്തു നിന്ന് കാബൂള്‍ താഴ്വരയിലൂടെ പെഷവാര്‍ സമതലത്തിലേക്കും അതിനപ്പുറത്തേക്കുമുള്ള പഷ്തൂണുകളുടെ ആദ്യകുടിയേറ്റം നടക്കുന്നത്. ഖന്ദഹാര്‍ പ്രദേശത്തു നിന്ന് തെക്കും വടക്കും അഫ്ഘാനിസ്ഥാനിലേക്കുള്ള കുടിയേറ്റം താരതമ്യേന പുതിയതാണ്‌ പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിലാണ്‌ ഈ കുടിയേറ്റം നടക്കുന്നത്. പഷ്തൂണുകളുടെ ഈ കുടിയേറ്റം ഇന്നും തുടരുന്നു. കാബൂള്‍ അടക്കമുള്ള പല മേഖലകളിലും പഷ്തൂണുകളുടെ ആവാസം ആരംഭിച്ചിട്ട് അധികകാലമായിട്ടില്ല[11].

[തിരുത്തുക] ജീവിതരീതി

പഷ്തൂണുകള്‍ അവരുടെ സ്വതന്ത്രമനോഭാവത്തിനും, തുല്യതക്കും, സ്വാഭിമാനത്തിനും, യുദ്ധനിപുണതക്കും പേരുകേട്ടവരാണ്. ഇതിനുപുറമേ ആതിഥേയത്വം, അഭയം നല്‍കല്‍, പ്രതികാരം തുടങ്ങിയവയൊക്കെ പഷ്തൂണുകളുടെ സ്വഭാവവിശേഷങ്ങളാണ്. പ്രായപൂര്‍ത്തിയായ പഷ്തൂണ്‍ പുരുഷന്മാര്‍ക്കിടയിലുള്ള തുല്യത ഇവരുടെയിടയിലെ പ്രധാനപ്പെട്ട സവിശേഷതയാണ്. പരിചയവും പ്രായപൂര്‍ത്തിയുമുള്ള എല്ലാ പുരുഷന്മാര്‍ക്കും ജിര്‍ഗ എന്നറിയപ്പെടുന്ന ഗ്രാമസമിതികളില്‍ അഭിപ്രായസ്വാതന്ത്ര്യമുണ്ട്.എന്നാല്‍ ചില സമൂഹങ്ങളില്‍ കൂട്ടത്തില്‍ ചിലര്‍ക്ക് കൂടുതല്‍ അധികാരങ്ങളുണ്ടാകാറുണ്ട്. ഖാന്‍മാര്‍ ഇതിന് ഉദാഹരണമാണ്. എന്നാല്‍ ഖാന്റെ അധികാരം അയാള്‍ഊടെ വ്യക്തിഗുണങ്ങളില്‍ അടിസ്ഥാനമായി കല്‍പ്പിച്ചു നല്‍കുന്നതാണ്[11].

മുള്‍ച്ചെടികളും കള്ളീച്ചെടികളും പോലെയുള്ള വളരെക്കുറച്ച് സസ്യങ്ങളുള്ള ഊഷരമായ കുന്നുകളില്‍ ഇവര്‍ ആടു മേയ്ച്ചും കൃഷിചെയ്തും ജീവിക്കുന്ന പഷ്തൂണ്‍ വംശജരുടെ കഠിനമായ ഈ പരിസ്ഥിതിയിലുള്ള ജീവിതം അവരെ പരുഷമായവരും പരാശ്രയമില്ലാതെ ജീവിക്കുന്നവരുമാക്കി മാറ്റിയിട്ടുണ്ട്[12].

