ധാന്യവിളകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഭക്ഷ്യാവശ്യങ്ങൾക്കായി കൃഷിചെയ്യുന്ന ധാന്യങ്ങളാണ് ധാന്യവിളകൾ. പോയേസീ (Poaceae-ഗ്രാമിനെ) കുടുംബത്തിൽപ്പെടുന്നു. മനുഷ്യന്റെ ഭക്ഷ്യവസ്തുക്കളിൽ മുഖ്യമായ പങ്ക് ഇവയ്ക്കുണ്ട്. ഭക്ഷ്യധാന്യമെന്ന നിലയിൽ പ്രമുഖമായത് നെല്ലാണ്. നെല്ലിൽ നിന്നെടുക്കുന്ന അരിയാണ് ഏഷ്യൻ രാജ്യങ്ങളിലെ ജനങ്ങളുടെ മുഖ്യ ആഹാരം.

ധാന്യവിളകളിൽ സിറിയലുകളും (cereals) മില്ലെറ്റുകളും (millets) ഉൾപ്പെടുന്നു. പണ്ടുമുതൽ റോമാക്കാരും ഗ്രീക്കുകാരും സിറിസ് ദേവതയെ ധാന്യങ്ങളുടെ ദാതാവായിക്കരുതി കൊയ്ത്തുസമയത്ത് ഉത്സവങ്ങളും മറ്റും നടത്തി ഗോതമ്പ്, ബാർലി തുടങ്ങിയ ധാന്യങ്ങൾ കാഴ്ചയർപ്പിച്ചിരുന്നു. ഈ ദേവതയുടെ പ്രീതിക്കുവേണ്ടിയായിരിക്കാം സിറിയൽസ് എന്ന് ധാന്യങ്ങൾക്ക് പേരിട്ടത്. നെല്ല്, ഗോതമ്പ്, മക്കച്ചോളം, ജോവർ, ഓട്സ്, ബാർലി, റൈ തുടങ്ങിയവയാണ് സിറിയലുകൾ. ചെറുധാന്യങ്ങൾ അഥവാ മില്ലെറ്റ്സ് ബജ്റ, തിന, കൂവരക്, പനിവരക്, കുതിരവള്ളി, വരക്, ചാമ എന്നിവയാണ്. ഓട്സും റൈയുമാണ് ശീതമേഖലകളിലെ ധാന്യവിളകൾ; സമശീതോഷ്ണ മേഖലയിലേത് ഗോതമ്പും ബാർലിയും. നെല്ല്, മക്കച്ചോളം, മില്ലെറ്റുകൾ തുടങ്ങിയവ ഉഷ്ണമേഖലാ വിളകളാണ്.

ധാന്യമണികൾ ഉൾക്കൊള്ളുന്ന ഫലം (കായ്) കാരിയോപ് സിസ് (Caryopsis) എന്നറിയപ്പെടുന്നു. ധാന്യങ്ങളിൽ സ്റ്റാർച്ച്, പ്രോട്ടീൻ, കൊഴുപ്പ്, ജീവകങ്ങൾ, ലവണങ്ങൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ധാന്യങ്ങൾ ഉത്പാദിപ്പിക്കാനും കൈകാര്യം ചെയ്യാനും സൂക്ഷിച്ചുവയ്ക്കാനും കയറ്റി അയയ്ക്കാനും മറ്റു വിളകളെക്കാൾ എളുപ്പമാണ്. വൻതോതിൽ കൃഷിചെയ്യുന്നതിന് മണ്ണും വെള്ളവും അതതിന് അനുയോജ്യമായതായിരിക്കണമെന്നു മാത്രം. എല്ലാ ധാന്യവിളകളിലും രോഗങ്ങളെയും പ്രതികൂല കാലാവസ്ഥയെയും ചെറുത്തു നില്ക്കാൻ കഴിയുന്ന മൂപ്പു കുറഞ്ഞ, ഉത്പാദനശേഷി കൂടിയ സങ്കരയിനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

സിറിയലുകൾ[തിരുത്തുക]

പ്രധാന ലേഖനം: സിറിയൽ

നെല്ല്[തിരുത്തുക]

