തോമസ് ചാറ്റർട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തോമസ് ചാറ്റർട്ടൺ
തൊഴിൽകവി

പതിനെട്ടാം നൂറ്റാണ്ടിൽ, വളരെ ഹ്രസ്വമായ ജീവിതകാലത്തിനിടെ(ജനനം: 20 നവംബർ, 1752; മരണം: 24 ഓഗസ്റ്റ്, 1770) ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചരിത്രത്തെ കാര്യമായി സ്വാധീനിച്ച ഒരു ദുരന്തപ്രതിഭയാണ് തോമസ് ചാറ്റർട്ടൺ. ചാറ്റർട്ടൺ പ്രധാനമായും സ്മരിക്കപ്പെടുന്നത്, സ്വന്തം ഭാവനയുടേയും അനുകരണസാമർഥ്യത്തിന്റേയും ബലത്തിൽ[1] എഴുതിയ കവിതകൾ പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു കവിയുടേതെന്ന അവകാശവാദത്തോടെ അവതരിപ്പിച്ച് പ്രസാധകരേയും സാഹിത്യാസ്വാദകരേയും കബളിപ്പിച്ചതിന്റെ പേരിലാണ്. അതേസമയം പതിനേഴുവയസ്സുവരെ മാത്രം ജീവിച്ച ചാറ്റർട്ടൻ ഭാവനാസമ്പന്നനായ എഴുത്തുകാരനും ഇംഗ്ലീഷ് ഭാഷയിലെ ആദ്യത്തെ കാല്പനിക കവിയും [2]ആയി കണക്കാക്കപ്പെടുന്നു.

ജീവിതരേഖ[തിരുത്തുക]

ജനനം[തിരുത്തുക]

തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ബ്രിസ്റ്റളിൽ ആണ് ചാറ്റർട്ടൺ ജനിച്ചത്. സംഗീതപ്രതിഭയും, ചെറുകിടകവിയും,[3] കലാപ്രേമിയും ഒക്കെയായിരുന്ന പിതാവിന്റെ പേരും തോമസ് എന്നായിരുന്നു. മകന്റെ ജനനത്തിന് മൂന്നു മാസം മുൻപ് പിതാവ് മരിച്ചു.[4] തയ്യൽ‌പണി ചെയ്തും കൊച്ചുപെൺകുട്ടികൾക്കായുള്ള പാഠശാല നടത്തിയുമൊക്കെ മകനേയും ഒരു മകളേയും വളർത്തിയതും മകന്റെ പ്രതിഭ ആദ്യം തിരിച്ചറിഞ്ഞതും അമ്മ സാറാ ആണ്. ആദ്യം ചേർന്ന സ്കൂളിൽ നിന്ന് 'മന്ദബുദ്ധി' എന്ന പേരിൽ പുറത്താക്കപ്പെട്ട അദ്ദേഹത്തെ അക്ഷരങ്ങളുടെ ലോകത്തിലേക്ക് ആകർഷിച്ചത്, തുന്നാൻ ഉപയോഗിക്കാവുന്ന കെട്ടുനൂലും മറ്റും എടുക്കാൻ വേണ്ടി അമ്മ വിടർത്തി എടുക്കുകയായിരുന്ന ഒരു പഴയ പാട്ടുപുസ്തകത്തിലെ വലിയ അക്ഷരങ്ങളാണ്. വർണ്ണപ്പകിട്ടുള്ള ആ അക്ഷരങ്ങൾ ചാറ്റർട്ടണെ വല്ലാതെ ആകർ‍ഷിച്ചു. അദ്ദേഹം അവ പകർത്തി എഴുതാൻ തുടങ്ങി. തുടർന്ന് ഗോത്തിക് ശൈലിയിലെ അക്ഷരങ്ങൾ ഉപയോഗിച്ചെഴുതിയ ഒരു 'ബ്ലാക്ക് ലെറ്റർ' ബൈബിളിന്റെ സഹായത്തോടെ വായന പഠിച്ചു. എട്ടാമത്തെ വയസ്സിൽ ഒരു സൗജന്യപാഠശാലയിൽ ചേർന്ന് ആറുവർഷം അവിടെ തുടർന്നു. എഴുത്തും വായനയും കണക്കും വേദപാഠവും അടങ്ങിയ കർശനവും വിരസവുമായ അദ്ധ്യാപന രീതയും, എല്ലാ കുട്ടികളും സന്യാസികളെ കണക്ക് തല മൊട്ടയടിക്കണമെന്നും മറ്റുമുള്ള നിഷ്ഠകളും പിന്തുടർന്നിരുന്ന ആ പാഠശാല, ചാറ്റർട്ടന്റെ വിദ്യാഭാസത്തെ ഏറെയൊന്നും സഹായിച്ചില്ല.