[തിരുത്തുക] ഭാഷ

പ്രധാന ലേഖനം: പഷ്തോ

പഷ്തൂണുകള്‍ ഒരു ഇറാനിയന്‍ ഭാഷയായ പഷ്തോ അഥവാ പാഖ്തോ സംസാരിക്കുന്നു. ഈ ഭാഷക്ക് പേര്‍ഷ്യന്‍, കുര്‍ദിഷ്, ബലൂചി തുടങ്ങിയ ഭാഷകള്‍ഊമായി ബന്ധമുണ്ട്. യഥാര്‍ത്ഥത്തില്‍ പഷ്തോയും പാഖ്തോയും ഒരേ ഭാഷയുടെ രണ്ടു പ്രധാനപ്പെട്ട ശൈലികളാണ്. മൃദുവായ ശൈലിയായ പാഷ്ഠോ, തെക്കുഭാഗത്തും, കടുത്ത ശൈലിയായ പാഖ്തോ വടക്കുഭാഗത്തും സംസാരിക്കപ്പെടൂന്നു. പാഷ്തോ അഫ്ഘാനിസ്ഥാനിലെ ഔദ്യോഗികഭാഷകളിലൊന്നാണ്‌.

ബി.സി.ഇ. രണ്ടാം സഹസ്രാബ്ദത്തില്‍ ഇറാനിയന്‍ പീഠഭൂമിയിലേക്ക് ദക്ഷിണമദ്ധ്യേഷ്യരാണ് ഈ ഭാഷ എത്തിച്ചത്. കാലക്രമേണ ഇന്നത്തെ തെക്കേ അഫ്ഘാനിസ്ഥാലും വടക്കന്‍ പാകിസ്ഥാനിലും മുന്‍പ് പ്രചരിക്കപ്പെട്ടിരുന്ന ഓര്‍മുറി, പറാസി (Ormuri, Parasi) തുടങ്ങിയ ഭാഷകളെ പാഷ്തോ ആദേശം ചെയ്തു എന്നു കരുതുന്നു[11].

[തിരുത്തുക] വസ്ത്രധാരണം

ദക്ഷിണ അഫ്ഘാനിസ്താനിലെ പഷ്തൂണുകള്‍

പഷ്തൂണുകളിലെ പുരുഷന്മാര്‍ പൊതുവേ അയഞ്ഞ പൈജാമയും നീളമുള്ള ജൂബാ പോലെയുള്ള മേല്‍വസ്ത്രവും ധരിക്കുന്നു. ഇതിനു മുകളില്‍ ഒരു വയിസ്റ്റ്കോട്ടും ഇവര്‍ ധൈരിക്കാറുണ്ട്. പാകിസ്താനിലേയും അഫ്ഘാനിസ്ഥാനിലേയ്യും പഷ്തൂണ്‍ സ്ത്രീകള്‍ തലയില്‍ ബുര്‍ഖ ധരിക്കുന്നു. നീളന്‍ കൈയുള്ള മേല്വസ്ത്രവും, നീണ്ട പൈജാമയുമാണ്‌ സ്ത്രീകളുടെ വസ്ത്രം.

പഷ്തൂണുകളിലെ പുരുഷന്മാര്‍ പലരും തലപ്പാവ് കെട്ടാറുണ്ട്. ഇതിന്റെ ഒരറ്റം അവരുടെ തോളിനു മുകളിലായി തൂങ്ങിക്കിടക്കും. എന്നാല്‍ ഇക്കാലത്ത് താലിബാന്‍ നിയന്ത്രിതമേഖലയിലഅണ്‌ തലപ്പാവ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഇവിടങ്ങളില്‍ കറുപ്പില്‍ നേരിയ വെള്ളവരകളുള്ള തലപ്പാവാണ്‌ ധരിക്കപ്പെടുന്നത്. മറ്റിടങ്ങളില്‍ തലപ്പാവിനു പകരം പാവ്കുല്‍ (pawkul) എന്നറിയപ്പെടുന്ന ചിത്രാലിത്തൊപ്പിയാണ് പുരുഷന്മാര്‍ തലയില്‍ ധരിക്കുന്നത്[11].