നെൽകൃഷി

ശാസ്ത്രനാമം: ഒറൈസ സറ്റൈവ (Oryza sativa). ലോകത്തിലെ പകുതിയിലധികം വരുന്ന ജനങ്ങളുടെ മുഖ്യാഹാരം നെല്ലരിയാണ്. ജപ്പാൻ, ചൈന, ഫിലിപ്പീൻസ്, മലയ, തായ്ലൻഡ്, ശ്രീലങ്ക, പാകിസ്താൻ, മ്യാൻമർ, ഇന്ത്യ എന്നിവിടങ്ങളിൽ മുഖ്യ ധാന്യവിളയായ നെല്ല് വൻതോതിൽ കൃഷിചെയ്യുന്നുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കുറഞ്ഞ തോതിലെങ്കിലും നെൽക്കൃഷിയുണ്ട്. ഘടനാപരമായ വ്യതിയാനങ്ങളുള്ള മൂവായിരത്തോളം നെല്ലിനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വളർച്ചാകാലം; മൂപ്പെത്താൻ വേണ്ട സമയം; വിവിധയിനം മണ്ണുകളോടുള്ള പൊരുത്തം; മഴ, കാലാവസ്ഥ, കൃഷി സ്ഥലത്തിന്റെ ഉയരം, വെള്ളപ്പൊക്കം, അമ്ലത-ക്ഷാരീയത, ലവണത്വം മുതലായവയുമായുള്ള പൊരുത്തപ്പെടൽ എന്നിവയിൽ ഓരോ ഇനവും വ്യത്യസ്തത പുലർത്തുന്നു. ഇതോടൊപ്പംതന്നെ കൃഷിസമ്പ്രദായങ്ങളിലും വൻ മാറ്റങ്ങളുണ്ട്.

ഗോതമ്പ്[തിരുത്തുക]

ശാസ്ത്രനാമം: ട്രിറ്റിക്കം വൾഗേർ (Triticum vulgare). ലോകത്തിൽ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന ധാന്യമാണിത്. അമേരിക്ക, ഇന്ത്യ, റഷ്യ, ചൈന, കാനഡ, ആസ്റ്റ്രേലിയ എന്നിവിടങ്ങളിൽ ധാരാളമായി കൃഷിചെയ്തുവരുന്നു. ഇന്ത്യയിൽ പഞ്ചാബ്, ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് മുഖ്യമായും ഇത് കൃഷി ചെയ്യപ്പെടുന്നത്.

ഗോതമ്പ്

മക്കച്ചോളം[തിരുത്തുക]

സിയാ മെയ്സ് (Zea mays) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നു. ഇന്ത്യയിൽ ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാപകമായി കൃഷിചെയ്യുന്നു. മധ്യ അമേരിക്കയാണ് ഈ വിളയുടെ ജന്മദേശം. വടക്കേ അമേരിക്കയിലെ അമേരിന്ത്യക്കാർ കൃഷിചെയ്തുവന്നിരുന്ന വിളയായതുകൊണ്ട് ഇത് ഇന്ത്യൻ കോൺ (Indian Corn) എന്നും അറിയപ്പെടുന്നു.

ആഹാരപദാർഥമായി ഉപയോഗിക്കുന്നതിനുപുറമേ സ്റ്റാർച്ച്, ഗ്ലൂക്കോസ് മുതലായവ ഉണ്ടാക്കുന്നതിനും മക്കച്ചോളത്തിന്റെ ധാന്യപ്പൊടി വൻതോതിൽ ഉപയോഗിക്കുന്നു. ഇതിന്റെ വയ്ക്കോൽ കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്.

1-4 മീ. വരെ ഉയരത്തിൽ വളരുന്ന പലതരം മക്കച്ചോളയിനങ്ങൾ കൃഷിചെയ്യപ്പെടുന്നുണ്ട്. സസ്യത്തിന്റെ ഉയരം, മൂപ്പെത്താനാവശ്യമായ സമയം, ധാന്യത്തിന്റെ നിറവും വലിപ്പവും, അവയിലെ പോഷകാംശങ്ങളുടെ അളവ് എന്നിവയെ അടിസ്ഥാനമാക്കി മക്കച്ചോളത്തെ പല ഇനങ്ങളായി തരം തരിച്ചിരിക്കുന്നു.

മണിച്ചോളം (ജോവാർ)[തിരുത്തുക]

മണിച്ചോളം

ശാസ്ത്രനാമം: സോർഗം വൾഗേർ (Sorghum vulgare). മണിച്ചോളം എന്ന പേരിലും ഇത് അറിയപ്പെടുന്നു. നെല്ല് കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം സ്ഥലത്ത് കൃഷിചെയ്യപ്പെടുന്ന ഭക്ഷ്യവിളയാണിത്. തെക്കേ ഇന്ത്യയിലെയും മധ്യഇന്ത്യയിലെയും വരണ്ട പ്രദേശങ്ങളിലെ പ്രധാന ഭക്ഷ്യധാന്യമാണിത്. ഉമി കളഞ്ഞ് അരി പോലെതന്നെ വേവിച്ച് കഴിക്കാം. അരി പോലെ പൊടിച്ച് പലഹാരങ്ങളുണ്ടാക്കാനും ഉപയോഗിക്കുന്നു. ചിലയിനങ്ങൾ മലര് ഉണ്ടാക്കാനും കുഞ്ഞുങ്ങളുടെ ആഹാരങ്ങളുണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. പച്ചയും ഉണങ്ങിയതുമായ ചെടിത്തണ്ടുകൾ മുറിച്ച് കന്നുകാലികൾക്ക് ഭക്ഷണമായി നല്കുന്നു.

