നീലത്തിമിംഗലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഒരു മുതിര്‍ന്ന നീലത്തിമിംഗലം. കിഴക്കന്‍ ശാന്തസമുദ്രത്തില്‍ നിന്നും
ശരാശരി വലിപ്പമുള്ള മനുഷ്യനുമായുള്ള ആകാര താരതമ്യം.
|
||||||||||||||||
|
|
||||||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||||
|
||||||||||||||||
|
|
||||||||||||||||
| Balaenoptera musculus (Linnaeus, 1758) |
||||||||||||||||
കാണപ്പെടുന്ന പ്രദേശങ്ങള്‍
|
||||||||||||||||
|
|
||||||||||||||||
|
ഭൂമുഖത്തെ ഏറ്റവും വലിയജീവിയാണ് കടലില്‍ ജീവിക്കുന്ന സസ്തനിയായ നീലത്തിമിംഗലം. ഇംഗ്ലീഷ്:Blue whale. ശാസ്ത്രീയനാമം: Balaenoptera musculus. ബലീന്‍ തിമിംഗലങ്ങളുടെ ഒരു ഉപജാതിയാണിവ[3]. ലോകത്ത് ഇന്നുവരെയുണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ ജീവിയായി കരുതപ്പെടുന്ന നീലത്തിമിംഗലങ്ങള്‍ക്ക് 33 മീറ്ററോളം നീളവും 181 മെട്രിക് ടണിലധികം ഭാരവും ഉണ്ടാകാം.[4][5] നീണ്ട ശരീരപ്രകൃതിയുള്ള നീലത്തിമിംഗലങ്ങളുടെ ശരീരം നീലകലര്‍ന്ന ചാരനിറത്തോടെയാണുണ്ടാവുക, ശരീരത്തിനടിഭാഗത്തേക്ക് നിറംകുറവായിരിക്കും[6]. ഇവയ്ക്കു വീണ്ടും കുറഞ്ഞത് മൂന്നുപജാതികളെങ്കിലും ഉണ്ടെന്നു കരുതുന്നു. വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തിലും വടക്കന്‍ പസഫിക് മഹാസമുദ്രത്തിലും കാണുന്ന ബി.എം. മസ്കുലസ് (B. m. musculus), ദക്ഷിണ സമുദ്രത്തില്‍ കാണുന്ന ബി.എം. ഇന്റര്‍മീഡിയ (B. m. intermedia), ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണപ്പെടുന്ന കുള്ളന്‍ നീലത്തിമിംഗലം (Pygmy Blue Whale - B. m. brevicauda) എന്നിവയാണവ. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബി.എം. ഇന്‍ഡിക(B. m. indica) ഒരു ഉപജാതിയാവാനാണിട. മറ്റ് ബലീന്‍ തിമിംഗലങ്ങളെ പോലെ നീലത്തിമിംഗലങ്ങളും ചെമ്മീന്‍ പോലുള്ള പുറംതോടുള്ള ചെറു ജീവികളായ ക്രില്ലുകlളെ മാത്രമാണു പഥ്യം.
തിമിംഗലവേട്ട ആരംഭിക്കുന്നതിനു മുമ്പ്, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഏതാണ്ട് എല്ലാ മഹാസമുദ്രങ്ങളിലും നീലത്തിമിംഗലങ്ങള്‍ ധാരാളമായുണ്ടായിരുന്നു. അന്റാര്‍ട്ടിക് പ്രദേശത്തായിരുന്നു ഇവയെ ഏറ്റവും കൂടിയ എണ്ണത്തില്‍ കണ്ടു വന്നിരുന്നത്. ഏകദേശം 2,39,000 എണ്ണം വരെ[7]. പിന്നീടുണ്ടായ നാല്‍പ്പതു കൊല്ലങ്ങളില്‍ തിമിംഗലവേട്ടക്കാര്‍ ഇവയെ വന്‍തോതില്‍ വേട്ടയാടുകയും വംശനാശത്തിന്റെ വക്കില്‍ എത്തിക്കുകയും ചെയ്തു. 1966-ല്‍ അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ രംഗത്തു വരികയും നീലത്തിമിംഗലങ്ങളെ വേട്ടയാടുന്നത് നിരോധിക്കുകയും ചെയ്തു. 2002-ലെ ഒരു കണക്ക് പ്രകാരം 5,000 മുതല്‍ 12,000 വരെ നീലത്തിമിംഗലങ്ങള്‍ ഇന്ന് ലോകത്ത് അഞ്ച് സംഘങ്ങളായി ശേഷിക്കുന്നു[8] . എന്നാല്‍ പിന്നീട് നടന്ന ചില പഠനങ്ങള്‍ ഈ കണക്ക് വളരെ കുറവാണെന്ന് സമര്‍ത്ഥിക്കുന്നുണ്ട്[9]. അന്റാര്‍ട്ടിക് കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമായി ഇന്നവിടെ ഏകദേശം 2,000 എണ്ണം മാത്രമുള്ള സംഘമാണുള്ളത്. അറ്റ്ലാന്റിക് മഹാസമുദ്രത്തില്‍ രണ്ടു സംഘം തിമിംഗലങ്ങള്‍ ഉണ്ട്. ദക്ഷിണാര്‍ദ്ധഗോളത്തിലും ഇതുപോലെ മറ്റ് രണ്ട് സംഘങ്ങള്‍ നിലനില്‍ക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] ജീവ വര്‍ഗ്ഗീകരണം
നീലത്തിമിംഗലങ്ങള്‍ റോര്‍ക്വലുകള്‍ ആണ്(കുടുംബം Balaenopteridae). ഇതേ കുടുംബത്തില്‍ തന്നെയാണ് കൂനന്‍ തിമിംഗലം ബ്രൈഡേയുടെ തിമിംഗലം ഫിന്‍ തിമിംഗലം സെയ് തിമിംഗലം മിങ്ക് തിമിംഗലം മുതലായവ ഉള്‍പ്പെടുന്നത്[3] . ബലേനോപ്റ്ററാ കുടുംബത്തിലെ ഏഴു ജാതികളിലൊന്നായാണ് നീലത്തിമിംഗലത്തെ കണക്കാക്കുന്നത്. സിബാള്‍ഡസ് എന്നൊരു മറ്റൊരു ജെനസിലാണ് നീലത്തിമിംഗലം ഉള്ളതെന്നാണ് ചിലര്‍ വാദിക്കുന്നത്[10]. എന്നാല്‍ ഇത് മറ്റെവിടേയും അംഗീകരിക്കപ്പെട്ടിട്ടില്ല[1]. ജനിതക പഠനങ്ങള്‍ ഇവ കൂനന്‍ തിമിംഗലങ്ങളുടെയും ചാരത്തിമിംഗലങ്ങളുടേയും അടുത്ത ബന്ധുക്കളാണെന്ന് ചൂണ്ടിക്കാട്ടുന്നു.
നീലത്തിമിംഗലങ്ങളുടേയും ഫിന്‍ തിമിംഗലങ്ങളുടേയും സങ്കരജാതികളെ കണ്ടതായി കുറഞ്ഞത് 11 പ്രാവശ്യമെങ്കിലും തെളിവുണ്ട്. ഇവ തമ്മില്‍ മനുഷ്യനും ഗോറില്ലയും തമ്മിലുള്ള ബന്ധമേയുള്ളു[11] . നീലത്തിമിംഗല-കൂനന്‍ തിമിംഗല സങ്കരങ്ങളേയും കണ്ടെത്തിയിട്ടുണ്ട്.
കുള്ളന്‍ നീലത്തിമിംഗലങ്ങളെ ഇന്ത്യന്‍ മഹാസമുദ്രത്തിലും ദക്ഷിണ ശാന്തമഹാസമുദ്രത്തിലും മാത്രമാണ് കണ്ടു വരുന്നത്[12] . ഇന്ത്യന്‍ സമുദ്രത്തില്‍ തന്നെ കണ്ടുവരുന്ന ഗ്രേറ്റ് ഇന്ത്യന്‍ റോര്‍ക്വല്‍ (B. m. indica) എന്ന തിമിംഗലത്തെ മുമ്പ് ഒരു ഉപജാതിയായിട്ടായിരുന്നു കണക്കാക്കിയിരുന്നത്[1].
─o Balaenopteridae & Eschrichtiidae ├─o │ ├─o │ │ ├─o ഫലകം:Vert │ │ ├─o Megaptera novaeangliae │ │ └─o Eschrichtius robustus │ └─o │ ├─o B. physalus │ └─o │ ├─o B. edeni │ └─o │ ├─o B. borealis │ └─o B. brydei └─o ├─o B. bonaerensis └─o B. acutorostrata
[തിരുത്തുക] പ്രത്യേകതകള്‍
മറ്റ് തിമിംഗലങ്ങളെ അപേക്ഷിച്ച് നീണതും കൂര്‍ത്തതുമായ ശരീരപ്രകൃതിയാണ് നീലത്തിമിംഗലങ്ങള്‍ക്കുള്ളത്. മറ്റു തിമിംഗലങ്ങളുമായി താരാതമ്യപ്പെടുത്തി നോക്കിയാല്‍ ഇവയുടെ ശരീരം വലിച്ചു നീട്ടിയതു പോലെ തോന്നും[13]. പരന്ന് കുതിരലാടത്തിന്റെ ആകൃതിയിലുള്ള തലയില്‍ ശ്വസനദ്വാരത്തിനടുത്ത് മേല്‍ച്ചുണ്ടിനു മുകളിലായി ഒരു ശിഖരം കാണാവുന്നതാണ്[13]. വായയുടെ മുന്‍ഭാഗം കട്ടിയുള്ളതാണ്‍. മേല്‍ത്താടിയില്‍ നിന്ന് തൂങ്ങിക്കിടക്കുന്നനിലയിലുള്ള ചീപ്പ് ഫലകങ്ങള്‍ ഉള്ളതിനാലാണിത്. ഒരു മീറ്ററോളം നീളവും മുന്നൂറോളം എണ്ണവുമുള്ള പാളികളാണിവ[13].