[തിരുത്തുക] മതം

അഫ്ഘാനിസ്ഥാനിലേയും പാകിസ്താനിലേയും പഷ്തൂണുകള്‍ എല്ലാം തന്നെ മുസ്ലീങ്ങളാണ്. ഇവരില്‍ത്തന്നെ ഭൂരിഭാഗവും സുന്നികളാണ്. എന്നാല്‍ ഇതിനൊരപവാദമായി ജലാബാദിനും പെഷവാറിനും തെക്കുവസിക്കുന്ന തുറികള്‍, ഇവരുടെ കൂട്ടത്തിലുള്ള ഓറക്‍സായ്, ബങ്കശ് തുടങ്ങിയവര്‍ ഷിയകളാണ്[11]

[തിരുത്തുക] കൃഷിയും സാമൂഹികജീവിതവും

പീച്ച്, വോള്‍നട്ട്, തുടങ്ങിയ പഴങ്ങളും, ഗോതമ്പ്, കരിമ്പ്, ഉരുളക്കിഴങ്ങ് തുടങ്ങിയവ താഴ്വരയിലെ താഴ്ന്ന ജലസേചനം ലഭ്യമായ ഇടങ്ങളില്‍ ഇവര്‍ കൃഷി ചെയ്യുന്നു. കൃഷിസ്ഥലങ്ങള്‍ക്കടുത്തായാണ് പഠാണികളുടെ ഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമങ്ങള്‍ പ്രതിരോധത്തിനായി ചുറ്റും മതില്‍ കെട്ടി സംരക്ഷിച്ചിരിക്കും. ഇവക്ക് ഉയരമുള്ള കാവല്‍മാടങ്ങളുമുണ്ടായിരിക്കും[12].

പഠാണികളുടെ ഓരോ വര്‍ഗ്ഗവും ഓരോ മുഖ്യന്റെ കീഴിലുള്ള വിവിധ വംശങ്ങളായി (clan) വിഭജിക്കപ്പെട്ടിരിക്കും. ഓരോ വംശവും വിവിധ കുടുംബങ്ങളായും തുടര്‍ന്ന് വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവരുടെ ഭരണം ഏതാണ് ജനാധിപത്യപരമായ രീതിയിലാണ് നടക്കുന്നത്. എല്ലാ പുരുഷന്മാര്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുള്ള ഒരു സമിതിയാണ് ഭരണപരമായ തീരുമാനങ്ങള്‍ എടുക്കുന്നത്. എങ്കിലും പഠാണികളിലെ വംശങ്ങളും കുടൂംബങ്ങളും തമില്ലുള്ള തര്‍ക്കങ്ങള്‍ പലപ്പോഴും രക്തച്ചൊരിച്ചിലുകളില്‍ കലാശീക്കുന്നു. ഇത്തരം വഴക്കുകള്‍ കുടീപ്പകയായി അടുത്ത തലമുറകളിലേക്ക്കും പകരാറൂണ്ട്. യുദ്ധസമയത്തു മാത്രമാണ് പഠാണികള്‍ക്കിടയില്‍ സമാധാനമുണ്ടാകാറുള്ളൂ എന്ന് സംസാരമുണ്ട്. അതായത് പുറത്തു നിന്നുള്ള ആക്രമണങ്ങളെ ഇവര്‍ ഒന്നു ചേര്‍ന്ന് എതിരിടാറൂണ്ട്[12].

[തിരുത്തുക] വിനോദങ്ങള്‍

വെടിവെപ്പ്, നായാട്ട്, പരുന്തിനെക്കൊണ്ടുള്ള വേട്ട, ആടുകളെക്കൊണ്ട് പോരടിപ്പിക്കല്‍ തുടങ്ങിയവയൊക്കെ പഠാണികളുടെ വിനോദങ്ങളാണ്. ഉന്നം തെറ്റാതെയുള്ള വെടിവെപ്പില്‍ ഇവര്‍ വിദഗ്ദ്ധരാണ്. നാടോടി നൃത്തവും, പാട്ടും ഇവരുടെ വിനോദങ്ങളാണ്. ഇതിന് അകമ്പടീയായി വലിയ ചെണ്ടകളും പീപ്പിയും ഓടക്കുഴലുകളും ഉപയോഗിക്കുന്നു[12].