മിതമായി മഴ ലഭിക്കുന്നയിടങ്ങളിലാണ് ജോവാർ നന്നായി വളരുന്നത്. വിതച്ചു കഴിഞ്ഞ് കൊയ്യുന്ന കാലം വരെ ഏതാണ്ട് 20-40 സെ.മീ. മഴ ഇതിന്റെ കൃഷിക്ക് അനിവാര്യമാണ്. തുടർച്ചയായുള്ള മഴയും വരൾച്ചയും വിളയ്ക്ക് ദോഷകരമാണ്. സമതലങ്ങളിൽ തഴച്ചുവളരുന്ന ജോവാർ ഏതാണ്ട് ആയിരം മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലും കൃഷിചെയ്യപ്പെടുന്നു. കളിമണ്ണു നിറഞ്ഞ പശിമരാശി മണ്ണാണ് ഏറ്റവും അനുയോജ്യമെങ്കിലും കറുത്ത പരുത്തിക്കരിമണ്ണിലും ഇത് വളരും.

വടക്കേ ഇന്ത്യയിൽ തുവരപ്പയറിനോടൊപ്പം ജോവാറും കൃഷിചെയ്തുവരുന്നു. മണ്ണ് ഉഴുത് കട്ടയുടച്ച് അടിവളവും ചേർത്താണ് വിത്തുവിതയ്ക്കുന്നത്. 4-5 മാസം കൊണ്ട് മൂപ്പെത്തുന്ന വിളയെ പക്ഷിശല്യത്തിൽനിന്നു രക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വിളവെടുക്കുമ്പോൾ ആദ്യം കതിർക്കുലകൾ മാത്രമായി മുറിച്ചെടുക്കുന്നു; പിന്നീടാണ് ചെടിക്കുറ്റികൾ മുറിച്ചെടുക്കുന്നത്. മെതിക്കുന്നതിനുമുമ്പ് വലിപ്പവും നിറവുമുള്ള മെച്ചമായ കതിർക്കുലകൾ തിരഞ്ഞെടുത്ത് വിത്തിന് സൂക്ഷിക്കുകയാണ് പതിവ്.

കാലികളെക്കൊണ്ട് നടത്തിച്ചാണ് കതിർക്കുലകൾ മെതിക്കുന്നത്. യന്ത്രമുപയോഗിച്ചും മെതിക്കാറുണ്ട്. ധാന്യം പാറ്റി വെയിലിലുണക്കി സൂക്ഷിക്കുന്നു. വയ്ക്കോലിന്റെ വിളവ് മറ്റുധാന്യവിളകളെ അപേക്ഷിച്ച് താരതമ്യേന കൂടുതലാണ്. നെല്ലിന്റെ വയ്ക്കോലിനെ അപേക്ഷിച്ച് സ്വാദും പോഷകാംശവും മണിച്ചോളത്തിൽനിന്നു ലഭിക്കുന്ന വയ്ക്കോലിന് കൂടുതലായുണ്ട്. അതുകൊണ്ടുതന്നെ കാലിത്തീറ്റയ്ക്കുവേണ്ടി മാത്രമായിട്ടും മണിച്ചോളം കൃഷിചെയ്തുവരുന്നു.

കാലിത്തീറ്റയ്ക്കുവേണ്ടി കൃഷിചെയ്യപ്പെടുമ്പോൾ സസ്യം പുഷ്പിക്കുന്നതിനു മുമ്പ് കൊയ്തെടുക്കുന്നു. തീരെ ഇളം പ്രായത്തിൽ കൊയ്തെടുത്താൽ വിഷമയമുള്ള പ്രസ്സിക് ആസിഡ് ഇതിൽ ഉണ്ടാകാനിടയുണ്ട്. കാലിത്തീറ്റ പച്ചയായോ ഉണക്കിയോ ഉപയോഗിക്കുന്നു. അധികവും ഉണക്കി സൂക്ഷിച്ചുപയോഗിക്കുകയാണ് പതിവ്.

