പരല്‍പ്പേര്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(പരല്‍പ്പേരു് എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഭാരതീയശാസ്ത്രഗ്രന്ഥങ്ങളില്‍ സംഖ്യകളെ സൂചിപ്പിക്കാന്‍ വാക്കുകള്‍ ഉപയോഗിച്ചിരുന്ന ഒരു രീതിയാണ്‌ പരല്‍പ്പേരു്. ഭൂതസംഖ്യ, ആര്യഭടീയരീതി എന്നിവയാണു പ്രചാരത്തിലുണ്ടായിരുന്ന മറ്റു രീതികള്‍. ദക്ഷിണഭാരതത്തില്‍, പ്രത്യേകിച്ചു കേരളത്തിലായിരുന്നു പരല്‍പ്പേരു് കൂടുതല്‍ പ്രചാരത്തിലുണ്ടായിരുന്നതു്. ക, ട, പ, യ എന്നീ അക്ഷരങ്ങള്‍ ഒന്നു് എന്ന അക്കത്തെ സൂചിപ്പിക്കുന്നതുകൊണ്ടു് കടപയാദി എന്നും അക്ഷരസംഖ്യ എന്നും ഈ സമ്പ്രദായത്തിനു പേരുണ്ടു്.

ഉള്ളടക്കം

[തിരുത്തുക] ഐതിഹ്യവും ചരിത്രവും

കേരളത്തില്‍ പ്രചരിക്കുന്ന ഐതിഹ്യം അനുസരിച്ചു് വരരുചിയാണു് പരല്‍പ്പേരിന്റെ ഉപജ്ഞാതാവു്. വരരുചിയുടെ കാലത്തെപ്പറ്റി ചരിത്രകാരന്മാര്‍ക്കു് ഏകാഭിപ്രായമില്ല. ഉള്ളൂര്‍ "കടപയാദി സംഖ്യാക്രമത്തിലുള്ള കലിവാക്യഗണന കൊല്ലവര്‍ഷത്തിനു മുന്‍പ്‌ അത്യന്തം വിരളമായിരുന്നു" എന്നു് കേരളസാഹിത്യചരിത്രത്തില്‍ പ്രസ്താവിക്കുന്നു. ഇതില്‍നിന്നു് ക്രി. പി. ഒന്‍പതാം ശതകത്തിനു മുമ്പു് (കൊല്ലവര്‍ഷം തുടങ്ങുന്നതു് ക്രി. പി. 825-ല്‍ ആണു്) പരല്‍പ്പേരും കലിദിനസംഖ്യയും പ്രചാരത്തിലുണ്ടായിരുന്നു എന്നു കരുതാം.

[തിരുത്തുക] രീതി

ഓരോ അക്ഷരവും 0 മുതല്‍ 9 വരെയുള്ള ഏതെങ്കിലും അക്കത്തെ സൂചിപ്പിക്കുന്നു. താഴെക്കൊടുത്തിരിക്കുന്ന പട്ടിക നോക്കുക.

1 2 3 4 5 6 7 8 9 0
ഴ, റ

മുതല്‍ വരെയുള്ള സ്വരങ്ങള്‍ തനിയേ നിന്നാല്‍ പൂജ്യത്തെ സൂചിപ്പിക്കുന്നു. വ്യഞ്ജനങ്ങള്‍ക്കു സ്വരത്തോടു ചേര്‍ന്നാലേ വിലയുള്ളൂ. ഏതു സ്വരത്തോടു ചേര്‍ന്നാലും ഒരേ വിലയാണു്. അര്‍ദ്ധാക്ഷരങ്ങള്‍ക്കും ചില്ലുകള്‍ക്കും അനുസ്വാരത്തിനും വിസര്‍ഗ്ഗത്തിനും വിലയില്ല. അതിനാല്‍ കൂട്ടക്ഷരങ്ങളിലെ അവസാനത്തെ വ്യഞ്ജനം മാത്രമേ നോക്കേണ്ടതുള്ളൂ. വാക്കുകളെ സംഖ്യകളാക്കുമ്പോള്‍ പ്രതിലോമമായി ഉപയോഗിക്കണം. അതായതു്, ഇടത്തു നിന്നു വലത്തോട്ടുള്ള അക്ഷരങ്ങള്‍ വലത്തു നിന്നു് ഇടത്തോട്ടുള്ള അക്കങ്ങളെ സൂചിപ്പിക്കുന്നു. ഉദാഹരണമായി,

ക = 1
മ = 5
ഇ = 0
ക്ഷ = ഷ = 6
ശ്രീ = ര = 2
മ്യോ = യ = 1

വാക്കുകള്‍ വലത്തുനിന്നു് ഇടത്തോട്ടു് അക്കങ്ങളാക്കണം.