പള്ളിയിലെ ചുരുളുകൾ[തിരുത്തുക]

അദ്ദേഹത്തിന്റെ യഥാർഥ വിദ്യാഭ്യാസം മറ്റൊരു വഴിക്കാണ് നടന്നത്. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഇടവകപ്പള്ളി ആയിരുന്ന ബ്രിസ്റ്റളിലെ സെന്റ് മേരി റെഡ്ക്ലിഫിലെ കപ്യാർ സ്ഥാനം രണ്ടുനൂറ്റാണ്ടുകളായി ചാറ്റർട്ടന്റെ കുടുംബമാണ് വഹിച്ചിരുന്നത്. ചാറ്റർട്ടന്റെ ജീവിതകാലമത്രയും ആ സ്ഥാനത്ത് അദ്ദേഹത്തിന്റെ ചിറ്റപ്പൻ റിച്ചാർഡ് ഫിലിപ്പ് ആയിരുന്നു. മറ്റുകുട്ടികളിൽ നിന്നും പൊതുവേ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ചാറ്റർട്ടന്റെ ഹ്രസ്വജീവിതത്തേയും, പ്രത്യേകമായി, വിചിത്രമായ ഭാവനാലോകത്തേയും മനോഹരമായ സെന്റ് മേരി റെഡ്ക്ലിഫ് പള്ളി കാര്യമായി സ്വാധീനിച്ചു. ചെറുപ്പം മുതലേ, പള്ളിയും പരിസരങ്ങളും ചാറ്റർട്ടന്റെ വിഹാരരംഗമായിരുന്നു. അൾത്താരക്കടുത്തെ കുടീരങ്ങളിൽ അടക്കപ്പെട്ടിരുന്ന പ്രഭുക്കന്മാരും പുരോഹിതന്മാരും, ജനനേതാക്കളും ചാറ്റർട്ടണ് പരിചയക്കാരെപ്പോലെയായി. ശവകുടീരങ്ങളിലെ ലിഖിതങ്ങൾ എല്ലാം വായിക്കാമെന്നായപ്പോൾ ശ്രദ്ധ പള്ളിയിലെ രേഖകൾ സൂക്ഷിക്കുന്ന മുറിയിൽ വച്ചിരുന്ന ഓക്കുമരപെട്ടിയിൽ പതിഞ്ഞു. പതിന്ചാം നൂറ്റാണ്ടിൽ, മേരി റെഡ്ക്ലിഫ് പള്ളി പുതുക്കിപ്പണിയുന്നതിൽ മുൻ‌കൈ എടുത്ത വില്യം കാനിങ്ങിന്റെ പേരുമായി ബന്ധപ്പെടുത്തി, കാനിങ്ങിന്റെ പെട്ടി(Canynge's Coffer) എന്നാണ് അത് അറിയപ്പെട്ടിരുന്നത്. തോൽച്ചുരുളുകളിൽ എഴുതിയ പുരാതനരേഖകളായിരുന്നു അതിൽ. ചിലതിന് പതിനഞ്ചാം നൂറ്റാണ്ടിലെ റോസപ്പൂക്കളുടെ യുദ്ധത്തിന്റെ(War of the Roses) കാലത്തോളം പഴക്കമുണ്ടായിരുന്നു.[5]

റൗളി രേഖകൾ[തിരുത്തുക]