ധാന്യം നന്നായി വെയിലിലുണക്കി, പ്രാണിശല്യം ഒഴിവാക്കാനായി മൺപാത്രങ്ങളിൽ സൂക്ഷിക്കുന്നു. ധാന്യനിരപ്പിനു മുകളിൽ രണ്ടിഞ്ച് കനത്തിൽ മണലിട്ട് പാത്രം മണ്ണും ചാണകവും കൂടി കൂട്ടി ചേർത്തടയ്ക്കണം.

വിത്തിന് ആവശ്യത്തിനുള്ളവ മരപ്പെട്ടികളിലോ ലോഹപ്പെട്ടികളിലോ സൂക്ഷിക്കാറാണ് പതിവ്. പ്രാണിശല്യം ഒഴിവാക്കാൻ നാഫ്തലിൻ ചേർക്കുന്നു. വിവിധ കാലാവസ്ഥയ്ക്കും മണ്ണിനും നേരത്തെയുള്ള വിതയ്ക്കും പ്രധാനവിളയ്ക്കും ഒക്കെ അനുയോജ്യമായ ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാലിത്തീറ്റയ്ക്കു മാത്രം പറ്റിയ ഇനങ്ങളുമുണ്ട്.

ഓട്ട്സ്[തിരുത്തുക]

ഓട്ട്സ്

ശാസ്ത്രനാമം: അവിന സറ്റൈവ (Avena sativa). തണുപ്പുള്ള കാലാവസ്ഥയിൽ വളരുന്ന ഇനമാണിത്. ഉത്തർപ്രദേശിലും പഞ്ചാബിലുമാണ് ഇത് ധാരാളമായി കൃഷിചെയ്യപ്പെടുന്നത്. പ്രധാനമായും കാലിത്തീറ്റയ്ക്കാണ് കൃഷി ചെയ്യുന്നതെങ്കിലും ധാന്യത്തിനുവേണ്ടിയും ഉപയോഗിക്കപ്പെടുന്നു. കുതിരകൾക്കും കന്നുകാലികൾക്കും നല്ല ആഹാരമാണിത്. വളക്കൂറും നീർവാർച്ചയുമുള്ള കളിമൺപ്രദേശങ്ങളാണ് ഇതിന്റെ വളർച്ചയ്ക്ക് അനുയോജ്യം. ഓട്സ് സാധാരണയായി തനിവിളയായി ആണ് കൃഷിചെയ്യുന്നത്. വടക്കൻ ഗുജറാത്തിൽ ഓട്സിനോടൊപ്പം ചെറുകടുകും കൃഷി ചെയ്യാറുണ്ട്. മൂന്നുമാസം കഴിയുമ്പോഴേക്കും വിളവെടുക്കാം. കാലിത്തീറ്റയ്ക്കാണെങ്കിൽ ജനുവരി മുതൽ മാർച്ച് വരെ മൂന്നുപ്രാവശ്യം വിളവെടുക്കാം. ധാന്യത്തിനായി വിളവെടുക്കുമ്പോൾ ചെടികൾക്ക് പച്ചനിറമുള്ളപ്പോൾത്തന്നെ നിലംപറ്റെ കൊയ്തെടുക്കുന്നു. നന്നായി വിളഞ്ഞാൽ കൊയ്തെടുക്കുമ്പോൾ ധാന്യം കൊഴിഞ്ഞുപോകാനിടയുണ്ട്. വടക്കെ ഇന്ത്യയിലും മറ്റും കൃഷിചെയ്യപ്പെടുന്ന നല്ലയിനം ഓട്സ് 'കെന്റ്' എന്നറിയപ്പെടുന്നു. കടുപ്പമുള്ള വയ്ക്കോലും വലിപ്പം കൂടിയ ധാന്യവുമുള്ള ഈ ആസ്റ്റ്രേലിയൻ ഇനം 112 ദിവസംകൊണ്ട് കതിരിടുന്നു. ധാന്യം മില്ലിൽ കുത്തിയെടുത്ത് പ്രഭാതഭക്ഷണത്തിനുപയോഗിക്കുന്നു. കാലിത്തീറ്റയ്ക്ക് നല്ലൊരിനമാണിത്. ഗോതമ്പിൽ ഉള്ളതിനെക്കാൾ കൂടുതൽ ബി1, ബി2, ഇ എന്നീ ജീവകങ്ങൾ ഇതിലുണ്ട്.

