പനാമ കനാല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പസഫിക് സമുദ്രത്തെയും അറ്റ്ലാന്റിക് സമുദ്രത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു മനുഷ്യ നിര്‍മിത കനാലാണ് പനാമ കനാല്‍. ഇന്നേവരെ നടപ്പിലാക്കപ്പെട്ടിട്ടുള്ള എഞ്ചിനിയറിങ് പദ്ധതികളില്‍ ഏറ്റവും വലുതും പ്രയാസമേറിയതുമായവയില്‍ ഒന്നാണ് ഈ കനാല്‍. ദക്ഷിണാഫ്രിക്കയുടെ തെക്കേ അറ്റത്തുള്ള ഡ്രേക്ക് പാസേജും ഹോണ്‍ മുനമ്പും വഴിയുള്ള ദൈഘ്യമേറിയ ജലമാര്‍ഗ്ഗത്തെ ചരിത്രമാക്കിയ പനാമ കനാല്‍ ഈ രണ്ട് സമുദ്രങ്ങള്‍ തമ്മിലുള്ള ഗതാഗതത്തില്‍ വന്‍ സ്വാധീനം ചെലുത്തി. ന്യൂയോര്‍ക്ക് മുതല്‍ സാന്‍ ഫ്രാന്സിസ്കോ വരെ സഞ്ചരിക്കുന്ന ഒരു കപ്പല്‍ ഹോണ്‍ മുനമ്പ് ചുറ്റിയാണെങ്കില്‍ 22,500 കിലോമീറ്ററും (14,000 മൈല്‍) പനാമ കനാല്‍ വഴിയാണെങ്കില്‍ വെറും 9,500 കിലോമീറ്ററുമാണ് (6,000 മൈല്‍) സഞ്ചരിക്കേണ്ടത്. പനാമക്കടുത്ത് ഒരു കനാല്‍ എന്ന സങ്കല്‍പ്പത്തിന് 16-ആം നൂറ്റാണ്ട് വരെ പഴക്കമുണ്ടെങ്കിലും അത് നിര്‍മ്മിക്കാനുള്ള ആദ്യ ശ്രമം ആരംഭിച്ചത് 1880-ല്‍ ഫ്രഞ്ച് നേതൃത്വത്തിലാണ്. 21,900 തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ഈ പദ്ധതി പരാജയത്തില്‍ കലാശിച്ചു. 1900-കളുടെ ആദ്യ കാലയളവില്‍ അമേരിക്ക കനാല്‍ നിര്‍മാണം ഏറ്റെടുക്കുകയും അത് വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു. 1914-ല്‍ കനാല്‍ പ്രവര്‍ത്തനമാരംഭിച്ചു. 77 കിലോമീറ്റര്‍ (48 മൈല്‍) നീളമുള്ള ഈ കനാലിന്റെ നിര്‍മാണത്തെ രോഗങ്ങള്‍, (പ്രധാനമായും മലേറിയയും മഞ്ഞപ്പനിയും) മണ്ണൊലിപ്പുകള്‍ തുടങ്ങി പല പ്രശ്നങ്ങളും ബാധിച്ചിരുന്നു. കനാല്‍ പൂര്‍ത്തിയായപ്പോഴേക്കും ഫ്രാന്‍സിന്റെയും അമേരിക്കയുടേയും ഉദ്യമങ്ങളിലായി ആകെ 27,500 തൊഴിലാളികലുടെ ജീവനാണ് നഷ്ടമായത്.