ഒരിക്കൽ ചാറ്റർട്ടൻ താൻ എഴുതിയ "ക്രിസ്തുവിന്റെ അവസാനത്തെ ആഗമനം" എന്ന കവിത ബ്രിസ്റ്റളിലെ ഫെലിക്സ് ഫാർളിയുടെ പത്രത്തിന്റെ ഓഫീസ് വാതിലിലൂടെ അകത്തേക്കിട്ടിരുന്നു. 1763 ജനുവരി 8-ന് അത് പ്രതീക്ഷിച്ചിരിക്കാതെ പ്രസിദ്ധീകരിച്ചു വന്നത് 10 വയസ്സ് മാത്രമായിരുന്ന കവിക്ക് വലിയ പ്രോത്സാഹനമായി. ഇതിനിടയിൽ ചാറ്റർട്ടൻ, കാനിങ്ങിന്റെ പെട്ടിയിലെ പുരാതനരേകൾ വീട്ടിൽ കൊണ്ടുവന്ന്, ഒരു കോണിൽ അവയുമായി സമയം ചെലവിടുന്നത് പതിവാക്കി. തുടർന്ന്, അവയിലെ ഭാഷയും അവയിൽ പരാമർശിക്കപ്പെട്ടിരുന്ന മനുഷ്യരും പരിചയമായി, അദ്ദേഹം ആ ലോകത്തിൽ ജീവിക്കാൻ തുടങ്ങി. ആ രേഖകളിലെ മനുഷ്യരെക്കുറിച്ച് അവരുടെ കാലത്തെ ഭാഷയിലും അക്ഷരവടിവിലും ചാറ്റർട്ടൻ കവിതകൾ രചിക്കാൻ തുടങ്ങി. പതിനഞ്ചാം നൂറ്റാണ്ടിൽ, വില്യം കാനിങ്ങിന്റെ ആശ്രിതനായി തോമസ് റൗളി എന്നൊരു സന്യാസി ഉണ്ടായിരുന്നെന്നും അദ്ദേഹമാണ് ഈ കവിതകൾ രചിച്ചതെന്നുമാണ് ചാറ്റർട്ടൺ സ്വന്തം രചനകളെക്കുറിച്ച് അവകാശപ്പെട്ടത്. ഈ കവിതകളിൽ‍ അദ്യത്തേത് എഴുതിയപ്പോൾ കവിക്ക് 12 വയസ്സ് തികഞ്ഞിരുന്നില്ല. ബ്രിസ്റ്റളിലെ പ്രസിദ്ധമായ ഒരു പാലം ആയിടെ പുതുക്കി പണുതപ്പോൾ, നൂറ്റാണ്ടുകൾ പഴക്കമുണ്ടായിരുന്ന പഴയ പാലത്തിന്റെ ഉദ്ഘാടനത്തിന്റെ ദൃക്സാക്ഷി വിവരണമെന്ന നാട്യത്തിൽ ചാറ്റർട്ടൺ പ്രസിദ്ധീകരിച്ച ആ കവിതയും ഫെലിക്സ് ഫാർളിയുടെ പത്രത്തിലാണ് വന്നത്. [6]1767-ൽ, പതിനഞ്ച് വയസ്സ് കഴിഞ്ഞ ചാറ്റർട്ടൻ, ഒരു വക്കീലിന്റെ ഓഫീസിൽ ഗുമസ്തനായി ജോലിക്കുചേർന്നു. അതിനുശേഷവും എഴുത്തു തുടർന്നു. സ്വന്തം കവിതകൾ പതിനഞ്ചാം നൂറ്റാണ്ടിൽ തോമസ് റൗളി എന്ന സന്യാസി എഴുതിയവയാണെന്ന ചാറ്റർട്ടന്റെ അവകാശവാദം ആരും തന്നെ ചോദ്യം ചെയ്തില്ല.