ബാർലി (യവം)[തിരുത്തുക]

ഹോർഡിയം വൾഗേർ (Hordeum vulgare) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നു. വടക്കേ ഇന്ത്യയിൽ പാവപ്പട്ടവരുടെ ആഹാരമാണിത്. ഗോതമ്പുപൊടിയുമായി ചേർത്ത് ഉപയോഗിക്കുകയാണ് പതിവ്. വറുത്ത് പൊടിച്ച് 'ബത്തു' എന്നൊരു പലഹാരമുണ്ടാക്കുന്നു. കന്നുകാലികൾക്കും കുതിരയ്ക്കും തീറ്റയായും ഉപയോഗിക്കാറുണ്ട്. ബിയറും വിസ്കിയും ഉണ്ടാക്കുന്നതിനാവശ്യമായ യവ മദ്യം ഉണ്ടാക്കാനും പേൾ ബാർലിയുണ്ടാക്കാനും യവം ഉപയോഗിക്കുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ഇത് പ്രധാനമായും കൃഷിചെയ്യുന്നത്. ഉമിയുള്ള ആറുവരിയൻ ബാർലിയാണ് സാധാരണ കൃഷിചെയ്യുന്ന ഇനം. ഉമിയില്ലാത്ത ആറുവരിയനും രണ്ടുവരിയനും ചിലയിടങ്ങളിൽ കൃഷിചെയ്തുവരുന്നു. ഏതു കാലാവസ്ഥയിലും ഇവ വളരും. ബാർലി തനിവിളയായോ മിശ്രവിളയായോ കൃഷിചെയ്യാം.

ബാർലി

റൈ (Rye)[തിരുത്തുക]

സെക്കേൽ സിറിയൽ (Secale Cereale) എന്നറിയപ്പെടുന്ന ഈ ധാന്യം പ്രധാനമായും റൊട്ടിയുണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. കന്നുകാലികൾക്ക് ആഹാരമായും ആൽക്കഹോളും വിസ്കിയും ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ചെടികൾ പാകമാകുന്നതിനുമുമ്പ് വെട്ടി വളമാക്കാറുണ്ട്. വയ്ക്കോൽ പായ്ക്കിങ്ങിനും കടലാസ്സു നിർമ്മാണത്തിനും ഉപയോഗിക്കുന്നു. ഗോതമ്പിനോടൊപ്പം മിശ്രവിളയായി കൃഷിചെയ്യുന്നുണ്ട്. ഗോതമ്പുമായി ഏറെ സാദൃശ്യവുമുണ്ട്. ഗോതമ്പുമണിയെക്കാൾ നീളം കൂടിയവയാണ് റൈ മണികൾ. റൈ ചെടികളുടെ നീല കലർന്ന പച്ച നിറം ഗോതമ്പുചെടികളിൽനിന്ന് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. തണുപ്പിനെ അതിജീവിക്കാൻ കഴിവുള്ള ഇതിന്റെ വിത്ത് വേനൽക്കാലാത്തിന്റെ അവസാനത്തേടെയാണ് വിതയ്ക്കുന്നത്.

റൈ

ചെറുധാന്യങ്ങൾ (Millets)[തിരുത്തുക]

ബജ്റ[തിരുത്തുക]

പെന്നിസെറ്റെം ടൈഫോയിഡം (Pennisetum typhoideum) എന്നതാണ് ബജ്റയുടെ ശാസ്ത്രനാമം(Pearl millet). പവിഴച്ചോളം എന്ന പേരിൽ അറിയപ്പെടുന്ന ബജ്റ പ്രധാനപ്പെട്ട ചെറു ധാന്യവിളയാണ്. ഏഷ്യയിലും ആഫ്രിക്കയിലുമാണ് ഇത് കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. അസമിലൊഴികെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇത് കൃഷിചെയ്യുന്നുണ്ട്. വരണ്ട കാലാവസ്ഥയാണ് ബജ്റയുടെ കൃഷിക്ക് ഏറ്റവും അനുയോജ്യം. ഉത്തരേന്ത്യയിൽ ഇതിന്റെ കൃഷി സാധാരണ മണൽമണ്ണിലാണ് നടത്തുന്നത്. എന്നാൽ ദക്ഷിണേന്ത്യയിൽ താഴ്ച കുറഞ്ഞ കരിമണ്ണിലും ചെമ്മണ്ണിലും ചെങ്കൽമണ്ണിലും ബജ്റ കൃഷിചെയ്തുവരുന്നുണ്ട്.