മേലണ്ണാക്കില്‍ അരമീറ്റര്‍ നീളമുള്ള അറുപതുമുതല്‍ തൊണ്ണൂറു വരെ പൊഴികള്‍ അകത്തേക്ക് കാണാം. ഭക്ഷണത്തോടൊപ്പം ഉള്ളില്‍ച്ചെല്ലുന്ന ജലം പുറന്തള്ളാനാണ് ഈ ചാലുകള്‍ ഉപയോഗിക്കപ്പെടുന്നത്.
മുതുകിലെ ചിറക് ചെറുതാണ്. ജലോപരിതലത്തില്‍ കുതിക്കുന്ന അവസരങ്ങളില്‍ മാത്രമേ ഇവ സാധാരണഗതിയില്‍ കാണാന്‍ കഴിയൂ. ശരീരത്തിന്റെ നാലിലൊരുഭാഗം കഴിയുന്നിടത്തായി (1/4) ഇവ കാണപ്പെടുന്നു.[13]. ഓരോ ജീവിയിലും ഇതിന്റെ ആകൃതി വ്യത്യസ്തമായിരിക്കും. ചിലപ്പോള്‍ കണ്ടുപിടിക്കാന്‍ തന്നെ പ്രയാസമായ തരത്തില്‍ ഒരു മുഴ മാത്രമേ ഉണ്ടാവാറുള്ളൂ എങ്കിലും ചിലതിന്‍ വളരെ വലിപ്പത്തില്‍ തന്നെ കാണപ്പെടുന്നു. ശ്വസനത്തിനായി ജലോപരിതലത്തിലെത്തുന്ന നീലത്തിമിംഗലങ്ങള്‍ അവയുടെ മുതുകും ശ്വാസം വിടുന്ന കുഴലും മറ്റു വന്‍തിമിംഗലങ്ങളായ ഫിന്‍, സെയ് മുതലായവയേക്കാളും ഉയര്‍ത്താറുണ്ട്. ഈ ശൈലി ഇവയെ മറ്റു തിമിംഗലങ്ങളില്‍ നിന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നു. വടക്കന്‍ അറ്റ്ലാന്റിക്കിലും വടക്കന്‍ ശാന്തസമുദ്രങ്ങളിലും കാണപ്പെടുന്ന ചില നീലത്തിമിംഗലങ്ങള്‍ അവയുടെ ത്രികോണാകൃതിയിലുള്ള വാലും ഉയര്‍ത്തിപ്പിടിക്കാറുണ്ട്. ശ്വസന സമയത്ത് നീലത്തിമിംഗലങ്ങള്‍ 12 മീറ്റര്‍ വരെ ഉയരമുള്ള ജലസ്തംഭം സൃഷ്ടിക്കാറുണ്ട്. (സാധാരണയായി 9 മീറ്റര്‍) ഇവയുടെ ശ്വാസകോശം 5000 ലി. വ്യാപ്തം ഉള്ളതാണ്. നീലത്തിമിംഗലങ്ങള്‍ക്ക് രണ്ട് ശ്വസനദ്വാരങ്ങളാണുള്ളത്. ഇവ ഒരൊറ്റ അടപ്പുപയോഗിച്ച് സംരക്ഷിക്കപ്പെട്ടിരിക്കുന്നു[13].
വശങ്ങളിലെ പങ്കായച്ചിറകുകള്‍ക്ക് 3-4 മീറ്ററ് നീളമുണ്ടാകും. ഇവയുടെ മുകള്‍ഭാഗം വെളുത്ത അരികോടുകൂടിയ ചാരനിറത്തിലാണ്. കീഴ്ഭാഗം വെളുത്ത നിറമായിരിക്കും. നീലത്തിമിംഗലത്തിന്റെ തലയും വാലും ഒരുപോലെ ചാരനിറം തന്നെ. പുറംഭാഗങ്ങളും ചിലപ്പോള്‍ വശച്ചിറകുകളും നിറം പടര്‍ന്ന് കാണാറുണ്ട്. ഇത് ഒരോന്നിനും വ്യത്യസ്ത അളവുകളിലുമാണ്.
നീന്തുമ്പോള്‍ ചെറീയദൂരത്തില്‍ നീലത്തിമിംഗലങ്ങള്‍ക്ക് 50 കി.മീ/മ വേഗത വരെ ആര്‍ജ്ജിക്കാന്‍ കഴിയും, പ്രത്യേകിച്ചും മറ്റു തിമിംഗലങ്ങളുമായി നീന്തുമ്പോള്‍. സാധാരണ വേഗത 20 കി.മീ/മ ആണ്[3] . ഭക്ഷണസമ്പാദനത്തിനായി മണിക്കൂറില്‍ 5 കി.മീ വേഗതയിലാണ് സഞ്ചരിക്കാറാണ് പതിവ്.
നീലത്തിമിംഗലങ്ങള്‍ സാധാരണയായി ഒറ്റക്കോ മറ്റൊരു തിമിംഗലവുമായോ ആണ് കഴിയുന്നത്. എന്നാല്‍ ഈ സഹയാത്രികര്‍ വളരെക്കാലം ഒരുമിച്ചുണ്ടാവുമെന്നോ മറ്റേതെങ്കിലും തരത്തിലുള്ള ബന്ധങ്ങള്‍ വച്ചുപുലര്‍ത്തുമെന്നോ അറിവില്ല. ഭക്ഷണം നന്നായി ലഭിക്കുന്ന സാഹചര്യത്തില്‍ ചെറിയ സ്ഥലത്തുതന്നെ 50 നീലത്തിമിംഗലങ്ങളുടെ കൂട്ടത്തെ വരെ കാണാന്‍ സാധിക്കും. എങ്കിലും ഇവ മറ്റു ബലീന്‍ വര്‍ഗ്ഗങ്ങളെപ്പോലെ വലിയതും ഇഴപിരിയാത്തതുമായ സംഘങ്ങളായി കാണപ്പെടാറില്ല.
[തിരുത്തുക] വലിപ്പം
ഭീമാകാരം മൂലം, നീലത്തിമിംഗലങ്ങളുടെ അളവുകള്‍ എടുക്കുക എന്നത് ശ്രമകരമായ ഒരു ഏര്‍പ്പാടാണ്. തിമിംഗലവേട്ടക്കാര്‍ കൊല്ലുന്നവയെ മുറിച്ചാണ് അളവെടുക്കുന്നത്; ഇതിനിടയില്‍ രക്തവും മറ്റ് ശരീരദ്രവങ്ങളും ചോര്‍ന്നു പോകുന്നതിനാല്‍ ശരീരഭാരം കണക്കാക്കുന്നതില്‍ പിഴവുണ്ടാകുന്നു. എന്നിരുന്നാലും 27 മീറ്റര്‍ വരെ നീളമുള്ളവയ്ക്ക് 150 മുതല്‍ 170 വരെ ടണ്‍ ഭാരം അളന്നിട്ടുണ്ട്. 30 മീറ്റര്‍ നീളമുള്ള ഒരു നീലത്തിമിംഗലത്തിനു 180 ടണ്‍ ഭാരമുണ്ടാവുമെന്ന് അമേരിക്കയിലെ ദേശീയ സമുദ്ര സസ്തനി പരീക്ഷണശാല പ്രതീക്ഷിക്കുന്നു. ഈ പരീക്ഷണശാല ഇന്നുവരെ കൃത്യമായി അളന്ന ഏറ്റവും വലിയ നീലത്തിമിംഗലത്തിനു 177 ടണ്‍ ഭാരമുണ്ടായിരുന്നു[8].
ഇന്നുവരെ ഭൂമിയില്‍ ജീവിച്ച ജീവികളില്‍ ഏറ്റവും വലുതാണ് നീലത്തിമിംഗലം എന്നാണ് കരുതപ്പെടുന്നത്[13] ഏറ്റവും വലിയ ഡൈനസോര്‍ ആണെന്ന് കരുതുന്ന അര്‍ജന്റീനോസോറസ് പോലും[14] 90 ടണ്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ വിവാദമുണ്ടാക്കിയ ആംഫീകാലിയാസ് ഫ്രജില്ലിമസ് എന്ന ജീവിയുടെ നട്ടെല്ല് സൂചിപ്പിക്കുന്നത് അത് 122 ടണ്‍ ഭാരവും 60 മീറ്റര്‍ നീളവും ഉള്ള ജീവിയായിരുന്നു എന്നും പറയുന്നുണ്ട്[15].