വാൽ‌പോളിന്റെ തിരസ്കാരം[തിരുത്തുക]

തൂലികാ നാമത്തിലാണ് പാലത്തെക്കുറിച്ചുള്ള കവിത പ്രസിദ്ധീകരിച്ചതെങ്കിലും, ചാറ്റർട്ടണാണ് തോമസ് റൗളിയുടേതെന്നവകാശപ്പെട്ട ആ കവിതയുടെ 'കണ്ടെത്തലിനു' പിന്നിൽ എന്നറിഞ്ഞതോടെ ബ്രിസ്റ്റളിൽ ചാറ്റർട്ടൺ ഒരു വിധം പ്രസിദ്ധനായി. തുടർന്ന് വേറെയും പല റൗളി കവിതകളും കണ്ടുകിട്ടിയതായി ചാറ്റർട്ടൺ അവകാശപ്പെട്ടു. [7]റോബർട്ട് കാനിങ്ങിന്റെ ചരമക്കുറിപ്പ്(Epitaph on Robert Canynge), ചാറ്റർട്ടന്റെ ഏറ്റവും പ്രധാന രചനയായി പരിഗണിക്കപ്പെടുന്ന, എല്ലായ്ക്ക് ഒരു ഗീതം(Songe to Aella), അത്മാവുകളുടെ പാർലമെന്റ്(The Parliament of Sprytes) എന്നിവ അങ്ങനെ അവകാശപ്പെട്ട് അവതരിപ്പിച്ച കവിതകളിൽ ചിലതാണ്. ഹേസ്റ്റിങ്ങ്‌സിലെ യുദ്ധം(Battle of Hastings)എന്ന പേരിൽ എഴുതിയ കവിത പത്താം നൂറ്റാണ്ടിൽ മറ്റൊരാൾ എഴുതിയത് തോമസ് റൗളി പതിനഞ്ചാം നൂറ്റാണ്ടിൽ പരിഭാഷപ്പെടുത്തിയതാണ് എന്നാണ് അവകാശപ്പെട്ടത്. കൂടുതൽ പ്രശസ്തിയും അംഗീകാരവും ആഗ്രഹിച്ച ചാറ്റർട്ടൺ, താൻ 'കണ്ടെടുത്ത' ഒരു 'പുരാതന' രേഖ പ്രസീദ്ധീകരിക്കാൻ അഭ്യർഥിച്ച്, പ്രഖ്യാതലേഖകനും എഴുത്തുകാരനുമായ ഹോറേസ് വാൽ‌പോളിന് (Horace Walpole) എഴുതി. തോമസ് റൗളിയുടേതെന്നവകാശപ്പെട്ട, "ഇംഗ്ലണ്ടിൽ ചിത്രരചനയുടെ തുടക്കം" എന്ന ലേഖനമാണ് ചാറ്റർട്ടൺ അയച്ചുകൊടുത്തത്. കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടുള്ള വാല്പോളിന്റെ മറുപടി കിട്ടിയപ്പോൾ ചാറ്റർട്ടൺ റൗളിയുടെ പേരിലുള്ള മറ്റുചില രചനകളും അയച്ചുകൊടുത്തു. ഒപ്പം താൻ ഒരു പാവം വിധവയുടെ മകനാണെന്നും സാഹിത്യ രുചിയുള്ള തനിക്ക് അതിനുചേരുന്ന ഒരു ജോലി കണ്ടുപിടിച്ചു തരണമെന്നും കൂടി എഴുതി. ഇതോടെ വാൽ‌പോളിന്റെ ഉത്സാഹം തണുത്തു. അദ്ദേഹം ആ രചനകളെ, വിഷയത്തിൽ അവഗാഹമുള്ള മറ്റുചിലരെ പരിശോധിക്കാനായി ഏല്പ്പിച്ചു. അവരിൽ, പ്രഖ്യാത കവി തോമസ് ഗ്രേയും മറ്റും, അവ പതിനഞ്ചാം നൂറ്റാണ്ടിലേതല്ല എന്ന് വിധിച്ചു. പതിനഞ്ചാം നൂറ്റാണ്ടിലെ ഭാഷയിലെ ചില വാക്കുകളും മറ്റും ചാറ്റർട്ടണ്ന്റെ രചനകളിൽ വേണ്ടത്ര ഔചിത്യബോധമില്ലാതെ പ്രയോഗിച്ചിരുന്നതാണ് പ്രശ്നമായത്. തുടർന്ന് ചാറ്റർട്ടന്റെ ആവശ്യം നിരസിച്ച് വാൽപോൾ മറുപടി എഴുതി. ചാറ്റർട്ടണ്ടെ കൈയെഴുത്തു പ്രതികൾ വാൽ‌പോൾ മടക്കിക്കൊടുത്തില്ലെന്നും, കവി നിർബ്ബന്ധപൂർ‌വം ആവശ്യപ്പെട്ട് എഴുതിയ ശേഷമാണ് അവ തിരികെ അയച്ചതെന്നും പറയപ്പെടുന്നു. പിന്നീട് സ്വന്തം പേരിൽ എഴുതിയ ചില കവിതകളിൽ, ചാറ്റർട്ടൺ, വാൽപോളിനെ വ്യക്തിപരമായി ആക്രമിക്കുന്നുണ്ട്.[൧]