മഴ പെയ്യുന്നതിനനുസരിച്ച് അതിന് ചിനപ്പുകൾ ഉണ്ടാകുന്നു എന്നുള്ളതാണ് ബജ്റയുടെ ഒരു പ്രത്യേകത. ആദ്യത്തെ ചിനപ്പുകളിലുണ്ടാകുന്ന കതിരുകൾ വിളവെടുപ്പിന് പാകമാകുമ്പോഴും പുതിയ ചിനപ്പുകൾ ഉണ്ടായിക്കൊണ്ടിരിക്കും. അതിനാൽ മറ്റു ധാന്യങ്ങളുടേതിൽനിന്നു വ്യത്യസ്തമായി പല പ്രാവശ്യമായിട്ടാണ് ഇതിന്റെ വിളവെടുക്കുന്നത്. നന്നായി മൂപ്പെത്തിയ കതിരുകൾ മുറിച്ചെടുത്ത് മൂന്നോ നാലോ ദിവസം കൂട്ടിയിടുന്നു. അതിനുശേഷം കാലികളെ നടത്തിയോ റോളറുകൾ ഉപയോഗിച്ചോ മെതിക്കുന്നു. അരിപോലെതന്നെ വേവിച്ച് ചോറാക്കി കഴിക്കാവുന്ന ഒരു ധാന്യമാണിത്. ഇതിന്റെ മാവ് റൊട്ടിയുണ്ടാക്കാനുപയോഗിക്കുന്നു. വയ്ക്കോൽ കന്നുകാലികൾക്ക് ആഹാരമായും പുര മേയാനും ഉപയോഗിക്കുന്നു.

തിന[തിരുത്തുക]

സെറ്റേറിയ ഇറ്റാലിക്ക (Setaria italica) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന തിനയുടെ (Italian millets) ജന്മദേശം കിഴക്കൻ ഏഷ്യയാണെന്നു കരുതപ്പെടുന്നു. അമേരിക്കയിൽ ഫോഡർ വിളയായി കൃഷി ചെയ്യുന്ന തിന ചൈനയിൽ വിശുദ്ധ സസ്യമായി കരുതി ആരാധിച്ചുവരുന്നു. ആന്ധ്രപ്രദേശ്, മൈസൂർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഇതിന്റെ കൃഷിയുണ്ട്. മൂപ്പുകുറവുള്ള ഈ വിളയ്ക്ക് വരൾച്ചയെ ചെറുത്തുനില്ക്കാൻ കഴിയും. മഴ കുറഞ്ഞ പ്രദേശങ്ങളിലേക്ക് അനുയോജ്യമായ ഒരു വിളയാണിത്. ജലസംഭരണശേഷിയുള്ള മണ്ണാണ് തിനക്കൃഷിക്ക് അനുയോജ്യമായിട്ടുള്ളത്. തനിവിളയായോ പരുത്തിയുമൊന്നിച്ച് മിശ്രവിളയായോ കൃഷിചെയ്യുന്നു. ഉമി കളഞ്ഞ ധാന്യം ചോറുപോലെ വേവിച്ചു ഭക്ഷിക്കാനും പായസമുണ്ടാക്കാനും ഉപയോഗിക്കുന്നു. വയ്ക്കോലിന് കനം കുറവാണ്. ഇത് കന്നുകാലികൾക്ക് ആഹാരമായി നല്കുന്നു.

കൂവരക്[തിരുത്തുക]

റാഗി, മുത്താറി എന്നീ പേരുകളിലും കൂവരക് (Finger millet) അറിയപ്പെടുന്നു. ശാസ്ത്രനാമം. എല്യുസിൻ കൊറക്കാന (Eleusine coracana). കർണാടകയിലെ പ്രധാന ധാന്യവിളയാണിത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ഇതു ധാരാളമായി കൃഷിചെയ്തുവരുന്നു. മഴ വളരെ കുറഞ്ഞതും ജലസേചനസൌകര്യം ഇല്ലാത്തതുമായ പ്രദേശങ്ങളിലാണ് കൂവരക് സാധാരണയായി കൃഷിചെയ്യുന്നത്. ചെമ്മൺപ്രദേശങ്ങളിലും മണൽപ്രദേശങ്ങളിലും കൂവരക്കൃഷി നടത്താറുണ്ട്. നാലഞ്ചുമാസംകൊണ്ട് മൂപ്പെത്തുന്ന കൂവരക് കൊയ്തെടുത്തു കറ്റകെട്ടി ഉണക്കാനിടുന്നു. കൂവരകിന് മറ്റു ധാന്യങ്ങളെക്കാൾ സംഭരണശേഷി കൂടുതലുണ്ട്. അൻപത് വർഷത്തോളം കൂവരക് യാതൊരു കേടും കൂടാതെ സൂക്ഷിക്കാവുന്നതാണ്. അതിനാൽ ക്ഷാമകാലത്തേക്ക് കരുതിവയ്ക്കാൻ അനുയോജ്യമായ ധാന്യമാണിത്. ധാന്യവർഗങ്ങളിൽവച്ച് ഉമിയുടെ അംശം ഏറ്റവും കുറഞ്ഞത് കൂവരകിലാണ്; ആറ് ശതമാനം.