അധികം വിവരങ്ങള്‍ ലഭിച്ചിട്ടില്ലാത്ത ബൃഹത്കയോസറസ് എന്ന ദിനോസറിന്‍ 140 മുതല്‍ 220 ടണ് വരെ ഭാരമുണ്ടായിരിക്കാം എന്ന് ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു. എങ്കിലും മുഴുവന്‍ ഫോസ്സില്‍ തെളിവുകള്‍ ലഭ്യമല്ലാത്തതിനാല്‍ നീലത്തിമിംഗലം തന്നെയാണ് ഏറ്റവും വലിയത് എന്ന നിഗമനത്തില്‍ കൊണ്ടെത്തിക്കുന്നു. ഏറ്റവും വലിയ നീലത്തിമിംഗലം ഏതായിരുന്നു എന്ന കാര്യത്തിലും അത്ര കൃത്യതയില്ല. 20 നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ അന്റാര്‍ട്ടിക്കിലെ സമുദ്രത്തില്‍ വച്ച് പിടികൂടിയ തിമിംഗലങ്ങളുടെ അളവുകളാണ് കൂടുതലും. എന്നാല്‍ അക്കാലത്തെ തിമിംഗലവേട്ടക്കാര്‍ക്ക് ശാസ്ത്രീയമായരീതിയില്‍ ഇവയുടെ ഭാരമളക്കാനറിവില്ലായിരുന്നതാണ് പ്രധാന കാരണം. എന്തായാലും 33.6 ഉം 33.3 ഉം മീറ്റര്‍ നീളമുണ്ടായിരുന്ന രണ്ട് പെണ്‍ നീലത്തിമിംഗലങ്ങളാണ്‍ ഏറ്റവും വലിയവ എന്നു കരുതുന്നു[16]. എന്നാല്‍ ഈ അളവുകള്‍ അത്രകൃത്യമല്ല എന്നും ചിലര്‍ കരുതുന്നു. ദേശീയ സമുദ്ര സസ്തനി പരീക്ഷണശാല കൃത്യമായി അളന്ന ഏറ്റവും വലിയ നീലത്തിമിംഗലം 29.9 മീറ്റര്‍ നീളമുള്ള ഒന്നാണ്[8].
ഒരു നീലത്തിമിംഗലത്തിന്റെ നാവ് 2.7 ടണ്‍ ഭാരമുള്ളതായിരിക്കും [17]. പൂര്‍ണ്ണമായും തുറന്ന വായില്‍ 90 ടണ്‍ ഭക്ഷണവും വെള്ളവും കൊള്ളുന്നതായിരിക്കും[18]. എന്നിരുന്നാലും ഒരു വോളീബോള്‍ - പന്തിനേക്കാളും വലിയ ഒന്നും വിഴുങ്ങാന്‍ നീലത്തിമിംഗലങ്ങളുടെ കഴുത്തിന്റെ അടവ് അനുവദിക്കില്ല[19]. ഹൃദയം മാത്രം 600 കി.ഗ്രാം. ഭാരമുള്ളതായിരിക്കും, ഇത് ഏതൊരു ജീവിയുടേയും ആന്തരാവയവങ്ങളില്‍ ഏറ്റവും വലുതാണ്[17]; നീലത്തിമിംഗലത്തിന്റെ മഹാരക്തധമനിക്ക് 23 സെ.മീ. (9") വ്യാസം ഉണ്ടാകും.[20] . ആദ്യ ഏഴു മാസങ്ങളില്‍ നീലത്തിമിംഗലത്തിന്റെ കുഞ്ഞ് ദിനവും 400 ലി. പാല്‍ വീതം കുടിക്കുന്നു. ഓരോ 24 മണിക്കൂറിലും ഈ കുഞ്ഞിന്റെ ഭാരം 90 കിലോ വച്ചാകും കൂടുക. പ്രസവ സമയത്തു തന്നെ കുട്ടിക്ക് 2700 കിലോ ഭാരമുണ്ടാകും, ഇത് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു ഹിപ്പപ്പോട്ടാമസിനു തുല്യമാണ്[3].
[തിരുത്തുക] ആഹാരം
നീലത്തിമിംഗലങ്ങള്‍ ചെമ്മീന്‍ പോലുള്ള പുറംതോടുള്ള ജീവികളെയാണ്‍ ആഹാരമാക്കുക. [21] . ഈ ഭക്ഷണത്തില്‍ തന്നെ സമുദ്രഭേദമനുസരിച്ച് വ്യത്യാസവും ഉണ്ട്. വടക്കന്‍ അറ്റ്ലാന്റിക് പ്രദേശത്ത് മെഗാനിക്റ്റിഫേനസ് നോര്‍വീജിക്ക, തൈസനേസ്സ റാഷീ, തൈസനേസ്സ ഇന്റെര്‍മിസ് തൈസനേസ്സ ലോംഗിക്കോഡേറ്റ തുടങ്ങിയ ജീവികളേയും തിമിംഗലങ്ങള്‍ ഭക്ഷണമാക്കുന്നു[22][23][24].
വടക്കന്‍ ശാന്തസമുദ്രത്തില്‍ ഒട്ടേറെ ചെറുജീവികളെയും (യൂഫേസിയ പാസിഫിക്ക, തൈസനേസ്സ inermis, തൈസനേസ്സ longipes, തൈസനേസ്സ spinifera, നിക്റ്റിഫേനസ് സിംപ്ലെക്സ് നെമറ്റോസ്കേലിസ് മെഗലോപ്സ് മുതലായവ);[25][26][27] അന്റാര്‍ട്ടിക്കന്‍ സമുദ്രത്തില്‍ സമാനമായ മറ്റുചിലവയേയും (യൂഫേസിയ സൂപെര്‍ബ, യൂഫേസിയ ക്രിസ്റ്റല്ലോറോഫിയാസ് യൂഫേസിയ വാലെന്റീന്‍) തിമിംഗലങ്ങള്‍ ഭക്ഷിക്കുന്നു.
ചെമ്മീന്‍ വര്‍ഗ്ഗത്തിലെ ക്രില്‍ ജീവികളുടെ കനത്ത സാന്നിദ്ധ്യമുള്ള പ്രദേശങ്ങളില് നിന്നുമാത്രമേ തിമിംഗലങ്ങള്‍ ആഹാര സമ്പാദനം നടത്താറുള്ളു. ചിലപ്പോള്‍ ഒരു ദിവസം തന്നെ 3600 കി.ഗ്രാം ഭക്ഷണം അകത്താക്കാറുണ്ട്[21], സാധാരണ പകല്‍സമയങ്ങളില്‍ 100 മീ. ആഴത്തിലെങ്കിലുമാവും ഇര തേടുക. ഭക്ഷണസമ്പാദന സമയത്ത് 10 മുതല്‍ 20 മിനിറ്റ് വരെ ഇവ മുങ്ങി കിടക്കാറുണ്ട്. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ മുങ്ങിക്കിടന്നത് 36 മിനിറ്റ് വരെ ആണെന്നു കരുതുന്നു(Sears 1998).
ക്രില്ലുകളും മറ്റുജീവികളുമടക്കം വലിയ അളവ് ജലത്തെ തിമിംഗലങ്ങള്‍ വായിലേക്കെടുക്കുകയും പിന്നീട് വായിലെ ബലീന്‍ ചാലുകള്‍ ഉപയോഗിച്ച് ജലം പുറന്തള്ളൂകയും ചെയ്യുന്നു. വായില് അവശേഷിച്ച ജീവികളെ അപ്പാടെ വിഴുങ്ങുന്നു. ക്രില്ലുകള്‍ക്ക് പുറമേ ചെറുമത്സ്യങ്ങളും, കക്കകളും, ചെറുനീരാളികളുമെല്ലാം വയറ്റിലെത്താറുണ്ട്[28][29].
[തിരുത്തുക] ജീവന പ്രത്യേകതകള്‍
ശരദ്കാലത്തിന്റെ അവസാനം മുതല്‍ ശീതകാലത്തിന്റെ അവസാനം വരെയാണ് ഇവയുടെ ഇണചേരല്‍ കാലം[30]. ഇണചേരലിനെപ്പറ്റി വളരെ കുറച്ച് അറിവു മാത്രമേ നമുക്കുള്ളൂ. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ പെണ്‍തിമിംഗലങ്ങള്‍ പത്തോ പന്ത്രണ്ടോ മാസത്തെ ഗര്‍ഭകാലത്തിനുശേഷം ഒരു കുഞ്ഞിനെ പ്രസവിക്കുന്നു. [30]. രണ്ടര ടണ്‍ ഭാരമെങ്കിലുമുണ്ടാവുന്ന കുഞ്ഞിന്‍ ഏഴുമീററോളം നീളമുണ്ടാകും. ദിവസവും 380-570 ലിറ്റര്‍ പാല്‍ കഴിക്കും കട്ടിയാഹാരങ്ങള്‍ കഴിക്കാന്‍ തുടങ്ങുന്നത് ആറുമാസമാവുമ്പോഴാണ്‍, അപ്പോഴേക്കും കുഞ്ഞിന്‍ ജനിച്ച സമയത്തേക്കാള്‍ ഇരട്ടി നീളം വച്ചിരിക്കും. പെണ്‍തിമിംഗലങ്ങള്‍ക്ക് അഞ്ചുവയസ്സാകുമ്പോഴേ പ്രായപൂര്‍ത്തിയാകുന്നു. അപ്പോള്‍ തന്നെ ഇവക്ക് 21 മീ . നീളമുണ്ടാകും. ആണ്‍തിമിംഗലങ്ങള്‍ എട്ടു മുതല്‍ പത്ത് വയസ്സുവരെ ആകുമ്പോഴേക്കും പ്രായപൂര്‍ത്തിയാകുന്നു. അപ്പോള്‍ ഇവക്ക് 20 മീ. നീളമുണ്ടാകും (ദക്ഷിണ അര്‍ദ്ധഗോളത്തില്‍ കൂടുതലുമാവാം).
