ദമയന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദമയന്തിയും സന്ദേശവാഹക അരയന്നവും
ചിത്രകാരൻ:രാജാ രവിവർമ്മ

വിദർഭ രാജാവായ ഭീമന്റെ മകൾ. ദമൻ, ദാന്തൻ, ദമനൻ, എന്നിവർ സഹോദരന്മാർ. നളചരിതം കഥയിലെ നായികയാണ് ദമയന്തി (दमयन्ती). മഹാഭാരതത്തിൽ പറയുന്നതനുസരിച്ച് ദമയന്തി വിവാഹം ചെയ്തിരിക്കുന്നത് നിഷധ രാജാവായ നളനെയാണ്. പാതിവ്രത്യത്തിനും വിപത്തിനെ ബുദ്ധിപൂർവവും ധൈര്യസമേതവും നേരിടുന്നതിനും ഉത്തമ മാതൃകയാണ് ദമയന്തി. നളദമയന്തി കഥ സംസ്കൃതത്തിലും മറ്റെല്ലാ ഭാരതീയ ഭാഷകളിലും പരശ്ശതം സാഹിത്യകൃതികൾക്ക് പ്രമേയമായിട്ടുണ്ട്.

കഥ[തിരുത്തുക]

നള-ദമയന്തി

വിദർഭരാജ്യത്തെ രാജാവായിരുന്നു ഭീമൻ. ദീർഘകാലം സന്താനഭാഗ്യമില്ലാതിരുന്ന ഭീമരാജാവിന്റെ കൊട്ടാരത്തിൽ ഒരിക്കൽ ദമനൻ എന്ന മഹർഷി എത്തുകയും രാജാവിന്റെ സത്കാരത്തിലും ധർമനിഷ്ഠയിലും സന്തുഷ്ടനായ മഹർഷി സന്താനഭാഗ്യമുണ്ടാകുമെന്ന് അനുഗ്രഹിക്കുകയും ചെയ്തു. രാജാവിന് മൂന്ന് പുത്രന്മാരും ഒരു പുത്രിയും ജനിച്ചു. ഇവർക്ക് ദമൻ, ദാന്തൻ, ദമനൻ, ദമയന്തി എന്നിങ്ങനെ പേര് നല്കി. രൂപസൗഭാഗ്യത്താലും അനന്യമായ ഭാവൗത്കൃഷ്ട്യത്താലും ദമയന്തി ദേവന്മാരെപ്പോലും ആകർഷിച്ചു.

ഈ കാലത്തുതന്നെ നിഷധരാജ്യത്തെ രാജാവായ വീരസേനന് നളൻ എന്ന ധർമിഷ്ഠനും അതുല്യ പ്രതിഭാധനനുമായ പുത്രനുണ്ടായിരുന്നു. ഒരിക്കൽ നളന്റെ സമീപത്തെത്തിയ രാജഹംസങ്ങൾ ദമയന്തിയുടെ ഗുണഗണങ്ങളെക്കുറിച്ച് നളനോട് പറയുകയുണ്ടായി. ഈ ഹംസങ്ങൾതന്നെ നളന്റെ ഗുണഗണങ്ങളെക്കുറിച്ച് ദമയന്തിയോടും പറയുകയും അവർ തമ്മിൽ അനുരാഗബദ്ധരാവുകയും ചെയ്തു.

