നരിമീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നരിമീൻ
Barramundi (in foreground)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Perciformes
കുടുംബം: Latidae
ജനുസ്സ്: Lates
വർഗ്ഗം: L. calcarifer
ശാസ്ത്രീയ നാമം
Lates calcarifer
(Bloch, 1790)

പെർസിഡെ (Percidae) മത്സ്യകുടുംബത്തിൽപ്പെടുന്ന വളർത്തുമത്സ്യമാണ് നരിമീൻ. ശാസ്ത്രനാമം ലാറ്റെസ് കാൽക്കാരിഫെർ (Lates calcarifer). ഒരു ഉത്തമഭക്ഷ്യ മത്സ്യമായ നരിമീൻ, നായർമീൻ, കാളാഞ്ചി എന്നീ പേരുകളിലും അറിയപ്പെടുന്നു.

ആവാസം[തിരുത്തുക]

പാകിസ്താൻ, ശ്രീലങ്ക, മലയ, തായ്‌ലാൻഡ്, വിയറ്റ്നാം, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ സമുദ്രതീരങ്ങളിലാണ് നരിമീനിനെ സാധാരണ കണ്ടുവരുന്നത്. കായലുകളും നദീമുഖങ്ങളുമാണ് ഇഷ്ടവാസസ്ഥലം. ഇരതേടി നദീമുഖങ്ങളിൽനിന്ന് നദികളിലേക്ക് 100 കി.മീ. ദൂരംവരെ ഇവ സഞ്ചരിക്കാറുണ്ട്. ശുദ്ധജലത്തിലും ലവണജലത്തിലും ജീവിക്കാൻ കഴിവുള്ളവയാണ് ഇവ.

ശരീരഘടന[തിരുത്തുക]

മുതുകുഭാഗത്തിന് പച്ചയോ, ചാരനിറമോ ആയിരിക്കും; വയർഭാഗം വെള്ളിനിറവും. ശരീരത്തിൽ അവിടവിടെ മഞ്ഞപ്പൊട്ടുകളും മുതുകിനു മുൻഭാഗത്തായി വെളുത്ത പാളികളും കാണപ്പെടാറുണ്ട്. ശരീരത്തിന് പൊതുവേ ദീർഘാകൃതിയാണ്. ശരീരത്തിന്റെ പാർശ്വഭാഗം പതിഞ്ഞിരിക്കുന്നു. വായ, മോന്തയിൽ കുറുകേ കീറിയതുപോലെയാണ്. കീഴ്ത്താടി മുമ്പോട്ടു തള്ളിയിരിക്കും. വായ്ക്കകത്ത് ധാരാളം പല്ലുകളുണ്ട്. ആദ്യത്തെ മുതുച്ചിറകിൽ മൂർച്ചയുള്ള ഏഴോ-എട്ടോ മുള്ളുകളും ഗുദച്ചിറകിൽ മൂർച്ചയുള്ള മൂന്നു മുള്ളുകളുമുണ്ട്. ചെതുമ്പലുകൾ താരതമ്യേന വലുപ്പം കൂടിയതാണ്. പാർശ്വരേഖയിൽ 52-61 ചെതുമ്പലുകളാണ് സാധാരണയായി കാണപ്പെടുന്നത്. നരിമീൻ 170 സെ.മീ. നീളത്തിൽ വളരും. ശുദ്ധജലതടാകങ്ങളിലാണ് ഇവ വളരുന്നത്.

ഭക്ഷണരീതി[തിരുത്തുക]

ഭക്ഷണത്തിൽ 75 ശതമാനവും ചെറിയ മത്സ്യങ്ങളും ചെമ്മീനുകളുമാണ്. ജലത്തിലെ ഒച്ചുകളെയും ഇവ ഭക്ഷിക്കുന്നു. മള്ളറ്റുകൾ, പൂമീൻ, പൂവൻ മത്സ്യം, നെതോലി തുടങ്ങി നദീമുഖങ്ങളിൽ കാണുന്ന നിരവധി മത്സ്യങ്ങളെയും നരിമീൻ ഭക്ഷിക്കും.

പ്രജനനം‌[തിരുത്തുക]

നരിമീൻ

നരിമീനുകൾ ശീതകാലത്ത് നദീമുഖങ്ങളോടടുത്ത കായൽത്തീരങ്ങളിലും ആയിരിക്കാം പ്രജനനം നടത്തുന്നതെന്ന് കരുതപ്പെടുന്നു. തിരുത, കരിമീൻ, പൂമീൻ, കാർപ്പുകൾ തുടങ്ങിയ മത്സ്യങ്ങളോടൊപ്പം നരിമീനുകളെ വളർത്താറില്ല. രുചിയുള്ള നരിമീനുകൾ പോഷകമൂല്യമേറിയതുമാണ്.

പോഷകമൂല്യം[തിരുത്തുക]

ഇതിന്റെ മാംസത്തിൽ

  • ജലാംശം (74.9 ശ.മാ.)
  • മാംസ്യം (14.8 ശ.മാ.)
  • കൊഴുപ്പ് (2.8 ശ.മാ.)
  • ഫോസ്ഫറസ് (.3 ശ.മാ.)
  • കാൽസ്യം
  • ഇരുമ്പ് (.70 മി.ഗ്രാം)

എന്നിവ അടങ്ങിയിരിക്കുന്നു.

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നരിമീൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=നരിമീൻ&oldid=1990763" എന്ന താളിൽനിന്നു ശേഖരിച്ചത്