നീലത്തിമിംഗലങ്ങള്‍ 80 കൊല്ലമെങ്കിലും ജീവിച്ചിരിക്കാറുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു[16][31][30]; എന്നിരുന്നാലും വ്യക്തിഗതമായ രേഖകള്‍ തിമിംഗലവേട്ടക്കാലത്തിനു മുന്‍പ് മുതല്‍ ഇല്ലാത്തതിനാല്‍ ഇനിയും കുറേ കാലം കൂടി കഴിയാതെ തിമിംഗലത്തിന്റെ ആയുസ്സിനെപ്പറ്റി ആധികാരികമായി പറയാനാകൂ. വടക്കു കിഴക്കന്‍ പസഫിക് സമുദ്രത്തില് 34 വര്‍ഷമാണ് നേരിട്ട് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ ജീവിതകാലം. നീലത്തിമിംഗലങ്ങള്‍ക്ക് മനുഷ്യനൊഴിച്ച് ഭൂമുഖത്തുള്ള ഭീഷണീ കൊലയാളിത്തിമിംഗലം മാത്രമാണ്[32]. പഠനങ്ങള്‍ കാട്ടിത്തരുന്നത് 25% പ്രായപൂര്‍ത്തിയായ തിമിംഗലങ്ങള്‍ക്കും കൊലയാളീത്തിമിംഗലങ്ങളുടെ ആക്രമണത്തില്‍ നിന്ന് പരിക്കേറ്റിട്ടുണ്ട് എന്നാണ്[16]. എന്നാല്‍ കൊലയാളിത്തിമിംഗലങ്ങളുടെ ആക്രമണങ്ങളാലുള്ള മരണ നിരക്കിനെ കുറിച്ച് അറിവൊന്നുമില്ല.
നീലത്തിമീംഗലങ്ങള്‍ ഗതിതെറ്റി കരക്കടിയുക വളരെ അപൂര്‍വമാണ്. ഇവയുടെ പ്രത്യേക സാമൂഹിക സ്വഭാവം മൂലം കൂട്ടമായി കരക്കടിയാറുമില്ല.[33].
എന്നാല്‍ അബദ്ധത്തില്‍ ഒരു തിമിംഗലം കരക്കടിഞ്ഞാല്‍ അത് വന്‍ പൊതുജനശ്രദ്ധ പിടിച്ചുപറ്റാറുമുണ്ടായിരുന്നു. 1920 ല്‍ സ്കോട്ലന്‍ഡിലെ ലൂയീസ് ദ്വീപിനു സമീപം ബ്രാഗര്‍ എന്ന സ്ഥലത്ത് ഒരു നീലത്തിമിംഗലം കരക്കടിയുകയുണ്ടായി. തിമിംഗല വേട്ടക്കാരുടെ ചാട്ടുളി അതിന്റെ തലയില്‍ തറച്ചിരുന്നെങ്കിലും മുന പൊട്ടിത്തെറിച്ചിരുന്നില്ല. മറ്റു സസ്തനികളെ പോലെ തിമിംഗലങ്ങള്‍ക്കും ജീവന്‍ നിലനിര്‍ത്താനായി ശ്വാസോച്ഛ്വാസം എന്തു കാരണവശാലും പുലര്‍ത്താനുള്ള പ്രവണതയുണ്ട്. അതിനായിട്ടാവണം അത് മുങ്ങിപ്പോകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ തീരത്തേക്കെത്തിയത്. തിമിംഗലം മരിച്ചു കഴിഞ്ഞപ്പോള്‍ താടിയെല്ലുകളില്‍ രണ്ടെണ്ണം സമീപത്ത് സ്മാരകമായി ഉയര്‍ത്തി. ബാക്കി ഭാഗം മറവു ചെയ്തു. ഇത് വിനോദാകര്‍ഷണമായി അവിടെ നിലനിക്കുന്നു[34][35].
[തിരുത്തുക] നീലത്തിമിംഗലത്തിന്റെ പാട്ട്
- ഇതും കാണുക: തിമിംഗല സംഗീതം
| Multimedia relating to the Blue Whale Note that the whale calls have been sped up 10x from their original speed.
|
||||||||||||||||||||||||
|
||||||||||||||||||||||||
കണ്ണിങ്സ്, തോംസണ്‍ എന്നിവര്‍ നടത്തിയ പഠന(1971) പ്രകാരം നീലത്തിമിംഗലങ്ങളുടെ ശബ്ദം മീറ്ററില്‍ ഒരു മൈക്രോപാസ്കല്‍ മര്‍ദ്ദത്തില്‍ 155 മുതല്‍ 188 ഡെസിബെല്‍ വരെ ശക്തമായിരിക്കും[36][37] .
എല്ലാ നീലത്തിമിംഗലക്കൂട്ടങ്ങള്‍ക്കും 10-നും 40-നും ഹെര്‍ട്സ് ആവൃത്തിക്കിടയിലുള്ള ഒരു സ്വന്തം ആവൃത്തി ഉണ്ടാകും. ഈ ഒച്ചയുണ്ടാക്കല്‍ പത്തുമുതല്‍ മുപ്പതു സെക്കന്റ് നീണ്ടിരിക്കും. എന്നാല്‍ ശ്രീലങ്കക്കു സമീപത്തു വച്ച് ഒരു കുള്ളന്‍ നീലത്തിമിംഗലം നാലു നോട്ടുകളുള്ള രണ്ട് മിനിട്ടോളം നീളുന്ന ഗാനം ആവര്‍ത്തിച്ചാലപിക്കുന്നത് റിക്കോഡ് ചെയ്യുകയുണ്ടായിട്ടുണ്ട്. സാധാരണ കൂനന്‍ തിമിംഗലങ്ങളാണ് ഇത്തരത്തില്‍ ഒച്ച വെക്കുന്നത്. അത് ആ പ്രത്യേക ജാതിയില്‍(B. m. brevicauda) മാത്രമുള്ള പ്രത്യേകത ആയിരിക്കാം എന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.
പൊതുവേ ശബ്ദമുണ്ടാക്കുന്നതിന്റെ കാരണം അജ്ഞാതമാണ്. റിച്ചാര്‍സണ്‍ എറ്റ് എല്(1995) ആറ് കാരണങ്ങളെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
- അംഗങ്ങള്‍ തമ്മിലുള്ള അകലം പരിപാലിക്കുക.
- വംശീയമോ അംഗങ്ങള്‍ തമ്മിലുള്ളതോ ആയ തിരിച്ചറിയലിനായി
- തങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തമ്മില്‍ പകരാന്‍ (ഉദാ: ഭക്ഷണം, അറിയിപ്പ്)
- സാമൂഹിക ബന്ധങ്ങളുടെ പരിപാലനത്തിനായി (ഉദാ: ആണും പെണ്ണും തമ്മിലുള്ള പരസ്പര ബന്ധത്തിന്)
- സ്ഥലത്തിന്റെ പ്രത്യേകതകള്‍ അറിയാന്‍
- ശത്രുക്കളെ തിരിച്ചറിയാന്‍
[തിരുത്തുക] തിമിംഗലവേട്ടയും എണ്ണവും
[തിരുത്തുക] വേട്ടയാടല്‍ കാലഘട്ടം
ചരിത്രാതീതകാലം മുതല്‍ക്കേ മനുഷ്യന്‍ തിമിംഗലത്തെ വേട്ടയാടാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ നീലത്തിമിംഗലത്തെ വേട്ടയാടാന്‍ തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിനോടടുപ്പിച്ച് മാത്രമാണ്‍ കാരണം ഇവയുടെ വേഗതയേയും ശക്തിയേയും മെരുക്കാന്‍ അന്നുവരെ കഴിഞ്ഞിരുന്നില്ല എന്നതാണ്. നിരവധി കൊച്ചു വള്ളങ്ങളില്‍ തിമിംഗലങ്ങളെ തുരത്തി കരക്കടുപ്പിക്കുകയായിരുന്നു ആദ്യകാലങ്ങളില്‍ ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ഇതിനായി വിവിധതരം ആയുധങ്ങള്‍ ഉണ്ടാക്കുവാന്‍ തുടങ്ങി. ഇവയെ വന്‍തോതില്‍ വേട്ടയാടിയതോടെ എണ്ണം ഗണ്യമായി കുറയുകയുണ്ടായി. മുന്‍കാലത്ത് വേട്ടക്കാര്‍ അധികവും സ്പേം തിമിംഗലങ്ങളേയോ റൈറ്റ് തിമിംഗലങ്ങളേയോ ആയിരുന്നു വേട്ടയാടിയിരുന്നത്[39]. 1864-ല്‍ സ്വെന്‍ഡ് ഫോന്‍ (Svend Foyn) എന്ന നോര്‍വേക്കാരന്‍ തന്റെ ആവി ബോട്ടില്‍ വലിയ തിമിംഗലങ്ങളെ പിടിക്കാന്‍ പ്രാപ്തമായ ചാട്ടുളികള്‍ തയ്യാറാക്കിയിരുന്നു[3] . ആദ്യമാദ്യം വിജയശതമാനം കുറവായിരുന്നെങ്കിലും ഫോന്‍ തന്റെ ചാട്ടുളി കുറ്റമറ്റതാക്കി തീര്ത്തെടുക്കുകയും അതേ തുടര്ന്ന് വടക്കന്‍ നോര്‍വേയിലെ ഫിന്മാര്ക്കില്‍ അനേകം തിമിംഗലപിടുത്ത കേന്ദ്രങ്ങള്‍ ആരംഭിക്കുകയും ചെയ്തു. പ്രാദേശിക മുക്കുവരുടെ എതിര്പ്പിനെ തുടര്ന്ന് ഈ പ്രദേശത്തെ അവസാന തിമിംഗലപിടുത്തകേന്ദ്രവും 1904-ല് അടച്ചു പൂട്ടി.