വളരെയധികം പോഷകമൂല്യങ്ങൾ കൂവരകിലുണ്ട്. കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ കൂടാതെ മാംസ്യവും കൂവരകിൽ അടങ്ങിയിരിക്കുന്നു. പ്രമേഹരോഗികൾക്ക് ഈ ധാന്യം വളരെ അനുയോജ്യമാണ്. കുഞ്ഞുങ്ങൾക്ക് സാധാരണയായി കൂവരക് നല്കാറുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ കൂവരക് മുളപ്പിച്ച് ലഹരി കുറഞ്ഞ ഒരിനം മദ്യം നിർമ്മിക്കാറുണ്ട്. വയ്ക്കോൽ നല്ലൊരു കാലിത്തീറ്റയാണ്.

പനിവരക്[തിരുത്തുക]

പനിവരക്(Common millet) പാനിക്കം മിലിയേസിയം (Panicum millaceaum) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നു. ഇന്ത്യക്കു പുറമേ മംഗോളിയ, ജപ്പാൻ, റഷ്യ എന്നിവിടങ്ങളിലും പനിവരക് കൃഷിചെയ്യുന്നുണ്ട്. താരതമ്യേന മൂപ്പ് കുറഞ്ഞവയായതുകൊണ്ടും ഫലപുഷ്ടി ഇല്ലാത്ത മണ്ണിൽ നന്നായി വളരുന്നതുകൊണ്ടും മറ്റു വിളകളൊന്നും കൃഷിചെയ്യാത്ത പ്രദേശങ്ങളിലാണ് പൊതുവേ പനിവരക് കൃഷിചെയ്യുന്നത്. വടക്കേ ഇന്ത്യയിൽ വേനൽക്കാല വിളയായി കൃഷിചെയ്യുന്നു. 70-90 ദിവസമാകുമ്പോഴേക്കും പനിവരക് കൊയ്തെടുക്കാം. ചെടികൾ ചുവടോടെ പിഴുതെടുക്കുകയാണു പതിവ്. ധാന്യങ്ങൾ പൊഴിയുന്നതുകൊണ്ട് ഉടൻതന്നെ കറ്റ മെതിക്കുന്നു. പനിവരക് പൊടിച്ചുണ്ടാക്കുന്ന മാവ് റൊട്ടി, ചപ്പാത്തി തുടങ്ങിയ പല പലഹാരങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. ഇതിന്റെ വയ്ക്കോൽ സാധാരണഗതിയിൽ കാലിത്തീറ്റയായി ഉപയോഗിക്കാറില്ല.

വരക്[തിരുത്തുക]

വരക് (Caudomillet) പസ്പാലം സ്കോർബിക്കുലാറ്റം (Paspalam scorbiculatum) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നു. ധാന്യവിളകളിൽവച്ച് ഏറ്റവും പരുക്കൻ ഇനമായ വരകിനു തന്നെയാണ് മൂപ്പെത്താൻ ഏറ്റവും കൂടുതൽ സമയം വേണ്ടതും. വരൾച്ചയെ അതിജീവിക്കാൻ വരകിന് അസാമാന്യമായ കഴിവുണ്ട്. ശരിക്കു പാകമാകാത്ത ധാന്യങ്ങളിലും ഉമിയിലും വിഷാംശമുണ്ട്. നന്നായി വിളഞ്ഞശേഷം വിളവെടുത്ത് കുറേനാൾ സൂക്ഷിച്ചശേഷമേ ഉപയോഗിക്കാവൂ. ഇതിന്റെ വയ്ക്കോൽ കന്നുകാലികൾക്ക് തീറ്റയായി കൊടുക്കാറില്ല. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മാത്രമേ വരക് കൃഷി ചെയ്യുന്നുള്ളൂ.