[തിരുത്തുക] വെടിക്കോപ്പുകള്‍

ജെസൈല്‍ - പഠാണികളുടെ പരമ്പരാഗത തോക്ക്

പഠാണികള്‍ തങ്ങളുടെ തോക്കുകളും, വെടിക്കോപ്പുകളും സദാ സജ്ഞരാക്കി വക്കുകയും, ആടുമേക്കാനിറങ്ങുമ്പോള്‍ വരെ ഇത് കൂടെ കരുതുകയും ചെയ്യുന്നു. ഇവരുടെ കൈവശമുള്ള പഴയ ശൈലിയിലുള്ള തോക്കാണ് ജെസൈല്‍. നീളമുള്ളതും കൊത്തുപണികളോടു കൂടിയ കുഴലും ഒരു ഫ്ലിന്റ്ലോക്കുമുള്ള തോക്കാണീത്. ആധുനികമായ ആയുധങ്ങളും യന്ത്രത്തോക്കുകളും ഇന്ന് ഇവരുടെ കൈവശമുണ്ട്. ആദ്യകാലങ്ങളില്‍ ബ്രിട്ടീഷുകാരുടെ തോക്കുകളുടെ രൂപഘടന പകര്‍ത്തി, ഇവര്‍ ഗ്രാമങ്ങളില്‍ സ്വന്തമായി ആയുധങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. അഫ്രീദി വര്‍ഗ്ഗത്തിലെ ആദം കിറ്റെല്‍ വംശജരാണ് ഇത്തരത്തില്‍ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ദ്ധര്‍. അതിര്‍ത്തിയിലെ ബ്രിട്ടീഷ് പട്ടാളത്തില്‍ അംഗമായിച്ചേര്‍ന്നാണ് ഇവര്‍ ആയുധങ്ങളുടെ ഘടന പഠിച്ചെടുക്കുന്നത്. ഇങ്ങനെ ഗ്രാമങ്ങളില്‍ യന്ത്രസഹായമില്ലാതെ നിര്‍മ്മിക്കുന്ന ആയുധങ്ങളുടെ സൂക്ഷ്മമായ ഘടകങ്ങള്‍ പോലും അതീവകൃത്യതയോടെ നിര്‍മ്മിക്കപ്പെട്ടിരുന്നു[12].

[തിരുത്തുക] പഷ്തൂണ്‍ വംശാവലി

ഉത്തരേന്ത്യയില്‍ ജീവിച്ചിരുന്ന ഖാജ നി-മത് അള്ളാ എന്ന ഒരു പഷ്തൂണ്‍ എഴുത്തുകാരന്‍, മഖ്സാനി അഫ്ഘാനി എന്ന ഗ്രന്ഥത്തില്‍ പഷ്തൂണുകളുടെ വംശാവലിയെക്കുറിച്ചും സാമൂഹ്യഘടനയെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. ഇതില്‍ വിവരിച്ചിരിക്കുന്ന വംശാവലിയെ വിശ്വസനീയമായ ഒരു ചരിത്രമായി കണക്കാക്കാനാവില്ലെങ്കിലും ഒരു ഐതിഹ്യം എന്ന നിലയില്‍ കണക്കിലെടുക്കാന്‍ സാധിക്കും.

നി-മാത് അള്ളായുടെ വിവരണപ്രകാരം പഷ്തൂണുകള്‍ പ്രധാനമായും നാല് വംശങ്ങളിലുള്ളവരാണ്‌. ഇതില്‍ മൂന്നു വംശങ്ങള്‍, ഇവരുടെ പൊതുപൂര്‍വികനായ ഖ്വായ്സ് അബ്ദ് അല്‍ റഷീദ് പഠാന്റെ മൂന്നു മക്കളുടെ പിന്‍ഗാമികളാണ്‌. സര്‍ബന്‍, ബിത്താന്‍, ഘുര്‍ഘുഷ്ട് എനീവരാണ്‌ ഈ മൂന്നു മക്കള്‍ നിമാത്ത് അള്ളയുടെ അഭിപ്രായപ്രകാരം സര്‍ബന്റെ വംശമാണ്‌ ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. നാലാമത്തെ വംശത്തിന്റെ പൊതുപൂര്‍വികനായി കണക്കാക്കുന്ന കാര്‍ലാന്‍ അഥവാ കാരാന്‍, ഖ്വായ്സ് അബ്ദ് അല്‍ റഷീദ് പഠാന്‍ എടുത്തുവളര്‍ത്തിയ ഒരു അനാഥനാണെന്നും അതല്ല മറ്റു മൂന്നുവംശങ്ങളില്‍ ഒന്നിന്റെ ഉപവംശമാണെന്നും അഭിപ്രായങ്ങളുണ്ട്[11].