ഐസ്‌ലന്‍ഡ്(1963) ഫറോ ദ്വീപുകള്‍ (1894), ഐസ്‌ലന്‍ഡിലെ തന്നെ ന്യൂഫൌന്‍ഡ്‌ലാന്‍ഡ് (1898)തുടങ്ങിയ സ്ഥലങ്ങളില്‍ വളരെ പെട്ടന്നു തന്നെ നീലത്തിമിംഗലങ്ങളേയും വേട്ടയാടല്‍ ആരംഭിച്ചു. 1904 -1905 കാലത്ത് ദക്ഷിണ ജോര്‍ജിയയില്‍ നിന്ന് ആദ്യമായി നീലത്തിമിംഗലങ്ങളെ വേട്ടയാടുകയുണ്ടായി. 1925 ആയതോടെ ആവിക്കപ്പലുകളുടെ സഹായത്തോടെ നീലത്തിമിംഗലങ്ങളേയും മറ്റു ബലീന്‍ തിമിംഗലങ്ങളേയും അന്റാര്‍ട്ടിക്ക, അന്റാര്‍ട്ടിക്കക്കു സമീപമുള്ള മറ്റുപ്രദേശങ്ങള്‍ എന്നിവിടെ നിന്നുമുള്ള വേട്ടയാടല്‍ വളരെ അധികമായി. 1930നും 31നും ഇടയില്‍ ഈ കപ്പലുകള്‍ 29,400 നീലത്തിമിംഗലങ്ങളെ മാത്രം അന്റാര്‍ട്ടിക് പ്രദേശത്തുനിന്നുമാത്രം പിടിച്ചെന്നു കരുതുന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോഴേക്കും നീലത്തിമിംഗലങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. 1946-ഓടു കൂടി അന്താരാഷ്ട്ര നീലത്തിമിംഗല കച്ചവടം നിയന്ത്രിക്കാനുള്ള പ്രാരംഭനടപടികള്‍ക്കു തുടക്കമായി. പക്ഷേ തിമിംഗലജാതികളെ ഫലപ്രദമായി തരംതിരിക്കല്‍ നടത്തിട്ടില്ലായിരുന്നതിനാല്‍ അന്ന് അതത്ര ഫലപ്രദമായിരുന്നില്ല. നീലത്തിമിംഗല വേട്ട 1960കളില്‍ അന്താരാഷ്ട്ര വെയിലിങ് കമീഷന്‍ പൂര്‍ണ്ണമായി നിരോധിച്ചു[40][41], സോവിയറ്റ് യൂണിയന്‍ നടത്തിയിരുന്ന വേട്ടയും 1970 കളില്‍ അവസാനിപ്പിച്ചു[42]. എന്നാല്‍ ഈ സമയം കൊണ്ടു തന്നെ 3,30,000 നീലത്തിമിംഗലങ്ങളെ അന്റാര്‍ട്ടിക് പ്രദേശത്തും 33,000 എണ്ണം ദക്ഷിണ അര്‍ദ്ധഗോളത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും, 8,200 എണ്ണം ദക്ഷിണ ശാന്തസമുദ്രത്തില്‍ നിന്നും, 7,000 എണ്ണത്തെ വടക്കന്‍ അറ്റ്ലാന്റിക് പ്രദേശത്തുനിന്നും കൊന്നൊടുക്കിയിരുന്നു. അപ്പോഴേക്കും അന്റാര്‍ട്ടിക്കയിലെ ആകെ എണ്ണം ആദ്യമുണ്ടായിരുന്നതിന്റെ 0.15% ആയിത്തീര്‍ന്നിരുന്നു[7].
തിമിംഗലവേട്ടക്കാര്‍ നീലത്തിമിംഗലങ്ങളെ വംശനാശത്തിന്റെ വക്കുവരെയെത്തിച്ചിരുന്നു. ചെറിയ ഇടവേളകള്‍ എടുത്താണെങ്കില്‍ പോലും വേട്ടക്കാര്‍ ഇവയെ കൊന്നൊടുക്കുന്നത് തുടരുന്നുണ്ട്. സമുദ്രശാസ്ത്രജ്ഞരും മറ്റും ഇക്കാര്യം നിശിതമായി നിരീക്ഷിക്കുന്നുമുണ്ട്. വലിയ ജീവിതകാലമുള്ള ജീവികളുടെ വംശനാശഭീഷണി അത്യന്തം ഭീതിജനകമാണ് എന്നതാണ് അതിനു കാരണം. മറ്റു ചെറിയ മത്സ്യങ്ങളെ അപേക്ഷിച്ച് നീലത്തിമിമിഗലങ്ങള്ക്കുള്ള നീണ്ട ഗര്ഭകാലവും ഒരു പ്രസവത്തില് ഒന്നോ രണ്ടോ കുട്ടികളേ ഉണ്ടാവൂ എന്നതും വംശനാശഭീഷണി കൂട്ടുന്നു. അതുകൊണ്ട് ഒരു വര്ഷത്തില് തന്നെ അനേകം തവണ പ്രത്യുത്പാദനം നടത്തുന്ന ചെറു ജീവികളെ അപേക്ഷിച്ച് നീലത്തിമിംഗലങ്ങള്‍ സുരക്ഷിതമാകാന്‍ കൂടുതല്‍ കാലമെടുക്കും
[തിരുത്തുക] എണ്ണവും വിതരണവും
തിമിംഗല വേട്ട നിരോധിച്ച കാലം മുതല്‍ക്കേ ആഗോളതലത്തില്‍ തിമിംഗലങ്ങളുടെ എണ്ണം കൂടുകയാണോ സ്ഥിരമായി നില്ക്കുകയാണോ എന്നറിയാന്‍ ഉള്ള പഠനങ്ങള്‍ വേണ്ടത്ര വിജയിച്ചിരുന്നില്ല. സോവിയറ്റ് യൂണിയന്‍ നടത്തിയിരുന്ന തിമിംഗലവേട്ടയും കൂടി അവസാനിച്ചതോടെ അന്റാര്‍ട്ടിക്കില്‍ വര്‍ഷം 7.3% വളര്‍ച്ചയുണ്ടെന്നാണ് ഏറ്റവും നല്ല പഠനങ്ങള്‍ കാണിക്കുന്നത്. എങ്കിലും ജനസംഖ്യയാകട്ടെ ആദ്യമുണ്ടായിരുന്നതിന്റെ 1% മാത്രമേ അന്നുമുണ്ടായിരുന്നുള്ളൂ.[7]. കാലിഫോര്‍ണിയയിലേയും ഐസ്‌ലാന്റിലേയും എണ്ണവും ചെറിയ തോതില്‍ കൂടുന്നുണ്ടെങ്കിലും ഇത് സംഖ്യാശാസ്ത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നത്രയുമില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടുമായി 5000 മുതല്‍ 12000 വരെ നീലത്തിമിംഗലങ്ങള്‍ ഉണ്ടാകാമെന്ന് കണക്കുകൂട്ടുന്നുണ്ടെങ്കിലും കണക്കുകളിലെ പല മേഖലകളിലും വേണ്ടത്ര പോരായ്മകള്‍ ഉണ്ട്.[8]. ഐ.യു.സി.എന്‍. ചുവന്ന പട്ടികയിലും നീലത്തിമിംഗലങ്ങള്‍ ഇന്നും വംശനാശഭീഷണി ഉള്ളവയായി ചേര്‍ത്തിരിക്കുന്നതില്‍ ആദ്യം മുതല്‍ ഇന്നു വരെയും ഒരു മാറ്റവുമുണ്ടായിട്ടില്ല. വടക്കന്‍ നീലത്തിമിംഗലങ്ങളുടെ (B. m. musculus) വടക്കു കിഴക്കന്‍ ശാന്തസമുദ്ര ഭാഗത്തു കണ്ടുവരുന്ന 2000 അംഗങ്ങളുള്ള സംഘത്തെ ഏറ്റവും വലിയ സംഘമായി കണക്കാക്കുന്നു. ഈ സ്ഥലം അലാസ്ക മുതല്‍ കോസ്റ്റാ റിക്ക വരെയുള്ള കടലാണ്‍. വേനലില്‍ കാലിഫോറ്ണിയന്‍ ഭാഗത്ത് വരുന്ന ഇവ ചിലപ്പോള്‍ വടക്ക് പടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലും കാണപ്പെടാറുണ്ട്. വളരെ അപൂര്‍വമായി കാംചത്ക പ്രദേശത്തും ജപ്പാന്റെ വടക്കന്‍ മുനമ്പിലും പ്രത്യക്ഷപ്പെടാറുണ്ട്. എങ്കിലും വേനല്‍ക്കാലങ്ങളില്‍ കാലിഫോര്‍ണിയയിലാവും ഉണ്ടാവുക.
