നിളാം നാമെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമീർ അമാനുള്ള ഖാൻ

അഫ്ഗാനിസ്താനിലെ ആദ്യത്തെ എഴുതപ്പെട്ട ഭരണഘടനയാണ് നിളാം നാമെ എന്നറിയപ്പെടുന്നത്. 1923-ൽ ഏപ്രിലിൽ അമീർ അമാനുള്ള ഖാന്റെ ഭരണകാലത്താണ് ഈ ഭരണഘടന നിലവിൽ വന്നത്. അന്നത്തെ അഫ്ഗാൻ രാഷ്ട്രീയത്തിൽ വളരെ സ്വാധീനമുള്ള വ്യക്തിയും അമാനുള്ളയുടെ ഭാര്യാപിതാവുമായ മഹ്മൂദ് താർസിയുടെ പരിഷ്കരണ-പാൻ ഇസ്ലാമിക ആശയങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ഈ ഭരണഘടന. ഇസ്ലാമുമായുള്ള ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ അഫ്ഗാനിസ്താനെ ഒരു ആധുനികരാജ്യമാക്കുന്നതിന് ഈ ഭരണഘടന വിഭാവനം ചെയ്തു.

എന്നാൽ 1924-ൽ ഉടലെടുത്ത ഖോസ്ത് കലാപത്തെത്തുടർന്ന്, അമാനുള്ള ഖാൻ, മതനേതാക്കൾക്ക് വഴങ്ങുകയും ഈ ഭരണഘടനയിലെ പല പരിഷ്കരണവ്യവസ്ഥകളിലും ഇളവുവരുത്തുകയും ചെയ്തു.[1]

ഭരണഘടനയുടെ ഉള്ളടക്കം[തിരുത്തുക]

മഹ്മൂദ് താർസിയും ഭാര്യയും

രാജാവിന്റെ അധികാരം ദൈവികമായോ ഗോത്രനേതാക്കളുടേയോ തീരുമാനപ്രകാരമല്ല മറിച്ച് അത് അഫ്ഗാനിസ്താനിലെ എല്ലാ ജനങ്ങളുടേയും അഭിലാഷപ്രകാരമാണ് എന്നതായിരുന്നു ഈ ഭരണഘടനയുടെ കാതൽ. ഭരണാധികാരിയുടേയും പ്രജകളുടേയും അധികാരങ്ങളും കടമകളും ഈ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിരുന്നു. ഇസ്ലാം വിശ്വാസികളും അല്ലാത്തവരുമായ എല്ലാ പ്രജകളും തുല്യരായിരുന്നു. എല്ലാ വിഭാഗം ജനങ്ങൾക്കും സൗജന്യവിദ്യാഭ്യാസം നൽകുന്നതിനും നിർബന്ധിച്ച് തൊഴിലെടുപ്പിക്കൽ, അടിമത്തം, പീധനം എന്നിവ തടയുന്നതിനുമുള്ള വ്യവസ്ഥകളും ഭരണഘടനയിൽ ഉണ്ടായിരുന്നു. പത്രസ്വാതന്ത്ര്യവും ഈ ഭരണഘടനയിലൂടെ ഉറപ്പാക്കി.

മുല്ലകളുടെ പ്രാധാന്യം കുറക്കുന്നതിന് ഇസ്ലാമിനെ ഔദ്യോഗികമായി എല്ലാ മതപരമായ ചടങ്ങുകളിലും വിശ്വാസത്തിന്റെ രക്ഷകനായ അമീറിന്റെ നാമം പരാമർശിക്കണമെന്നും ഭരണഘടനയിൽ ഉൾപ്പെടുത്തി. അമീർ ആകട്ടെ, ഭരണഘടനക്കും ഇസ്ലാമികനിയമമായ ശരി അത്തിനും വിധേയമായി ഭരണം നടത്തുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു.

ഭരണഘടനയിൽ വ്യവസ്ഥ ചെയ്തതുപ്രകാരം തിരഞ്ഞെടുക്കപ്പെട്ടതും നിർദ്ദേശിക്കപ്പെട്ടവരുമായ അംഗങ്ങളടങ്ങിയ ഹയാ അത്തി ശവ്‌രാ-യി ദൌലത് എന്ന ഒരു ഉപദേശകസമിതി രൂപീകരിക്കപ്പെട്ടു. അമീറും ഈ സമിതിയിലെ അംഗങ്ങളും മന്ത്രിമാരും ചേർന്നതായിരുന്നു നിയമനിർമ്മാണസഭ (legislative). രാജാവ് നാമനിർദ്ദേശം ചെയ്ത അംഗങ്ങളടങ്ങിയ ദർബാർ ഇ അല എന്ന ഒരു സെനറ്റും ഇതോടെ നിലവിൽ വന്നു. പ്രവിശ്യകളിലും ഇത്തരം ഉപദേശകസമിതികൾ രൂപവൽക്കരിച്ചെങ്കിലും ഇവിടേയും രാജാവ് നാമനിർദ്ദേശം ചെയ്തവരായിരുന്നു അംഗങ്ങൾ.[1]