ദമയന്തിയുടെ സ്വയംവരത്തിന് രാജാക്കന്മാരും ഇന്ദ്രൻ, വരുണൻ, അഗ്നി, യമൻ എന്നീ ദേവന്മാരും എത്തിച്ചേർന്നു. നളന്റെ വ്യക്തിത്വം മനസ്സിലാക്കിയ ദേവന്മാർ ദമയന്തി നളനെയാണ് വരിക്കുന്നതെന്നു മനസ്സിലാക്കി തങ്ങൾ ദമയന്തിയെ പത്നിയായി ലഭിക്കാനാഗ്രഹിക്കുന്നതായി നളൻതന്നെ ദമയന്തിയെ അറിയിക്കണമെന്ന് അഭ്യർഥിച്ചു. ദേവന്മാർ നല്കിയ തിരസ്കരണിവിദ്യ ഉപയോഗിച്ച് നളൻ അന്തഃപുരത്തിൽ പ്രവേശിച്ച് ദമയന്തിയോട് ദേവന്മാരുടെ ആഗ്രഹം അറിയിച്ചു. ദമയന്തി ആ ആഗ്രഹം സ്വീകരിച്ചില്ല. താൻ നളനെയാണ് വരിക്കുന്നത് എന്ന തീരുമാനം അറിയിച്ചു. സ്വയംവര സദസ്സിൽ നാലുദേവന്മാരും നളന്റെ സമീപം നളന്റെ അതേ രൂപത്തിൽ പ്രത്യക്ഷരായി. യഥാർഥ നളനെ തിരിച്ചറിയാൻ ദേവന്മാർ തന്നെ സഹായിക്കണം എന്നു ദമയന്തി ദേവന്മാരോടു പ്രാർഥിച്ചപ്പോൾ ദമയന്തിയുടെ സ്വഭാവ മഹിമയിൽ സന്തുഷ്ടരായ ദേവന്മാർ അവരവരുടെ രൂപം സ്വീകരിക്കുകയും നളനെയും ദമയന്തിയെയും അനുഗ്രഹിക്കുകയും അനേകം വരങ്ങൾ പ്രദാനം ചെയ്യുകയും ചെയ്തു.

നളദമയന്തീ വിവാഹത്തിനുശേഷം ദേവലോകത്തേക്കു പോയ ദേവന്മാർ മാർഗ്ഗമധ്യേ കലിയെയും ദ്വാപരനെയും കണ്ടുമുട്ടി. ദമയന്തീസ്വയംവരത്തിനു തിരിച്ചതായിരുന്നു ഇരുവരും. ദമയന്തി നളനെ വരിച്ചതറിഞ്ഞ് കുപിതരായ അവർ നളദമയന്തിമാരെ വേർപിരിക്കുമെന്നും നളനെ രാജ്യഭ്രഷ്ടനാക്കുമെന്നും ശപഥം ചെയ്തു. നളന്റെ സഹോദരനായ പുഷ്കരനെ വശത്താക്കി കള്ളച്ചൂതുകളിയിലൂടെ നളന്റെ രാജ്യം പുഷ്കരനു സ്വന്തമാക്കി നല്കി. ഗത്യന്തരമില്ലാതെ നളൻ ദമയന്തിയുമൊത്ത് വനത്തിൽ പോയി. നളന്റെ തോൽ‌വി കണ്ട ദമയന്തി തേരാളിയായ വാർഷ്ണേയനെ വരുത്തി പുത്രനായ ഇന്ദ്രസേനനെയും പുത്രിയായ ഇന്ദ്രസേനയെയും വിദർഭ രാജധാനിയിലെത്തിച്ചിരുന്നു.

കാട്ടിൽ അലഞ്ഞുനടന്ന നളദമയന്തിമാർ അത്യന്തം പരിക്ഷീണരായി. ദമയന്തി ക്ഷീണംമൂലം ഉറങ്ങിക്കിടക്കുമ്പോൾ കലിബാധിതനായ നളൻ ദമയന്തിയെ ഉപേക്ഷിച്ചിട്ട് വനത്തിന്റെ ഉള്ളിലേക്കു പോയി. ഉറക്കമുണർന്ന ദമയന്തി നളനെ കാണാതെ വിലപിച്ചു. ഈ സമയം ഒരു പെരുമ്പാമ്പ് ദമയന്തിയെ ആക്രമിച്ചു. ഉറക്കെ നിലവിളിച്ച ദമയന്തിയെ ഒരു കാട്ടാളൻ രക്ഷിച്ചു. എന്നാൽ കാട്ടാളൻ ദമയന്തിയെ തന്റെ പത്നിയാകുന്നതിനു നിർബന്ധിക്കുകയും ദമയന്തി ആ ആഗ്രഹം നിഷേധിച്ചപ്പോൾ ബലാത്ക്കാരമായി ദമയന്തിയെ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്തു. മറ്റു മാർഗ്ഗമില്ലാതെ ദമയന്തി കാട്ടാളനെ ശപിച്ച് ഭസ്മമാക്കി.