വടക്കന്‍ അറ്റ്ലാന്റിക്കില്‍ രണ്ട് സംഘം ബി. എം. മസ്കുലസ് വിഭാഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 500 എണ്ണത്തോളം ഉള്ള ആദ്യ സംഘം ഗ്രീന്‍ലന്‍ഡ്, ന്യൂഫൗണ്ട്ലാന്ഡ്, നോവാ സ്കോട്ടിയ സെയിന്റ് ലോറന്സ് ഉള്ക്കടല്‍ തുടങ്ങിയ സ്ഥലങ്ങളിലെ കടലുകളിലായി കാണപ്പെടുന്നു. രണ്ടാമത്തെ സംഘം വസന്തകാലത്ത് അകോര്സിലും (Açores) ജൂലൈ ഓഗസ്റ്റ് കാലത്ത് ഐസ്‌ലാന്‍ഡിലും കണ്ടുവരുന്നു. ഇവ അറ്റ്ലാന്റിക്കിന്റെ മധ്യഭാഗത്തെ രണ്ട് അഗ്നിപര്‍വതജന്യമായ ദ്വീപുകള്‍ക്കിടയിലുള്ള മദ്ധ്യ-അറ്റ്ലാന്റിക് വരമ്പ് ആധാരമാക്കിയാണ്‍ സഞ്ചരിച്ചുവരുന്നതെന്നാണ്‍ കണക്കാക്കുന്നത്. ഐസ്‌ലാന്‍ഡിനപ്പുറത്തേക്ക് വടക്കോട്ട് സ്പിറ്റ്സ്ബെര്ഗെനും ജാന്‍ മേയനും വരെ ഇവയെ കണ്ടിട്ടുണ്ട്. എന്നാല്‍ ശൈത്യകാലത്ത് ഇവ എവിടെയായിരിക്കും എന്ന് ശാസ്ത്രജ്ഞര്ക്ക് കണ്ടെത്താന് കഴിഞ്ഞിട്ടില്ല. വടക്കന്‍ അറ്റ്ലാന്റിക് പ്രദേശത്തെ ആകെ എണ്ണം 600 മുതല്‍ 1500 വരെ കാണുമെന്നു കരുതുന്നു.
ദക്ഷിണ അര്ദ്ധഗോളത്തില്‍ ഉള്ളവ രണ്ട് വ്യത്യസ്ത ഉപജാതികളായാണ്‍ കാണപ്പെടുന്നത്. തെക്കന്‍ നീലത്തിമീംഗലം അഥവാ ബി.എം. ഇന്റെര്മീഡിയയും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടുവരുന്ന അത്രയൊന്നും പഠനവിഷയമാക്കാത്ത ബി.എം. ബ്രെവിക്കൗഡ എന്ന കുള്ളന്‍ നീലത്തിമിംഗലങ്ങളും. അന്റാര്ട്ടിക് പ്രദേശത്ത് അടുത്തിടെയുണ്ടായ വര്‍ദ്ധനവ് 1100 [43] മുതല്‍ 1700[7] എണ്ണമെങ്കിലും ആയിരിക്കണമെന്ന് കരുതുന്നു. കുള്ളന്‍ നീലത്തിമിംഗലങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ നടക്കുന്നതേയുള്ളു. 1996 ല്‍ നടന്ന ഒരു കണക്കെടുപ്പു പ്രകാരം മഡഗാസ്കറിനു തെക്കുള്ള ഒരു ചെറിയ പ്രദേശത്തു മാത്രം 424 കുള്ളന്‍ നീലത്തിമിംഗലങ്ങള്‍ ഉണ്ടത്രെ.[44] മഡഗാസ്കറില്‍ മാത്രം ഇത്രയെണ്ണമുണ്ടെങ്കില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മൊത്തത്തില്‍ ആയിരക്കണക്കിനുണ്ടാകാനിടയുണ്ട്. ഈ അനുമാനം ശരിയാണെങ്കില്‍ നീലത്തിമിംഗലങ്ങളുടെ മൊത്തം ജനസംഖ്യ ഇന്നു കരുതുന്നതിലും വളരെ കൂടുതലാകാനിടയുണ്ട്[9].
നാലാമത്തെ ഉപജാതിയായ ബി.എം. ഇന്ഡികയെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കന് പ്രദേശത്തു നിന്നും എഡ്വേഡ് ബ്ലിത്ത് 1859-ല് തന്നെ തിരിച്ചറിഞ്ഞു. എങ്കിലും സവിശേഷതകള്‍മൂലം ഇവയെ മറ്റൊരു ഉപജാതിയായ ബി.എം. ബ്രാവികുഡ യുടെ (കുള്ളന്‍ നീലത്തിമിംഗലം) പര്യായമെന്നോണം ഉപയോഗിക്കാനിടയാക്കി. സോവിയറ്റ് യൂണിയന്‍ പിടിച്ചവയുടെ രേഖകളില്‍ നിന്ന് ചില പെണ്‍തിമിംഗലങ്ങളുടെ വലിപ്പം "ബി.എം. മസ്കുലസിനേക്കാള്" കുള്ളന്‍ നീലത്തിമിംഗലങ്ങളോടാണടുത്ത് നില്‍കുന്നത്. എന്നാലും ബി.എം. ഇന്ഡികയും ബി.എം. ബ്രെവികൗഡയുടേയും ജനസംഖ്യ വ്യത്യസ്തമാണ്‍. പ്രജനനകാലത്തിലും ആറുമാസത്തോളം വ്യത്യാസമുണ്ട്[45]
ഈ ഉപജാതികളുടെ ദേശാടന സ്വഭാവവും വേണ്ടത്ര വെളിവായിട്ടില്ല. ഉദാഹരണത്തിന് കുള്ളന്‍ നീലത്തിമിംഗലങ്ങളെ വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില് കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട് (ഒമാന്‍, മാലദ്വീപുകള്‍, ശ്രീലങ്ക) ഇവിടങ്ങളില്‍ ചിലപ്പോള്‍ സ്ഥിരതാമസമാക്കിയയിരിക്കുന്ന സംഘവും ഉണ്ടാകാം. കൂടാതെ ചിലി, പെറു തുടങ്ങിയ പ്രദേശങ്ങളിലും നീലത്തിമിംഗലങ്ങളുടെ സംഘങ്ങള്‍ ഉള്ളത് മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി ദേശാടനം ചെയ്യാത്തവയായിരിക്കാം. അന്റാര്ട്ടിക് പ്രദേശത്തെ നീലത്തിമിംഗലങ്ങള്‍ തണുപ്പുകാലത്ത് ചിലപ്പോള്‍ ദക്ഷിണ അറ്റ്ലാന്റിക് വരെയെത്താറുണ്ട്. പെറു, പടിഞ്ഞാറന്‍ ഓസ്ട്രിയ വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളില്‍ ഇവയുടെ പാട്ട് കേള്‍ക്കാറുമുണ്ട്. ചിലിയിലെ ചിലോയ് ദ്വീപില്‍ ഗോള്ഫോ ദെല് കോര്കോവദോ(Golfo del Corcovado) എന്നപേരില്‍ ചിലിയിലെ നാവികസേനയുടെ കൂടെ ചിലിയിലെ സമുദ്രജൈവജാല സംരക്ഷണ കേന്ദ്രം ഊര്ജ്ജിത ഗവേഷണത്തിനും സംരക്ഷണത്തിനുമായുള്ള പദ്ധതി നടപ്പാക്കിവരുന്നു. ഈ സ്ഥലത്താണ്‍ 2007-ലെ വേനല്‍ക്കാലത്ത് 326 നീലത്തിമിംഗലങ്ങളെ കാണാനിടയായത്.