കുതിരവാലി[തിരുത്തുക]

കുതിരവാലിയുടെ (കുതിരവള്ളി) ശാസ്ത്രനാമം: എക്കൈനോക്ളോവ ഫ്രുമെന്റേസിയ (Echinochloa frumentasia) എന്നാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഖരീഫ് വിളയായി ഇത് കൃഷിചെയ്യുന്നു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ എന്നിവിടങ്ങളിലാണ് പ്രധാനമായും കുതിരവാലി കൃഷിചെയ്യുന്നത്. വരൾച്ചയെയും വെള്ളപ്പൊക്കത്തെയും അതിജീവിക്കാൻ കെല്പുള്ള, വേഗത്തിൽ വളരുന്ന സസ്യമാണിത്. മൂന്നോ നാലോ മാസംകൊണ്ട് മൂപ്പെത്തുന്ന കുതിരവള്ളി നിലത്തോടു ചേർത്ത് കൊയ്തെടുത്തു കറ്റകെട്ടി ഒരാഴ്ചയോളം പാടത്തുതന്നെ ഇടുന്നു. കന്നുകാലികളെ നടത്തിയോ മറ്റോ കറ്റ മെതിക്കുന്നു. ഉമി കളഞ്ഞ ധാന്യം നെല്ലരി പോലെ വേവിച്ചു ഭക്ഷിക്കുകയോ പൊടിച്ച് ചപ്പാത്തിയും മറ്റും ഉണ്ടാക്കുകയോ ചെയ്യുന്നു. കുതിരവാലിയുടെ വയ്ക്കോൽ ഗുണമേന്മ കുറഞ്ഞതായതിനാൽ അപൂർവമായേ കാലിത്തീറ്റയായി ഉപയോഗിക്കാറുള്ളൂ.

ചാമ[തിരുത്തുക]

ചാമയുടെ(Little millet) ശാസ്ത്രനാമം: പാനിക്കം മിലിയേർ (Panicum milliare). എന്നാണ്. ചാമ വളരെ കുറച്ചു സ്ഥലത്തു മാത്രമേ കൃഷിചെയ്യുന്നുള്ളൂ. പാവപ്പെട്ടവരുടെ ആഹാരവിളയായിട്ടാണ് ഇത് അറിയപ്പെടുന്നത്. ക്ഷാമകാലത്താണ് ചാമ ആഹാരമായി ഉപയോഗിക്കുക. വരൾച്ചയെയും വെള്ളക്കെട്ടിനെയും അതിജീവിക്കാൻ ഇതിനു കഴിയും.

മണിച്ചോളം (Andropogon sorgum), മക്കച്ചോളം (Zea maize), ബജ്റ (Pennisettum typhoideum), തിന (Setaria italica), പനിവരക് (Panicum milaceaum), കൂവരക് (Eleusine coracana), ഓട്സ് (Avena sativa) എന്നിവ ധാന്യവർഗ ഫോഡർ വിളകളായി കൃഷിചെയ്തുവരുന്നു. ധാന്യവിളകൾ എല്ലാംതന്നെ പോയേസീ (ഗ്രാമിനെ) സസ്യകുടുംബത്തിൽപ്പെടുന്നവയാണ്. എന്നാൽ പോളിഗോണേസീ (Polygonaceae) കുടുംബത്തിലെ ബക് വീറ്റ് (buck wheat) എന്ന് പൊതുവേ അറിയപ്പെടുന്ന ഫാഗോപൈറം സജിറ്റേറ്റവും (Fagopyrum sagittatum) ധാന്യവിളകളിൽപ്പെടുന്നു. ഈ ധാന്യത്തിന്റെ പൊടി ഗോതമ്പുപൊടിയുമായിച്ചേർത്ത് റൊട്ടിയുണ്ടാക്കാനുപയോഗിക്കുന്നു. വിത്തിന്റെ ഉമി മാറ്റിയശേഷമാണ് കഞ്ഞിയുണ്ടാക്കുന്നത്. സൂപ്പും കറികളും മറ്റും കട്ടിയുള്ളതാക്കാൻ ഇതിന്റെ പൊടി ഉപയോഗിക്കുന്നുണ്ട്. കാലിത്തീറ്റയായും ഉപയോഗിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന റുട്ടിൻ (rutin) എന്ന ഗ്ളൂക്കോസൈഡ് ജന്തുക്കളുടെ രക്തധമനികൾ പൊട്ടിപ്പോകാൻ കാരണമാകാറുണ്ട്. മനുഷ്യർക്കും കന്നുകാലികൾക്കും ത്വഗ്രോഗങ്ങൾക്കും ചൊറിച്ചിലിനും കാരണമാകുന്നതിനാൽ പലപ്പോഴും ഇത് തീറ്റയായി നല്കാറില്ല. വിത്ത് പക്ഷികൾക്ക് ആഹാരമായി നല്കിവരുന്നു.


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ധാന്യവിളകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ധാന്യവിളകൾ&oldid=3303770" എന്ന താളിൽനിന്ന് ശേഖരിച്ചത്