ലണ്ടണിൽ[തിരുത്തുക]

റൗളിയുടേതെന്ന് പറഞ്ഞ കൃതികൾ താൻ തന്നെ എഴുതിയതാണെന്ന് ചാറ്റർട്ടൻ ഇടക്കൊക്കെ പറഞ്ഞിരുന്നു. എന്നാൽ അത് വിശ്വസിക്കാൻ ആരും തയ്യാറായിരുന്നില്ല. ഒരു കുട്ടി സ്വന്തം പേരിൽ അന്നത്തെ ശൈലിയിൽ എഴുതിയ കൃതികൾ ആർക്കും വേണ്ടിയിരുന്നുമില്ല. എന്നാൽ വാൽ‌പോൾ റൗളി കൃതികളെ തിരസ്കരിച്ചതോടെ, ചാറ്റർട്ടൺ സമകാലപ്രസക്തിയുള്ള വിഷയങ്ങളിൽ സ്വന്തം പേരിൽ കൂടുതൽ എഴുതാൻ തീരുമാനിച്ചു. മിഡിൽസെക്സ് ജേർണൽ പോലുള്ള പ്രസിദ്ധീകരണങ്ങളിൽ ചിലതൊക്കെ വെളിച്ചം കാണുകയും ചെയ്തു. പല കാരണങ്ങൾ കൊൺടും ബ്രിസ്റ്റളിൽ തുടരാൻ ചാറ്റർട്ടൻ ഇഷ്ടപ്പെട്ടില്ല. ഒറ്റപെട്ടു നിൽക്കുന്ന സ്വഭാവവും സ്വതന്ത്രചിന്തയും, മതവിമുഖതയും എല്ലാം ചേർന്ന ചാറ്റർട്ടന്റെ സ്വഭാവം, നാട്ടിൽ പലരുടേയും വെറുപ്പിന് കാരണമായിരുന്നു. ബ്രിസ്റ്റളിലെ പ്രമുഖരിൽ ചിലരെ സ്വന്തം കവിതകളിൽ ചാറ്റർട്ടൻ പരിഹസിച്ചതും പ്രശ്നമായി. [൨]കൂടുതൽ ഭാഗ്യം പ്രതീക്ഷിച്ച് ലണ്ടണിലെക്ക് പോകാൻ അദ്ദേഹം തീരുമാനിച്ചു. വക്കീലാഫീസിലെ ജോലിയിൽ നിന്ന്, നേരത്തേ സമ്മതിച്ച കാലാവധി തീരുന്നതിന് മുൻപ് വിടുതൽ കിട്ടാൻ ബുദ്ധി മുട്ടുണ്ടായിരുന്നു. ഒടുവിൽ 1770-ലെ ഉയിർപ്പുഞായറാഴ്ചയുടെ തലേന്ന്, ചാറ്റർട്ടൺ, താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന ഭാവത്തിൽ ഒരു വില്പത്രം എഴുതി[൩]. ഇതറിഞ്ഞ് ഭയന്ന വക്കീൽ, ഗുമസ്തപ്പണിയിൽ നിന്ന് വിടുതൽ കൊടുത്തു. അധികം വൈകാതെ, ബന്ധുക്കളും പരിചയക്കാരും സമാഹരിച്ചുകൊടുത്ത കുറച്ചു പണവുമായി അദ്ദേഹം ലണ്ടണിലെത്തി. പല പ്രസിദ്ധീകരണങ്ങളും ചാറ്റർട്ടന്റെ രചനകൾ സ്വീകരിച്ചു. സ്വന്തം പേരിലെഴുതിയ കൃതികൾക്ക് പുറമേ, തോമസ് റൗളിയുടേതെന്നവകാശപ്പെട്ട 'പരോപകാരത്തിന്റെ നാടോടിപ്പാട്ട്' (Excelente Balade of Charitie) എന്ന കവിതയും[൪] ലണ്ടണിലെ താമസത്തിനിടെ ചാറ്റർട്ടൺ എഴുതി. ആദ്യമൊക്കെ, വളരെ പ്രതീക്ഷ പ്രകടിപ്പിക്കുന്ന കത്തുകളാണ് അമ്മക്കും സഹോദരിക്കും അയച്ചിരുന്നത്. ആദ്യം കിട്ടിയ പണം കൊണ്ട് അവർക്ക് സമ്മാനങ്ങളും വാങ്ങി അയച്ചു.

