ധ്വാനിക ടോർപിഡൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ടോർപ്പിഡോ പ്രദർശനത്തിൽ

ധ്വാനിക രീതികളുപയോഗിച്ച് ലക്ഷ്യത്തിലെത്തുന്ന നാവിക ടോർപിഡൊയാണ് ധ്വനിക ടോർപിഡൊ(Acoustic torpedo). ഇതിനെ ഹോമിങ് ടോർപിഡൊ എന്നും വിളിക്കാറുണ്ട്. ലക്ഷ്യം കണ്ടെത്തുന്ന രീതി ഒഴികെ മറ്റെല്ലാത്തിലും (വലിപ്പം, ആയുധക്കോപ്പുകൾ, നോദന സംവിധാനം) ഇവയും ഇതര ടോർപിഡൊകളും സമാനമാണ്. ഈയിനം ടോർപിഡോകൾ കൃത്യമായ ലക്ഷ്യത്തിനു പകരം ലക്ഷ്യപ്രാന്തത്തെ ലാക്കാക്കി വിക്ഷേപിച്ചാൽ മതിയാകും.

ധ്വനിക സംവിധാനം[തിരുത്തുക]

ലക്ഷ്യവുമായുള്ള അകലം ഇതിലെ ധ്വാനിക സംവിധാനത്തിന്റെ പ്രഭാവപരിധിയിലും (100-500 മീ.) കുറയുന്നതോടെ ഇതിലെ സെർവോമെക്കാനിസം പ്രവർത്തിച്ചുതുടങ്ങും. ഈ ഗൈഡിങ് സംവിധാനത്തിൽ പ്രധാന പങ്കുവഹിക്കുന്നത് ടോർപിഡൊയിൽ ഉറപ്പിച്ചിട്ടുള്ള ധ്വാനിക സംസൂചകമാണ്. ഇത് സക്രിയ ഇനത്തിലോ നിഷ്ക്രിയ ഇനത്തിലോ ഉള്ളതാകാം. സക്രിയ ഇനമാണെങ്കിൽ ടോർപിഡൊയുടെ നാസികയിൽ ഒരു സോണാർ ഉണ്ടാകും. സോണാർ ഉത്സർജനം ചെയ്യുന്ന ധ്വാനിക സിഗ്നലുകൾ ലക്ഷ്യസ്ഥാനത്ത് തട്ടി പ്രതിഫലിച്ച് തിരിച്ചുവരുന്നു. ഇവയെ ആശ്രയിച്ച് ടോർപിഡൊ സ്വയം ഗതി നിയന്ത്രിച്ച് ലക്ഷ്യസ്ഥാനത്തെത്തുന്നു. നിഷ്ക്രിയ രീതിയിൽ ശരവ്യസ്ഥാനത്തുനിന്നു പുറപ്പെടുന്ന ശബ്ദത്തെ (ഉദാ. പ്രൊപ്പെല്ലർ രവം) അവലംബിച്ചാണ് ടോർപിഡൊ നീങ്ങുന്നത്.

പോരായ്മകൾ[തിരുത്തുക]

കുറഞ്ഞ ആക്രമണ പരാസം, വേഗതക്കുറവ് എന്നിവയാണ് ഇവയുടെ പ്രധാന പോരായ്മകൾ. ഇതിലെ ട്രാൻസ്ഡ്യൂസെർ ചെറുതും അതിന്റെ ദിശാത്മകത (directivity) ഉയർന്നതുമായതിനാൽ അവയുടെ പ്രവർത്തനത്തിനുപയോഗിക്കേണ്ടിവരുന്ന തരംഗ ആവൃത്തിയും ഉയർന്നതായിരിക്കും. ഇതുകൊണ്ട് ആക്രമണ പരാസം കുറയാനിടയാകുന്നു. ടോർപിഡൊയുടെ ജലാന്തര പ്രയാണം സൃഷ്ടിക്കുന്ന രവത്തിന്റെ തീവ്രത ലക്ഷ്യസ്ഥാനത്തുനിന്ന് ഉത്സർജനം ചെയ്യപ്പെടുന്ന രവത്തിന്റേതിനെക്കാൾ കുറഞ്ഞിരിക്കാൻവേണ്ടി ടോർപിഡൊയുടെ പ്രയാണവേഗത കുറയ്ക്കുകയാണ് പതിവ്.

രക്ഷപ്പെടാനുള്ളരീതി[തിരുത്തുക]

ഇവയിൽനിന്ന് രക്ഷപ്പെടുന്നത് രണ്ട് രീതികളിലാകാം. നിഷ്ക്രിയ സംവിധാനമുള്ളവയെ ആകർഷിക്കാനായി ലക്ഷ്യത്തിൽനിന്ന് അകലെ ഏതെങ്കിലും വിധത്തിൽ കൂടിയ തീവ്രതയുള്ള ശബ്ദം സൃഷ്ടിക്കുന്നു. ടോർപിഡൊ ഉന്നംതെറ്റി സഞ്ചരിച്ച് സ്വയം നിർവീര്യമാകും. സക്രിയ രീതിയിലുള്ളവയിൽനിന്ന് രക്ഷനേടാനായി ഏതെങ്കിലും തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിധ്യം വേണ്ടിവരും. ഇവയിൽ തട്ടി പ്രതിഫലിച്ചുവരുന്ന സിഗന്ലുകളാൽ നയിക്കപ്പെട്ട് ടോർപിഡൊ പ്രസ്തുത മാധ്യമത്തിൽ തട്ടി വിസ്ഫോടനവിധേയമാവുന്നു.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ധ്വാനിക ടോർപിഡൊ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ധ്വാനിക_ടോർപിഡൊ&oldid=3805405" എന്ന താളിൽനിന്ന് ശേഖരിച്ചത്