പണിതീരാത്ത വീട് (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പണിതീരാത്ത വീട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പണിതീരാത്ത വീട് (വിവക്ഷകൾ) എന്ന താൾ കാണുക. പണിതീരാത്ത വീട് (വിവക്ഷകൾ)

കെ.ഇ. മത്തായിയുടെ(പാറപ്പുറത്ത്) പ്രശസ്തനോവലാണ്‌ പണിതീരാത്ത വീട്. 1964-ലാണ്‌ ഈ കൃതി പ്രസിദ്ധീകരിക്കുന്നത്. നൈനിത്താളിന്റെ പശ്ചാത്തലത്തിൽ രചിച്ച നോവലിൽ ' ഭയാശങ്കയും വേദനയും അസംതൃപ്തിയും അനിശ്ചിതത്വവുംകൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവിച്ച്, അവസാനം നിരുപാധികമായി വിധിക്കുകീഴടങ്ങി, വ്യാമോഹങ്ങളുടെ പണിതീരാത്ത വീടിന്റെ കൽത്തറയിൽ കബറടക്കപ്പെടുന്ന മനുഷ്യജീവിതമാണ്[1]‌' ആവിഷ്കരിക്കുന്നത്. തന്റെ സൈനികജീവിതത്തിന്റെ വലിയൊരു പങ്ക് നൈനിത്താളിൽ ചെലവഴിച്ച പാറപ്പുറത്ത് തന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ഈ വ്യത്യസ്തമായ പട്ടാളക്കഥ എഴുതുന്നത്.

കഥാസംഗ്രഹം[തിരുത്തുക]

ആർമി ആഫീസ് ക്ലർക്കായി സ്വർഗ്ഗീയസുന്ദരമായ, കുമയൂൺ കുന്നുകളാൽ ചുറ്റപ്പെട്ട, നൈനിത്താളിലെത്തുന്ന ജോസ് ജേക്കബിന്റെ അനുഭവങ്ങളിലൂടെയാണ്‌ നോവലിന്റെ ആഖ്യാനം. മെയ്-ജൂൺ സീസണിൽ ആരംഭിച്ച് 1962 ഒൿടോബറിലെ ചൈനീസ് ആക്രമണകാലത്ത് അവസാനിക്കുന്ന ആറുമാസത്തിലാണ്‌ കഥ നടക്കുന്നത്. മാവേലിക്കരനിന്ന് നിലമ്പൂരിൽ കുടിയേറിയതാണ്‌ ജോസിന്റെ കുടുംബം. അദ്ധ്വാനിക്കാൻ തയ്യാറല്ലാത്ത അപ്പന്റെ സ്വഭാവം കാരണം ദാരിദ്ര്യത്തിലാകുന്ന കുടുംബത്തെയും സഹോദരിയെയും കരുതിയാണ്‌ ജോസ് സൈനികസേവനത്തിന്‌ ഇറങ്ങിത്തിരിക്കുന്നത്.

സീസണിൽ സഞ്ചാരികളെത്തുമ്പോൾ ശബ്ദായമാനമാകുന്ന നൈനിത്താൾ സീസൺ തീരുമ്പോൾ അശാന്തമായ നിദ്രയിലാകുന്നു. നൈനിത്താളിലെ ജീവിതങ്ങളുടെ ദുഃഖങ്ങളാണ്‌ അതിന്റെ അശാന്തി. മകൻ അൽഫോൺസ് പുറത്താക്കിയ ഡേവിഡ് മസി, കാമുകൻ ഗർഭിണിയാക്കി ഉപേക്ഷിച്ച റേച്ചൽ ജോൺ, ജോസിനെ സേഠ്സാഹബിന്റെ ഔട്ട് ഹൗസ് തരപ്പെടുത്തിക്കൊടുക്കുന്ന നെയ്യാറ്റിങ്കരക്കാരൻ തങ്കയ്യാ നാടാർ, അനുജൻ സാഹബിന്റെ കാമാഗ്നിയിൽനിന്ന് കുതറിമാറാൻ ശ്രമിക്കുന്ന അനാഥയായ ജീവന്തീദേവി(ജിബുലി) എന്ന 15 വയസ്സുകാരി, ഏതോ പണക്കാരി ഉപേക്ഷിച്ചുപോയ ജിബുലിയെ വളർത്തിയവളും ഹോട്ടൽ ജോലിക്കാരിയായിരിക്കെ സാഹബിനെ വലവെച്ചുപിടിച്ചവളുമായ മോഹിനി, ഔട്‌ഹൗസിലെ അയൽ‌വാസിയും മോഹിനിയുടെ ഭർത്താവുമായ നന്ദൻസിങ്ങ്, പിടിവാശിക്കാരനായ അച്ഛന്റെയും വഴങ്ങിക്കൊടുക്കാത്ത ഭാര്യയുടെയും ഇടയിൽ നിസ്സഹായനായ അനിൽകുമാർ ചക്രവർത്തി തുടങ്ങിയവരുടെ ദുരന്തഭരിതമായ കഥകളിലൂടെ ജോസ് കടന്നുപോകുന്നു. തടാകത്തിൽ ചാടിക്കുളിക്കാൻ ഒരുമ്പെടുന്ന ജോസിനെ തടഞ്ഞുകൊണ്ടാണ്‌ മസി നോവലിൽ കടന്നുവരുന്നത്. ഒടുവിൽ അതേ തടാകത്തിൽ ചാടിമരിക്കുന്ന മസിയുടെ ശവശരീരവും ജോസിന്‌ കാണേണ്ടിവരുന്നു. തടാകത്തിൽ വീണ റേച്ചലിനെ രക്ഷിച്ച് അവളെ ചേച്ചിയായി സ്വീകരിക്കുകയാണ്‌ ജോസ്. റേച്ചലും മകൾ റോഷ്നിയുമായുള്ള സൗഹൃദം പുതിയ ആഹ്ലാദവും അസ്വസ്ഥതയും നൽകുന്നു ജോസിന്‌. അനുജൻ സാഹബിന്റെ വിരോധവും മോഹിനിയുടെ അസഭ്യവും കാരണം ജോസ് താമസം മാറുന്നു. തന്റെ പേരുമായി ചേർത്ത് റേച്ചൽ അപമാനിക്കപ്പെടുന്നു. എങ്ങനെയെങ്കിലും നൈനിത്താൾ വിടാൻ ആഗ്രഹിക്കുന്ന ജോസ് ഡൽഹിയിലേക്ക് മാറ്റം സ്വീകരിക്കുന്നു. 1962-ലെ ചൈനീസ് ആക്രമണാരംഭത്തോടെ യൂണിഫോം ധരിച്ച് യുദ്ധരംഗത്തേക്ക് ജോസ് തീവണ്ടികയറുന്നിടത്താണ്‌ നോവൽ അവസാനിക്കുന്നത്.

ചലച്ചിത്രാവിഷ്കാരം[തിരുത്തുക]

1972 -ൽ പണിതീരാത്ത വീട് കെ.എസ്. സേതുമാധവൻ ചലച്ചിത്രമാക്കി. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് പാറപ്പുറത്ത്തന്നെ ആയിരുന്നു. ആ വർഷത്തെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡും ഫിലിം ഗോയേഴ്സ് അവാർഡും ഈ തിരക്കഥയ്ക്കായിരുന്നു.

അവലംബം[തിരുത്തുക]

  1. "ആമുഖം". പണിതീരാത്ത വീട്. {{cite book}}: |first= missing |last= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പണിതീരാത്ത_വീട്_(നോവൽ)&oldid=3636084" എന്ന താളിൽനിന്ന് ശേഖരിച്ചത്