ആത്മഹത്യ[തിരുത്തുക]

എന്നാൽ ചാറ്റർട്ടന്റെ സംഭാവനകൾ സ്വീകരിച്ചപ്പോഴും, പ്രതിഫലം കൊടുക്കുന്നതിൽ പ്രസാധകർ പിശുക്കു കാട്ടി. പലപ്പോഴും ഒന്നും കൊടുത്തതേയില്ല. ആദ്യം ചില ബന്ധുക്കളുടെ കൂടെയായിരുന്നു ലണ്ടണിലെ താമസം. തമസിയായെ അഭിമാനിയായ ചാറ്റർട്ടൺ, വാടകക്കെടുത്ത സ്ഥലത്തേക്ക് താമസം മാറി. ലണ്ടണിലെത്തി രണ്ടുമാസം തികയുന്നതിന് മുൻപു തന്നെ പരാജയവും വിശപ്പും എല്ലാം ചേർന്ന് അദ്ദേഹത്തെ തളർത്തി. മറ്റെന്തെങ്കിലും തൊഴിൽ കണ്ടെത്തുവാനുള്ള ശ്രമവും വിജയിച്ചില്ല. 1770 ഓഗസ്റ്റ് 24-ന് ലണ്ടണിലെ വാടകമുറിയിൽ ആർസനിക് കഴിച്ച് അദ്ദേഹം ആത്മഹത്യ ചെയ്തു. ചാറ്റർട്ടൺ ആത്മഹത്യ ചെയ്യുകയായിരുന്നില്ല, ആർസെനിക് അടങ്ങിയ കറുപ്പ് കഴിച്ചപ്പോൾ അളവ് കൂടിപ്പോയതാണ് മരണകാരണം എന്നും ഭാഷ്യമുണ്ട്. [8]ചാറ്റർട്ടന്റെ മരണം അത് നടന്നകാലത്ത് ഏറെയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. ലണ്ടണിലെ, പാവപ്പെട്ടവർ‍ക്കുവേണ്ടിയുള്ള ഒരു ശ്മശാനത്തിൽ സ്മാരകശിലകളൊന്നുമില്ലാതെയാണ് അദ്ദേഹത്തെ സംസ്കരിച്ചത്. ആ സംസ്കാരസ്ഥലത്ത് ഇന്നൊരു ചന്തയാണ്.

മരണശേഷം[തിരുത്തുക]

ആദ്യത്തെ പ്രതികരണം[തിരുത്തുക]