[തിരുത്തുക] 1. സര്‍ബന്റെ വംശം

ഖ്വയ്സ് അബ്ദ് അല്‍ റഷീദ് പഠാന്റെ ഏറ്റവും മൂത്ത പുത്രനാണ് സര്‍ബന്‍. ഇദ്ദേഹത്തിന്റെ പുത്രനായ ശാര്‍ഖ്ബന്റെ പിങാമികളാണ്‌ പ്രധാനമായും ദക്ഷിണഫ്ഘാനിസ്ഥാനില്‍ കാണുന്നത്. സര്‍ബന്റെ മറ്റൊരു പുത്രനായ ഖര്‍ശ്ബന്റെ വംശക്കാരെ പെഷവാര്‍ താഴ്വരയില്‍ കാണാം. പടിഞ്ഞാറു ഭാഗത്തുള്ള അബ്ദാലികള്‍ (പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഇവര്‍ ദുറാനികള്‍ എന്നറിയപ്പെട്ടു), പെഷവാറീന്‌ വടക്കു ജീവിക്കുന്ന യൂസഫ്സായ് തുടങ്ങിയവരൊക്കെ സര്‍ബന്റെ വംശത്തില്പ്പെടുന്നവരാണ്‌.

ഖര്‍ശ്ബന്റെ പിന്മുറക്കാരിലൊരാളായ കാസിയുടെ വര്‍ഗ്ഗത്തില്പ്പെട്ടവരാണ്‌ ഇന്ന് ജലാലാബാദ് പ്രദേശത്ത് വസിക്കുന്ന ഷിന്വാരികള്‍. കണ്ടഹാറിന്‌ തെക്കുകിഴക്കായി വസിക്കുന്ന കാസികളും കെത്രാന്മാരും കാസിയുടെ വംശത്തിലുള്ളവരാണ്‌

[തിരുത്തുക] 2. ഷേയ്ഖ് ബിത്താന്റെ വംശം

ബിത്താന്റെ പുത്രിയായ ബീബി മാതോ, ഇന്നത്തെ മദ്ധ്യ അഫ്ഘാനിസ്ഥാനിലെ ഒരു പ്രദേശമായ ഘുറിലെ ഷാ ഹുസൈനെ വിവാഹം ചെയ്തു. ഇവരുടെ പിന്‍ഗാമികളാണ്‌ ഖില്‍ജികള്‍. ഖല്‍ജികള്‍ക്കു പുറമേ ഘസ്നിക്കും സിന്ധൂനദിക്കും ഇടയിലുള്ള പ്രദേശത്തെ നിരവധി പഷ്തൂണ്‍ വംശങ്ങളും ഈ വംശത്തില്‍പ്പെടുന്നു. നി-മാത് അള്ള ഈ വംശത്തെ വളരെ പ്രാധാന്യം കുറഞ്ഞവരായാണ്‌ ചിത്രീകരിച്ചിരിക്കുന്നത്.