വനത്തിൽ അനന്യശരണയായി നടന്ന ദമയന്തി അതുവഴി കടന്നുപോയ ഒരു കച്ചവട സംഘത്തെ കണ്ട് അവരോടൊപ്പം യാത്രയായി. അവർ ദമയന്തിയെ ചേദിരാജ്യത്തെത്തിച്ചു. മലിനവേഷത്തോടെ ഒരു ഭ്രാന്തിയെപ്പോലെ കാണപ്പെട്ട ദമയന്തിയെ ചേദി രാജാവിന്റെ രാജ്ഞി കൊട്ടാരത്തിലേക്കു വരുത്തുകയും അവിടെ അഭയം നല്കുകയും ചെയ്തു. എന്നാൽ ദമയന്തി താൻ ആരാണെന്ന സത്യം അറിയിച്ചില്ല.

ദമയന്തിയെ ഉപേക്ഷിച്ചുപോയ നളൻ കാട്ടുതീയിൽനിന്ന് കാർക്കോടകൻ എന്ന നാഗരാജനെ രക്ഷിച്ചു. കാർക്കോടകന്റെ ദംശനത്താൽ നളൻ വിരൂപനായി. എന്നാൽ നളന്റെ വൈരൂപ്യം ആ സമയത്ത് ഒരു അനുഗ്രഹമാകുമെന്നും അയോധ്യാരാജാവായ ഋതുപർണന്റെ സാരഥിയായി ബാഹുകൻ എന്ന പേരിൽ നളൻ കുറച്ചുനാൾ ജീവിച്ചശേഷം ദമയന്തിയുമായി പുനസ്സമാഗമമുണ്ടാകുമെന്നും നാഗരാജാവ് അറിയിച്ചു. സ്വന്തം രൂപം വേണ്ടപ്പോൾ ധരിക്കുന്നതിന് ദിവ്യമായ രണ്ട് വസ്ത്രങ്ങൾ കാർക്കോടകൻ നളനു നല്കി. അയോധ്യാ രാജധാനിയിലെത്തിയ ബാഹുകൻ രാജാവായ ഋതുപർണന്റെ തേരാളിയായി കഴിഞ്ഞുകൂടി.

നളനെയും ദമയന്തിയെയും അന്വേഷിക്കുന്നതിന് വിദർഭരാജാവ് എല്ലാ ദേശത്തേക്കും അയച്ച ബ്രാഹ്മണരിൽ ഒരാൾ ദമയന്തിയെ തിരിച്ചറിയുകയും ചേദിരാജാവിന്റെയും രാജ്ഞിയുടെയും അനുഗ്രഹാശിസ്സുകളോടെ ദമയന്തി വിദർഭരാജ്യത്തെത്തുകയും ചെയ്തു. നളനെ കണ്ടെത്താതെ തനിക്ക് ജീവിതം സാധ്യമല്ലെന്ന് ദമയന്തി പിതാവിനെ അറിയിച്ചു. നളനെ അന്വേഷിച്ചിരുന്ന ബ്രാഹ്മണരിൽ പർണാദൻ എന്ന ബ്രാഹ്മണൻ താൻ അയോധ്യയിൽവച്ച് ബാഹുകൻ എന്ന തേരാളിയെ കാണുകയും അയാൾ ദമയന്തിയെപ്പറ്റി പല കാര്യങ്ങളും അന്വേഷിക്കുകയും ചെയ്ത വിവരം വിദർഭരാജാവിനെ അറിയിച്ചു. ദമയന്തിയുടെ ആവശ്യപ്രകാരം, ദമയന്തിയുടെ രണ്ടാം സ്വയംവരം അടുത്ത ദിവസം നടക്കുന്നതായി ഋതുപർണനെ അറിയിക്കുന്നതിന് സുദേവൻ എന്ന ബ്രാഹ്മണനെ അയച്ചു. അത്രയും സമയംകൊണ്ട് നളനു മാത്രമേ തേർ തെളിച്ച് വിദർഭരാജ്യത്ത് എത്താൻ സാധിക്കൂ എന്ന് ദമയന്തി മനസ്സിലാക്കിയിരുന്നു.