ജീവിതകാലത്ത് തന്നെ ചാറ്റർട്ടന്റെ രചനകളിൽ പലതും ബ്രിസ്റ്റളിലെ പ്രമുഖരിൽ ചിലർ കൈക്കലാക്കിയിരുന്നു. കവിയുടെ മരണത്തോടെ, ബാക്കിയുള്ളവകുടി കയ്യടക്കാൻ അവർ തിരക്കുകൂട്ടി. 'തോമസ് റൗളിയുടെ' കൃതികളുടെ സമാഹാരങ്ങൾ ഒന്നിനു പുറമേ ഒന്നായി പ്രസിദ്ധീകരിക്കപ്പെട്ടു. തുടർന്ന്, കവിതകളുടെ പഠനങ്ങളും, ചാറ്റർട്ടന്റെ കത്തുകളുടെ സമാഹാരവുമൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടു. ചാറ്റർട്ടൻ-ഭ്രമത്തെ പരാമർശിക്കാൻ റൗളിയോമാനിയ(Roweleiomania) എന്ന വാക്കുപോലും നിലവിൽ വന്നു. തോമസ് റൗളിയുടേതെന്നവകാശപ്പെട്ട് ചാറ്റർട്ടൺ എഴുതിയ കൃതികളുടെ കർതൃത്വത്തെക്കുറിച്ചുള്ള തർക്കം ചാറ്റർ‍ട്ടന്റെ മരണശേഷവും തുടർന്നു. ബ്രിസ്റ്റളിലെ പൗരപ്രമുഖരിൽ പലരും, റൗളി കവിതകൾ ചാറ്റർട്ടന്റേതല്ല എന്ന വാദം തുടർന്നു. [൫]അവ അവകാശപ്പെട്ടതുപോലെ പുരാതനരേഖകൾ തന്നെയാണെന്നു വാദിച്ച് തങ്ങളുടെ പട്ടണത്തിന്റേയും കുടുംബങ്ങളുടേയും പഴമ സ്ഥാപിച്ചെടുക്കുക എന്നതായിരുന്നു അവരുടെ ലക്‌ഷ്യം. രചനകളുടെ കർതൃത്വത്തെക്കുറിച്ചുള്ള തർക്കത്തിൽ ഒടുവിലുണ്ടായ തീരുമാനം, അവ ചാറ്റർട്ടൺ തന്നെ ചമച്ചതാണെന്നാണ്. അതോടെ, ധർമ്മനിഷ്ഠയോ മൗലികപ്രതിഭയോ ഇല്ലാത്ത ഒരു വ്യക്തിയായി ചാറ്റർട്ടൺ എണ്ണപ്പെടാൻ തുടങ്ങി.[9]

കാല്പനിക കവികളും ചാറ്റർട്ടണും[തിരുത്തുക]

ചാറ്റർട്ടണെക്കുറിച്ചുള്ള വിലയിരുത്തലിൽ മാറ്റം വന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ, കാല്പനിക കവികൾ‍ അദ്ദേഹത്തിന്റെ ആരാധകരായതോടെയാണ്. തിരസകാരവും അവഗണനയും നേരിടാൻ വിധിക്കപ്പെട്ട പ്രതിഭകളുടെ പ്രതീകമായാണ് ആ കവികൾ ചാറ്റർട്ടണെ കണ്ടത്. കാല്പനികകവികളിൽ പ്രമുഖനായിരുന്ന വില്യം വേഡ്‌സ്‌വർത്ത് ചാറ്റർട്ടണെ അത്ഭുതബാലൻ(Marvellous Boy) എന്നാണ് വിശേഷിപ്പിച്ചത്.[10] ഗബ്രിയേൽ റോസെറ്റിയും, ഷെല്ലിയും, കോളറിഡ്ജും, കീറ്റ്സും ഒക്കെ ചാറ്റർട്ടണെക്കുറിച്ച് കവിതകൾ എഴുതിയിട്ടുണ്ട്. കീറ്റ്സിന്റെ മുഖ്യകവിതകളിലൊന്നായ Endymion സമർപ്പിച്ചിരിക്കുന്നത് ചാറ്റർട്ടന്റെ സ്മരണക്കാണ്.[11]

കുറിപ്പുകൾ[തിരുത്തുക]

^ Walpole! I thought not I should ever see, So mean a Heart as thine has proved to be. എന്നിങ്ങനെ പോയി ആ വിമര്ശനം.