[തിരുത്തുക] 3. ഘുര്‍ഘുഷ്ടിന്റെ വംശം

മൂന്നാമത്തെ സഹോദരന്‍ ഘുര്‍ഘുഷ്ട്, പഷ്തൂണുകളിലെ നിരവധി വംശങ്ങളുടെ പൂര്‍വികനായി കണക്കാക്കപ്പെടുന്നു. ഇന്നത്തെ പാകിസ്ഥാനിലെ ക്വെത്തക്കു വടക്കുള്ള മരുപ്രദേശത്തുള്ള കാകര്‍ ഇതിലെ പ്രധാനപ്പെട്ട വംശമാണ്‌. കാബൂളിന്‌ വടക്കുകിഴക്കായി വസിക്കുന്ന സാഫി വംശജരും ഇതില്‍പ്പെടുന്നു. സാഫികള്‍, തെക്ക് കാകരുടെ പ്രദേശത്ത് ജീവിച്ചിരുന്നവരാണെന്നും പില്‍ക്കാലത്ത് വടക്കോട്ട് കാബൂള്‍ പ്രദേശത്തേക്ക്ക് കുടിയേറിയതാണെന്നും കരുതുന്നു.

[തിരുത്തുക] 4. കാര്‍ലാന്‍ വംശം

ഇന്നത്തെ പാകിസ്ഥാനില്‍ ജീവിക്കുന്ന മിക്ക പഷ്തൂണ്‍ വിഭാഗങ്ങളും തങ്ങളുടെ പൂര്‍വികനായി, കാര്‍ലാനെ കണക്കാക്കുന്നു. അഫ്രീദി, ഖാതക്, മംഗല്‍, വസീറി, ബംഗഷ്, മഹ്സൂദ് എന്നിങ്ങനെ പെഷവാര്‍ താഴ്വരക്ക് തെക്കുഭാഗത്തുള്ള അപ്രാപ്യമായ ഭൂപ്രദേശങ്ങളില്‍ ജീവിക്കുന്ന പഷ്തൂണ്‍ വിഭാഗക്കാരും ഇതില്പ്പെടുന്നു. വംശാവലിയിലെ ഇവരുടെ താഴ്ന്ന സ്ഥാനം ഇവരുടെ ഈ ഒറ്റപ്പെട്ട പ്രദേശത്തെ വാസം സൂചിപ്പിക്കുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യം വരെ ഈ മേഖലയിലെ ജനങ്ങളെക്കുറിച്ച് ഉത്തരേന്ത്യയിലുള്ളവര്‍ക്ക് കാര്യമായ അറിവേ ഉണ്ടായിരുന്നില്ല.

[തിരുത്തുക] അവലംബം

  1. Population by Mother Tongue, Population Census Organization, Government of Pakistan (retrieved 7 June 2006)
  2. Census of Afghans in Pakistan, UNHCR Statistical Summary Report (retrieved 10 October 2006)
  3. Afghanistan, CIA World Factbook (retrieved 7 June 2006)
  4. United Arab Emirates: Demography, Britannica.com (retrieved 15 March 2008)
  5. The Other Languages of England, British Journal of Educational Studies, Vol. 34, No. 3 (Oct., 1986), pp. 288-289 (retrieved 15 March 2008)
  6. Iran: Demography, Britannica.com (retrieved 15 March 2008)
  7. Ethnic origins, 2006 counts, for Canada
  8. Abstract of speakers’ strength of languages and mother tongues – 2001, Census of India (retrieved 17 March 2008)
  9. Language Spoken at Home US Census Bureau (retrieved 15 March 2008)
  10. [1] (retrieved 6 September 2008)
  11. 11.00 11.01 11.02 11.03 11.04 11.05 11.06 11.07 11.08 11.09 11.10 Voglesang, Willem (2002). "2-Peoples of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK.. pp. 16-22. ISBN 978-1-4051-8243-0. 
  12. 12.0 12.1 12.2 12.3 12.4 12.5 12.6 HILL, JOHN (1963). "7- Pakistan". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 227-229. 
  13. മിനോര്‍സ്കിയുടെ (Minorsky) ഹുദുദ് അല്‍ ആലം പരിഭാഷ (1937, താള്‍ 91)
"http://ml.wikipedia.org/wiki/%E0%B4%AA%E0%B4%B7%E0%B5%8D%E0%B4%A4%E0%B5%82%E0%B4%A3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം