നച്ചെലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നച്ചെലി[1]
Temporal range: Middle Eocene–Recent
Southern Short-tailed Shrew
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Soricidae

Subfamilies

Crocidurinae
Myosoricinae
Soricinae

സസ്തനി വർഗ്ഗത്തിൽപ്പെട്ട ഏറ്റവും ചെറിയ ജീവിയാണ് നച്ചെലികൾ (Shrews). കേരളത്തിൽ ചിലയിടങ്ങളിൽ ഇവ നൊച്ചൻ എന്നാണ് അറിയപ്പെടുന്നത്. സോറിക്കോമോർഫ(Soricomorpha) ജന്തുഗോത്രത്തിലെ സോറിഡെ (Soricidae) കുടുംബത്തിൽപ്പെടുന്ന കീടഭോജിയാണിത്. ശാസ്ത്ര നാമം: സങ്കസ് മ്യൂറിനസ്(Suncus murinus). നച്ചെലികൾക്ക് എലികളോടു രൂപസാദൃശമുള്ളതിനാൽ പലപ്പോഴും ചുണ്ടെലികളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. വീടുകളിൽ കാണപ്പെടുന്ന സാധാരണ എലികളോട് ഇവയ്ക്ക് വംശഗതിപരമായി യാതൊരു ബന്ധവുമില്ല. ഇതിന്റെ വർഗത്തില്പ്പെട്ട എട്രസ്ക്കൻ നൊച്ചൻ (Suncus etruscus) കരയിൽ ജീവിക്കുന്ന ഏറ്റവും ചെറിയ സസ്തനിയാണ്. ലോകത്താകമാനം 170-ൽ അധികം ഇനം നച്ചെലികളുണ്ട്. ആസ്ത്രേലിയയിലും ധ്രുവപ്രദേശങ്ങളിലും നച്ചെലികൾ കാണപ്പെടുന്നില്ല.

ശരീരപ്രകൃതി[തിരുത്തുക]

നച്ചെലികളെ പ്രധാനമായും രണ്ടായി തരം തിരിച്ചിരിക്കുന്നു: ചുവന്ന പല്ലുള്ളവയും വെളുത്ത പല്ലുള്ളവയും. യൂറോപ്പിലും ഏഷ്യയിലും സാധാരണ കാണുന്നത് ചുവന്ന പല്ലുകളുള്ള ഇനത്തെയാണ്. ഇവ എലികളോട് രൂപസാദൃശ്യമുള്ളവയാണെങ്കിലും ഇവയുടെ കണ്ണുകളും ചെവികളും എലികളുടേതിനേക്കാൾ വലിപ്പം കുറഞ്ഞതാണ്. ഇവയുടെ ശരീരം 10-12 സെ.മീ-ഉം വാൽ മൂന്നര സെന്റിമീറ്ററോളവും നീളമുള്ളതാണ്. മുമ്പോട്ടു തള്ളിനില്ക്കുന്ന മോന്തയിൽ നീളം കൂടിയ മീശരോമങ്ങളുണ്ടായിരിക്കും. ഇവയുടെ പുറംഭാഗത്തിന് ചാരമോ തവിട്ടോ നിറവും ഉദരഭാഗത്തിന് മങ്ങിയ വെളുപ്പുനിറവുമായിരിക്കും. വടക്കേ അമേരിക്കയിൽ കാണപ്പെടുന്നയിനം നച്ചെലികൾ ചുവന്ന പല്ലുകളുള്ളവയും വാലിനു നീളം കുറഞ്ഞവയും പ്രജനനകാലത്ത് വാൽ വീർത്തുവരുന്നവയുമാണ്. ജല നച്ചെലി(water shrew)യുടെ ശരീരം 15-18 സെന്റിമീറ്ററും വാൽ 4-6 സെന്റിമീറ്ററും നീളമുള്ളതാണ്.

ജീവിതരീതി[തിരുത്തുക]

പുല്ലുകൾക്കിടയിൽ തുരങ്കങ്ങളുണ്ടാക്കി ജീവിക്കുന്നവയാണെങ്കിലും നച്ചെലികളെ തുരങ്കത്തിനു വെളിയിലോ പുല്ലുകൾക്കിടയിലോ സാധാരണ കാണാറില്ല. ഇവ പുറപ്പെടുവിക്കുന്ന ഉച്ചത്തിലുള്ള ശബ്ദമാണ് ഇവയെ തിരിച്ചറിയാൻ സഹായകമാകുന്നത്. ശരീരത്തിന്റെ പാർശ്വഭാഗങ്ങളിൽ ദുർഗന്ധമുള്ള ദ്രാവകം സ്രവിക്കുന്ന ഗ്രന്ഥികളുണ്ട്. ഈ സ്രവം പൂച്ച, പാമ്പ് തുടങ്ങിയ ഇരപിടിയന്മാരിൽനിന്ന് രക്ഷപെടാൻ നച്ചെലികളെ സഹായിക്കുന്നു.

ചുവന്ന പല്ലുകളുള്ള നച്ചെലികൾക്കും സാധാരണ നച്ചെലികൾക്കും 15 മാസക്കാലമേ ആയുസ്സുള്ളൂ. കുള്ളൻ നച്ചെലി(pygmy shrew)കളും സാധാരണ നച്ചെലികളും മറ്റു ചില ഇനങ്ങളും മൂന്നുമണിക്കൂർ ഇടവിട്ട് ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നു. രാത്രി കൂടുതൽ സമയവും ഇരതേടുന്ന ഇവയ്ക്ക് അധികസമയം ഭക്ഷണമില്ലാതെ ജീവിക്കാനാകില്ല. രണ്ടോ മൂന്നോ മണിക്കൂർ ഭക്ഷണം വൈകിയാൽ ഇവ ചത്തു പോകാനിടയാകുന്നു. അതിനാൽ ഇവ ജീവിതത്തിലെ ഏതാണ്ട് മുഴുവൻ സമയവും ഭക്ഷണം തേടി നടക്കുന്നു. അന്തരീക്ഷ താപനില കുറയുന്നതിനനുസരിച്ച് ഇവയ്ക്ക് ഭക്ഷണം ലഭ്യമാകേണ്ട കാലയളവിനും കുറവുവരുന്നു.

പ്രത്യുല്പാദനം[തിരുത്തുക]

നച്ചെലികൾ വർഷത്തിൽ രണ്ടുപ്രാവശ്യം പ്രസവിക്കുന്നു. ഗർഭകാലം 13-21 ദിവസങ്ങളാണ്. ഒരു പ്രജനനകാലത്ത് 4-8 കുഞ്ഞുങ്ങളുണ്ടാകുന്നു. പിറന്ന് 18-21 ദിവസങ്ങൾക്കു ശേഷമേ കുഞ്ഞുങ്ങൾ കണ്ണു തുറക്കുകയുള്ളൂ. മൂങ്ങ, കുറുക്കൻ, മരപ്പട്ടി എന്നിവ നച്ചെലിക്കുഞ്ഞുങ്ങളെ പിടിച്ചു ഭക്ഷിക്കുന്നു. അതിനാൽ പ്രായപൂർത്തിയെത്തുന്നതിനുമുമ്പേ അധികം കുഞ്ഞുങ്ങളും നഷ്ടമാകുന്നു. പൂച്ചകളും നച്ചെലിക്കുഞ്ഞുങ്ങളെ പിടിക്കുമെങ്കിലും അവയെ ഭക്ഷിക്കാറില്ല.

പ്രമാണങ്ങൾ[തിരുത്തുക]

  1. Hutterer, Rainer (16 November 2005). Wilson, Don E., and Reeder, DeeAnn M. (ed.). Mammal Species of the World (3rd ed.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). pp. 223–300. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: Invalid |ref=harv (help)CS1 maint: multiple names: editors list (link)
"https://ml.wikipedia.org/w/index.php?title=നച്ചെലി&oldid=3202930" എന്ന താളിൽനിന്ന് ശേഖരിച്ചത്