^ റവറ്ന്റ് കാറ്റ്കോട്ട് എന്ന പുരോഹിതനെ പരിഹസിച്ചെഴുതിയ "കാറ്റ്കോട്ടിനൊരു സന്ദേശം" എന്ന കവിത, പുരോഹിതന്റെ കുറ്റങ്ങളെല്ലാം എണ്ണിപ്പറഞ്ഞ ശേഷം ഇതൊക്കെയാണെങ്കിലും, ആണ്ടിൽ ആറായിരം പൗണ്ട് വരുമാനമുള്ള അദ്ദേഹത്തെ ബഹുമാനിക്കാൻ എല്ലാവർക്കും കടമയുണ്ടെന്ന് പറഞ്ഞാണ് സമാപിക്കുന്നത് - "But behold, There's solid reason to revere his Lordship; He has six thousand Pounds a Year."

^ പരിഹാസരൂപത്തിലുള്ള ഈ മരണപത്രത്തിൽ, തന്റെ മതത്തിനും, വിനീതത്വത്തിനും, പാകതക്കും, വ്യാകരണനൈപുണ്യത്തിനും ഒക്കെ മരണശേഷം ആരാണ് അവകാശികളായിരിക്കുക എന്നാണ് ചാറ്റർട്ടൻ വ്യക്തമാക്കിയത്.

^ ചാറ്റർട്ടന്റെ മരണശേഷം അദ്ദേഹത്തിന്റെ മുറിയിൽ നിന്ന് വാടകവീട്ടുകാരി കണ്ടെടുത്തതാണ് ഈ കവിത

^ ചാറ്റർട്ടന്റെ മരണത്തിന് ആറുവർഷത്തിനുശേഷം 1776-ൽ ബ്രിസ്റ്റൾ സന്ദർശിച്ച പ്രഖ്യാത ഇംഗ്ലീഷ് വിമർശകൻ സാമുവൽ ജോൺസണെ റൗളി കൃതികൾ ചാറ്റർട്ടന്റേതല്ലെന്ന് ചിലർ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചത് ജോൺസന്റെ ജീവചരിത്രകാരൻ ബോസ്വെൽ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ജോൺസണ് അത് ബോദ്ധ്യമായില്ല. ചാറ്റർട്ടണെപ്പറ്റി അദ്ദേഹം ഇങ്ങനെ പറഞ്ഞതായും ബോസ്വെൽ പറയുന്നുണ്ട്: "This is the most extraordinary young man that has encountered my knowledge. It is wonderful how the whelp has written such things."[12]

അവലംബം[തിരുത്തുക]

  1. "An original genius as well as an adept imitator" Chatterton, Thomas - The Columbia Encyclopedia - http://www.bartleby.com/65/ch/Chattert.html
  2. Thomas Chatterton - Famous Poems and Poets.com - http://famouspoetsandpoems.com/poets/thomas_chatterton/biography
  3. Literary Encyclopedia - Thomas Chatterton - http://www.litencyc.com/php/speople.php?rec=true&UID=835
  4. Thomas Chatterton - http://www.nndb.com/people/815/000104503/
  5. William J. Long - English Literature - Its History and its Significance for the Life of the English Speaking World
  6. Exclassicis.com - the Rowley Poems - http://www.exclassics.com/rowley/rowl3.htm
  7. The Rowley Poems by Thomas Chatterton - http://www.exclassics.com/rowley/rowlcont.htm
  8. RPO - Selected Poetry of Thomas chatterton - http://rpo.library.utoronto.ca/poet/60.html Archived 2007-11-11 at the Wayback Machine.
  9. Thomas Chatterton - Enotes.com
  10. Resolution and Independence എന്ന കവിതയിലാണ് ഈ വിശേഷണം. ഇവയാണ് വരികൾ: "I thought of Chatterton, the marvellous Boy; The sleepless Soul that perished in his pride" - Great Books online - http://www.bartleby.com/41/392.html
  11. Endymion - A Poetic Romance - Wordsworth Poetry Library പ്രസിദ്ധീകരിച്ച, കീറ്റ്സിന്റെ കവിതകളുടെ സമാഹാരം
  12. James Boswell - Life of Samuel Johnson
"https://ml.wikipedia.org/w/index.php?title=തോമസ്_ചാറ്റർട്ടൺ&oldid=3634279" എന്ന താളിൽനിന്ന് ശേഖരിച്ചത്