നീലത്തിമിംഗലങ്ങളുടെ എണ്ണം കൃത്യമായി കണക്കാക്കാന്‍ ഡ്യൂക് സര്‍വ്വകലാശാലയിലെ സമുദ്രാന്തര്‍ സസ്തനികളെ കുറിച്ചുള്ള പഠനവിഭാഗം ഓബിസ്-സീമാപ് (OBIS-SEAMAP::Ocean Biogeographic Information System - Spatial Ecological Analysis of Megavertebrate Populations) എന്ന പേരില്‍ ലോകത്തെ 130 വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച് സമുദ്രാന്തര്‍ സസ്തനികളുടെ ആകെ എണ്ണം കണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ട്[46].
[തിരുത്തുക] മറ്റു ഭീഷണികള്‍
ഇവയുടെ ഭീമമായ വലിപ്പവും ശക്തിയും വേഗതയും കാരണം ഇവയെ പ്രകൃത്യാ ആഹാരമാക്കുന്ന ഒരു ജീവിപോലുമില്ലെന്ന് തന്നെ പറയാം. എങ്കിലും നാഷണല്‍ ജിയോഗ്രാഫിക് മാഗസിനില്‍ ഒരിക്കല്‍ കൊലയാളിത്തിമിംഗലം ഒരു നീലത്തിമിംഗലത്തെ ആക്രമിക്കുകയും തല്ഫലമായി പിന്നീടാണെങ്കിലും നീലത്തിമിംഗലം മരിക്കാനിടയായതെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ജീവിയാണ്‍ നീലത്തിമിംഗലത്തിന്‍ ആകെയുള്ള ഒരു സ്വാഭാവിക എതിരാളി. സമുദ്രയാനങ്ങളുമായി കൂട്ടിയിടിച്ചും മത്സ്യബന്ധനോപകരണങ്ങളില്‍ കുടുങ്ങിയും നീലത്തിമിംഗലങ്ങള്‍ക്ക് അപകടം സംഭവിക്കാറുണ്ട്. ഇത് ചിലപ്പോള്‍ മരണകാരണവുമാകാം.[47]. സമുദ്രത്തിലെ വര്‍ദ്ധിച്ചുവരുന്ന ഇതരശബ്ദങ്ങള്‍ (സോണാര്‍ ശബ്ദങ്ങളടക്കം) തിമിംഗലങ്ങള്‍ക്ക് തങ്ങളുടെ ശബ്ദങ്ങളിലൂടെ ആശയവിനിമയം നടത്താനുള്ള സാധ്യതകളെ കുറക്കുകയും ചെയ്യുന്നു[47]. തിമിംഗലങ്ങളുടെ ശരീരത്തിലെ പോളീക്ലോറിനേറ്റെഡ് ബൈഫിനൈലുകളുടെ (Polychlorinated biphenyl-PCB) സാന്നിദ്ധ്യം സൂചിപ്പിക്കുന്നത് അവയുടെ തിരിച്ചുവരവിനു വിഘാതമാകാവുന്ന വിഷമയമായ ഈ പദാര്‍ത്ഥവും മനുഷ്യജന്യമായതു തന്നെയാണ്‍.
ആഗോളതാപനം ഹിമാനികള്‍ വളരെ വേഗം ഉരുകാനും അങ്ങിനെ വളരെയധികം ശുദ്ധജലം കടലിലെത്താനും ഇടയുണ്ട്, ഇത് താപത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന സമുദ്രപ്രവാഹങ്ങളുടെ ദിശയും സമുദ്രജല താപനിലയേയും മാറ്റാന് കാരണമാകും. നീലത്തിമിംഗലങ്ങള്‍ സമുദ്രത്തിന്റെ താപനിലക്കനുസരിച്ച് ദേശാടനം ചെയ്യുന്കാര്യം കണക്കിലെടുത്താല്‍ ഇതും അവയുടെ ദേശാടനത്തെ ബാധിച്ചേക്കാം[48] . തിമിംഗലങ്ങള്‍ വേനല്ക്കാലങ്ങള്‍ ധ്രുവപ്രദേശങ്ങളോടടുത്ത് ജീവിക്കുന്നു. ഇവിടെ അവയ്ക്ക് കൂടുതല്‍ ക്രില്ലുകളെ ഭക്ഷണമാക്കാനാകുന്നു/ ശൈത്യകാലത്ത് ചൂടുള്ള മധ്യരേഖാപ്രദേശത്ത് വസിക്കുന്ന ഇവ അവിടെതന്നെ ഇണചേരുകയും പ്രസവിക്കുകയും ചെയ്യും[49] .
സമുദ്രതാപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ നീലത്തിമിംഗലങ്ങളുടെ ഭക്ഷണലഭ്യതയേയും ദോഷകരമായി ബാധിക്കും. താപം കൂടുന്നത് സമുദ്രജലത്തിലെ ലവണാംശം കുറയാന് കാരണമാകും. ഇത് ക്രില്ലുകളുടെ ലഭ്യതക്ക് മാറ്റം വരുത്തും[50]
[തിരുത്തുക] വിവിധസംസ്കാരങ്ങളില്‍
ലോകത്തില്‍ ആദ്യമായി ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ നീലത്തിമിംഗലത്തിന്റെ വലിയ ജീവിച്ചിരുന്ന അതേ അളവിലുള്ള അസ്ഥികൂടത്തിന്റെ മാതൃക സ്ഥാപിക്കുകയുണ്ടായി. പിന്നീട് കാലിഫോര്ണിയ യൂണിവേഴ്സിറ്റി ഇതിന്റെ ഒരു പകര്‍പ്പ് നിര്‍മ്മിച്ചു. അതുപോലെ തന്നെ അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ മില്‍സ്റ്റെന്‍ കുടുംബവകയായ സമുദ്രജീവി വിഭാഗത്തില്‍ ഒരു മുഴു മാതൃക വച്ചിട്ടുണ്ട്.
പസിഫിക് ലോങ് ബീച്ചിലെ ഒരു അക്വേറിയത്തില്‍ അമ്മത്തിമിംഗലത്തിന്റേയും കുട്ടിയുടേയും ചെറുമാതൃക സൂക്ഷിച്ചിട്ടുണ്ട്.
മൈയിന്‍ ഉള്‍ക്കടലില്‍ നൗകായാത്രക്കിടയില്‍ ചിലപ്പോള്‍ തിമിംഗലത്തെ കാണാന്‍ സാധിക്കാറുണ്ട്. [51] ഇത് സെയിന്റ് ലോറന്‍സ് ഉള്‍ക്കടലിലേയും കായലിലേയും പ്രധാന ആകര്‍ഷണമായി മാറിയിരിക്കുന്നു. ്[47]. 1976-ല്‍ ഇറങ്ങിയ ഇംഗ്ലീഷ് ചലച്ചിത്രമായ ഡോക്റ്റര് ഡൂലിറ്റിലില്‍ നീലതിമിംഗലത്തെ ശക്തിയുടെ പ്രതീകമായി ചിത്രീകരിച്ചിട്ടുണ്ട്. കുട്ടികളുടെ സിനിമയായ ഇതില്‍ ഒരു നീലത്തിമിംഗലത്തെ ഒരു ദ്വീപിനെ നീക്കി മറ്റൊരിടത്ത് സ്ഥാപിക്കാനായി ഉപയോഗപ്പെടുത്തുന്നു. കനേഡിയന്‍ പാട്ടുകാരനായ ഗോര്‍ഡന്‍ ലൈറ്റ് ഫുട്ട് 1972 പുറത്തിറക്കിയ ഡോണ്‍ ക്വിക്സോട്ട് എന്ന ആല്‍ബത്തില്‍ നീലത്തിമിംഗലത്തിനായി ഒരു പാട്ട് നീക്കി വച്ചിട്ടുണ്ട്.
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 Mead, James G., and Robert L. Brownell, Jr. (2005-11-16). Wilson, D. E., and Reeder, D. M. (eds). ed. Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 725. ISBN 0-801-88221-4. http://www.bucknell.edu/msw3.
- ↑ Cetacean Specialist Group (1996). Balaenoptera musculus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Database entry includes a lengthy justification of why this species is endangered
- ↑ 3.0 3.1 3.2 3.3 3.4 American Cetacean Society Fact Sheet - Blue Whales. ശേഖരിച്ചത് 20 June, 2007.
- ↑ Animal Records. Smithsonian National Zoological Park. ശേഖരിച്ചത് 2007-05-29.
- ↑ What is the biggest animal ever to exist on Earth?. How Stuff Works. ശേഖരിച്ചത് 2007-05-29.
- ↑ FI - Species fact sheets. Fisheries and Aquaculture Department, Food and Agriculture Organization.
- ↑ 7.0 7.1 7.2 7.3 T.A. Branch, K. Matsuoka and T. Miyashita (2004). "Evidence for increases in Antarctic blue whales based on Bayesian modelling". Marine Mammal Science 20: 726–754.
- ↑ 8.0 8.1 8.2 8.3 Assessment and Update Status Report on the Blue Whale Balaenoptera musculus. Committee on the Status of Endangered Wildlife in Canada (2002). ശേഖരിച്ചത് 19 April, 2007.
- ↑ 9.0 9.1 Alex Kirby, BBC News (2003). Science seeks clues to pygmy whale. ശേഖരിച്ചത് April 21, 2006.