വിലയിരുത്തൽ[തിരുത്തുക]

കാലങ്ങളായി അഫ്ഗാൻ രാഷ്ട്രീയത്തിൽ പിടിമുറുക്കിയിരുന്ന പരമ്പരാഗതശക്തികേന്ദ്രങ്ങളിൽ (ഗോത്ര-മത നേതാക്കൾ) നിന്നും ഭരണത്തെ സ്വതന്ത്രമാക്കാൻ ഈ ഭരണഘടനക്ക് സാധിച്ചു. കാലങ്ങളായി അഫ്ഗാനിസ്താനിൽ ഭരണത്തിൽ ശക്തമയി ഇടപെട്ടിരുന്ന ഗോത്രനേതാക്കളുടെ സമിതിയായ ലോയ ജിർഗക്ക് ഈ ഭരണഘടനയിൽ ഒരു സ്ഥാനവും കൽപ്പിച്ചിരുന്നില്ല. അങ്ങനെ അമാനുള്ളയുടെ മുത്തച്ഛനായ അബ്ദുർ‌റഹ്മാൻ ഖാൻ, വംശനേതാക്കളുടെ അധികാരം അമർച്ച ചെയ്യുന്നതിന് ഇസ്ലാമിനെ ഉപയോഗിച്ചപ്പോൾ, പൌത്രൻ അമാൻ അള്ളാ, ഒരു പടികൂടി മുന്നോട്ട് കടന്ന് പാശ്ചാത്യരീതിയിലുള്ള ഒരു മതേതരരാഷ്ട്രത്തിന്റെ നിർമ്മിതിക്കായി ശ്രമിച്ചു.

ഭരണഘടന നിലവിൽ വന്നെങ്കിലും രാജാവ് തന്നെയായിരുന്നു മിക്കവാറും അധികാരവും കൈക്കലാക്കിയിരുന്നത്. മന്ത്രിമാരെ നിയമിക്കാനുള്ള അധികാരം അദ്ദേഹത്തിനായിരുന്നു എന്നതിനു പുറമേ മന്ത്രിസഭയുടെ അദ്ധ്യക്ഷനും രാജാവായിരുന്നു.[1]

ഖോസ്ത് കലാപത്തെത്തുടർന്നുള്ള ഭേദഗതികൾ[തിരുത്തുക]

1924-ൽ അമാനുള്ള ഖാനെതിരെ നടന്ന ഖോസ്ത് കലാപത്തെത്തുടർന്ന്, മതനേതാക്കളുമായി അദ്ദേഹത്തിന് രമ്യതയിലെത്തേണ്ടിവരുകയും ലോയ ജിർഗ വിളിച്ചുകൂട്ടാൻ നിർബന്ധിതനാകുകയും ചെയ്തിരുന്നു. മതനേതാക്കളുടെ സ്വാധീനഫലമായി ഈ ഭരണഘടനയിൽ കാര്യമായ ഇളവുകൾ പ്രഖ്യാപിക്കേണ്ടിവന്നു. ഭരണഘടനയിൽ കൂട്ടിച്ചേർത്ത വ്യവസ്ഥകൾ അനുസരിച്ച് രാജ്യത്തെ ഹിന്ദുക്കളും ജൂതരും വ്യത്യസ്തമായ വസ്ത്രം ധരിക്കുന്നതിനും, അവർ ജിസ്‌യ എന്ന പ്രത്യേകനികുതി ഒടുക്കുന്നതിനും നിയമമായി. ഇസ്ലാമിക ഹനഫി രീതി ഔദ്യോഗികവിദ്യാഭ്യാസപദ്ധതിയാക്കി അംഗീകരിക്കുകയും സ്ത്രീകൾക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്തു. ഇസ്ലാമികപണ്ഡിതരുടെ ഒരു സമിതിയെ ഇസ്ലാമികനിയമങ്ങൾക്കനുസരിച്ചുള്ള പുതിയ നിയമനിർമ്മാണങ്ങൾക്കായി ചുമതലപ്പെടുത്തി.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Vogelsang, Willem (2002). "17-The dynasty of Amir Abd al Rahman Khan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 278–279. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=നിളാം_നാമെ&oldid=879823" എന്ന താളിൽനിന്ന് ശേഖരിച്ചത്