ഋതുപർണനുമൊത്ത് കൊട്ടാരത്തിലെത്തിയ ബാഹുകനെ ദമയന്തി തിരിച്ചറിയുകയും നളനെ കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു രണ്ടാം സ്വയംവരം എന്ന അസത്യം പറയേണ്ടിവന്നതെന്നറിയിക്കുകയും ചെയ്തു. ഈ സമയത്ത് 'ദമയന്തി നളനെ മാത്രമേ ചിന്തിച്ചിരുന്നുള്ളൂ'എന്ന് അശരീരി ഉണ്ടാവുകയും ദേവന്മാർ പുഷ്പവൃഷ്ടി ചെയ്യുകയുമുണ്ടായി. നളൻ നാഗരാജാവു നല്കിയ വസ്ത്രം ധരിച്ച് തന്റെ യഥാർഥ രൂപം നേടി. സൈന്യസമേതം നിഷധ രാജ്യത്തെത്തിയ നളൻ ചൂതുകളിയിലൂടെത്തന്നെ പുഷ്കരനെ തോല്പിച്ച് രാജ്യം സ്വന്തമാക്കി. എന്നാൽ പുഷ്കരനെ സുഹൃത്തായിത്തന്നെ പരിഗണിച്ചു.

മലയാളത്തിൽ[തിരുത്തുക]

ദമയന്തീകഥ വിവരിക്കുന്ന പരശ്ശതം കൃതികൾ വ്യത്യസ്ത സാഹിത്യശാഖകളിലായി മലയാളത്തിലുണ്ട്.

  • ഉണ്ണായിവാരിയരുടെ പ്രസിദ്ധമായ നളചരിതം ആട്ടക്കഥ
  • മഴമംഗലത്തിന്റെ ഭാഷാനൈഷധം ചമ്പു
  • കുഞ്ചൻനമ്പ്യാരുടെ നളചരിതം കിളിപ്പാട്ട്
  • നളചരിതം തുള്ളൽപ്പാട്ട്
  • രാമപുരത്തു വാരിയരുടെ നൈഷധം തിരുവാതിരപ്പാട്ട്
  • വെണ്മണി അച്ഛൻ നമ്പൂതിരിയുടെ നളചരിതം വഞ്ചിപ്പാട്ട് ഇതേ പേരിൽ വെണ്മണിമഹൻ നമ്പൂതിരി രചിച്ച കൃതി
  • കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ നളചരിതം രൂപകം
  • കൊടുങ്ങല്ലൂർ വിദ്വാൻ ഇളയതമ്പുരാന്റെ നളചരിതം കൈകൊട്ടിക്കളിപ്പാട്ട്
  • കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ നൈഷധംഗദ്യം
  • മച്ചാട്ടിളയതിന്റെ നളചരിതം പാന, തോട്ടയ്ക്കാട്ട് ഇക്കാവമ്മ രചിച്ച നളചരിതം നാടകം
  • മൂലൂർ എസ്. പദ്മനാഭപ്പണിക്കരുടെ നളചരിതം അമ്മാനപ്പാട്ട്
  • കുന്നത്ത് ജനാർദനന്റെ നളോപാഖ്യാനം
  • കെ.പി. കറുപ്പന്റെ ഭാഷാഭൈമീപരിണയം നാടകം
  • എസ്.കൃഷ്ണപിള്ളയുടെ ലഘുനൈഷധം
  • നാലാങ്കൽ കൃഷ്ണപിള്ള രചിച്ച ദമയന്തി

സസ്കൃതത്തിൽ[തിരുത്തുക]

  • നൈഷധീയചരിതം അഥവാ നൈഷധം മഹാകാവ്യം - ശ്രീഹർഷൻ (ഇതിനെ അനുകരിച്ചാണ് നളചരിതം ആട്ടക്കഥ ഉണ്ണായി വര്യർ എഴുതിയത് എന്ന് വിദഗ്ദ്ധാഭിപ്രായം)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ദമയന്തി&oldid=2283488" എന്ന താളിൽനിന്ന് ശേഖരിച്ചത്