- ↑ Barnes LG, McLeod SA. (1984). "The fossil record and phyletic relationships of gray whales.". in Jones ML et al. (in English). The Gray Whale. Orlando, Florida: Academic Press. pp. 3-32. ISBN 0123891809.
- ↑ A. Arnason and A. Gullberg (1993). "Comparison between the complete mtDNA sequences of the blue and fin whale, two species that can hybridize in nature". Journal of Molecular Ecology 37: 312–322.
- ↑ Ichihara T. (1966). The pygmy blue whale B. m. brevicauda, a new subspecies from the Antarctic in Whales, dolphins and porpoises Page(s) 79-113.
- ↑ 13.0 13.1 13.2 13.3 13.4 13.5 Size and Description of the Blue Whale species. ശേഖരിച്ചത് 15 June, 2007.
- ↑ (സ്പാനിഷ്) Bonaparte J, Coria R (1993). "Un nuevo y gigantesco sauropodo titanosaurio de la Formacion Rio Limay (Albiano-Cenomaniano) de la Provincia del Neuquen, Argentina". Ameghiniana 30 (3): 271-282.
- ↑ Carpenter, K. (2006). "Biggest of the big: a critical re-evaluation of the mega-sauropod Amphicoelias fragillimus." In Foster, J.R. and Lucas, S.G., eds., 2006, Paleontology and Geology of the Upper Jurassic Morrison Formation. New Mexico Museum of Natural History and Science Bulletin 36: 131-138.[1]
- ↑ 16.0 16.1 16.2 Sears R, Calambokidis J (2002). "Update COSEWIC status report on the Blue Whale Balaenoptera musculus in Canada.". Committee on the Status of Endangered Wildlife in Canada, Ottawa..
- ↑ 17.0 17.1 The Scientific Monthly. American Association for the Advancement of Science. 1915. pp. 21.
- ↑ Jason de Koning and Geoff Wild (1997). Contaminant analysis of organochlorines in blubber biopsies from Blue Whales in the St Lawrence. Trent University. ശേഖരിച്ചത് 29 June, 2007.
- ↑ Blue Planet: Frozen seas (BBC documentary)
- ↑ Caspar, Dave (2001 April). Ms. Blue's Measurements. Seymour Center, University of California, Santa Cruz.. ശേഖരിച്ചത് 2006-09-01.
- ↑ 21.0 21.1 Detailed Information about Blue Whales. Alaska Fisheries Science Center (2004). ശേഖരിച്ചത് 14 June, 2007.
- ↑ Hjort J, Ruud JT (1929). "Whaling and fishing in the North Atlantic". Rapp. Proc. Verb. Conseil int. Explor. Mer 56.
- ↑ Christensen I, Haug T, Øien N (1992). "A review of feeding and reproduction in large baleen whales (Mysticeti) and sperm whales Physeter macrocephalus in Norwegian and adjacent waters.". Fauna Norvegica Series A 13: 39-48.
- ↑ Sears R, Wenzel FW, Williamson JM (1987). "The Blue Whale: A Catalogue of Individuals from the Western North Atlantic (Gulf of St. Lawrence)". Mingan Island Cetacean Study, St. Lambert, Quebec.: 27.
- ↑ Sears, R (1990). "The Cortez blues". Whalewatcher 24 (2): 12-15.
- ↑ Kawamura, A (1980). "A review of food of balaenopterid whales". Sci. Rep. Whales Res. Inst. 32: 155-197.
- ↑ Yochem PK, Leatherwood S (1980). "Blue whale Balaenoptera musculus (Linnaeus, 1758)". in Ridgway SH, Harrison R. Handbook of Marine Mammals, Vol. 3:The Sirenians and Baleen Whales.. London: Academic Press. pp. 193-240.
- ↑ Nemoto T (1957). "Foods of baleen whales in the northern Pacific". Sci. Rep. Whales Res. Inst. 12: 33-89.
- ↑ Nemoto T, Kawamura A (1977). "Characteristics of food habits and distribution of baleen whales with special reference to the abundance of North Pacific sei and Bryde’s whales". Rep. int. Whal. Commn 1 (Special Issue): 80-87.
- ↑ 30.0 30.1 30.2 Blue Whale - ArticleWorld.
- ↑ www.npca.org. ശേഖരിച്ചത് 21 June, 2007.
- ↑ J. Calambokidis, G. H. Steiger, J. C. Cubbage, K. C. Balcomb, C. Ewald, S. Kruse, R. Wells and R. Sears (1990). "Sightings and movements of blue whales off central California from 1986–88 from photo-identification of individuals". Rep. Whal. Comm. 12: 343–348.
- ↑ William Perrin and Joseph Geraci. "Stranding" pp 1192–1197 in Encyclopedia of Marine Mammals (Perrin, Wursig and Thewissen eds)
- ↑ The Whale bone Arch. Places to Visit around the Isle of Lewis. ശേഖരിച്ചത് May 18, 2005.
- ↑ >The Whalebone Arch - Lakefield House, Bragar. ശേഖരിച്ചത് ഏപ്രില്‍ 24, 2009.
- ↑ W.C. Cummings and P.O. Thompson (1971). "Underwater sounds from the blue whale Balaenoptera musculus". Journal of the Acoustics Society of America 50(4): 1193–1198.
- ↑ W.J. Richardson, C.R. Greene, C.I. Malme and D.H. Thomson (1995). Marine mammals and noise. Academic Press, Inc., San Diego, CA.. ISBN 0-12-588441-9.
- ↑ National Marine Fisheries Service (2002). Endangered Species Act - Section 7 Consultation Biological Opinion (PDF).
- ↑ Scammon CM (1874). The marine mammals of the northwestern coast of North America. Together with an account of the American whale-fishery. San Francisco: John H. Carmany and Co.. pp. 319.
- ↑ Gambell, R (1979). "The blue whale". Biologist 26: 209-215.
- ↑ Best, PB (1993). "Increase rates in severely depleted stocks of baleen whales". ICES J. mar. Sci. 50: 169-186.
- ↑ Yablokov, AV (1994). "Validity of whaling data". Nature 367: 108.
- ↑ T.A. Branch, D.S. Butterworth (2001). "Estimates of abundance south of 60°S for cetacean species sighted frequently on the 1978/79 to 1997/98 IWC/IDCR-SOWER sighting surveys". Journal of Cetacean Research and Management 3: 251–270.
- ↑ P.B. Best et al. (2003). "The abundance of blue whales on the Madagascar Plateau, December 1996". Journal of Cetacean Research and Management 5: 253–260.
- ↑ T. A. Branch, K. M. Stafford et al. (2007). Past and present distribution, densities and movements of blue whales in the Southern Hemisphere and adjacent waters. International Whaling Commission. ശേഖരിച്ചത് 09 July, 2007.
- ↑ The data for the Blue Whale, along with a species profile, may be found here
- ↑ 47.0 47.1 47.2 Reeves RR, Clapham PJ, Brownell RL, Silber GK (1998), Recovery plan for the blue whale (Balaenoptera musculus), Silver Spring, MD: National Marine Fisheries Service, pp. 42, http://www.nmfs.noaa.gov/pr/pdfs/recovery/whale_blue.pdf, retrieved on 2007-06-20
- ↑ Robert A. Robinson, Jennifer A. Learmonth, Anthony M. Hutson, Colin D. Macleod, Tim H. Sparks, David I. Leech, Graham J. Pierce, Mark M. Rehfisch and ######## Q.P. Crick (August 2005). Climate Change and Migratory Species. BTO. ശേഖരിച്ചത് 09 July, 2007.
- ↑ Hucke-Gaete, Rodrigo, Layla P. Osman, Carlos A. Moreno, Ken P. Findlay, and Don K. Ljungblad (2003). "Discovery of a Blue Whale Feeding and Nursing Ground in Southern Chile". The Royal Society: s170-s173.
- ↑ Moline, Mark A., Herve Claustre, Thomas K. Frazer, Oscar Schofield, and Maria Vernet (2004). "Alteration of the Food Web Along the Antarctic Peninsula in Response to a Regional Warming Trend". Global Change Biology 10: 1973-1980.
- ↑ Wenzel FW, Mattila DK, Clapham PJ (1988). "Balaenoptera musculus in the Gulf of Maine". Mar. Mammal Sci. 4: 172-175.
[തിരുത്തുക] അവലംബം
- Randall R. Reeves, Brent S. Stewart, Phillip J. Clapham and James A. Powell (2002). National Audubon Society Guide to Marine Mammals of the World. Alfred A. Knopf, Inc. ISBN 0375411410. pp 89–93
- J. Calambokidis and G. Steiger (1998). Blue Whales. Voyageur Press. ISBN 0-89658-338-4.
- Blue Whale. American Cetacean Society. ശേഖരിച്ചത് January 7, 2005.
- Blue whale, Balaenoptera musculus. MarineBio.org. ശേഖരിച്ചത് April 21, 2006.
- U.S. Fish & Wildlife Service Species Profile
[തിരുത്തുക] പുറം കണ്ണികള്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്
- Photographs and movies from ARKive
- Photographs from the New Bedford Whaling Museum *of "Kobo", a Blue Whale skeleton
- Blue Whale vocalizations - Cornell Lab of Ornithology - Bioacoustics Research Program
- Blue Whale movies, text in French