കമല = 351 (ക = 1, മ = 5, ല = 3)
സ്വച്ഛന്ദം = 824 (വ = 4, ഛ = 2, ദ = 8 )
ചണ്ഡാംശു = 636 (ച = 6, ഡ = 3, ച = 6)

[തിരുത്തുക] ഉപയോഗങ്ങളും ഉദാഹരണങ്ങളും

[തിരുത്തുക] ഗണിതം, ജ്യോതിശ്ശാസ്ത്രം എന്നിവയില്‍

ഗണിതം, ജ്യോതിശ്ശാസ്ത്രം എന്നിവ പ്രതിപാദിച്ചിരുന്ന ഗ്രന്ഥങ്ങളിലാണു് പരല്‍പ്പേരിന്റെ പ്രധാന ഉപയോഗം കാണുന്നതു്. ക്രി. പി. 15-ാ‍ം ശതകത്തില്‍ വിരചിതമായ കരണപദ്ധതി എന്ന ഗണിതശാസ്ത്രഗ്രന്ഥത്തില്‍ ഒരു വൃത്തത്തിന്റെ പരിധി കണ്ടുപിടിക്കാന്‍ ഈ സൂത്രവാക്യം കൊടുത്തിരിക്കുന്നു:

അനൂനനൂന്നാനനനുന്നനിത്യൈ-

സ്സമാഹതാശ്ചക്രകലാവിഭക്താഃ

ചണ്ഡാംശുചന്ദ്രാധമകുംഭിപാലൈര്‍-

വ്യാസസ്തദര്‍ദ്ധം ത്രിഭമൗര്‍വിക സ്യാത്‌

അതായതു്‌, അനൂനനൂന്നാനനനുന്നനിത്യം (1000000000000000) വ്യാസമുള്ള ഒരു വൃത്തത്തിന്റെ പരിധി ചണ്ഡാംശുചന്ദ്രാധമകുംഭിപാല (31415926536) ആയിരിക്കും എന്നു്‌. πയുടെ മൂല്യം പത്തു ദശാംശസ്ഥാനങ്ങള്‍ക്കു ശരിയായി ഇതു നല്‍കുന്നു. മറ്റൊരു ഗണിതശാസ്ത്രഗ്രന്ഥമായ സദ്രത്നമാലയില്‍

ഏവം ചാത്ര പരാര്‍ദ്ധവിസ്തൃതിമഹാവൃത്തസ്യ നാഹോക്ഷരൈഃ

സ്യാദ്ഭദ്രാംബുധിസിദ്ധജന്മഗണിതശ്രദ്ധാസ്മയന്‍ ഭൂപഗിഃ

എന്നു കൊടുത്തിരിക്കുന്നു. അതായതു്, പരാര്‍ദ്ധം (1017) വ്യാസമുള്ള വൃത്തത്തിന്റെ പരിധി 314159265358979324 (ഭദ്രാംബുധിസിദ്ധജന്മഗണിതശ്രദ്ധാസ്മയന്‍ ഭൂപഗിഃ) ആണെന്നര്‍ത്ഥം.

[തിരുത്തുക] കര്‍ണ്ണാടകസംഗീതത്തില്‍

കര്‍ണ്ണാടകസംഗീതത്തില്‍ 72 മേളകര്‍ത്താരാഗങ്ങള്‍ക്കു പേരു കൊടുത്തിരിക്കുന്നതു് അവയുടെ ആദ്യത്തെ രണ്ടക്ഷരങ്ങള്‍ രാഗത്തിന്റെ ക്രമസംഖ്യ സൂചിപ്പിക്കത്തക്കവിധമാണു്. ഉദാഹരണമായി,

[തിരുത്തുക] കലിദിനസംഖ്യ

ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളില്‍ കലിദിനസംഖ്യ സൂചിപ്പിക്കാന്‍ പരല്‍പ്പേരു് ഉപയോഗിച്ചിരുന്നു. കൂടാതെ, സാഹിത്യകൃതികളുടെ രചന തുടങ്ങിയതും പൂര്‍ത്തിയാക്കിയതുമായ ദിവസങ്ങള്‍, ചരിത്രസംഭവങ്ങള്‍ തുടങ്ങിയവ കലിദിനസംഖ്യയായി സൂചിപ്പിക്കാനും ഇതു് ഉപയോഗിക്കാറുണ്ടായിരുന്നു. മേല്‍പ്പത്തൂരിന്റെ ഭക്തികാവ്യമായ നാരായണീയം അവസാനിക്കുന്നതു് ആയുരാരോഗ്യസൗഖ്യം എന്ന വാക്കോടു കൂടിയാണു്. ഇതു് ആ പുസ്തകം എഴുതിത്തീര്‍ന്ന ദിവസത്തെ കലിദിനസംഖ്യയെ (1712210) സൂചിപ്പിക്കുന്നു.

[തിരുത്തുക] സൂത്രവാക്യങ്ങള്‍

നിത്യവ്യവഹാരത്തിനുള്ള പല സൂത്രങ്ങളും പരല്‍പ്പേരു വഴി സാധിച്ചിരുന്നു. ജനുവരി തുടങ്ങിയ ഇംഗ്ലീഷ് മാസങ്ങളിലെ ദിവസങ്ങള്‍ കണ്ടുപിടിക്കാന്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ എഴുതിയ ഒരു ശ്ലോകം:

പലഹാരേ പാലു നല്ലൂ, പുലര്‍ന്നാലോ കലക്കിലാം

ഇല്ലാ പാലെന്നു ഗോപാലന്‍ - ആംഗ്ലമാസദിനം ക്രമാല്‍

ഇവിടെ പല = 31, ഹാരേ = 28, പാലു = 31, നല്ലൂ = 30, പുലര്‍ = 31, ന്നാലോ = 30, കല = 31, ക്കിലാം = 31, ഇല്ലാ = 30, പാലെ = 31, ന്നു ഗോ = 30, പാലന്‍ = 31 എന്നിങ്ങനെ ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളുടെ ദിവസങ്ങള്‍ കിട്ടും.

[തിരുത്തുക] പരല്‍പ്പേരു് അനുലോമരീതിയില്‍

സാധാരണയായി, പ്രതിലോമരീതിയിലാണു്, അതായതു് വലത്തുനിന്നു് ഇടത്തോട്ടാണു് (അങ്കാനാം വാമതോ ഗതിഃ) അക്കങ്ങള്‍ എഴുതുന്നതു്. ഇങ്ങനെയല്ലാതെ വാക്കിന്റെ ദിശയില്‍ത്തന്നെ (ഇടത്തുനിന്നും വലത്തോട്ടു്) അക്കങ്ങള്‍ എഴുതുന്നതു് പില്‍ക്കാലത്തു് അപൂര്‍വ്വമായി കാണുന്നുണ്ടു്. ഉദാഹരണമായി, ഒരു ശ്രീകൃഷ്ണസ്തുതിയായ ഈ ശ്ലോകത്തില്‍ πയുടെ വില പതിനാറു് അക്കങ്ങള്‍ക്കു (15 ദശാംശസ്ഥാനങ്ങള്‍ക്കു) ശരിയായി കൊടുത്തിരിക്കുന്നു.

ഗോപീഭാഗ്യമധുവ്രാതശൃംഗീശോദധിസന്ധിഗ

ഖലജീവിതഖാതാവഗലഹാലാരസന്ധര

ഇതു്‌ 31415926 53589793 23846264 33832795 എന്ന സംഖ്യയെ സൂചിപ്പിക്കുന്നു.

[തിരുത്തുക] പരല്‍പ്പേരു് വിപരീതരീതിയില്‍

കൊച്ചുനമ്പൂതിരി എഴുതിയ ഒരു സരസശ്ലോകത്തില്‍ പരല്‍പ്പേരിന്റെ വിപരീതരൂപം ഉപയോഗിച്ചിട്ടുണ്ടു്. അതായതു്, സംഖ്യ തന്നിട്ടു് വാക്കു കണ്ടുപിടിക്കേണ്ട പ്രശ്നം:

എണ്‍പത്തൊന്നതു ദൂരെ വിട്ടു പതിനേഴന്‍പോടു കൈക്കൊണ്ടുതാ-

ന്നന്‍പത്തൊന്നവതാരബാലകനെഴും മുപ്പത്തിമൂന്നെപ്പൊഴും

സമ്പത്തെന്നു ദൃഢീകരിച്ചതെഴുനൂറ്റഞ്ചില്‍ സ്മരിച്ചീടിലി-

ങ്ങന്‍പത്തൊന്നതു ദൂരെയാക്കിയറുപത്തഞ്ചില്‍ സുഖിക്കാമെടോ!

81 = വ്യാജം, 17 = സത്യം, 51 = കൃഷ്ണ, 33 = ലീല, 705 = മനസ്സു്, 51 = കാമം, 65 = മോക്ഷം എന്നു വിശദീകരിച്ചെങ്കിലേ അര്‍ത്ഥം മനസ്സിലാവുകയുള്ളൂ.

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] കണ്ണികള്‍

"http://ml.wikipedia.org/wiki/%E0%B4%AA%E0%B4%B0%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%87%E0%B4%B0%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം